Thursday, August 16, 2007

ബഹിരാകാശനിലയത്തിലെ ജൈറോസ്കോപ്പ് മാറ്റിവച്ചു


ബഹിരാകാശ നിലയത്തിലെ കേടുവന്ന ജൈറോസ്കോപ്പ് വിജയകരമായി മാറ്റിവച്ചു. നിലയത്തെ ബഹിരാകാശ ഭ്രമണപഥത്തില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന, നിരന്തരം കറങ്ങിക്കൊണ്ടിരിക്കുന്ന നിര്‍ണായക ഉപകരമാണ് ജൈറോസ്കോപ്പ്. ബഹിരാകാശ യാത്രികരായ റിക്ക് മസ്ട്രാച്ചിയോയും ഡേവ് വില്യംസും ചേര്‍ന്നാണ് 272 കിലോഗ്രാം ഭാരമുള്ള ഉപകരണം ഘടിപ്പിച്ചത്. നാലു ജൈറോസ്കോപ്പുകളാണു നിലയത്തിലുള്ളത്.അതേസമയം, ബഹിരാകാശ വാഹനമായ എന്‍ഡവറിന്റെ താപകവചത്തില്‍ ആഴമുള്ള ഒരു വിള്ളല്‍കൂടി നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഒരു വിള്ളല്‍ നേരത്തേ കണ്ടെത്തിയിരുന്നു. നിലയത്തിലെ യാത്രികരുമായി ഇതു പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നാസ നടത്തിവരുകയാണ്. രണ്ടു വിള്ളലും ഉണ്ടായിരിക്കുന്നത് ഇന്ധന ടാങ്കിനു പുറത്തെ കവചത്തിനാണ്.1,100 ഡിഗ്രി സെല്‍ഷ്യസ് ചൂടാണു പുനഃപ്രവേശസമയത്ത് ഉണ്ടാവുന്നത്. ഇൌ സമയത്ത് കൊളംബിയയ്ക്കു തീപിടിച്ച അനുഭവം ഉള്ളതുകൊണ്ടു ചെറിയ തകരാര്‍പോലും താപകവചത്തിന് ഉണ്ടാകരുതെന്നു നാസ നിര്‍ബന്ധംപിടിക്കുന്നു. ഇന്ധന ടാങ്കിനു പുറത്തെ വിള്ളലായതിനാല്‍ അപകടസാധ്യത കൂടുതലാണെന്നു നാസ വിലയിരുത്തി.ഇത്തരത്തിലുള്ള കേടുപാട് ഇതിനുമുന്‍പ് പരിഹരിച്ചുള്ള പരിചയം നാസയ്ക്കില്ല. അതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിന് ഒട്ടേറെ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടന്നുവരുകയാണ്.പത്തു ദിവസത്തിനുള്ളില്‍ നാലു ബഹിരാകാശ നടത്തമാണ് എന്‍ഡവര്‍ ലക്ഷ്യമിട്ടിരുന്നുത്. ഒരു ബഹിരാകാശ നടത്തവുംകൂടി നാസ ആലോചിക്കുന്നുണ്ട്. എന്‍ഡവറിന്റെ ദൌത്യ കാലയളവ് കൂട്ടുന്ന കാര്യവും പരിഗണനയിലാണ്. പുതുക്കി ഘടിപ്പിച്ച ജൈറോസ്കോപ്പ് നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു നാസ അറിയിച്ചു.

No comments: