Wednesday, August 01, 2007

സഭ ആത്മപരിശോധന നടത്തണം: ഫാദര്‍ ചിറ്റിലപ്പിള്ളി

തൃശൂര്‍: 'വിദ്യാഭ്യാസക്കച്ചവട'ത്തിനിറങ്ങിയത് കത്തോലിക്കാ സഭയുടെ മുഖം വികൃതമാക്കിയില്ലേ എന്ന ചോദ്യവുമായി വൈദികന്റെ പുസ്തകം. സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കച്ചവടത്തിന് സര്‍ക്കാര്‍ തടയിടുന്നുവെന്നാരോപിച്ച് സഭയില്‍ ചിലര്‍ വിമോചനസമരാഹ്വാനം മുഴക്കുമ്പോഴാണ് സഭാവിശ്വാസികളുടെ ദുരവസ്ഥ വിശദമാക്കുന്ന പുസ്തകവുമായി വൈദികന്‍തന്നെ രംഗത്തെത്തിയത്. ഫാ. റാഫേല്‍ ചിറ്റിലപ്പിള്ളിയുടെ 'സഭ വളര്‍ന്നുവോ തളര്‍ന്നുവോ' എന്ന പുസ്തകത്തിലാണ് കെട്ടിടങ്ങളും സ്ഥാപനങ്ങളും കെട്ടിപ്പൊക്കുമ്പോഴും സഭ പാവപ്പെട്ടവര്‍ക്കൊപ്പമാണോ നില്‍ക്കുന്നതെന്ന ചോദ്യം ഉന്നയിക്കുന്നത്. സ്വാശ്രയസ്ഥാപന നടത്തിപ്പിലൂടെ സഭയുടെ മുഖം വികൃതമായത് എങ്ങനെയെന്നും ചിറ്റിലപ്പിള്ളിയച്ചന്‍ പുസ്തകത്തില്‍ വ്യക്തമാക്കുന്നു:
"...കേവലം എംബിബിഎസ്, ബിടെക് തുടങ്ങിയ അടിസ്ഥാന ബിരുദങ്ങള്‍ കരസ്ഥമാക്കാന്‍മാത്രം ബഹുദശലക്ഷങ്ങള്‍ മുടക്കേണ്ടിവരുന്ന ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബന്ധപ്പെട്ടവരും-എല്ലാവരുമല്ല- വൈദികവിദ്വേഷികളായിത്തീരുന്നു, സഭയെ അപലപിക്കുകയുംചെയ്യുന്നു. തങ്ങളുടെ സമുന്നത പ്രൊഫഷണല്‍ പഠനത്തിനുവേണ്ടി ചെലവായ ബഹുദശലക്ഷങ്ങള്‍ എളുപ്പം പോക്കറ്റിലാക്കാന്‍ സത്യത്തിന്റെയും നീതിയുടെയും ധര്‍മത്തിന്റെയും പാതകളില്‍നിന്നു വ്യതിചലിക്കുന്നവര്‍ വിരളമല്ല. സഭയെ സംബന്ധിച്ചിടത്തോളം 'വെളുക്കാന്‍ തേച്ചത് പാണ്ടായി!' അങ്ങനെ സഭയുടെ സുന്ദരമായ സുകൃതമുഖം വികൃതമായി നാടെങ്ങും പുച്ഛിക്കപ്പെടുന്നു. രൂപതകളും ഇടവകകളും സന്യാസസമൂഹങ്ങളും പരിശുദ്ധാത്മാവിന്റെ പ്രകാശത്തില്‍ ആത്മപരിശോധനചെയ്യട്ടെ. ഇക്കാര്യത്തില്‍ നമ്മുടെ സഭയ്ക്കുണ്ടായ തെറ്റുകളും ശരികളും തിരിച്ചറിയാം; കുപ്പിയില്‍ നിറച്ച വെള്ളവും എണ്ണയുംപോലെ!''
സര്‍ക്കാര്‍വിരുദ്ധ സമരത്തിന് നേതൃത്വംകൊടുക്കുന്ന തൃശൂര്‍ ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നെയാണ് പുസ്തകം പ്രകാശനംചെയ്തത്. 20 അധ്യായങ്ങളുള്ള പുസ്തകത്തില്‍ പത്രപ്രവര്‍ത്തകനായ ഡേവിസ് കണ്ണനായ്ക്കല്‍ നടത്തിയ അഭിമുഖത്തില്‍ സഭയുടെ വളര്‍ച്ച ഉപരിപ്ളവമായ തലത്തിലാണെന്ന് ഫാദര്‍ പരിതപിക്കുന്നു.
" സഭയുടെ പ്രബോധന-പ്രഘോഷണ-സാമൂഹിക-സാമുദായിക-ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ ദിശ തെറ്റിയിട്ടുണ്ടെന്നും ദൈവേച്ഛപോലെ പ്രവര്‍ത്തിക്കുന്നതില്‍ നേതൃത്വം അക്ഷന്തവ്യമായി പരാജയപ്പെട്ടിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ് ആരെങ്കിലും പരാതിപ്പെട്ടാല്‍ നിഷേധിക്കുക നീതിക്കു നിരക്കാത്തതാണ്. ബന്ധപ്പെട്ടവര്‍ ഭാഗികമായി പ്രതിക്കൂട്ടിലാവും''- അഭിമുഖത്തില്‍ പറയുന്നു.
"സഭയിലെയും സമുദായത്തിലെയും ന്യൂനപക്ഷമായ സമ്പന്ന സഹോദരങ്ങള്‍ക്കും സഭാപ്രണേതാക്കള്‍ക്കും സില്‍ബന്തികള്‍ക്കുംമാത്രം സര്‍വപ്രധാനമായി പ്രയോജനകരവും സൌകര്യപ്രദവുമായ പ്രസ്ഥാനങ്ങള്‍ സഭയുടെ ദര്‍ശനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ആചന്ദ്രതാരം ചേരുന്നതല്ല! സഭ പാവപ്പെട്ടവരുടെ പക്ഷംചേരണം; സമ്പന്നരെ അവഗണിക്കാതെതന്നെ! ''
പ്രഭാഷകനും പത്തോളം കൃതികളുടെ കര്‍ത്താവുമായ ഫാ. റാഫേല്‍ ചിറ്റിലപ്പിള്ളി തൃശൂര്‍ രൂപതയിലെ പല പ്രധാന പള്ളികളിലും വികാരിയായിരുന്നു. തൃശൂര്‍ സെന്റ് ജോസഫ് പ്രീസ്റ്റസ് സാനിറ്റോറിയത്തില്‍ വിശ്രമജജീവിതം നയിക്കുകയാണ് ഈ എഴുപത്തേഴുകാരന്‍.

No comments: