Sunday, July 15, 2007

'ലിസ്-ബോണ്ട് വിവാദങ്ങള്‍ പിബി പരിശോധിക്കും'-സീതാറാം യച്ചൂരി

ദേശാഭിമാനിയിലെ ലിസ്-ബോണ്ട് വിവാദത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷിക്കുന്നുണ്ടെന്നും ആ റിപ്പോര്‍ട്ട് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ പരിശോധിക്കുമെന്നും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യച്ചൂരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ നടപടിക്രമങ്ങള്‍ പാലിക്കും. പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് ചിലപ്പോള്‍ തെറ്റുപറ്റുമെന്നും അതു തിരുത്തുകയാണ് പാര്‍ട്ടി നയമെന്നും പ്രസ് ക്ളബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുത്തു യച്ചൂരി ചൂണ്ടിക്കാട്ടി. മൂല്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനാണ് ദേശാഭിമാനി ഡപ്യുട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാലിനെ പുറത്താക്കിയത്.
കേസ് അന്വേഷിച്ച പൊലീസ് തെളിവില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തില്‍ തെളിവു നിര്‍മിച്ചു നല്‍കേണ്ട സാഹചര്യം പാര്‍ട്ടിക്കില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ സുതാര്യമാണ്. ജനങ്ങള്‍ക്ക് അതില്‍ സംശയമില്ല. പീപ്പിള്‍സ് ഡമോക്രസിയില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനം ദേശാഭിമാനിയില്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ വളച്ചൊടിച്ചുവെന്ന ആരോപണം ശരിയല്ലെന്നു യച്ചൂരി പറഞ്ഞു. ആദ്യം ദേശാഭിമാനിയിലാണ് ലേഖനം എഴുതിയതെന്നും പീപ്പിള്‍സ് ഡമോക്രസിക്കു വേണ്ടി മറ്റൊരു ലേഖനമാണ് എഴുതിയതെന്നും യച്ചൂരി വ്യക്തമാക്കി. പ്രതിഭാ പാട്ടീലിനെതിരെയുള്ള ആരോപണങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്നും യച്ചൂരി പറഞ്ഞു.

No comments: