Tuesday, August 14, 2007

സേലം പ്രശ്നം:പി.സി.തോമസിനെ പുറത്താക്കി

സേലം ഡിവിഷന്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലുണ്ടായ ബഹളത്തെത്തുടര്‍ന്ന് പി.സി.തോമസ് എം.പിയെ ലോക്സഭയില്‍നിന്നു പുറത്താക്കി. രാവിലെ ചോദ്യോത്തര വേള ആരംഭിച്ച ഉടന്‍ കേരള എംപിമാര്‍ പ്രശ്നം ഉന്നയിച്ച് ലോക്സഭ സ്തംഭിപ്പിച്ചു. ഒറ്റക്കെട്ടായി ബഹളം വച്ച എംപിമാര്‍ ചോദ്യോത്തരവേള നിര്‍ത്തിവച്ച് സേലം പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്കാമെന്നും സീറ്റിലിരിക്കണമെന്നുമുള്ള സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന അവര്‍ ചെവിക്കൊണ്ടില്ല. സഭ തുടരാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ 11.30 വരെ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇരിക്കാനുള്ള സ്പീക്കറുടെ നിര്‍ദേശം അവഗണിച്ച് തോമസ് പ്രസംഗം തുടര്‍ന്നു. ഇനിയും ഇരുന്നില്ലെങ്കിലും തോമസിന്റെ നടപടി അവകാശ ലംഘനമായി കണക്കാക്കുമെന്നും സസ്പെന്‍ഡ് ചെയ്യുമെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്കി. ലോക്സഭയിലെ സഭാനേതാവ് പ്രണാബ് മുഖര്‍ജി ശക്തമായി ആവശ്യപ്പെടുകയും പാര്‍ലമെന്ററികാര്യമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും വിവിധ കക്ഷിനേതാക്കളും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും തോമസ് വഴങ്ങിയില്ല. തുടര്‍ന്ന്, സ്പീക്കര്‍ അദ്ദേഹത്തോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എങ്കിലും തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷമാണ് തോമസ് സഭ വിട്ടത്. മാപ്പു പറഞ്ഞ ശേഷമേ ഇനി പി.സി.തോമസിനെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കൂ എന്നും സ്പീക്കര്‍ വ്യക്തമാക്കി. സേലം ഡിവിഷന്‍ രൂപീകരണത്തില്‍ റെയില്‍വേമന്ത്രി ലാലുപ്രസാദ് യാദവിനെതിരേ പി.സി.തോമസും എന്‍.എന്‍.കൃഷ്ണദാസും ഇന്നലെ അവകാശ ലംഘനത്തിന് നോട്ടീസും നല്കിയിരുന്നു. കേരളം, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷമേ സേലം ഡിവിഷന്റെ അതി ത്തി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകൂ എന്ന് കേന്ദ്രമന്ത്രി കേരള എംപിമാരോടുള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യം പാര്‍ലമെന്റിലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ചര്‍ച്ചകളൊന്നും നടത്താതെയാണ് സേലം ഡിവിഷന്‍ രൂപീകരണവുമായി മുന്നോട്ടു പോയതെന്ന് അവകാശ ലംഘന നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സഭയുടെയും അംഗങ്ങളുടെയും അവകാശം ലംഘിച്ച മന്ത്രിക്കെതിരേ നടപടി വേണമെന്നും തോമസും കൃഷ്ണദാസും ആവശ്യപ്പെട്ടിട്ടുണ്ട്. അവകാശലംഘന പ്രമേയം ഇന്നലെ തന്നെ പരിഗണിക്കണമെന്നാണ് പി.സി.തോമസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും പരിഗണനയില്‍ വന്നില്ല. ഇതേത്തുടര്‍ന്നാണ് ഉച്ചയ്ക്കു ശേഷം കൃഷ്ണദാസും നോട്ടീസ് നല്കിയത്. എന്നാല്‍, പ്രമേയത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്നും വിഷയം കാര്യോപദേശക സമിതിയുടെ പരിഗണനയ്ക്കു വിടണമെന്നും കേരളത്തില്‍നിന്നുള്ള എംപിമാര്‍ പറഞ്ഞു.

No comments: