Saturday, August 11, 2007

ഹമീദ് അന്‍സാരി ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി മുഹമ്മദ് ഹമീദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഇടതുപക്ഷത്തിന്റെയും ബിഎസ്പിയുടെയും പിന്തുണയുള്ള യുപിഎ സ്ഥാനാര്‍ഥിയായ അന്‍സാരിക്ക് 455 വോട്ട് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി നജ്മ ഹെപ്ത്തുള്ളയ്ക്ക് 222 വോട്ടും യുഎന്‍പിഎ സ്ഥാനാര്‍ഥി റഷീദ് മസൂദിന് 75 വോട്ടും ലഭിച്ചു.

ബിജെപിയുടെ നാലംഗങ്ങള്‍ ഉള്‍പ്പെടെ 21പേര്‍ വോട്ടുചെയ്തില്ല. പത്തു വോട്ട് അസാധുവായി. ജെഡിഎസ്, ടിആര്‍എസ് എന്നീ പാര്‍ടികളിലെ നാലുപേര്‍വീതം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നയതന്ത്രജ്ഞനായി പേരെടുത്ത അന്‍സാരി ശനിയാഴ്ച വൈകിട്ട് രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞചെയ്യും.

നാമനിര്‍ദേശംചെയ്യപ്പെട്ടവരുള്‍പ്പെടെ ലോക്സഭയിലെയും രാജ്യസഭയിലെയും വോട്ടവകാശമുള്ള 783 അംഗങ്ങളില്‍ 762പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 97.31 ശതമാനം. മൊത്തം സാധുവായ വോട്ടിന്റെ പകുതിയും ഒരു വോട്ടുംകൂടി ചേര്‍ന്ന് 377 വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി വിജയിക്കുമെന്നിരിക്കെ 455 ഒന്നാം മുന്‍ഗണനവോട്ട് നേടിയ അന്‍സാരിയുടേത് ഗംഭീരവിജയംതന്നെയാണ്. 2002ല്‍ ഭൈരോണ്‍സിങ്ങ് ശെഖാവത്ത് നേടിയത് 454 വോട്ടായിരുന്നു.
425 വോട്ട് അന്‍സാരിക്കു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. 240 വോട്ട് നജ്മയ്ക്കു ലഭിക്കുമെന്ന് ബിജെപിയും അവകാശപ്പെട്ടിരുന്നു. എന്‍ഡിഎയില്‍നിന്നും 81 അംഗങ്ങളുള്ള യുഎന്‍പിഎയില്‍ നിന്നും നിരവധി വോട്ടുകള്‍ അന്‍സാരിക്കു ലഭിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെകൂടി പിന്തുണയുള്ള പ്രതിഭ പാട്ടീലിനു ലഭിച്ച പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ശിവസേനയുടെ പിന്തുണയില്ലാതെതന്നെ അന്‍സാരിക്കു ലഭിച്ചു.

രാവിലെ പത്തുമുതല്‍ അഞ്ചുവരെ നടന്ന വോട്ടെടുപ്പിനുശേഷം ഒരുമണിക്കൂറിലേറെ നീണ്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം റിട്ടേണിങ് ഓഫീസര്‍ രാജ്യസഭാ സെക്രട്ടറി ജനറല്‍ യോഗേന്ദ്ര നാരായണാണ് അന്‍സാരിയുടെ വിജയം പ്രഖ്യാപിച്ചത്.

ബിജെപി മുന്‍ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തിയാണ് വോട്ടുചെയ്യാത്ത ഒരു പ്രമുഖന്‍.

ജയിലില്‍കഴിയുന്ന പപ്പുയാദവ്, അഫ്സല്‍ അന്‍സാരി, മൊഹമ്മദ് ഷഹാബുദ്ദീന്‍, ബാബുബായ് കട്ടാര എന്നിവരും വോട്ടുചെയ്യാനെത്തി. ശാരീരിക അവശതയുള്ള മുന്‍പ്രധാനമന്ത്രി എ ബി വാജ്പേയി, അജിത് ജോഗി (കോണ്‍ഗ്രസ്), പപ്പുയാദവ് (ആര്‍ജെഡി) തുടങ്ങിയവര്‍ ചക്രക്കസേരയില്‍ വന്നാണ് വോട്ടുചെയ്തത്.

അന്‍സാരി: തദ്ദേശീയ നയതന്ത്രജ്ഞന്‍സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: രാഷ്ട്ര നയതന്ത്രത്തിന് പാശ്ചാത്യരുടെ നയങ്ങള്‍ അടിസ്ഥാനമാകരുതെന്ന് എന്നും വാദിച്ച തദ്ദേശീയ നയതന്ത്രജ്ഞനായിരുന്നു ഉപരാഷ്ട്രപതിയായ ഹമീദ് അന്‍സാരി. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഇടപെടലിനെ ശക്തമായി എതിര്‍ക്കുന്നതോടൊപ്പം അവിടം സംഘര്‍ഷഭൂമിയാക്കിയത് അമേരിക്കന്‍ ഇടപെടലാണെന്നും വിളിച്ചുപറയാന്‍ ചങ്കൂറ്റം കാട്ടിയ നയതന്ത്രജ്ഞനുമാണ് അന്‍സാരിയെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനചരിത്രം പറയുന്നു. ഏഷ്യന്‍ രാജ്യങ്ങള്‍ ഒന്നിച്ചാലേ അമേരിക്കന്‍ ഇടപെടലിനെ ചെറുക്കാന്‍ കഴിയൂ എന്നും അന്‍സാരി വ്യക്തമാക്കിയിരുന്നു.

ആണവപ്രശ്നത്തില്‍ ഇറാനെതിരെ അമേരിക്കയ്ക്കൊപ്പം ഇന്ത്യ വോട്ടുചെയ്തപ്പോള്‍ അതിനെതിരെ ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധപരിപാടിയുടെ സംഘാടകരിലും അന്‍സാരി മുന്‍നിരയിലായിരുന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരുകാരനാണ് അന്‍സാരി. 1937 ഏപ്രില്‍ ഒന്നിന് ഒരു പിന്നോക്ക മുസ്ളിം കുടുംബത്തില്‍ ജനിച്ച അദ്ദേഹം പഠിച്ചത് കൊല്‍ക്കത്തയിലായിരുന്നു. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്സ് കോളേജിലും അലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി 1961 ല്‍ ഇന്ത്യന്‍ വിദേശസര്‍വീസില്‍ ചേര്‍ന്നു.

യുഎഇ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ അംബാസഡറായി. ഓസ്ട്രേലിയന്‍ ഹൈക്കമീഷണറായും സേവനമനുഷ്ഠിച്ചു. ഇന്ത്യയില്‍ നടന്ന ഫിദല്‍ കാസ്ട്രോ പങ്കെടുത്ത ചേരിചേരാ ഉച്ചകോടി വന്‍വിജയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വിദേശകാര്യ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഈ സേവനം പരിഗണിച്ചാണ് 1984 ല്‍ അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. ജോയിന്റ് സെക്രട്ടറിയായിരിക്കെ ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വിദേശസര്‍വീസ് ഉദ്യോഗസ്ഥനാണ് അന്‍സാരി.

അലിഗഢ് മുസ്ളിം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസിലെ വിസിറ്റിങ് പ്രൊഫസര്‍, ജാമിയ മില്ലിയ ഇസ്ളാമിയ സര്‍വകലാശാലയിലെ അക്കാദമി ഫോര്‍ തേഡ് വേള്‍ഡ് സ്റ്റഡീസിലെ വിസിറ്റിങ് പ്രൊഫസര്‍, ഡല്‍ഹിയിലെ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ ഫെലോ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമ്മു-കശ്മീരിലെ ജനങ്ങള്‍ തമ്മില്‍ പരസ്പരവിശ്വാസം വളര്‍ത്തുന്നതിന് യുപിഎ സര്‍ക്കാര്‍ രൂപീകരിച്ച പ്രവര്‍ത്തകസമിതിയുടെ ചെയര്‍മാനായിരുന്നു. ദേശീയസുരക്ഷാ ഉപദേശകസമിതി, പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ സുരക്ഷയ്ക്കുവേണ്ടിയുള്ള എണ്ണ നയതന്ത്രസമിതിയുടെ ചെയര്‍മാന്‍ എന്നീ നിലകളിലും അന്‍സാരി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്ന അന്‍സാരിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പുസ്തകം 'ഇന്നത്തെ ഇറാന്‍: ഇസ്ളാമിക വിപ്ളവത്തിനുശേഷമുള്ള 25 വര്‍ഷം' എന്നതാണ്.

No comments: