Saturday, July 28, 2007

അടൂര്‍ പ്രകാശിനെതിരെ വീണ്ടും വിജിലന്‍സ്

തിരുവനന്തപുരം: മുന്‍ ഭക്ഷ്യമന്ത്രി അടൂര്‍ പ്രകാശിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം. കെപിസിസി അംഗമായിരുന്ന എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
റേഷന്‍ ഡിപ്പോകള്‍ അനുവദിക്കാന്‍ അടൂര്‍ പ്രകാശും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി. രാജുവും 20 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വീക്ഷണത്തിനു ഫണ്ട് സ്വരൂപിക്കാനെന്ന പേരിലാണു പണം പിരിച്ചതെന്നും കെപിസിസി പ്രസിഡന്റിനും മറ്റും ഇക്കാര്യം അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു.
ഇതേക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പല മന്ത്രിമാര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ നിയമോപദേശം തേടിയ ശേഷം ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. സപ്ളൈകോ കരാറുകാരനായ കെ.ടി. ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പ്രകാശിനെതിരെ മറ്റൊരു വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.
മുരളീധരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ അനുസരിച്ച് അടൂര്‍ പ്രകാശിന്റെ കാലത്തെ അടക്കമുള്ള സിവില്‍ സപ്ളൈസ് കോര്‍പറേഷനില്‍ നടന്ന അഴിമതിയെക്കുറിച്ചു സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. റേഷന്‍ മൊത്തവ്യാപാര ഡിപ്പോകള്‍ അനുവദിക്കാന്‍ അടൂര്‍ പ്രകാശ്, വി. രാജു എന്നിവര്‍ കോഴ ആവശ്യപ്പെട്ടെന്നും ഔദ്യോഗിക പദവി ദുരുപയോപ്പെടുത്തിയെന്നും ലോകായുക്ത എസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇവര്‍ കൈക്കൂലി ആവശ്യപ്പെട്ടതിനെക്കുറിച്ചും കോഴിക്കോട് ജില്ലാ കലക്ടര്‍ രച്നാ ഷാ, ജില്ലാ സപ്ളൈ ഓഫിസര്‍ സുബ്രഹ്മണ്യന്‍, താലൂക്ക് സ്പ്ളൈ ഓഫിസര്‍ എന്നിവര്‍ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ഡിപ്പോ അനുവദിച്ചതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണമെന്നു ലോകായുക്ത എസ്പിയായിരുന്ന എസ്. രാധാകൃഷ്ണന്‍ നായര്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
40 റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിനു 10 കോടിയുടെ അഴിമതി നടന്നെന്ന കോഴിക്കോട് മുക്കം സ്വദേശി അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് കെ. ശ്രീധരന്‍, ഉപലോകായുക്ത ജസ്റ്റിസ് കെ.എ. മുഹമ്മദ് ഷാഫി എന്നിവര്‍ അന്വേഷണ ഉത്തരവ് നല്‍കിയത്.
തനിക്കു ഡിപ്പോ അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് എന്‍.കെ. അബ്ദുല്‍ റഹ്മാന്‍ കെപിസിസി നിര്‍വാഹക സമിതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

No comments: