Tuesday, August 07, 2007

അഴിമതിരഹിത വാളയാര്‍ നിലവില്‍

അഴിമതി രഹിതമായ വാളയാര്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. വാളയാര്‍ ചെക്ക് പോസ്റ്റിലെ അഴിമതി തടയാനുളള പദ്ധതിയാണിത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കെതിരെ ഇത്തരത്തില്‍ സമഗ്രമായ ഒരു സര്‍ക്കാര്‍ പദ്ധതി നിലവില്‍ വരുന്നത്.

അഴിമതിയുടെ പര്യായമായിരുന്നു വാളയാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി അങ്ങനെ ഉറച്ചു പോയ ആ പേര് മാറ്റിയെടുക്കാന്‍ ഒരു വര്‍ഷം കൊണ്ടു കഴിഞ്ഞിട്ടുണ്ട്. ധനമന്ത്രിയുടെ ഇടപെടലുകളാണ് ഇതിന് കാരണം. അഴിമതി തടയാനും നികുതി ചോര്‍ച്ച വന്‍തോതില്‍ കുറച്ചു കൊണ്ടു വരാന്‍ ഇതിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ഇടപെടലിന് ചെക്ക്പോസ്റ്റില്‍ അവസരമൊരുക്കിയത് നല്ലതാണ്. ഈ പദ്ധതിക്ക് ഏര്‍പ്പെടുത്തിയ സാമൂഹിക നിരീക്ഷണം ഏറെ ഭാവനാപൂര്‍ണമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അഴിമതിയുണ്ടാവുന്നത് വ്യക്തികളുടെ കുഴപ്പം കൊണ്ടല്ലെന്നും അതിനെതിരായ ഭൌതിക സാഹചര്യം ഉണ്ടാവണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതാണ് അഴിമതിരഹിത വാളയാര്‍ പദ്ധതിയിലൂടെ നടപ്പാക്കുുന്നത്. അഴിമതി രഹിത പോരാട്ടത്തിന്റെ വലിയ പാരമ്പര്യമുള്ള വി.എച്യുതാനന്ദന്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത് സന്തോഷകരം. ഇന്ന് രണ്ടു മണി മുതല്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ മാമൂല്‍ ഉണ്ടാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.

വാളയാറിലെ ഹെല്‍പ് ഡസ്ക് ഗതാഗത മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്ക്പോസ്റ്റുകളിലും ഇന്നു മുതല്‍ അഴിമതി രഹിത പദ്ധതി നിലവില്‍ വരും. ഒരാഴ്ച കഴിഞ്ഞാല്‍ മാമൂല്‍ വാങ്ങുന്ന ഉദ്യോഗസ്ഥരെ പൊലീസില്‍ ഏല്‍പ്പിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. രേഖകളുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി നിര്‍വഹിച്ചു.

No comments: