Sunday, January 28, 2007

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌. ( രണ്ടാംഭാഗം

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌. (രണ്ടാംഭാഗം )
(കെ ഇ എന്റെ നിലപാടുകളോട്‌ വസ്തുനിഷ്ഠമായ വിലയിരുത്തലും അഭിപ്രായങ്ങളും അറിയണമെന്ന ആഗ്രഹത്തോടെയാണ്‌ ഈ ലേഖനം ഇവിടെ ചേര്‍ക്കുന്നത്‌.)

വ്യക്തിത്വവികാസത്തിന്റെ അടിസ്ഥാനം സാമൂഹികവികാസം ഓരോ മനുഷ്യനും എത്രത്തോളം സ്വാംശീകരിക്കാനും സ്വന്തമാക്കാനും കഴിയുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്‌. വ്യക്തികള്‍ കൂടിച്ചെര്‍ന്ന് സമൂഹമുണ്ടാവുകയല്ല, മറിച്ച്‌ 'സാമൂഹ്യതയില്‍' കുടിച്ചേരാന്‍ കഴിയുന്ന മുറക്ക്‌ മനുഷ്യര്‍ വ്യക്തികളായി മാറുകയാണ്‌ ചെയ്യുന്നത്‌. സാമൂഹിക വികാസത്തിന്റെ സവിശേഷമായ ഘട്ടത്തെയാണ്‌ വ്യക്തിയും വ്യക്തിത്വവും പ്രതിനിധികരിക്കുന്നത്‌‌.
ആദിമമനുഷ്യര്‍ ജന്തുസമാനമായി ജീവിച്ചിരുന്ന പ്രാചിന സന്ദര്‍ഭത്തില്‍ അന്നത്തെ മനുഷ്യര്‍ക്കിടയില്‍ നിലനിന്നിരുന്ന കൂട്ടായ്മ ഒരു വലിയ പരിധിവരെ ജന്തുകൂട്ടായ്മയാടാണ്‌ അടുപ്പം പുലര്‍ത്തിയിരുന്നത്‌. പ്രകൃതിയില്‍നിന്ന് കിട്ടുന്നത്‌ സംഭരിച്ച്‌ ജീവിച്ച സ്വാഭാവിക സമ്പദ്‌വ്യവസ്ഥയില്‍നിന്നും ആവശ്യമായത്‌ ഉല്‍പ്പാദിപ്പിച്ച്‌ ജീവിക്കാന്‍കഴിയുന്ന ഒരവസ്ഥയിലേക്ക്‌ മനുഷ്യജീവിതം ഉയര്‍ന്നുവന്നപ്പോഴാണ്‌ പറ്റത്തിന്റെ സ്ഥാനത്ത്‌ സമൂഹം രൂപം കൊള്ളാന്‍ തുടങ്ങിയത്‌. സാമൂഹിക രൂപവത്ക്കരണ പ്രക്രിയ പുരോഗമിക്കുന്നതിന്നിടയില്‍ പഴയ ജന്തുസ്വഭാവത്തെ സാക്ഷ്യപ്പെദുത്തുന്ന 'പറ്റ' സ്വഭാവം പൂര്‍ണ്ണമായും അപ്രത്യക്ഷമാവുകയില്ല.
സഹസ്രാബ്ദങ്ങളിലൂടെ സ്വാംശികരിച്ച സമസ്ത സാംസ്കാരികമൂല്യങ്ങളെയും അട്ടിമറിച്ചുകൊണ്ട് ‌' പറ്റജന്തുത ' സാമൂഹ്യ ജീവിതത്തെ നെറുകെ പിളര്‍ത്തി പ്രത്യക്ഷപ്പെടുന്നതിന്റെ ഭീതിദമായ ദൃശ്യം അയനസ്കോ കണ്ടാമൃഗങ്ങള്‍ എന്ന പ്രശസ്തമായ നാടകത്തില്‍ നടുക്കം കൊള്ളിക്കുംവീധമാവിഷ്ക്കരിച്ചിട്ടുണ്ട്‌.
ഒരു "വലിയ പറ്റം! അവര്‍ പറഞ്ഞത്‌ കണ്ടാമൃഗം ഏകാന്തജീവിയാണെന്നും! അതു ശരിയല്ല. ഇനി പുതുക്കിയെടുക്കേണ്ട ഒന്നാണീ സങ്കല്‍പ്പം.
പൊതുസ്ഥലത്തെ ബഞ്ചുകളെല്ലാം അവര്‍ തകര്‍ത്ത്‌ പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു. സാമൂഹ്യബോധത്തിന്റെ നിരന്തരം വളരുന്ന അവസ്ഥയിലേക്ക്‌ വികസിക്കുന്നതിന്നുപകരം പറ്റബോധത്തിലേക്ക്‌ ചുരുഞ്ഞുന്ന ആള്‍കൂട്ടം പൊതുസ്ഥലത്തെ ബെഞ്ചുകള്‍ പൊട്ടിച്ചുകഴിയുമ്പോള്‍ ബാക്കിയാവുന്നത്‌ കാടത്തമാണെന്ന് സ്വന്തം വ്യക്തിത്വത്തില്‍ തൂങ്ങിക്കിടക്കുന്നവര്‍ക്കെല്ലാം അവസാനംചീത്തയായിരിക്കും" എന്നകണ്ടത്തലിലൂടെ അയനസ്കോ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തിരിച്ച്രിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഇന്ന് നമ്മെ തുറിച്ചു നോക്കുന്നത്‌ അയസ്ക്കോ മുമ്പേ തിച്ചറിഞ്ഞ ആ പറ്റങ്ങളുടെ പരാക്രമങ്ങളാണ്‌. സാമുഹിയതയെ സാധുവാക്കിയ വിമര്‍ശനബോധത്തിന്ന് ചിതയോരുക്കുന്ന അരാഷ്‌ട്രിയ ആള്‍ക്കൂട്ടം പഴയ പറ്റത്തിന്റെ പരിഷ്ക്കരിച്ച പുതിയ പതിപ്പാണ്‌.
ആള്‍ക്കൂട്ടം സ്വയം ചലിക്കാനാവാതെ മറ്റാര്‍ക്കോവേണ്ടി ഇളകിമറിയുകയും. സ്വന്തം വാക്കുകള്‍ ഉച്ചരിക്കാനാവാതെ മറ്റാരുടെയോ ഉച്ചഭാഷിണികളായി ബഹളം വെയ്ക്കും.
വീഴ്ത്തുന്ന 'ഗാങ്ങും' വാഴ്‌ത്തുന്ന ഫാന്‍സുമായി സൗകര്യാനുസരണം പിളരാനും ആള്‍ക്കൂട്ടത്തിന്ന് കഴിയും. അവികസിതമായ പഴയൊരു അവസ്ഥയുടെ അനിവാര്യതയായിരുന്നു 'പറ്റ'മെങ്കില്‍ വികസിതമായ ഒരു പുതിയ അവസ്ഥയുടെ അപചയമാണ്‌ ആധുനിക ആള്‍ക്കൂട്ടം.

രാഷ്‌ട്രിയ പ്രബുദ്ധതയില്‍ സുഷിരങ്ങള്‍ വീഴുമ്പോഴാണ്‌ സമൂഹം ആള്‍ക്കൂട്ടമായി സങ്കോചിക്കുന്നത്‌. അരാഷ്‌ട്രിയതയുടെ അഴുക്കുചാലില്‍ സമൂഹം തലകുത്തിവീഴുമ്പോഴാണ്‌ അന്ധമായ ആരാധനയും വന്ധ്യമായ വിരോധവുമായി ആള്‍ക്കൂട്ടം ആര്‍ത്തുവിളിക്കാന്‍ ആരംഭിക്കുന്നത്‌.
അപ്പോള്‍ കാഴ്ചപ്പാടുകള്‍ക്ക്‌ മുകളില്‍ കാഴ്ചയുടെ കൊടികള്‍ പൊങ്ങും. സംഘടനക്കുമുകളില്‍ വ്യക്തിമഹാത്മ്യത്തിന്റെ സ്തുതിഗീതങ്ങളുയരും.
ഉയര്‍ന്ന രാഷ്‌ട്രിയ അച്ചടത്തിന്റെ സ്ഥനത്ത്‌ രണ്ടാംതരം അടിപൊളിപ്രകടനങ്ങള്‍ അരങ്ങ്‌ കൊഴുപ്പിക്കും.

'അമ്പടാ ഞാന്‍' മാനസികാവസ്ഥകള്‍ ചങ്ങലകള്‍ പൊട്ടിക്കും!.
കമ്മുണിസ്റ്റ്‌ രാഷ്‌ട്രിയത്തെ അതേ രാഷ്‌ട്രിയം കൊണ്ടുതന്നെ പൊളിക്കാന്‍ മുമ്പ്‌ മുഖ്യധാരാ മാധ്യമങ്ങള്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം മരിച്ചവരെ ജീവിച്ചിരിക്കുന്നവരുടെ മുമ്പില്‍ വഴിതടയും വീതം പ്രതിഷ്ഠിക്കുകയായിരുന്നു. അങ്ങിനെയാണ്‌ 'ഗുണ്ടാത്തലവന്‍' 'ഗോപാലസേന"കമാണ്ടര്‍' എന്നൊക്കെ ജീവിച്ചിരിക്കുമ്പോള്‍ മുമ്പവര്‍ നിര്‍ലോഭം വിളിച്ച എ.കെ.ജി അവര്‍ക്ക്‌ മരണാനന്തരം പാവങ്ങുടെ പടത്തലവനായത്‌.
മരിച്ച വിപ്ലവകാരികളെ മുഖ്യധാരാമാധ്യമങ്ങള്‍ പലപ്പോഴും പൊക്കുന്നത്‌ അവരെ ആദരിക്കുന്നതിനെക്കാളേറെ ജീവിച്ചിരിക്കുന്നവരെ അവഹേളിക്കാനാണ്‌.
പാര്‍ട്ടിയില്‍ നിന്ന് പോകുന്നവറെ പുണ്യവാളരാകാനും. എത്രയോക്കെ പൊളിഞ്ഞിട്ടും അതില്‍ പിന്നെയും തുടരുന്നവരെ പാപികളും കൊള്ളരുതാത്തവരാക്കാനും അവരെന്നും മുമ്പില്‍ നില്‍ക്കും..
കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയേയും തൊഴിലാളി പ്രസ്ഥാനങ്ങളെയും തകര്‍ക്കേണ്ടത്‌ വ്യവസ്ഥാസംരക്ഷണം ലക്ഷ്യംവെക്കുന്ന മാധ്യമവെക്കുന്ന മാധ്യമങ്ങളുടെ മുഖ്യചുമതലയാണ്‌.
പ്രശസ്ത സംസ്ക്കാരിക വിമര്‍ശകനായ നോം ചോംസ്കി വിശദമാക്കിയ വിധം അതുകൊണ്ടാണവര്‍ 'കമ്മ്യുണിസ്റ്റ്‌ വിരുദ്ധത'യെ ഒരു മതവും സ്വന്തം മാനിഫെസ്റ്റോയുമാക്കുന്നത്‌. 'പാര്‍ട്ടി' 'സംഘടന' തുടങ്ങിയ പദങ്ങള്‍ പോലും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയേയും തൊഴിലാളി സംഘടനകളേയും മാത്രമാണ്‌ പ്രതിനിധികരിക്കുന്നതന്ന് തൊന്നിപ്പിക്കും വിധമാണ്‌ മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങല്‍ രാഷ്‌ട്രിയാവസ്ഥകളെ അപഗ്രഥിച്ചുപോരുന്നത്‌.
എന്നാല്‍ ലോകത്തിലെവിടെയും ആദ്യം രൂപം കൊണ്ടത്‌ മൂലധനസര്‍വ്വാധിപത്ത്യത്തെ സ്വാഭാവിവല്‍ക്കരിക്കുന്ന വലതുപക്ഷ സംഘടനകളും അവയെ സ്വന്തമെന്ന നിലയില്‍ സംരക്ഷിക്കുന്ന ഭരണകൂടങ്ങളുമായിരുന്നു എന്ന അടിസ്ഥന രാഷ്‌ട്രിയ യാഥാര്‍ഥ്യത്തെ മറച്ചുവെക്കുന്നതിലാണവര്‍ മുമ്പെന്നപോലെ ഇന്നും വ്യാപൃതമായിരിക്കുന്നത്‌. ജനങ്ങളുടെ ഓരോ അവകാശവും പിടിച്ചെടുത്തുകൊണ്ടാണ്‌ 'ഭരണകൂടങ്ങള്‍' നിലവില്‍ വന്നതെന്ന വസ്തുതയാണ്‌ സമര്‍ഥമായി പൂഴ്‌ത്തിവെക്കപ്പെടുന്നത്‌.
അവകാശ തിരസ്ക്കാരത്തോടനുബദ്ധിച്ചാണ്‌ അധികാരകേന്ദ്രങ്ങളുണ്ടായത്‌. ലോകത്തിലെവിടെയുമെന്നപോലെ കേരളത്തിലും ആദ്യം രൂപം കൊണ്ടത്‌ സ്വത്തു ഉടമതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന അധികാരകേന്ദ്രങ്ങളും അതിന്റെ തണലില്‍ മൂലധനതാല്‍പ്പര്യങ്ങളില്‍ തുളകള്‍ വീഴാതെ വളര്‍ത്തുന്നതില്‍ സദാ വ്യാപൃതമായ സംഘടനകളുമാണ്‌.


1857ല്‍തന്നെ ഇവിടെ ചേബഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സും തോട്ടം മുതലാളി താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്ലാന്റെഴ്‌സ്‌ അസോസിയേഷനും രൂപംകോണ്ടുകഴിഞ്ഞിരുന്നു. പിന്നേയും പതിറ്റാണ്ടുകള്‍ കഴ്‌ഇഞ്ഞാണ്‌ തൊഴിലാളി സംഘടനകളും കര്‍ഷകസംഘവും പിറക്കുന്നത്‌.

1922ലാണ്‌ ആലപ്പുഴയില്‍ ആദ്യത്തെ തൊഴിലാളിസംഘടന പിറന്ന്ത്‌. എന്നാല്‍ ലോകാരംഭം മുതല്‍ നിലനിന്നുപോരുന്ന ശല്യമായിട്ടാണ്‌ മൂലധനശക്തികളും അവരുടെ വന്ധുക്കളും സംഘടനകളെ സൗകര്യം കിട്ടുമ്പോഴൊക്കെ ചിത്രികരിക്കുന്നത്‌.

നിയന്ത്രണരഹിതമായ വിപണിക്കൊപ്പം സംഘടനാരഹിതമായ ഒരു ലോകമാണ്‌ മൂലധനശക്തികള്‍ സ്വപ്നം കാണുന്നത്‌.

1980കള്‍ മുതല്‍ തീവ്രമായിത്തീര്‍ന്ന പ്രസ്തുത കാഴ്ച്ചപ്പാട്‌ സോവിയറ്റ്‌ പതനത്തൊടെ അത്യന്തം അക്രമാസക്തമാകുന്നതാണ്‌ നാം കാണുന്നത്‌.
"സമൂഹം എന്നൊന്നില്ല. വ്യക്തിമാത്രമേയുള്ളു. ഏറിവന്നാല്‍ കുടുംബവും" എന്ന മാര്‍ഗരറ്റ്‌ താച്ചറുടെ കുപ്രസിദ്ധമായ പരസ്യപ്രസ്താവനയും.റൊണാള്‍ഡ്‌ റീഗന്‍ പ്രത്യക്ഷമായി പങ്കുവെച്ച 'റാംബോ കോമ്പ്ലക്സും' ജനപക്ഷ സംഘടനാവിരുദ്ധതയുടെ രണോത്സുകമായ പ്രഖ്യാപനങ്ങളായിരുന്നു.
സ്വന്തം യൂണിഫോം പോലും ഉപേക്ഷിച്ച്‌ വിയറ്റ്‌നാമില്‍ നിന്ന് ഓടിരക്ഷപ്പെടെണ്ടിവന്ന അമേരിക്കന്‍ പട്ടാളക്കാരുടെ മനോവീര്യം വളര്‍ത്താനും സ്വന്തം പരാജയത്തെ വിജയമാക്കി വിളംബരം ചെയ്യാനും മാത്രമല്ല' സര്‍വ്വ സംഘടനകള്‍ക്കും ' മുകളില്‍ ഒരതിമാനുഷ്യ യോദ്ധാവിനെ പ്രതിഷ്ഠിച്ചുകൊണ്ട്‌ 'വ്യക്തിപൂജയുടെ വീരഗാഥകള്‍ക്കിടയില്‍ ഒരു ജനസമൂഹത്തെയാകെ നിര്‍വീര്യമാക്കാനുള്ള ആസൂത്രിത ശ്രമവും അതിലുണ്ടായിരുന്നു.
വലതുപക്ഷ സാഹിത്യത്തിലും കലയിലും അലിഞ്ഞുചെര്‍ന്ന വ്യക്തികേന്ദ്രിത സാമാന്യബോധത്തിന്റെ സായുധമായ രംഗപ്രവേശമാണ്‌ , അതിന്റെ അക്രാമകമായ ആവിഷ്കാരമായ ആഗോളവത്‌കരണമെന്ന മസ്രണപദാവലിയില്‍ മറച്ചുവെക്കപ്പെട്ട മൂലധന സര്‍വ്വാധിപത്യത്തിന്റെ ജനാധിപത്യത്തിന്നെതിരെയുള്ള യുദ്ധപ്രഖാപനമാണ്‌ 'നവവ്യക്തിപൂജകളുടെ' പുത്തന്‍ രൂപവല്‍ക്കരണ പശ്ചാത്തലം.

സോവിയറ്റ്‌ നിഴലിലാണ്‌ വിമോചന പ്രസ്ഥാനങ്ങളൊക്കെയും നിലനില്‍ക്കുന്നതെന്ന സാമ്രാജ്യത്വത്തിന്റെ മിത്ത്‌ പൊളിയായിരുന്നു എന്ന് ന്ന് തെളിയിക്കുംവിധം മുന്നാം ലോകരാഷ്‌ട്രങ്ങള്‍ അധിനിവേശ ശക്തികള്‍ക്കെതിരെ മുഷ്ടിചുരുട്ടി മുന്നേറുന്ന ഒരു രാഷ്‌ട്രിയാവസ്ഥയെ പൊളിക്കാനാണ്‌ സാമ്രാജിത്ത നേതൃത്വത്തില്ലോകവ്യാപകമായി കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ ഹെഡ്‌ക്വര്‍ട്ടേഴ്സ്‌ ആക്രമിക്കാനുള്ള അന്വേഷണങ്ങള്‍ പുതിയ മാനമാര്‍ജിക്കുന്നത്‌.
ഇടതുപക്ഷശക്തികള്‍ക്കിടയില്‍ അനൈക്യം വളര്‍ത്തിയും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തിയും ജനാധിപത്യകേന്ദ്രികരണമെന്ന് പാര്‍ട്ടി സംഘാടനം കേന്ദ്രതത്വത്തെ തകര്‍ക്കുംവിധം ചിലരുടെമേല്‍ തെറികള്‍ ചൊരിഞ്ഞ്‌ ഒറ്റപ്പെടുത്തി ആക്രമിച്ചും ആകെക്കൂടി മേറ്റ്ല്ലാ വലതുപാര്‍ട്ടികളുടെയും അവസ്ഥത്തന്നെയാണ്‌ കമ്മുണിസ്റ്റ്‌ പാര്‍ട്ടിക്കും എന്ന് വരുത്തിത്തിര്‍ത്തും കേരളത്തിലും 'ആഗോളവത്‌കരണം' അതിന്റെ അരാഷ്ട്രിയത ആഘോഷിക്കുന്ന ആവേശത്തിമിര്‍പ്പുകളാണ്‌ മാധ്യമങ്ങളിലിപ്പോള്‍ പ്രത്യക്ഷപ്പെട്ടു
കൊണ്ടിരിക്കുന്നത്‌. (മൂന്നാം ഭാഗം ഉടനെ
)

3 comments:

ജനശക്തി ന്യൂസ്‌ said...

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌. (രണ്ടാംഭാഗം )
(കെ ഇ എന്റെ നിലപാടുകളോട്‌ വസ്തുനിഷ്ഠമായ വിലയിരുത്തലും അഭിപ്രായങ്ങളും അറിയണമെന്ന ആഗ്രഹത്തോടെയാണ്‌ ഈ ലേഖനം ഇവിടെ ചേര്‍ക്കുന്നത്‌.)

Anonymous said...

ഇന്ത്യന്‍ വിപ്ലവത്തില്‍ ആര്‍ക്കും താല്പര്യമില്ലേ?
ഒരു കമന്റു പോലും കാണാനില്ല ദൈവമേ!
ഇ.എം.എസ് കാലം ചെയ്തതിനു ശേഷം പി.ജിയും കെ.ഇ.എന്നുമൊക്കെയേ ഉള്ളൂ. ആരും ഇവരെ വിലമതിക്കാതിരുന്നാല്‍ എന്താവും ഇന്ത്യന്‍ വിപ്ലവത്തിന്റെ അവസ്ഥ?

ജനശക്തി ന്യൂസ്‌ said...

പുലിക്കൂട്ടില്‍ പുല്ലിട്ട്‌ കൊടുത്താല്‍ പുലിക്ക്‌ എന്ത്‌ പുല്ല്‌.

നവമാധ്യമങ്ങളില്‍ വന്‍ സധ്യതകളാണ്‌ ബ്ലോഗുകളള്‍ക്കുള്ളത്‌.ഉയര്‍ന്ന സാങ്കേതിക വിദ്യയെ മനുഷ്യന്റെ ഉപയോഗത്തിന്നനുസരിച്ച്‌ മാറ്റിത്തീര്‍ക്കാന്‍ പ്രപ്തരായ പ്രവര്‍ത്തകരും കുറവല്ല. ഉയര്‍ന്ന സാങ്കേതിക വിദ്യയോടൊപ്പം സാമൂഹിക പ്രതിബദ്ധതയുയും ബ്ലോഗുകളുടെ കടമയും കര്‍ത്തവ്യവുമാകേണ്ടതല്ലേ ?. സാമൂഹിക സാംസ്കാരിക രംഗത്തെ മൂല്യച്ഛുതിക്കെതിരെ തനിക്ക്‌ കഴിയാവുന്ന രീതിയില്‍ പ്രതികരിക്കാനും, പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ഒരോരുത്തര്‍ക്കും ബാധ്യതയില്ലേ?.

അരാഷ്‌ട്രിക്കാര്‍ അരങ്ങ്‌ അടക്കി വാഴുകയും അടിച്ചുപൊളിക്കുകയും ചെയ്യുമ്പോള്‍ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ ഒഴിക്കില്‍ പെട്ടുപോകുന്നുവെന്നത്‌ കണ്ടില്ലായെന്ന് നടിക്കരുത്‌

അഭിപ്രായങ്ങള്‍ വരുന്നില്ലായെന്നത്‌ കാര്യമായി ചിന്തിക്കേണ്ടതുതന്നെയാണ്‌.എന്നാല്‍ കാര്യമാത്രപ്രസക്തമായ അഭിപ്രായങ്ങള്‍ പറയണമെങ്കില്‍ കാര്യങ്ങളെപ്പറ്റി അറിവുണ്ടായിരിക്കണം.കാര്യങ്ങളെപ്പറ്റി പഠിക്കാനും വസ്തുനിഷ്ഠമായി വിലയിരുത്താനും തയ്യാറകണം.സാമൂഹിക ചലനങ്ങള്‍ക്ക്‌ നേരെ കണ്ണും കാതും മനസ്സും തുറന്നുവെയ്ക്കുകയും വേണം.

അല്ലാതെ പുലിക്കൂട്ടില്‍ പുല്ലിട്ട്‌ കൊടുത്താല്‍ പുലിക്ക്‌ എന്ത്‌ പുല്ല്‌. പുലിപറയും പോടാ..പുല്ലേന്ന്....