Saturday, August 04, 2007

ദേശീയ സമ്പാദ്യ പദ്ധതി: പ്രതിസന്ധിയും പ്രതിവിധിയും


ദേശീയ സമ്പാദ്യപദ്ധതി ഇന്ന് അതീവ ഗുരുതരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. നടപ്പു ധനകാര്യ വര്‍ഷത്തില്‍ (2007-08) കേരളത്തില്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഏപ്രില്‍ മെയ് മാസങ്ങളിലായി 625.9കോടി രൂപ മൊത്തം നിക്ഷേപമായി സമാഹരിച്ചു. അതേസമയം 669.3 കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. അങ്ങനെ മിച്ചനിക്ഷേപം (-)43.4കോടി രൂപയാണ്.
2006-07 വര്‍ഷത്തിന്റെ അവസാന മാസം, അതായത് മാര്‍ച്ച് മാസത്തിലും ഇതുപോലെ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ സമ്പാദ്യം പിന്‍വലിക്കുന്ന സ്ഥിതിയുണ്ടായി. ഇത് യാദൃച്ഛികമല്ല. കഴിഞ്ഞ വര്‍ഷം (2006-07) പ്രത്യക്ഷപ്പെട്ട ഒരു പ്രതിഭാസം ഓരോ മാസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ രൂക്ഷമായി ഇന്നിപ്പോള്‍ മൊത്തം നിക്ഷേപത്തേക്കാള്‍ കൂടുതല്‍ സമ്പാദ്യം പിന്‍വലിക്കപ്പെടുന്ന നിലയിലെത്തിയിരിക്കുകയാണ്. 2005-06ല്‍ 3250 കോടി രൂപയാണ് കേരളത്തില്‍ ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ മിച്ച നിക്ഷേപമായി സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടത്. 3862കോടി രൂപ മൊത്തനിക്ഷേപമായി സമാഹരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഈ കാലയളവില്‍ 1556 കോടി രൂപയുടെ സമ്പാദ്യം പിന്‍വലിക്കപ്പെട്ടു. അങ്ങനെ മിച്ച നിക്ഷേപമായി സംസ്ഥാനത്ത് 2305 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. അതായത് ലക്ഷ്യത്തിന്റെ 71%. 2006-07 വര്‍ഷത്തില്‍ സമാഹരണ ലക്ഷ്യം നാം 2950 കോടി രൂപയായി താഴ്ത്തി. ഊര്‍ജ്ജിതമായ പരിശ്രമത്തിന്റെ ഫലമായി 4784 കോടി രൂപ മൊത്തം നിക്ഷേപമായി സമാഹരിച്ചു. എന്നാല്‍ 3797 കോടി രൂപ പിന്‍വലിക്കപ്പെട്ടു. അങ്ങനെ മിച്ചനിക്ഷേപം 987 കോടി രൂപയായി ചുരുങ്ങി. ലക്ഷ്യമിട്ടതിന്റെ 33 ശതമാനം മാത്രം.
മുകളില്‍ പറഞ്ഞ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പു ധനകാര്യ വര്‍ഷത്തില്‍ (2007-08) സമാഹരണ ലക്ഷ്യം വീണ്ടും താഴ്ത്തി 2700 കോടി രൂപയായി നിശ്ചയിച്ചു. എന്നാല്‍ നടപ്പു ധനകാര്യ വര്‍ഷം മിച്ചനിക്ഷേപമായി ഒരു പൈസപോലും ഇതുവരെ കേരളത്തില്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍ സമാഹരിക്കപ്പെട്ടിട്ടില്ല. വരും മാസങ്ങളിലും ഈ സ്ഥിതിവിശേഷംതന്നെ തുടരുമെന്നും ഉറപ്പായിരിക്കുന്നു. ഇത് ദേശീയ സമ്പാദ്യ പദ്ധതിയുടെ ചരിത്രത്തില്‍ ആദ്യമാണ്.
പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍
ദേശീയ സമ്പാദ്യ പദ്ധതിയുടെ തകര്‍ച്ച സംസ്ഥാന ധനകാര്യ സ്ഥിതിയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. നടപ്പുവര്‍ഷത്തില്‍ (2007-08) 7200 കോടി രൂപയാണ് കേരള സര്‍ക്കാരിനു വായ്പയായി എടുക്കുന്നതിന് കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളത്. ഇതില്‍ 2700 കോടി രൂപ ദേശീയ സമ്പാദ്യ പദ്ധതിയിലൂടെയാണ് സമാഹരിക്കേണ്ടത്. ഇന്നത്തെ നില തുടര്‍ന്നാല്‍ ഇത് പൂജ്യമായിരിക്കും എന്നതാണ് സ്ഥിതി.
നമ്മുടെ സംസ്ഥാനത്തെ വിവിധ പോസ്റോഫീസുകളിലൂടെ സമാഹരിക്കപ്പെടുന്ന മിച്ചനിക്ഷേപം സംസ്ഥാനം ലക്ഷ്യമിട്ടിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ദീര്‍ഘകാല വായ്പയായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നു. ഇത്തരം വായ്പകള്‍ 25വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും. മാത്രമല്ല ആദ്യത്തെ 5 വര്‍ഷം പ്രസ്തുത വായ്പ തിരിച്ചടയ്ക്കുന്നതില്‍ വിളംബനകാലം ഉണ്ട്. ഇക്കാരണങ്ങളാല്‍ കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികള്‍ ജനപ്രിയമാക്കി കൂടുതല്‍ നിക്ഷേപം സമാഹരിച്ച് സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരുന്നു. 90കളുടെ മധ്യം മുതല്‍ ദേശീയ സമ്പാദ്യ പദ്ധതിയിലുണ്ടായ കുതിപ്പിന് പ്രധാന കാരണം സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച ഊര്‍ജ്ജിത നിക്ഷേപ സമാഹരണ നടപടികളാണ്.
ഓരോ സംസ്ഥാനത്തുനിന്നും സമാഹരിക്കപ്പെടുന്ന മിച്ചനിക്ഷേപം കേന്ദ്രസര്‍ക്കാരിന്റെ പബ്ളിക് അക്കൌണ്ടിലേക്ക് പോകുകയും കേന്ദ്ര ബഡ്ജറ്റില്‍നിന്ന് വായ്പയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന നിലയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 1999-2000ല്‍ ഇതില്‍ ഒരു മാറ്റം വരുത്തി. ‘ദേശീയ ചെറുകിട സമ്പാദ്യ നിധി’ എന്ന പ്രത്യേക സംവിധാനത്തിന് രൂപം നല്‍കി. സംസ്ഥാനങ്ങളില്‍ സമാഹരിക്കുന്ന നിക്ഷേപം ഈ നിധിയിലേക്ക് മാസംതോറും അടയ്ക്കുകയാണ് ചെയ്യുന്നത്. കണക്കുകള്‍ പരിശോധിച്ച് മാസംതോറും മിച്ചനിക്ഷേപം മൂന്നാം മാസം അതത് സംസ്ഥാനത്തിന് തിരിച്ചുനല്‍കുന്നു. അങ്ങനെ കേരളത്തിന് നടപ്പുവര്‍ഷത്തില്‍ ശരാശരി 225കോടി രൂപവീതം പ്രതിമാസം ദേശീയ ചെറുകിട സമ്പാദ്യ നിധിയില്‍നിന്ന് വായ്പയായി ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ നില തുടര്‍ന്നാല്‍ ഈ പണം ലഭിക്കാന്‍ പോകുന്നില്ല എന്ന് വ്യക്തമാണ്.
തന്മൂലം ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം മാസംതന്നെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയിരിക്കുകയാണ്. സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വെയ്സ് ആന്റ് മീന്‍സ് ധനകാര്യ വര്‍ഷത്തിന്റെ അവസാനമാകുമ്പോഴാണ് മോശമാകുന്നത്. എന്നാല്‍ 2007-08ല്‍ ധനകാര്യ വര്‍ഷം തുടങ്ങിയിരിക്കുന്നതുതന്നെ വെയിസ് ആന്റ് മീന്‍സ് പ്രതിസന്ധിയുമായിട്ടാണ്. മെയ്, ജൂണ്‍,ജൂലായ് മാസങ്ങളിലായി 19 ദിവസം സംസ്ഥാന ഖജനാവിലെ വരുമാനം ചെലവിനു തികഞ്ഞില്ല. അതുകൊണ്ട് റിസര്‍വ് ബാങ്ക് വെയിസ് ആന്റ് മീന്‍സ് പരിധിയായി, അതായത് താല്‍ക്കാലിക വായ്പാ പരിധിയായി, നിശ്ചയിച്ചിട്ടുള്ള 360 കോടി രൂപയേക്കാള്‍ കൂടുതല്‍ വായ്പ റിസര്‍വ് ബാങ്കില്‍നിന്ന് എടുക്കേണ്ടിവന്നു. ഇതിനെയാണ് ഓവര്‍ഡ്രാഫ്റ്റ് എന്നു പറയുന്നത്. 14 ദിവസം സംസ്ഥാനം തുടര്‍ച്ചയായി ഓവര്‍ഡ്രാഫ്റ്റിലാവുകയോ മൂന്നു മാസത്തിനുള്ളില്‍ 35 ദിവസത്തിലേക്കാളേറെ ഓവര്‍ഡ്രാഫ്റ്റിലാവുകയോ ചെയ്താല്‍ റിസര്‍വ് ബാങ്ക് പണമിടപാടുകള്‍ നിര്‍ത്തിവെക്കും. ഖജനാവ് പൂട്ടേണ്ടിവരും.
ഈയൊരു സ്ഥിതിവിശേഷം ഉണ്ടാവില്ല. കാരണം ഓവര്‍ഡ്രാഫ്റ്റ് പരിധിയിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ധനമന്ത്രാലയം ചെലവുകള്‍ കര്‍ശനമായി നിയന്ത്രിക്കും. ഓവര്‍ഡ്രാഫ്റ്റില്‍നിന്ന് സംസ്ഥാനം രക്ഷപ്പെടുമെങ്കിലും ഇതിന്റെ ഫലമായി വികസനപ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരും. ശമ്പളവും പെന്‍ഷനും പലിശയും മറ്റും കുറയ്ക്കാനാവില്ലല്ലോ. അപ്പോള്‍ പിന്നെ വെട്ടിച്ചുരുക്കുക പദ്ധതി പ്രവര്‍ത്തനങ്ങളെയായിരിക്കും. ഇത് സംസ്ഥാനത്തെ വികസനത്തെ മുരടിപ്പിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി സംരക്ഷിക്കുന്നതിന് ചില താല്‍ക്കാലിക ഏര്‍പ്പാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം. 2006-07ല്‍ 2950കോടിരൂപയാണ് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 987 കോടി രൂപയേ സമാഹരിക്കാന്‍ കഴിഞ്ഞുള്ളൂ എന്നു നാം കണ്ടുവല്ലോ. ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായി ഏതാണ്ട് 1000 കോടി രൂപ മറ്റ് സംസ്ഥാനങ്ങളുടെ സമ്പാദ്യത്തില്‍നിന്നും പൊതു കമ്പോള വായ്പയില്‍നിന്നും കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുകയുണ്ടായി. തന്മൂലം സംസ്ഥാന സര്‍ക്കാരിന്റെ വായ്പാ വരുമാനത്തില്‍ 1000കോടി രൂപയില്‍ താഴെ കുറവേ വന്നുള്ളൂ.
ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയുടെ ഗൌരവമായ പ്രതിസന്ധി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ധനമന്ത്രിമാരുടെ സമ്മേളനങ്ങളിലെ ചര്‍ച്ചയ്ക്കുപുറമെ കേന്ദ്രധനമന്ത്രിയുമായി ഇക്കാര്യത്തെക്കുറിച്ച് ഔപചാരിമായ ചര്‍ച്ച സംസ്ഥാന സര്‍ക്കാര്‍ നടത്തുകയുമുണ്ടായി. സാമ്പത്തിക തകര്‍ച്ച ഒഴിവാക്കുന്നതിന് കഴിഞ്ഞവര്‍ഷത്തെപ്പോലെ പ്രത്യേക സഹായം നല്‍കുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. 2700 കോടി രൂപയാണല്ലോ ബഡ്ജറ്റില്‍ ഈ ഇനത്തില്‍ വരുമാനമായി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ കഴിഞ്ഞവര്‍ഷത്തേതുപോലെ ഒരു പങ്ക് തരാന്‍ ശ്രമിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ബാക്കി കേരളംതന്നെ സഹിക്കണം.
അത്് പറ്റില്ല, കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ അംഗീകരിച്ച തുക മുഴുവന്‍ മറ്റേതെങ്കിലം വായ്പാ സ്രോതസ്സില്‍നിന്നും ലഭ്യമാക്കണം എന്നാണ് നമ്മുടെ ഡിമാന്റ്. കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ കേരളത്തിന് അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ വായ്പ അനുവദിച്ചിരിക്കുകയാണ് എന്നും അത് കേന്ദ്ര ധനമന്ത്രാലയം അംഗീകരിച്ചിട്ടില്ല എന്നുമാണ് കേന്ദ്ര ധനമന്ത്രി പറയുന്നത്. നമ്മുടെ സംസ്ഥാനം പാസ്സാക്കിയിട്ടുള്ള ധന ഉത്തരവാദിത്വ നിയമപ്രകാരം നടപ്പുവര്‍ഷത്തില്‍ 7200 കോടി രൂപയല്ല 4200കോടി രൂപ വായ്പയെടുക്കാന്‍ മാത്രം അനുവാദമുള്ളൂവെന്നാണ് കേന്ദ്ര ധനമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. വായ്പ ഇങ്ങനെ പരിമിതപ്പെടുത്തിയാല്‍ മാത്രമേ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ അടുത്തവര്‍ഷം റവന്യൂ കമ്മി ഇല്ലാതാക്കുന്നതിനും ധനകമ്മി മൂന്നു ശതമാനമായി താഴ്ത്തുന്നതിനും കഴിയൂ എന്നവര്‍ വാദിക്കുന്നു.
കഴിഞ്ഞവര്‍ഷവും ഇതേപോലെ തര്‍ക്കം ഉണ്ടായതാണ്. അവസാനം നമ്മള്‍ പറഞ്ഞത് അംഗീകരിച്ചുവെങ്കിലും ഫലത്തില്‍ കേന്ദ്ര ധനമന്ത്രാലയം നമ്മുടെ വായ്പ വെട്ടിക്കുറച്ചു. ദേശീയ സമ്പാദ്യ പദ്ധതിയിലെ സമ്പാദ്യത്തിലുണ്ടായ കുറവ് 1000 കോടി രൂപ നികത്തിതന്നില്ല എന്നു പറഞ്ഞുവല്ലോ. നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉദ്ദേശ്യമെന്ന് തോന്നുന്നു. എങ്കിലും സമ്പൂര്‍ണ ധനകാര്യ സ്തംഭനം ഒഴിവാക്കുന്നതിന് ചില സാവകാശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കും എന്നു കരുതാം.
എന്നാല്‍ ഇതുകൊണ്ട് ഉപജീവനം നടത്തുന്ന 16000ത്തില്‍പ്പരം വരുന്ന ഏജന്റുമാരുടെ ഭാവിയെ സംബന്ധിച്ച് ഉയര്‍ന്നിരിക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം ആകുന്നില്ല. ഇതിനു കഴിയണമെങ്കില്‍ ദേശീയ സമ്പാദ്യ പദ്ധതി സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തില്‍ മാറ്റം വരുത്തിയേ തീരൂ.
മഹിളാപ്രധാന്‍ ഏജന്റുമാരുടെ അനിശ്ചിതാവസ്ഥ
സംസ്ഥാനത്ത് മഹിളാപ്രധാന്‍ എസ്.എ.എസ്., പി.പി.എഫ് ഏജന്‍സികളിലായി 16282 ഏജന്റുമാര്‍ പ്രവര്‍ത്തിയെടുക്കുന്നുണ്ട്. ഇവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിട്ടാണ് ദേശീയ സമ്പാദ്യ പദ്ധതിയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച ഉണ്ടായതും ഇന്നത്തെ പ്രതികൂല അവസ്ഥയില്‍ ഇത്രയെങ്കിലും പിടിച്ചുനില്‍ക്കാനും കഴിയുന്നതും.
മൊത്തം നിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ദേശീയ സമ്പാദ്യ പ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അതില്‍ വലിയ കുറവ് ഇപ്പോഴുണ്ടായിട്ടില്ല. എന്നാല്‍ മുന്‍കാലത്തെന്നപോലെ സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ബാധ്യതയുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന് ദേശീയ സമ്പാദ്യ പദ്ധതിയില്‍നിന്ന് മിച്ച നിക്ഷേപമായി ഒരു തുകയും ലഭിക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ അനതിവിദൂരമല്ലാത്ത ഭാവിയില്‍ പ്രതിസന്ധി ദേശീയ സമ്പാദ്യ പദ്ധതി പ്രവര്‍ത്തകരുടെ ഉപജീവനത്തെയും ഇതു പ്രതികൂലമായി ബാധിക്കും എന്നതിനു സംശയംവേണ്ട. ഈ പശ്ചാത്തലത്തിലാണ് നാം കൂട്ടായി ദേശീയ സമ്പാദ്യ പദ്ധതിയുടെ ഇന്നത്തെ പ്രതിസന്ധിയുടെ കാരണങ്ങളെ മനസ്സിലാക്കി പ്രതിവിധികള്‍ കണ്ടെത്തുന്നതിന് കൂട്ടായി പരിശ്രമിക്കേണ്ടത് പ്രധാനമായിത്തീരുന്നത്.
ദേശീയ ചെറുകിട സമ്പാദ്യ പദ്ധതി സ്കീമുകള്‍
സമ്പാദ്യശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ സമ്പാദ്യ നിരക്ക് ഉയര്‍ത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ നമ്മുടെ രാജ്യത്തെ വരുമാനത്തിന്റെ പത്തു ശതമാനമേ സമ്പാദ്യം വരുമായിരുന്നുള്ളൂ. ഒരു രാജ്യത്തെ സമ്പാദ്യത്തിന്റെ തോതിനെ ആശ്രയിച്ചിരിക്കും മുതല്‍മുടക്കിന്റെ തോത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ മുതല്‍മുടക്കിയാല്‍ മാത്രമേ, അല്ലെങ്കില്‍ മൂലധന നിക്ഷേപം ഉയര്‍ത്തിയാല്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ധിപ്പിക്കാനാവൂ. ദേശീയ വരുമാനത്തിന്റെ മൂന്നിലൊന്നിലേറെയായി നിക്ഷേപത്തോത് ഉയര്‍ത്താനാണ് നാം ലക്ഷ്യമിട്ടത്. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സമ്പാദ്യത്തോത് ഉയര്‍ന്നേ തീരൂ. ഇത് മനസ്സിലാക്കിയിട്ടാണ് ദേശീയ സമ്പാദ്യ പദ്ധതി സ്കീമുകള്‍ക്ക് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുള്ളത്.
ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ മാത്രമല്ല ബാങ്കുകളിലൂടെയും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലൂടെയും സമ്പാദ്യങ്ങള്‍ സ്വരൂപിക്കപ്പെടുന്നു. എന്നാല്‍ ദേശീയ സമ്പാദ്യ പദ്ധതിയുടെ പ്രത്യേകത ഇതിലൂടെ സമാഹരിക്കപ്പെടുന്ന പണം നേരിട്ട് സര്‍ക്കാരിന്റെ കയ്യില്‍ എത്തിച്ചേരുന്നു എന്നുള്ളതാണ്. ഇതില്‍ നിക്ഷേപിക്കപ്പെടുന്ന പണത്തിന് സമ്പൂര്‍ണ സുരക്ഷിതത്വമുണ്ട്. ഇത് സാധാരണക്കാരനില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതില്‍ വളരെ സഹായകരമാണ്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനകമ്മി നികത്തുന്നതിന് ഒരു സുപ്രധാന ഉപാധിയായി ദേശീയ സമ്പാദ്യ പദ്ധതി മാറി. 1998-99ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനകമ്മിയുടെ 29 ശതമാനം ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയില്‍നിന്നാണ് ലഭ്യമായത്. എന്നാല്‍ ഈ വര്‍ഷംമുതല്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കെഴുത്തു രീതിയില്‍ വരുത്തിയ മാറ്റംമൂലം ചെറുകിട സമ്പാദ്യ പദ്ധതിയില്‍ നിന്നുള്ള തുക കേന്ദ്ര ബഡ്ജറ്റില്‍ പ്രത്യക്ഷപ്പടുന്നില്ല എന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ദേശീയ സമ്പാദ്യ നിധിയില്‍നിന്നുള്ള വായ്പകള്‍ സുപ്രധാനമായി തുടരുകയാണ്. 1990-91ല്‍ സംസ്ഥാന സര്‍ക്കാരുകളുടെ ധനകമ്മിയുടെ 28 ശതമാനം ഈ സ്രോതസ്സില്‍നിന്നായിരുന്നു. 2000-01 ആയപ്പോഴേക്കും ഇത് 37 ശതമാനമായി ഉയര്‍ന്നു.
ദേശീയ ചെറുകിട സമ്പാദ്യ പദ്ധതികളെ ആകര്‍ഷകമാക്കിയ പ്രധാന ഘടകങ്ങള്‍ താഴെ പറയുന്നവയാണ്.
1. താരതമ്യേന ഉയര്‍ന്ന പലിശനിരക്ക് ദേശീയ സമ്പാദ്യ പദ്ധതിയുടെ സ്കീമുകളില്‍ ലഭ്യമായിരുന്നു. ദേശീയ സമ്പാദ്യ സ്കീമുകളുടെ പലിശനിരക്കുകള്‍ കാലാകാലമായി സര്‍ക്കാര്‍ നിശ്ചയിക്കുകയാണ് ചെയ്യുക. ബാങ്ക് നിരക്കുകളേക്കാള്‍ ഇത് കുറച്ചെങ്കിലും എല്ലാകാലത്തും ഉയര്‍ത്തി മുന്‍കാലത്ത് നിശ്ചയിക്കുന്നതിന് ശ്രദ്ധിച്ചിട്ടുണ്ട്.
2. ആകര്‍ഷകമായ ആദായനികുതി ഇളവുകള്‍ ദേശീയ ചെറുകിട സമ്പാദ്യ സ്കീമുകളുടെ പ്രത്യേകതയായിരുന്നു. മൂന്നുതരം നികുതിയിളവുകളാണ് നല്‍കിയിരുന്നത്. (ശ) ആദായനികുതി 80എല്‍ വകുപ്പു പ്രകാരം പലിശ നികുതിയിളവുണ്ടായിരുന്നു. (ശശ) ആദായനികുതി പത്താം വകുപ്പുപ്രകാരം പിന്‍വലിക്കലുകള്‍ക്ക് ഇളവുണ്ടായിരുന്നു. (ശശശ) ആദായനികുതി 88-ാം വകുപ്പുപ്രകാരം 20 ശതമാനം നികുതി റിബേറ്റ് ലഭിക്കുമായിരുന്നു. സ്കീമിന്റെ സ്വഭാവമനുസരിച്ച് ഈ ഇളവുകളില്‍ ചില വ്യത്യാസങ്ങളുണ്ടാകും.
3. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ലളിതവും സുഗമവുമായ സ്കീമുകളായിരുന്നു ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഉണ്ടായിരുന്നത്. പോസ്റോഫീസ് ശൃംഖല രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിയിരുന്നു. നിക്ഷേപകര്‍ പോസ്റോഫീസില്‍ പോകേണ്ടതുപോലും ഉണ്ടായിരുന്നില്ല. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും നിക്ഷേപകര്‍ക്ക് സൌകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതിനും ഏജന്റുമാരുടെ വലിയൊരു സംഘം ഉണ്ടായിരുന്നു. വലിയതോതില്‍ സര്‍ക്കാര്‍ പരസ്യങ്ങളും പ്രചാരണങ്ങളും സ്കീമുകള്‍ക്ക് നല്‍കിവന്നു.
ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍
90-കളുടെ ആരംഭംമുതല്‍ രാജ്യത്ത് നടപ്പാക്കിത്തുടങ്ങിയ ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളാണ് ദേശീയ സമ്പാദ്യ പദ്ധതി ഇന്നു നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലം. ആഗോളവല്ക്കരണം ലക്ഷ്യമിടുന്ന സ്വതന്ത്ര കമ്പോള വ്യവസ്ഥയില്‍ സര്‍ക്കാരുകളുടെ സാമ്പത്തിക പ്രാധാന്യം വെട്ടിച്ചുരുക്കുക എന്നത് ഒരു പ്രധാനപ്പെട്ട സമീപനമാണ്. ഇതിനുള്ള മാര്‍ഗ്ഗമാണ് സര്‍ക്കാരിന് സ്വീകരിക്കാവുന്ന കമ്മിക്ക് നിയമപരമായിത്തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത്.
സര്‍ക്കാരിന്റെ റവന്യൂ വരുമാനവും റവന്യൂ ചെലവും തമ്മിലുള്ള വിടവ് അഥവാ റവന്യൂ കമ്മി ഇല്ലാതാക്കണം എന്ന കാര്യത്തെക്കുറിച്ച് വലിയ തര്‍ക്കമുണ്ടാവേണ്ടതില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ സമയവും കൂടുതല്‍ സാവകാശവും വേണം എന്നുള്ളതു മാത്രമാണ് പുതിയ നയങ്ങളുടെ വിമര്‍ശകര്‍പോലും ആവശ്യപ്പെടുന്നത്. എന്നാല്‍ ധനകമ്മി അതായത് സര്‍ക്കാരെടുക്കുന്ന വായ്പകളും കമ്മിപ്പണവും ദേശീയ വരുമാനത്തിന്റെ 3 ശതമാനത്തില്‍ താഴെയായിരിക്കണം എന്നുള്ളതാണ് ആഗോളവല്‍ക്കരണ പരിഷ്ക്കര്‍ത്താക്കളുടെ നിലപാട്. 2008-09 റവന്യൂ കമ്മി ഇല്ലാതാക്കുന്നതിനും ധനകമ്മി 3 ശതമാനത്തില്‍ താഴെയാക്കുന്നതിനും ലക്ഷ്യമിടുന്നു.
സ്വാഭാവികമായും സര്‍ക്കാരുകള്‍ എടുക്കുന്ന വായ്പ ഗണ്യമായി വെട്ടിക്കുറയ്ക്കണം എന്നുള്ളതാണ് ഇന്നത്തെ ഔദ്യോഗിക സമീപനം. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ കുത്തകയായി ദേശീയ ചെറുകിട സമ്പാദ്യ പദ്ധതിയിലൂടെ വലിയതോതില്‍ സമ്പാദ്യം സമാഹരിക്കേണ്ട ആവശ്യമില്ല. മറ്റെല്ലാ ധനകാര്യ സ്ഥാപനങ്ങളെപോലെയും സര്‍ക്കാര്‍ പൊതു കമ്പോളത്തില്‍നിന്ന് വായ്പ എടുത്താല്‍ മതി. ഈയൊരു ദര്‍ശനത്തിന്റെ സ്വാധീനം ദേശീയ സമ്പാദ്യപദ്ധതിയോടുള്ള സമീപനത്തില്‍ തെളിഞ്ഞുകാണാം.
ദേശീയ സമ്പാദ്യ പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ചില കമ്മറ്റികളെ നിയോഗിക്കുകയുണ്ടായി. 'കേന്ദ്രസര്‍ക്കാരിന്റെ ബഡ്ജറ്റില്‍ പലിശ ബാധ്യത കുറയ്ക്കുന്നതിനുവേണ്ടിയുള്ള പഠനഗ്രൂപ്പ്' ദേശീയ സമ്പാദ്യ പദ്ധതി സ്കീമുകളിലെ നികുതി ആനുകൂല്യങ്ങള്‍ എടുത്തുകളയുന്നതിനും പലിശ മറ്റു വാണിജ്യ സ്കീമുകള്‍ക്ക് സമാനമാക്കുന്നതിനും നിര്‍ദ്ദേശിക്കുകയുണ്ടായി. പ്ളാനിംഗ് കമ്മീഷന്‍ നിയോഗിച്ച 'നികുതി ഭരണവും നികുതി നയവും സംബന്ധിച്ച ഉപദേശക സമിതി' ചെറുകിട സമ്പാദ്യ പദ്ധതിക്കുള്ള നികുതിയാനുകൂല്യങ്ങള്‍ എടുത്തുകളയണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. റിബേറ്റ് വെട്ടിക്കുറയ്ക്കണമെന്നതും അവരുടെ നിര്‍ദ്ദേശമായിരുന്നു.
സ്വാതന്ത്യ്രം ലഭിച്ചപ്പോള്‍ ദേശീയ സമ്പാദ്യ നിരക്ക് പത്തു ശതമാനത്തില്‍ താഴെയായിരുന്നു എന്ന് പറഞ്ഞുവല്ലോ. അതിപ്പോള്‍ 34 ശതമാനമായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സമ്പാദ്യങ്ങള്‍ സ്വരൂപിക്കുന്നതിന് ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാനങ്ങളുടെയും വിപുലമായ ശൃംഖല രാജ്യത്ത് രൂപംകൊണ്ടുകഴിഞ്ഞു. ഇതിനായി സര്‍ക്കാര്‍ പ്രത്യേകം ദേശീയ സമ്പാദ്യ പദ്ധതിപോലെ ഒരു സംവിധാനം നിലനിര്‍ത്തേണ്ടതില്ല എന്നാണ് പരിഷ്കര്‍ത്താക്കള്‍ വാദിക്കുന്നത്. ഇത്തരമൊരു സംവിധാനത്തിനു വേണ്ടിവരുന്ന ചിലവ് വളരെ വലുതാണ്. നേരിട്ട് കമ്പോളത്തില്‍നിന്ന് വായ്പയെടുക്കുകയാണെങ്കില്‍ മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാരിനു ലാഭിക്കാം.
അങ്ങനെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പൊതുനിലപാട് വളരെ വ്യക്തമാണ്. ഒന്നാമതായി സര്‍ക്കാരിന് ഇത്രയും വായ്പ ആവശ്യമില്ല. കേരളംപോലുള്ള സംസ്ഥാനങ്ങള്‍ ആവശ്യത്തിലധികം വായ്പയെടുക്കാന്‍ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ദേശീയ സമ്പാദ്യ പദ്ധതി ഇന്നത്തേതുപോലെ നിലനിര്‍ത്തണമെന്നു പറയുന്നത്. രണ്ടാമതായി സര്‍ക്കാരിനാവശ്യമായ പണം കമ്പോളത്തില്‍നിന്ന് നേരിട്ട് സമാഹരിക്കാം. ഇതായിരിക്കും കൂടുതല്‍ ലാഭകരം.
ഇത്തരം സമീപനം സ്വീകരിക്കുന്നതുവഴി ദേശീയ സമ്പാദ്യ പദ്ധതിയിലൂടെ സമാഹരിക്കപ്പെടുന്ന അതിഭീമമായ തുക വാണിജ്യ ബാങ്കുകള്‍ക്കും ഷെയര്‍മാര്‍ക്കറ്റിനും ലഭ്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ചെറുകിട സമ്പാദ്യ പദ്ധതിയുടെ ഉയര്‍ന്ന പലിശ പലിശനിരക്ക് സ്വാഭാവികമായ കമ്പോളഗതിയെ തടസ്സപ്പെടുത്തുന്നുവെന്നും നികുതിയിളവുകള്‍ വായ്പാ കമ്പോളത്തെ വികൃതമാക്കുന്നുവെന്നുമാണെന്ന നിലപാടാണ് നിയോലിബറല്‍ സൈദ്ധാന്തികര്‍ സ്വീകരിക്കുന്നത്.
ദേശീയ സമ്പാദ്യ പദ്ധതിയെ തകര്‍ക്കുന്ന നയങ്ങള്‍
ഈ പശ്ചാത്തലത്തിലാണ് ദേശീയ സമ്പാദ്യ പദ്ധതിയുടെ ആകര്‍ഷണീയത കുറയ്ക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം സ്വീകരിച്ചുവന്നിട്ടുള്ളത്. സാമാന്യം ഉയര്‍ന്ന പലിശ, നികുതിയിനത്തിലുള്ള ഇളവ് എന്നിവയായിരുന്നു മുന്‍കാലങ്ങളില്‍ ദേശീയസമ്പാദ്യ പദ്ധതി നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ചില നിബന്ധനകളും നിയന്ത്രണങ്ങളും നിക്ഷേപസമാഹരണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
1) ദേശീയ സമ്പാദ്യ പദ്ധതി സ്കീമുകളിലെ പലിശനിരക്ക് തുടര്‍ച്ചയായി കുറച്ചുകൊണ്ടിരിക്കുകയാണ്
2) മുന്‍കാലങ്ങളില്‍ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റിലുള്ള നിക്ഷേപം പബ്ളിക് പ്രോവിഡന്റ് ഫണ്ടിലുള്ള നിക്ഷേപം തുടങ്ങി വളരെ കുറച്ചു പദ്ധതികളിലെ നിക്ഷേപങ്ങള്‍ക്കു മാത്രം ആദായ നികുതിയിളവ് അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ബാങ്കുകളിലെ സ്ഥിരം നിക്ഷേപങ്ങള്‍ക്ക് കൂടി ആദായ നികുതിയിളവ് അനുവദിച്ചത് ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപം കുറയുവാന്‍ കാരണമായി. ദേശീയ സമ്പാദ്യ സ്കീമുകള്‍ക്കുള്ള മറ്റു നികുതി ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയോ വെട്ടിക്കുറക്കുകയോ ചെയ്തിരിക്കുകയാണ്.
3) സ്ഥാപനങ്ങള്‍ മുഖേനയുള്ള (ക്ഷേമനിധി ബോര്‍ഡ്, ട്രസ്റ്, സഹകരണ സംഘങ്ങള്‍ മുതലായവ) നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കേരളത്തിലെ മൊത്തം നിക്ഷേപത്തിന്റെ ഏതാണ്ട് മൂന്നിലൊന്ന് സ്ഥാപനങ്ങളില്‍നിന്നാണ്. കാലാവധി തീരുന്ന മുറയ്ക്ക് അവര്‍ അവരുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നു. ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപങ്ങളില്‍ ഏറ്റവും ആകര്‍ഷക പദ്ധതിയായ മാസവരുമാന പദ്ധതിക്ക് കാലാവധി പൂര്‍ത്തിയാക്കുന്ന നിക്ഷേപ തുകയുടെ 10% വാര്‍ഷിക ബോണസ്സായി നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നത് 13.03.2005 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള സമ്പാദ്യ പദ്ധതിയില്‍ (സീനിയര്‍ സിറ്റിസണ്‍സ് സ്കീമില്‍) പലിശയ്ക്ക് നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
4) കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് മാസവരുമാന പദ്ധതി, സീനിയര്‍ സിറ്റിസണ്‍സ് സ്കീം എന്നീ സ്കീമുകളിലെ നിക്ഷേപം പിന്‍വലിച്ചാല്‍ അതിന് പിഴ പലിശ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
5) മുന്‍കാലങ്ങളില്‍ നിക്ഷേപകര്‍ക്കുവേണ്ടി പണമിടപാടുകള്‍ നടത്തുന്നതിനുവേണ്ടി ഏജന്റുമാരെ മെസഞ്ചറായി നിക്ഷേപകന് നോമിനേറ്റ് ചെയ്യാമായിരുന്നു. എന്നാല്‍ സമീപകാലത്ത് ഈ സമ്പ്രദായം നിര്‍ത്തലാക്കി. 31.01.2007ല്‍ കേരള സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ഏജന്റുമാരെ മെസഞ്ചറായി നിക്ഷേപകര്‍ക്ക് അയയ്ക്കാമെന്ന് പോസ്റല്‍ ഡയറക്ടര്‍ ഉറപ്പുനല്‍കിയെങ്കിലും വീണ്ടും ഈ സമ്പ്രദായം നിര്‍ത്തലാക്കിക്കൊണ്ട് തപാല്‍വകുപ്പില്‍നിന്നും ഉത്തരവിറങ്ങുകയുണ്ടായി. ഇത് ദേശീയ സമ്പാദ്യ പദ്ധതി നിക്ഷേപ സമാഹരണത്തെ പ്രതികൂലമായി ബാധിക്കും.
6) ദേശീയ സമ്പാദ്യ പദ്ധതിയുമായി കൂടുതല്‍ കൂടുതല്‍ നിസ്സഹകരിക്കുന്ന സമീപനമാണ് പോസ്റ്റല്‍ അധികൃതര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പുതിയ പരിഷ്ക്കാരങ്ങളുടെ ഭാഗമായി പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഏതാണ്ട് നിയമന നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തന്മൂലം പല പോസ്റോഫീസുകളിലും ഒന്നോ രണ്ടോ ജീവനക്കാരേയുള്ളൂ. ജോലിത്തിരക്കുമൂലം ഇവര്‍ മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്ക് പോസ്റോഫീസില്‍ പണം നിക്ഷേപിക്കാനുള്ള സമയത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പലപ്പോഴും പണം കയ്യില്‍തന്നെ സൂക്ഷിക്കുന്നതിന് അവര്‍ നിര്‍ബന്ധിതരാവുകയാണ്. പോസ്റല്‍ അധികൃതരുടെ സമീപനത്തില്‍ മറ്റൊരു വാണിജ്യ ലക്ഷ്യംകൂടിയുണ്ട്. യു.ടി.ഐ, വെസ്റേണ്‍ യൂണിയന്‍ മണി എക്സ്ചേഞ്ച് തുടങ്ങിയവയുടെ ഏജന്‍സി പോസ്റോഫീസുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ദേശീയ സമ്പാദ്യ പദ്ധതിയുടെ കമ്മീഷനേക്കാള്‍ ഇവയാണ് ആദായകരം. യു.ടി.ഐ സ്കീമിനും മറ്റും ജീവനക്കാര്‍ക്ക് ടാര്‍ജറ്റ് നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് ജീവനക്കാര്‍ പലരും ദേശീയ സമ്പാദ്യ പദ്ധതി സ്കീമിലേക്കുള്ള നിക്ഷേപം ഇത്തരം ബദല്‍ സ്കീമുകളിലേക്ക് കാന്‍വാസ് ചെയ്യുന്ന സമീപനംപോലും ഉണ്ട്.
കരടു നിര്‍ദ്ദേശങ്ങള്‍
ദേശീയ സമ്പാദ്യ പദ്ധതി സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്തെല്ലാം നടപടികള്‍ വേണമെന്നുള്ള കാര്യത്തെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലോ ദേശീയ സമ്പാദ്യ പദ്ധതി പ്രവര്‍ത്തകര്‍ക്കിടയിലോ യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടാകേണ്ട കാര്യമില്ല. ജനങ്ങളുടെ ക്ഷേമത്തിന് എന്തുതന്നെ സംഭവിച്ചാലും ധനപരിഷ്കാരം സംബന്ധിച്ചുള്ള പുതിയ നയങ്ങള്‍ നടപ്പാക്കുന്നതിന് ലക്ഷ്യമിട്ടുനീങ്ങുന്ന മറ്റു പല സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയ സമ്പാദ്യ പദ്ധതി ദുര്‍ബ്ബലപ്പെടുന്നതില്‍ വലിയ വേവലാതിയില്ല. എന്നാല്‍ കേരളത്തിന്റെ സ്ഥിതി അതല്ല. അതുകൊണ്ട് നമ്മള്‍ ഒത്തൊരുമിച്ച് ശക്തമായ സമ്മര്‍ദ്ദം കേന്ദ്രസര്‍ക്കാരിനുമേല്‍ ചെലുത്തുവാന്‍ തയ്യാറാകണം.
1. ദേശീയ സമ്പാദ്യ പദ്ധതിയിലെ സ്കീമുകളുടെ പലിശനിരക്കുകളുടെ ഘടന മറ്റു വാണിജ്യ പലിശനിരക്കുകള്‍ക്ക് തുല്യമായി അടിയന്തിരമായി ഉയര്‍ത്തണം. എന്നാല്‍ ഇതിന്റെ ഭാരം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന വായ്പയുടെ മേല്‍ കെട്ടിവെക്കാന്‍ പാടുള്ളതല്ല.
2. ദേശീയ സമ്പാദ്യ പദ്ധതി സ്കീമുകളില്‍ നല്‍കിവന്ന നികുതി ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണം.
3. പ്രതിമാസ വരുമാന പദ്ധതിക്കുള്ള 10 ശതമാനം ബോണസ് അടിയന്തിരമായി പുന:സ്ഥാപിക്കണം.
4. മെസഞ്ചര്‍ സമ്പ്രദായം പുന:സ്ഥാപിക്കണം. ഡെപ്പോസിറ്ററുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി ആവശ്യമായ നിയന്ത്രണങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാവുന്നതാണ്. എന്നാല്‍ മാസന്തോറുമുള്ള പലിശ വാങ്ങുന്നതിനും റീ ഡെപ്പോസിറ്റ് ചെയ്യുന്നതിനും മറ്റും നിക്ഷേപകന്‍ നേരിട്ട് പോസ്റോഫീസില്‍ ഹാജരാകണം എന്ന സ്ഥിതി മാറണം.
5. പോസ്റോഫീസുകളില്‍ മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്കും മറ്റും കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിനു കഴിയില്ല എന്ന നിലപാടാണ് പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്വീകരിക്കുന്നതെങ്കില്‍ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ഏജന്‍സികള്‍വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.
6. സ്ഥാപന നിക്ഷേപങ്ങളിന്മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാക്കണം. ചെറുകിട സമ്പാദ്യ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ദുരുപയോഗപ്പെടുത്തി സ്ഥാപനങ്ങള്‍ വലിയ നേട്ടമുണ്ടാക്കുന്നുവെന്നാണ് കേന്ദ്ര ധനമന്ത്രാലയം പറയുന്നത്. ഇതിന് യാതൊരു അടിസ്ഥാനവും ഇന്നില്ല.
കേന്ദ്രസര്‍ക്കാരിന്റെ വികലമായ നയങ്ങള്‍മൂലം ദേശീയ സമ്പാദ്യ പദ്ധതിയിന്മേലുള്ള വായ്പയില്‍ ഉണ്ടാകുന്ന ഇടിവ് പൂര്‍ണമായും മറ്റ് സ്രോതസ്സുകളില്‍നിന്ന് നികത്തിത്തരുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഇതിന് അടിസ്ഥാനമാക്കേണ്ടത് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമാനക്കണക്കല്ല. മറിച്ച് കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ പദ്ധതി അടങ്കല്‍ അനുവദിച്ചപ്പോള്‍ അനുവദിച്ച തുകയാണ്. ഈ ഇനത്തില്‍ കേരളത്തിന് ലഭിക്കേണ്ട 2700കോടി രൂപ പൂര്‍ണമായും അനുവദിച്ചേതീരൂ.

No comments: