Monday, July 30, 2007

ഖദറിനെ മറയ്ക്കുന്ന മാഫിയാ നിറം

മലപ്പുറം: ഉന്നത നേതൃനിരയിലെ ക്രിമിനല്‍ മാഫിയ അവിശുദ്ധബന്ധം കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നു. ശിഹാബ് വധക്കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധ ക്രിമിനല്‍ കോടാലി ശ്രീധരന്റെ മൊഴി കോണ്‍ഗ്രസ് നേതൃനിരയിലെ കോടാലിക്കൈകള്‍ തുറന്നുകാട്ടുന്നതാണ്. ഡിസിസി ട്രഷറര്‍ എം എന്‍ കുഞ്ഞഹമ്മദ് ഹാജിയാണ് തന്നെ ഗുണ്ടാക്രിമിനല്‍ രംഗത്തേക്ക് കൊണ്ടുവന്നതും ഉപയോഗിച്ചതെന്നുമാണ് മലപ്പുറം എസ്പി പി വിജയന് കോടാലി ശ്രീധരന്‍ മൊഴി നല്‍കിയത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ കെപിസിസി നേതൃത്വനിരയിലെ പ്രമുഖര്‍ ജില്ലയില്‍ വന്നാല്‍ സ്ഥിരം താവളമാക്കുന്നത് ട്രഷററുടെ തിരൂരങ്ങാടിയിലെ വീടാണെന്നത് ഗൌരവം വര്‍ധിപ്പിക്കുന്നു.
ക്രിമിനല്‍ സംഘങ്ങളുമായി കോണ്‍ഗ്രസ് നേതൃനിരയിലെ ചിലര്‍ക്ക് പരസ്യവും രഹസ്യവുമായ ബന്ധമുണ്ടെന്നത് കോടാലി ശ്രീധരന്റെ മൊഴിയോടെ കൂടുതല്‍ വ്യക്തമായി. ചില്ലറ അടിപിടികളുമായി നടന്നിരുന്ന തന്നെ ആദ്യമായി ക്വട്ടേഷനുപയോഗിച്ചത് കുഞ്ഞഹമ്മദ്ഹാജിയാണെന്നാണ് കോടാലി ശ്രീധരന്റെ മൊഴി. 93 മുതല്‍ തനിക്ക് ഇയാളുമായി ബന്ധമുണ്ടെന്നും ഹാജി ക്വട്ടേഷന്‍ തന്നതുപ്രകാരമാണ് അന്ന് ചെമ്മാട് ഫ്രൂട്ട്സ് കട നടത്തുന്ന ആളെ വെട്ടാന്‍ 50,000 രൂപക്ക് മനോല ബഷീറിന് കരാര്‍ നല്‍കിയതെന്നും ശ്രീധരന്റെ മൊഴിയില്‍ പറയുന്നു. തുടര്‍ന്നങ്ങോട്ട് ഹാജിയുടെ നിര്‍ദേശപ്രകാരം ബോംബേറും കത്തിക്കുത്തും വെട്ടലും തട്ടിക്കൊണ്ടുപോക്കും തുടര്‍ന്നെന്നും ശ്രീധരന്റെ മൊഴിയിലുണ്ട്.
93-ല്‍ പള്ളിപ്രശ്നത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുമായി ഉടക്കിയ ആളുടെ വീടിന് ബോംബെറിഞ്ഞ സംഭവം അന്ന് പൊലീസ് അന്വേഷിച്ച് മുന്നോട്ടുപോയെങ്കിലും ആഭ്യന്തരവകുപ്പ് തടയിട്ടു. യുഡിഎഫ് ഭരണത്തില്‍ തട്ടിക്കൊണ്ടുപോക്കും ഗുണ്ടാആക്രമണവും നടത്താന്‍ കോടാലി ശ്രീധരന് ആഭ്യന്തരവകുപ്പ് വഴിവിട്ട് സഹായം നല്‍കിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബാന്ധവം കാരണമാണ്.
ഡിസിസി വൈസ്പ്രസിഡന്റ്, കെപിസിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകള്‍ വഹിച്ചശേഷമാണ് എം എന്‍ കുഞ്ഞഹമ്മദ്ഹാജി മലപ്പുറം ജില്ലാ ട്രഷററായത്. വന്‍ വ്യവസായ സാമ്രാജ്യം വളര്‍ത്തിയെടുത്ത ഇയാള്‍ നേരത്തെ കരുണാകരന്‍ ഗ്രൂപ്പിലായിരുന്നു. പിന്നീട് ആന്റണിയോടടുത്തു. മലപ്പുറം ജില്ലയില്‍ ആര്യാടനുണ്ടായിരുന്ന മേധാവിത്വം പതുക്കെ കുഞ്ഞഹമ്മദ്ഹാജിയിലേക്ക് മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇന്ന് എല്ലാ ഗ്രൂപ്പിനും അഭിമതനും ഇഷ്ടക്കാരനുമായ ഹാജിക്ക് ഡിഎംകെയിലും നല്ല പിടിപാടുണ്ട്.
അലി, മനോലി ബഷീര്‍, വീരപ്പന്‍ ജോയി, കരീം തുടങ്ങിയവരുമായാണ് കോടാലി ശ്രീധരന്‍ ഹാജിക്കുവേണ്ടി 'ഓപ്പറേഷന്‍സ്' നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 93-ല്‍ ആന്റണി തിരൂരങ്ങാടിയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മുഖ്യ ചുമതല വഹിച്ചിരുന്നത് കുഞ്ഞഹമ്മദ്ഹാജിയായിരുന്നു. ഹവാല പണം ജില്ലയിലെത്തുന്നതിന്റെ പ്രധാന കണ്ണികളിലൊരാള്‍ ഡിസിസി നേതൃത്വത്തിലുള്ളയാളാണെന്ന് രണ്ടുവര്‍ഷം മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിനും പൊലീസിനും വ്യക്തമായ തെളിവ് ലഭിച്ചിരുന്നു. എന്നാല്‍ അന്നത്തെ ആഭ്യന്തരവകുപ്പ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ വിസമ്മതിച്ചു.

No comments: