Sunday, July 15, 2007

പനി: കേന്ദ്രസംഘം എത്തി

സംസ്ഥാനത്തെ പനിബാധയെക്കുറിച്ച് പഠിക്കാന്‍ ആറംഗ കേന്ദ്ര വിദഗ്ധസംഘം എത്തി. ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റീവ് ഡിസീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. എസ് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ കൊച്ചിയിലെത്തിയ സംഘം ആരോഗ്യമന്ത്രി പി കെ ശ്രീമതിയുമായി ചര്‍ച്ച നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേറ്റീവ് ഡിസീസസിലെ മൈക്രോ ബയോളജിസ്റ്റ് ഡോ. ദീപേഷ് ഭട്ടാചാര്യ, രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ. അശോക് കുമാര്‍, പുണെ നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസസ് കണ്‍ട്രോള്‍ പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കല്‍പ്പന ബറുവ, പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മന്‍ദീപ് ചദ്ദ, ഡോ. പരേഷ് ഷാ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. രാജന്‍ സംഘത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരിക്കും. പകര്‍ച്ചപ്പനി ആവര്‍ത്തിച്ച് വരുന്നതിനെക്കുറിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോടും കേന്ദ്ര ആരോഗ്യവകുപ്പിനോടും സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രസംഘം എത്തിയത്. പകര്‍ച്ചപ്പനിയുടെ യഥാര്‍ഥ കാരണം കണ്ടെത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. സംഘം കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പനിബാധിത മേഖലകളിലെത്തി രോഗികളെ പരിശോധിക്കുകയും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും.

No comments: