Thursday, July 12, 2007

അമ്മയുടെ ആരോഗ്യത്തില്‍ പുരുഷന്റെ പങ്കാളിത്തം'

അമ്മയുടെ ആരോഗ്യത്തില്‍ പുരുഷന്റെ പങ്കാളിത്തം'


പെരുകിപ്പരക്കുന്ന ജനസംഖ്യയെക്കുറിച്ചോര്‍മപ്പെടുത്തി വീണ്ടുമൊരു ജനസംഖ്യാദിനം കൂടി കടന്നുപോയി. 660 കോടി ജനം നിറഞ്ഞ ലോകത്തേക്ക് ദിവസവും 211090 കുഞ്ഞുങ്ങള്‍ പിറക്കുന്നു. വളരുന്ന ജനസംഖ്യക്കൊപ്പം എയ്ഡ്സ് എന്ന വ്യാധി കൊന്നൊടുക്കുന്ന ജീവനുകള്‍ ഒരുവശത്ത്. ലോകം കാണുംമുമ്പ് വിടപറയുന്ന കുഞ്ഞുങ്ങളും ജനിച്ചയുടനെ ജീവന്‍ പൊലിയുന്ന പൈതങ്ങളും മറുവശത്ത്.
'അമ്മയുടെ ആരോഗ്യത്തില്‍ പുരുഷന്റെ പങ്കാളിത്തം'എന്നതാണ് ജനസംഖ്യാദിനത്തില്‍ ഐക്യരാഷ്ട്രസഭാ ജനസംഖ്യാനിധിയുടെ (യു.എന്‍.എഫ്.പി.എ.) ഈ വര്‍ഷത്തെ മുദ്രാവാക്യം.
പഠനകാലംകഴിയുംമുമ്പ് വിവാഹിതരാകേണ്ടിവരുന്ന പെണ്‍കുട്ടികള്‍. ഗര്‍ഭധാരണത്തിനുള്ള പ്രായമെത്തുംമുമ്പ് ഗര്‍ഭഭാരം ചുമക്കേണ്ടിവരുന്നവര്‍. പ്രസവത്തോടെ അമ്മയുടെ അല്ലെങ്കില്‍ കുഞ്ഞിന്റെ അതുമല്ലെങ്കില്‍ രണ്ടുപേരുടെയും ജീവന്‍ പൊലിയുന്ന സ്ഥിതിവിശേഷവും അപൂര്‍വമല്ല. പ്രസവസംബന്ധമായ പ്രശ്നങ്ങള്‍മൂലം ഓരോ മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു. ഇതില്‍ 99 ശതമാനവും വികസ്വരരാജ്യങ്ങളിലാണ്. ഇവ ഒഴിവാക്കാന്‍ കഴിയുക പുരുഷനാണെന്നാണ് യു.എന്‍.എഫ്.പി.എ.യുടെ വിലയിരുത്തല്‍. മകളുടെ വിവാഹം എപ്പോഴെന്നു തീരുമാനിക്കുന്ന അച്ഛനും എത്ര കുട്ടികള്‍ വേണമെന്ന് നിശ്ചയിക്കുന്ന ഭര്‍ത്താവും ചിലയിടങ്ങളിലെങ്കിലും ഗര്‍ഭകാലപരിചരണങ്ങളെ സ്വാധീനിക്കുന്ന മത, സാമുദായികനേതാക്കളും പുരുഷന്മാരെന്നതുതന്നെ ഇതിനുകാരണം.
വര്‍ഷം ഏഴരക്കോടി എന്ന നിലയില്‍ ലോകജനസംഖ്യ കുതിച്ചുയരുമ്പോള്‍ മധ്യപൂര്‍വ യൂറോപ്പിലും ദക്ഷിണാഫ്രിക്കന്‍രാജ്യങ്ങളിലും ജനസംഖ്യ താഴേക്കു പോവുകയാണ്. യൂറോപ്പില്‍ കുഞ്ഞുങ്ങള്‍ ജനിക്കാത്തതാണ് കാരണമെങ്കില്‍ എച്ച്.ഐ.വി. ബാധമൂലമുള്ള മരണമാണ് ആഫ്രിക്കയെ ജനം കുറഞ്ഞ നാടാക്കി മാറ്റുന്നത്. കുഞ്ഞുങ്ങള്‍ കുറയുന്ന ജപ്പാനും പശ്ചിമയൂറോപ്പും സമീപഭാവിയില്‍ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന നാടുകളുടെ പട്ടികയില്‍പ്പെടും.
131 കോടി ജനങ്ങളുള്ള ചൈനയും 112 കോടി ജനങ്ങളുള്ള ഇന്ത്യയും അപ്പോഴും ജനസംഖ്യ ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യരണ്ടു സ്ഥാനങ്ങളില്‍ തുടര്‍ന്നേക്കാം. 2005 ലെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ 60 ശതമാനവും ഏഷ്യയിലാണ്. അതില്‍ത്തന്നെ 20 ശതമാനം ചൈനയിലും 16 ശതമാനം ഇന്ത്യയിലും.
ആകെയുള്ള 660 കോടി ജനസംഖ്യയില്‍ 27.4 ശതമാനവും 15 വയസ്സിനുതാഴെ പ്രായമുള്ളവരാണെന്ന് 2006 ലെ സി.ഐ.എ. വേള്‍ഡ് ഫാക്ട്സ് ബുക്ക് സാക്ഷ്യപ്പെടുത്തുന്നു. സജീവമായൊരു യുവതലമുറ മുമ്പിലുണ്ടെങ്കിലും ഭാവി ആശങ്കയിലാണ്. എച്ച്.ഐ.വി എയ്ഡ്സിന്റെ വ്യാപനമാണ് ഒരു കാരണം. എയ്ഡ്സ്, യുദ്ധം, പ്രകൃതിക്ഷോഭം, മറ്റസുഖങ്ങള്‍ എന്നിവ കാരണമുള്ള മരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാലും 2050 ല്‍ ലോകജനസംഖ്യ 940 കോടി കവിയുമെന്നാണ് യു.എന്‍. കണക്ക്.
ജനനങ്ങള്‍ ഏറുമ്പോള്‍ ഓരോ അമ്മയും സുരക്ഷിതയാണെന്നുറപ്പുവരുത്താനുള്ള കടമ സമൂഹത്തിനുണ്ട്.
പ്രസവവേളയില്‍ ഒരു സ്ത്രീയും മരിച്ചുകൂടാ. ലൈംഗിക, പ്രത്യുല്പാദന ആരോഗ്യകാര്യങ്ങളില്‍ പുതുസമീപനം, സ്ത്രീയോടുള്ള മാന്യമായ പെരുമാറ്റം, ലിംഗസമത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ജനസംഖ്യാദിനം സമൂഹത്തെ ഓര്‍മപ്പെടുത്തുന്നു. (c.c jacab.mathrubhumi)

No comments: