Wednesday, August 01, 2007

കെ എഫ് സി പുനഃസംഘടിപ്പിക്കും: തോമസ് ഐസക്


കൊച്ചി: കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്സി) പുനഃസംഘടിപ്പിച്ച് പ്രമുഖ വ്യവസായ വികസന ധനകാര്യ സ്ഥാപനമാക്കുമെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്.
ലാഭമുണ്ടാക്കുക എന്നതിലുപരി, വ്യവസായങ്ങളെ പുനരുദ്ധരിപ്പിക്കാനും വികസിപ്പിക്കാനും സഹായിക്കുക വഴി കൂടുതല്‍ തൊഴിലവസരമുണ്ടാക്കലാണ് കെഎഫ്സിയുടെ പുതിയ ദൌത്യം. കോ ര്‍പറേഷനില്‍ നിന്നു ധനസഹായം നേടിയ 40,000 യൂണിറ്റുകളില്‍ 30% മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ശേഷിച്ചവയെല്ലാം വിവിധ കാരണങ്ങളാല്‍ അടച്ചു പൂട്ടി. പീഡിത യൂണിറ്റുകളില്‍ 500 എണ്ണമെങ്കിലും പുനരുദ്ധരിച്ച് 5000 പേര്‍ക്കു തൊഴില്‍ ഉറപ്പാക്കും. കോര്‍പറേഷന്റെ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സ് ഇതിന് പദ്ധതി തയാറാക്കുന്നുണ്ടെന്ന് കെഎഫ്സി ഇടപാടുകാരുടെ യോഗത്തില്‍ ധനമന്ത്രി വിശദീകരിച്ചു.
കോര്‍പറേഷന്റെ ബോര്‍ഡ് ഒാഫ് ഡയറക്ടേഴ്സ് പ്രഫഷനലുകളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുകയാണ്. ധനസഹായത്തിലുപരി യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വിദഗ്ധോപദേശം നല്‍കാനും സംവിധാനമുണ്ടാക്കും. ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡിബി), എസ്ബിടി, എല്‍ഐസി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് സഹായമെത്തിക്കും.
പീഡിത വ്യവസായ യൂണിറ്റുകളുടെ പ്രശ്നങ്ങള്‍ പഠിക്കാനും ഉദാര വ്യവസ് ഥകളാല്‍ ബാധ്യത അവസാനിപ്പിക്കാനും സംവിധാനമുണ്ടാക്കും. വ്യവസായ വാണിജ്യ മണ്ഡലങ്ങള്‍, മാനേജ്മെന്റ് വിദഗ്ധര്‍, വ്യവസായികള്‍ തുടങ്ങിയവരുടെ സേവനങ്ങളും ഇതിന് ഉപയോഗപ്പെടുത്തുമെന്ന് ഡോ. തോമ്സ് ഐസക് അറിയിച്ചു.
കെഎഫ്സി ഇതുവരെ 2600 കോടി രൂപ വായ്പയായി നല്‍കിയിട്ടുണ്ട്. ഭക്ഷ്യ സംസ്കരണം, ടൂറിസം, ഗതാഗതം, വിവര സാങ്കേതിക വിദ്യ, അടിസ്ഥാന സൌകര്യ വികസനം തുടങ്ങി നിരവധി മേഖലകള്‍ക്കു സഹായം ലഭ്യമാക്കി. ഒാരോ യൂണിറ്റിനും 20 പേര്‍ക്ക് നേരിട്ടും 25 പേര്‍ക്ക് പരോക്ഷമായും ജോലി കൊടുക്കാന്‍ കഴിയും. വ്യവസായ യൂണിറ്റുകള്‍ ആരോഗ്യകരമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോര്‍പറേഷനും നിലനില്‍ക്കാനാവുകയുള്ളൂ എന്ന് കെഎഫ്സി ചെയര്‍മാന്‍ ഡോ. സുശീല്‍ ഖന്ന വ്യക്തമാക്കി.
കെ.വി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ പി.ടി. നന്ദകുമാര്‍, മേഖലാ മാനേജര്‍ എന്‍. അശോക് കുമാര്‍, കേരള ചേംബര്‍ ഒാഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എസ്. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

No comments: