Thursday, July 12, 2007

പാസ്പോര്‍ട്ട് ഓഫീസില്‍ബാഹ്യഇടപെടല്‍ അനുവദിക്കില്ല


മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ പുറത്തുനിന്നുള്ള ഏജന്‍സികളുടെ ഒരിടപെടലും അനുവദിക്കില്ലെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ കെ മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അപേക്ഷകന് നേരിട്ടുതന്നെ പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടാം. എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ലഭിക്കും. എസ് എം എസിലൂടെ അന്വേഷണത്തിനു മറുപടി നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതായും പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
ട്രാവല്‍ ഏജന്‍സികളുടെ അനധികൃത ഇടപെടലിന് നിയന്ത്രണമേര്‍പ്പെടുത്തും. പാസ്പോര്‍ട്ട് ഓഫീസിനു മുമ്പില്‍ 'പാസ്പോര്‍ട്ട് ഓഫീസ് അംഗീകൃതം' എന്ന ബോര്‍ഡ്വെച്ച ഒരു ട്രാവല്‍ ഏജന്‍സിയുടെ ബോര്‍ഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് അപേക്ഷ നല്‍കുമ്പോള്‍ പേര്, അഛന്റെ പേര്, ജനന തീയതി, ഒപ്പ് എന്നിവ ശരിയാണോ എന്ന കാര്യം അപേക്ഷകന്‍ തന്നെ ഉറപ്പുവരുത്തണം.ട്രാവല്‍ ഏജന്റ് മുഖേന നല്‍കിയ അപേക്ഷയില്‍ നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കില്‍ ട്രാവല്‍ ഏജന്റിനോടും വിശദീകരണം തേടും.
സെപ്തംബര്‍ മുതല്‍ 45 ദിവസം കൊണ്ട് പാസ്പോര്‍ട്ട് നല്‍കാനുള്ള സംവിധാനം ഒരുക്കും. ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. 57 ജീവനക്കാരാണ് വേണ്ടതെങ്കിലും ഓഫീസര്‍മാരും ജീവനക്കാരുമടക്കം 39 പേരാണുള്ളത്. അടുത്തുതന്നെ ജീവനക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസ്പോര്‍ട്ട് അപേക്ഷയിലും വിതരണത്തിലും ക്രമാതീതമായ വര്‍ധനവാണുണ്ടായത്. പാലക്കാട്, മലപ്പുറം ജില്ല ഉള്‍പ്പെട്ട മലപ്പുറം പാസ്പോര്‍ട്ട് ഓഫീസില്‍ ജൂണ്‍ മാസത്തില്‍ 10,619 പാസ്പോര്‍ട്ടുകള്‍ നല്‍കി. 10,619 അപേക്ഷകള്‍ ലഭിച്ചു. ഓരോ ദിവസവും 350 അപേക്ഷകളെങ്കിലും ലഭിക്കുന്നുണ്ട്. ഓണ്‍ ലൈന്‍ സംവിധാനത്തിനും നല്ല പ്രതികരണമാണുള്ളത്. ഐ വി ആര്‍ എസ് (ഇന്റര്‍ ആക്ടീവ് വോയ്സ് റസ്പോണ്‍സ് സിസ്റ്റംസ്) അടുത്തുതന്നെ ഏര്‍പ്പെടുത്തുമെന്നും പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

2 comments:

ജനശക്തി ന്യൂസ്‌ said...

പാസ്പോര്‍ട്ട് ഓഫീസില്‍ബാഹ്യഇടപെടല്‍ അനുവദിക്കില്ല

Unknown said...

ബാഹ്യമല്ലാത്തെ ഉള്ളിലൂടെയുള്ള ഇടപെടലുകള്‍ അനുവദിക്കുമായിരിക്കും.