Monday, July 30, 2007

'ദീപിക' വീണ്ടെടുക്കണം: കത്തോലിക്കാസഭാ മാസിക

കോട്ടയം:സ്വത്തുക്കള്‍ വില്‍ക്കുന്നതടക്കം എന്തുവിലകൊടുത്തും കത്തോലിക്കാസഭയ്ക്ക് മാത്രം അവകാശപ്പെട്ട 'ദീപിക' വീണ്ടെടുക്കണമെന്ന് സി.എം.ഐ. വിഭാഗം പുറത്തിറക്കുന്ന മുഖപത്രമായ 'കര്‍മ്മെല കുസുമം' അഭിപ്രായപ്പെട്ടു. അതിന് കഴിയാത്ത മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഒരു ആത്മീയശുശ്രൂഷയും നടത്താന്‍ അവകാശമില്ലെന്നും മാസികയുടെ ആഗസ്ത് ലക്കത്തിലെ മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ദീപികയെ വീണ്ടെടുക്കാത്തപക്ഷം അത്തരക്കാരുടെ ആത്മീയശുശ്രൂഷകള്‍ ബഹിഷ്കരിച്ച് വിശ്വാസികള്‍ പ്രതികരിച്ചേക്കാമെന്നും പറയുന്നു.
'ദീപിക ഏതെങ്കിലും മെത്രാന്റെ സ്വന്തമല്ല. കേരളത്തിലെ കത്തോലിക്കാ സമുദായത്തിന്റെ മണിവിളക്കാണത്. അത് കെടുത്താനാവില്ല. ആര് വിലകൊടുത്തുവാങ്ങിയാലും തട്ടിപ്പറിച്ചാലും അത് കേരളത്തിലെ കത്തോലിക്കരുടെ ആത്മാവും രക്തവുമാണ്. ദീപികയെ സംരക്ഷിക്കാന്‍ മെത്രാന്മാരില്ലെങ്കില്‍ അവരും, അവര്‍ നയിക്കുന്ന വൈദികരും അര്‍പ്പിക്കുന്ന ദിവ്യബലികള്‍പോലും അര്‍ത്ഥരഹിതമാണ്'.
ദീപികയുടെ പരമ്പരാഗത 'തറവാട്ടില്‍'പ്പെടാത്തവര്‍ ആരെങ്കിലും ഇതിന്റെ ഓഹരിയുടമകളായി ഉണ്ടെങ്കില്‍, മുതലും പലിശയും നല്‍കി സമാധാനത്തോടെ അവരെ പറഞ്ഞയയ്ക്കണം. 'ഇത് സമുദായത്തിന്റെ സ്വന്തമാണ്. ഇതിന്റെ തലപ്പത്ത് സമുദായാംഗങ്ങള്‍ മാത്രം മതി. നമ്മുടെ നാവാണ് ദീപിക. അഗ്നിത്തിളക്കത്തിന്റെ അനശ്വരനാവ്. അത് പിഴുതെടുക്കുന്ന ഇടയരെ തടയാന്‍ നമുക്ക് ധാര്‍മ്മികബാധ്യതയുണ്ട്'.
'സ്വാശ്രയപീഠങ്ങള്‍ക്കുവേണ്ടി കോടതികയറുകയും വിമോചനസമരത്തിന്റെ തീക്കുണ്ഡം, നെഞ്ചില്‍ കെടാതെ സൂക്ഷിക്കുകയും ചെയ്യുന്ന സഭാസാരഥികള്‍ കണ്ണുതുറക്കണം. ഇടയര്‍ പറഞ്ഞാല്‍, പറയുന്നത് തെറ്റാണെങ്കില്‍പ്പോലും നമ്മില്‍ ഭൂരിപക്ഷവും വിമോചനസമരത്തിനുപോലും ഇറങ്ങും. ഇറങ്ങിയാല്‍ വിജയംകൊയ്യും. പക്ഷേ, നാവ് (ദീപിക) ഇല്ലെങ്കില്‍ നമ്മുടെ സ്വരം ആര് കേള്‍ക്കും?'
ആഗസ്ത് 15 വരെ കാത്തിരിക്കാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 'നമുക്ക് ഉണര്‍ന്നിരിക്കാം. ഇടയരുടെ നീക്കങ്ങള്‍ സശ്രദ്ധം വീക്ഷിക്കാം. ആഗസ്ത് 15 അര്‍ദ്ധരാത്രിക്കുമുമ്പ് ദീപിക നമ്മുടെ സ്വന്തമാക്കാന്‍, നമുക്ക് പണമില്ലെങ്കില്‍, നാളിതുവരെ ദീപികയുടെ ഭരണപ്രക്രിയകളില്‍ പങ്കുപറ്റിയ സകല അഭിവന്ദ്യ പിതാക്കന്മാരുടെയും സന്യാസസഭാ സമൂഹങ്ങളുടെയും വികാരിമാരുടെയും സ്വാശ്രയകെട്ടിടങ്ങളുംമറ്റും വിറ്റിട്ടായാലും ബാധ്യതതീര്‍ത്ത് ദീപികയെ സ്വതന്ത്രമാക്കണം' _ചീഫ് എഡിറ്റര്‍ ഫാ. സക്കറിയാസ് പ്ലാമൂട്ടില്‍ എഴുതിയ മുഖപ്രസംഗം ആഹ്വാനംചെയ്യുന്നു.
മാന്നാനത്തുനിന്നിറങ്ങുന്ന 'കര്‍മ്മെല കുസുമം' മാസിക, കത്തോലിക്കാസഭ പുറത്തിറക്കുന്ന ആനുകാലികങ്ങളില്‍ ഏറ്റവും പാരമ്പര്യമുള്ളതാണ്. 103 വര്‍ഷമായി പ്രസിദ്ധീകരിക്കുന്ന ഇതിന് സഭാവിശ്വാസികളുടെ ഇടയില്‍ ഏറെ പ്രചാരമുണ്ട്.

2 comments:

ഉറുമ്പ്‌ /ANT said...

great!
is it given to haris for free?

ജിം said...

കുസുമത്തിന്റെ രോക്ഷപ്രകടനം കൊള്ളാം.
"സ്വാശ്രയപീഠങ്ങള്‍ക്കുവേണ്ടി കോടതികയറുകയും വിമോചനസമരത്തിന്റെ തീക്കുണ്ഡം, നെഞ്ചില്‍ കെടാതെ സൂക്ഷിക്കുകയും ചെയ്യുന്ന സഭാസാരഥികള്‍" പക്ഷേ ഇതൊക്കെ ചെയ്യുന്നത് സഭക്കും സമുദായത്തിനും വേണ്ടിയല്ലല്ലോ! കാശ് കിട്ടുമെന്നാണെങ്കില്‍ ഇക്കൂട്ടര്‍ പള്ളി വരെ വിറ്റുകളയുമെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. "ഇടയര്‍ പറഞ്ഞാല്‍, പറയുന്നത് തെറ്റാണെങ്കില്‍പ്പോലും നമ്മില്‍ ഭൂരിപക്ഷവും വിമോചനസമരത്തിനുപോലും ഇറങ്ങും" - ഇതാണ് പ്രശ്നം. എന്തും ചെയ്യാന്‍ വിശ്വാസത്തേയും വിശ്വാസികളേയും കൂട്ടുപിടിക്കാമെന്നുള്ള സഭാ മേലാളന്മാരുടെ ഈ ധാരണ.