Wednesday, August 01, 2007

ധന്യശ്രീ ഹോട്ടല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് മുദ്രവച്ചു

മൂന്നാര്‍:റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നാര്‍ ധന്യശ്രീ യാത്രിനിവാസ് റവന്യൂവകുപ്പ് ഏറ്റെടുത്ത് മുദ്രവച്ചു.
ദേവികുളം സബ്കളക്ടര്‍ രത്തന്‍ഖേല്‍ക്കര്‍, അഡീഷണല്‍ തഹസില്‍ദാര്‍ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി, ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഹോട്ടല്‍ പൂട്ടി മുദ്രവച്ചത്. എല്‍.എ. പട്ടയനിയമങ്ങള്‍ ലംഘിച്ച്, കെട്ടിടം നിര്‍മ്മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ധന്യശ്രീ ഹോട്ടല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പട്ടയം ജൂണ്‍ 25, 28 തീയതികളില്‍ ദേവികുളം സബ്കളക്ടര്‍ റദ്ദാക്കിയിരുന്നു.
റദ്ദാക്കലിന്റെ സാധുത സംബന്ധിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തീര്‍പ്പുകല്പിക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമകള്‍ റവന്യൂ കമ്മീഷണര്‍ക്ക് അപ്പീല്‍പെറ്റീഷന്‍ നല്‍കി. പരാതിയിന്മേല്‍, കെട്ടിടം പൊളിക്കരുതെന്നും സര്‍ക്കാര്‍ ഏറ്റെടുത്ത് മുദ്രവയ്ക്കണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സബ്കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ ഉത്തരവ് നിലനില്‍ക്കെ, കഴിഞ്ഞ ജൂലായ് 12ന് ദൌത്യസംഘം കെട്ടിടം പൊളിക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് റവന്യൂ അധികൃതരും കെട്ടിട ഉടമയും സംയുക്തമായി ഹോട്ടലിലെ സാധനസാമഗ്രികളുടെ പട്ടിക തയ്യാറാക്കി. ജൂലായ് 25_നാണിത് പൂര്‍ത്തീകരിച്ചത്.
ഇതിനുശേഷം ഉടമയ്ക്ക് സാധനങ്ങള്‍ മാറ്റുന്നതിന് അഞ്ചുദിവസം സമയമനുവദിച്ചെങ്കിലും അവര്‍ സാധനങ്ങള്‍ മാറ്റിയില്ല. ഇതേത്തുടര്‍ന്നാണ് നേരത്തെ തയ്യാറാക്കിയ പട്ടികപ്രകാരം സാധനങ്ങള്‍ ഒത്തുനോക്കി പരിശോധിച്ചശേഷം കെട്ടിടം ഏറ്റെടുത്ത് മുദ്രവച്ചത്. വസ്തു, റവന്യൂവകുപ്പിന്റേതാണെന്ന നോട്ടീസ് പതിക്കുകയും പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മൂന്നാര്‍ സി.ഐ. പി.ടി.കൃഷ്ണന്‍കുട്ടി, ദേവികുളം സി.ഐ. മഹേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്സംഘത്തെ ഇവിടെ നിയോഗിച്ചിരുന്നു.

No comments: