Thursday, July 12, 2007

അറബിക്കഥസത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീമിന്റെ സന്ദേശത്തിനു ശേഷം മികച്ചൊരു പൊളിറ്റിക്കല്‍ സറ്റൈര്‍ മലയാളസിനിമ കണ്ടിട്ടില്ലെന്നത് സത്യം. ലാല്‍ജോസിന്റെ അറബിക്കഥ പ്രവാസിമലയാളി പശ്ചാത്തലത്തില്‍ കേരളരാഷ്ട്രീയത്തെ പരിഹാസപൂര്‍വ്വം കാണുമ്പോള്‍ അതിലും ശ്രീനിവാസന്‍ തന്നെയാണ് നായകന്‍.


ക്യൂബയിലും ചൈനയിലും റഷ്യയിലും കമ്മ്യൂണിസത്തിന്‍െറ വളര്‍ച്ച കിനാവു കണ്ട് ആദര്‍ശത്തിന്റെ അവസാന വാക്കായി ചെമ്മണ്ണൂരെന്ന ഗ്രാമത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ നേതാവാണ് സഖാവ് ക്യൂബ മുകുന്ദന്‍. ഫിഡല്‍ കാസ്ട്രോയെയും മാവോ സെതുങിനെയും നെഞ്ചില്‍ ആവാഹിച്ച ക്യൂബ മുകുന്ദനും പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്രബുദ്ധിയുടെ ഉടമ സഖാവ് കരുണനും സി.പി.എമ്മിന്റെ സമകാലീന പ്രതിസന്ധികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.കുഞ്ഞുണ്ണി മുതലാളിയുടെ ലതര്‍ഫാക്ടറിക്കെതിരെ സമരം ചെയ്യുന്ന മുകുന്ദനെയും കൂട്ടരെയും മുതലാളിക്കൊപ്പം ചേര്‍ന്ന് തോല്‍പ്പിക്കുന്ന കരുണന്‍ തന്റെ രാഷ്ട്രീയ ഭാവിക്ക് കോട്ടം വരാതിരിക്കാന്‍ ഇല്ലാത്തൊരു കടത്തിന്റെ പേരില്‍ മുകുന്ദനെ സ്നേഹപൂര്‍വ്വം ഗള്‍ഫിലേക്ക് പാക്ക് ചെയ്യുന്നു. ഗള്‍ഫിലെ പ്രവാസികളുടെ തൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെടാമെന്ന് വ്യാമോഹിച്ച് വരുന്ന മുകുന്ദനെ കുഞ്ഞുണ്ണി മുതലാളിയുടെ ലേബര്‍ സപ്ളയര്‍ കമ്പനിയില്‍ തന്നെ ജോലി നല്‍കി പീഡിപ്പിക്കുന്നു.നിരത്തില്‍ വ്യാജ സി. ഡി. വില്‍ക്കുന്ന ചൈനീസുകാരിയെ അവള്‍ കമ്മ്യൂണിസ്റ്റ് ചൈനയില്‍ നിന്നു വന്നവളാണെന്ന പരിഗണന കൊണ്ടു മാത്രം മുകുന്ദന്‍ ഇഷ്ടപ്പെടുന്നു. അവളോട് അയാള്‍ക്ക് ചോദിക്കാനുളളത് മാവോയെപ്പറ്റിയും കമ്മ്യൂണിസത്തെപ്പറ്റിയും മാത്രം.
സ്വപ്നത്തിന്റെ കുളിരില്‍ നിന്നും യാഥാര്‍ത്ഥ്യത്തിന്റെ കൊടും ചൂടിലേക്കു വീഴുന്ന മുകുന്ദന്റെ കഥയാണ് ലാല്‍ ജോസ് പറയുന്നത്. ദുബായിലെ പ്രവാസിമലയാളികളുടെ ജീവിതത്തെ പച്ചയായി കാട്ടാന്‍ ലാല്‍ ജോസിന് കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ ചതിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെടുന്ന മുകുന്ദന്‍ ഒടുവില്‍ താന്‍ സ്നേഹിച്ച ചൈനീസ് പെണ്‍കുട്ടിയും തന്റെ കാശുമായി കടന്നു കളഞ്ഞ ദുഖത്തില്‍ എങ്ങോട്ടോ പോകുന്നു.
കാലം മറയുന്നതിനിടയില്‍ സഖാവ് കരുണന്‍ എം.എല്‍.എയും മന്ത്രിയുമാകുന്നു. സഖാവ് കരുണന്റെ ചതിക്കഥകളറിയുന്ന മുകുന്ദന്റെ കൂട്ടുകാരന്‍ സഖാവ് അന്‍വര്‍ മുകുന്ദനെത്തേടി ദുബായിലെത്തുന്നു. മുകുന്ദന്‍ ഇപ്പോള്‍ എവിടെയുണ്ട് ? മുകുന്ദനെ ചതിച്ചതാരാണ് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയുളള അന്‍വറിന്റെ യാത്രയാണ് ചിത്രത്തിന്റെ രണ്ടാം പകുതി.ക്യൂബ മുകുന്ദനായി ശ്രീനിവാസനും ചൈനീസ് പെണ്‍കുട്ടിയായി ചാങ് ഷുമിനും നന്നായി അഭിനയിച്ചിരിക്കുന്നു. നെടുമുടി വേണു, ഇന്ദ്രജിത്ത് , ജയസൂര്യ, സലിം കുമാര്‍, വെഞ്ഞാറമൂട് സുരാജ് , സംവൃത സുനില്‍ തുടങ്ങിയവരുടെ അഭിനയത്തിനും കുറവുകളൊന്നും പറയാനില്ല.വസന്തത്തിന്റെ ഇടിമുഴക്കമാകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു പൂക്കാലത്തിന്റെ നേര്‍ത്ത വാസന അറബിക്കഥയിലുണ്ട്.
പഞ്ച് ഡയലോഗ്: പാര്‍ട്ടിയുടെ വെട്ടിനിരത്തല്‍ നയത്തിനെ വിമര്‍ശിച്ച് വാഴയും കൃഷിയല്ലേ എന്ന് ചോദിക്കുന്ന അച്ഛനോട് മുകുന്ദന്‍ " വാഴക്കുല കൊണ്ട് ചോറുവയ്ക്കാന്‍ പറ്റില്ലല്ലോ...

2 comments:

ജനശക്തി ന്യൂസ്‌ said...

സത്യന്‍ അന്തിക്കാട് - ശ്രീനിവാസന്‍ ടീമിന്റെ സന്ദേശത്തിനു ശേഷം മികച്ചൊരു പൊളിറ്റിക്കല്‍ സറ്റൈര്‍ മലയാളസിനിമ കണ്ടിട്ടില്ലെന്നത് സത്യം. ലാല്‍ജോസിന്റെ അറബിക്കഥ പ്രവാസിമലയാളി പശ്ചാത്തലത്തില്‍ കേരളരാഷ്ട്രീയത്തെ പരിഹാസപൂര്‍വ്വം കാണുമ്പോള്‍ അതിലും ശ്രീനിവാസന്‍ തന്നെയാണ് നായകന്‍.

Dinkan-ഡിങ്കന്‍ said...

അപ്പോള്‍ സിനിമ കണ്ടൊ?
എന്തായാലും ലാല്‍ജോസ്-ശ്രീനി ടീമിന് ആശംസകള്‍

കേരളാരാഷ്ട്രീയാപചയങ്ങള്‍ ഇങ്ങനെയെങ്കിലും പുറത്ത് വരട്ടേ അല്ലെ :)