Wednesday, August 01, 2007

സഞ്ജയ് ദത്തിന് ആറു വര്‍ഷം കഠിന തടവ്

മുംബൈ: 1993-ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വച്ച കേസില്‍ ബോളിവുഡ് താരം സഞ്ജയ് ദത്തിന് പ്രത്യേക ടാഡാ കോടതി ആറു വര്‍ഷം കഠിനതടവും ഇരപത്തയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

പതിവിനു വിപരീതമായി നീല ഷര്‍ട്ടിനു പകരം വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ചാണ് ദത്ത് ഇന്നു കോടതിയിലെത്തിയത്. സഹോദരിയും പാര്‍ലമെന്റംഗവുമായ പ്രിയ ദത്തും ഒപ്പമുണ്ടായിരുന്നു.
ശിക്ഷാ വിധിയെ തുടര്‍ന്നു ജാമ്യം റദ്ദാക്കിയ ദത്തിനെ പോലീസ് കസ്റഡിയില്‍ എടുത്ത് ആര്‍തര്‍റോഡ് ജയിലിലേക്കു മാറ്റി.


സഞ്ജയ്ദത്തിനൊപ്പം കേസില്‍ ഉള്‍പ്പെട്ട യൂസഫ് നുല്‍വാലയ്ക്ക് അഞ്ചുവര്‍ഷത്തെയും കര്‍സി അഡ്ജാനിയക്ക് രണ്ടുവര്‍ഷത്തെയും കഠിനതടവും വിധിച്ചിട്ടുണ്ട്. നല്ലനടപ്പു പരിഗണിച്ച് ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ദത്തിന്റെ ഹര്‍ജി കോടതി തള്ളി.
പ്രൊബേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ വിസമ്മതിച്ച പ്രത്യേക ജഡ്ജി പി.ഡി.കോഡെ, ചെറിയ കുറ്റമല്ല സഞ്ജയ് ദത്ത് ചെയ്തതെന്നു വിലയിരുത്തി.


ദാവൂദ് ഇബ്രാഹിം പങ്കെടുത്ത ഒരു വിരുന്നില്‍ ദത്തും പങ്കെടുത്തിരുന്നതായി കോടതി പറഞ്ഞു. അന്ന് 34 വയസായിരുന്ന ദത്ത് പക്വതയില്ലാത്ത പ്രായത്തിലായിരുന്നു എന്നു പറയാന്‍ കഴിയില്ല. ദത്ത് കുറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. അതിനാല്‍, അദ്ദേഹത്തോടു സഹതാപമുണ്െടങ്കിലും വെറുതേവിടാന്‍ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.


അതേസമയം, സഞ്ജയ് ദത്തിന്റെ കൂട്ടാളി റൂസി മുല്ലയെ ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാക്കി ഒരു വര്‍ഷത്തെ നല്ല നടപ്പിനു വിധിച്ചു. പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് നിയമം അനുസരിച്ചാണിത്.
ഇതേ നിയമത്തിന്റെ പരിഗണനയില്‍ തന്നെ ശിക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നാണ് ദത്ത് ആവശ്യപ്പെട്ടിരുന്നത്.
പിസ്റള്‍ കൈവശം വയ്ക്കുകയും ദത്തിന്റെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു എന്ന കുറ്റമാണ് മുല്ലയുടെ മേല്‍ ആരോ പിച്ചിരുന്നത്. പ്രായവും സ്ഫോടനത്തില്‍ പങ്കില്ലാത്തതും പരിഗണിച്ചാണ് കോടതി ശിക്ഷ ഒഴിവാക്കിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിനാണ് മോചനം. ഇക്കാര്യങ്ങള്‍ ദത്തിന്റെ കാര്യത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിചാരണയാണ് മുംബൈ സ്ഫോടനക്കേസിന്റേത്.


1993-ലാണ് ദത്ത് സ്ഫോടനക്കേസില്‍ അറസ്റിലാകുന്നത്. 93 ജനുവരി 16 ന് അബു സലീമും കൂട്ടരും ദത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിന് ആയുധങ്ങള്‍ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തുടര്‍ന്ന് അദ്ദേഹം മൌറീഷ്യസിലേക്കുപോയി. അവിടെയിരുന്നുകൊണ്ട് എ കെ 56 തോക്ക് നശിപ്പിക്കാന്‍ കൂട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.


1993 ഏപ്രില്‍ 19- ന് മൌറീഷ്യസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ അറസ്റിലായി. മെയ് മൂന്നിന് ജാമ്യം ലഭിച്ചെങ്കിലും 1994 ജൂലൈ നാലിന് ജാമ്യം റദ്ദാക്കി. തുടര്‍ന്ന് വീണ്ടും അറസ്റിലായി. പിന്നീട് 16 മാസം ജയിലില്‍. 95 ഒക്ടോബര്‍ 16ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.


2006 നവംബര്‍ 28 ന് ആയുധനിയമപ്രകാരം ദത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്െടത്തി. ദത്ത് അടക്കം 100 പ്രതികള്‍ കേസില്‍ കുറ്റക്കാരാണെന്ന് അന്നു കോടതി വിധിച്ചിരുന്നു. അവരില്‍ യാക്കൂബ് മേമന്‍ ഉള്‍പ്പടെ12 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.


സഞ്ജയ് ദത്ത് ഭീകരപ്രവര്‍ത്തകനല്ലെന്നു പ്രത്യേക കോടതി നേരത്തേ വിധിച്ചിരുന്നെങ്കിലും, എ.കെ-56 റൈഫിളും പിസ്റളും കൈവശം വച്ചതായി കോടതിക്കു ബോധ്യപ്പെട്ടു.


നല്ല നടപ്പു പരിഗണിച്ച് ശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദത്ത് ഹര്‍ജി നല്കിയത് ഇന്ത്യയില്‍ അത്യപൂര്‍വമായി മാത്രം ഉപയോഗിച്ചിട്ടുള്ള പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് അനുസരിച്ചായിരുന്നു. ഇതു സംബന്ധിച്ച പ്രൊബേഷണറി ഓഫീസറുടെ റിപ്പോര്‍ട്ടും വിചാരണ വേളയില്‍ ജയിലില്‍ കഴിച്ചു കൂട്ടിയ 16 മാസവും ശിക്ഷാ വിധിയില്‍ പരിഗണിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ.

No comments: