Tuesday, January 23, 2007

രാഷ്ട്രീയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നത്‌

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌ . കെ.ഇ.എന്‍ . (ഒന്നാംഭാഗം)
(കെ ഇ എന്റെ നിലപാടുകളോട്‌ വസ്തുനിഷ്ഠമായ വിലയിരുത്തലും അഭിപ്രായങ്ങളും അറിയണമെന്ന ആഗ്രഹത്തോടെയാണ്‌ ഈ ലേഖനം ഇവിടെ ചേര്‍ക്കുന്നത്‌.)
വ്യക്ത്യാരാധന ബഹുജനങ്ങളുടെയും പാര്‍ട്ടിയുടെയും പങ്കിനെ ചെറുതാക്കുകയും അവരുടെ മുന്‍കൈ പ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു...."നേതാക്കന്മാര്‍ ചരിത്രത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മാര്‍കിസ്റ്റ്‌ ലെനിസ്റ്റുകാര്‍ കാണുന്നു. ജനങ്ങളുടെ ഇഛയും താത്‌പര്യവും പ്രതിഫലിപ്പിക്കുന്നവരും,അവരുടെ ചരിത്ര പ്രധാനമായ സമരങ്ങളില്‍ മുന്നണിയില്‍ നില്‍ക്കുന്നവരും, അവരുടെ നേതാക്കന്മായി അവരെ സേവിക്കുന്നവരുമായ നായകന്മാരെ ജനങ്ങളും അവരുടെ പാര്‍ടികളും ആവശ്യപ്പെടുന്നു.
വ്യക്തികള്‍ഉടെ പങ്ക്‌ , നായകന്മാരുടെയും നേതാക്കന്മാരുടെയും പങ്ക്‌ എന്നിവ നിഷേധിക്കുന്നത്‌ തീര്‍ത്തും തെറ്റായ രീതിയാണ്‌. എന്നാല്‍ പാര്‍ട്ടിയുടെയോ രാഷ്‌ട്രത്തിന്റെയോ ഏതെങ്കിലും ഒരു നേതാവ്‌ പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമുള്ളില്‍ പ്രവര്‍ത്തിക്കുന്നതിന്ന് പകരം അവര്‍ക്ക്‌ മുകളില്‍ സ്വയം അവരോധിക്കുമ്പോള്‍, ജനങ്ങളില്‍ നിന്ന് അയാള്‍ അന്യവല്‍ക്കരിക്കപ്പെടുമ്പോല്‍ രാജ്യകാര്യങ്ങളില്‍ ഉണ്ടാവേണ്ട സര്‍വസ്പര്‍ശിയും ആഴ്‌ന്നിറങ്ങേണ്ടതുമായ ഉള്‍ക്കാഴ്ച അയാള്‍ക്ക്‌ നഷ്ടപ്പെടുന്നു"(ചരിത്രത്തില്‍ സ്റ്റാലിന്റെ സ്ഥാനം അപഗ്രഥിക്കുന്ന കമ്മുണിസ്റ്റ്‌ പാര്‍ട്ടി രേഖകളുടെ സമാഹാരറ്റ്‌തില്‍നിന്ന് എടുത്ത്‌ ചെര്‍ത്തത്‌)
ഇന്റര്‍നാഷണല്‍ സജീവമായിരുന്ന കാലത്ത്‌ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നെത്തി എന്നെ ശല്യപ്പെടുത്തിയിരുന്ന പ്രശംസാപരമായ സന്ദേശങ്ങള്‍ പ്രസിദ്ധികരിക്കാന്‍,വ്യക്തിപൂജയോടുള്ള വെറുപ്പുകാരണം ഞാന്‍ ഒരിക്കലും അനുവദിച്ചിട്ടില്ല . ചില ശകാരങ്ങളൊഴിച്ച്‌ അവയ്ക്കൊന്നും മറുപടിപോലും അയച്ചിട്ടില്ല. (മാര്‍ക്സ്‌)
"വ്യക്തികളുടെ ബഹുമാനാര്‍ത്ഥമുള്ള പൊതുപ്രകടനത്തിന്‌ - പ്രത്യേക
കാര്യമില്ലാതെയുള്ള പൊതുപ്രകടനത്തിനു, ഞാനും മാര്‍ക്സും എപ്പോഴും എതിരായിരുന്നു. പ്രത്യേകിച്ചും ഞങ്ങള്‍ ജീവിച്ചിരിക്കെ ഞങ്ങളുടെ പേരില്‍ അത്തരം പ്രകടനങ്ങള്‍ നടത്തുന്നതിനെ ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്‌. (എംഗല്‍സ്‌)
"ഞാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ വളരെയെറെ പ്രസംസിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നുവെന്ന് വളരെ അസന്തുഷ്ടിയോടെ ഞാന്‍ കാണുന്നു.ഇതൊരു ശല്യവും ദോഷപരമായ കാര്യവുമാണ്‌.നമ്മുടേത്‌ ഏതെങ്കിലും ഒരു വ്യക്തിയിലൊതുങ്ങുന്ന കാര്യമല്ലയെന്ന് നമുക്ക്‌ എല്ലാവര്‍ക്കും അറിയാം.ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു പ്രതിഭാസത്തെ നിരോധിക്കുന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌.ഒരു മാതിരി അപഹാസ്യവും പൊങ്ങച്ചം നിറഞ്ഞതുമായ നടപടിയായിരിക്കുമത്‌.പക്ഷെ ക്രമേണേ ഈ ഇടപാടിനൊന്നാകെ നാം ബ്രേക്കിട്ടേ മതിയാവൂ"(ലെനിന്‍)
താര സങ്കല്‍പ്പത്തിലും ആള്‍ദൈവ വത്കരണത്തിലുമുള്ളത്‌ അസംബന്ധത്തോളമെത്തുന്ന അന്വേഷണരാഹിത്യമാണ്‌. സംഘടനയുടെ ന്യൂക്ലിയസ്സായി വളര്‍ന്ന വ്യക്തികള്‍ സ്വന്തം ഉല്‍ഭവം മറക്കുമ്പോഴാണ്‌ മറ്റുള്ളവര്‍ക്ക്‌ ആള്‍ദൈവമാക്കി കെട്ടിയെഴുന്നെള്ളിക്കുവാന്‍ പാകത്തിലുള്ള ഒരു അസംസ്കൃത പദാര്‍ത്ഥമായി അവര്‍ സ്വയം സങ്കോചിക്കുന്നത്‌.ബോധമില്ലാത്ത ആളുകളെ പലപ്പോഴും കാണാന്‍ കഴിയുമെങ്കിലും ഒരു ആളെ കൂടാതെ ബോധത്തെ ആരും എവിടെയും കണ്ടുമുട്ടുകയില്ല എന്ന് പറയാറുള്ളതുപോലെ രാഷ്ട്രീയമില്ലാത്ത മനുഷ്യരെ പലപ്പോഴും കാണാന്‍ കഴിയുമെങ്കിലും ഒരു പാര്‍ട്ടിയില്ലാത്ത പാര്‍ട്ടി നേതാവിനെ ഒരിടത്തും ആരും കണ്ടിട്ടില്ല എന്നും പറയാന്‍ കഴിയും. ജനപക്ഷ സംഘടനകളെ മുഴുവന്‍ ശിഥിലമാക്കാനുള്ള സാമ്രാജ്യത്തിന്റെ ശ്രമങ്ങളാണ്‌ രാഷ്ട്രീയ തിരസ്കാരത്തിന്റെ തത്ത്വശാസ്ത്രങ്ങളായി വ്യക്തിപൂജയുടെ കുപ്പായമിട്ട്‌ പുത്തന്‍ ഭാവങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പൊരുതുന്ന മനുഷ്യരെ അപകീര്‍ത്തിപ്പെടുത്തിയും പരസ്പരം ഏറ്റുമുട്ടിച്ചുകൊണ്ടും ജനാധിപത്യ പ്രസ്ഥാനങ്ങളെ പിളര്‍ക്കാനുള്ള തന്ത്രങ്ങളാണ്‌ വിമോചന പ്രസ്ഥാനങ്ങള്‍ കരുത്താര്‍ജിക്കുന്നിടത്തെല്ലാം പൊതുവെ വലതുപക്ഷശക്തികള്‍ ഇപ്പോള്‍ കൂടുതലായി പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌."ചരിത്രത്തിനൊപ്പം സഞ്ചരിക്കണമെങ്കില്‍ സംഘടന വേണ"മെന്ന ചൊരയില്‍ കുതിര്‍ന്ന നേരിന്റെ നെഞ്ചിലേക്കാണവര്‍ ഇന്ന് നിറയൊഴിക്കുന്നത്‌. ഈ ഭൂമിയില്‍ ഒരു കമ്മ്യുണിസ്റ്റുകാരന്‍ അവശേഷിക്കുന്നുണ്ടങ്കില്‍ കമ്മുണിസ്റ്റ്‌ പാര്‍ട്ടിയുമുണ്ടാകും എന്ന് പിടഞ്ഞുവീഴുമ്പോഴും ധീരമായി പ്രഖ്യാപിച്ച റോസാ ലക്സ്മംബര്‍ഗിനെപ്പോലുള്ളവരില്‍നിന്ന് പാര്‍ട്ടിയില്ലെങ്കിലും നേതാവുണ്ടാവുമെന്ന തെറ്റിദ്ധാരണയിലേക്ക്‌ കുറച്ചുപേരെയെങ്കിലും ഉന്തിവീഴ്ത്താനാണ്‌ മാധ്യമങ്ങള്‍ മത്സരിക്കുന്നത്‌...... 'പുഴയുടെ ഒരുമ' വേണ്ടിടത്ത്‌ 'മഴയുടെ ചിതറലാ'വുന്നതിനെ സ്വാഗതം ചെയ്യുന്നവര്‍, ചരിത്ര ചൈതന്യവല്‍ക്കരിക്കുന്ന ഒരു മഹാ പ്രസ്ഥാനത്തിന്റെ അന്ത്യമാണ്‌ സ്വപ്നം കാണുന്നത്‌.
വ്യക്തി ആരാധന സംഘടിതമായി മാധ്യമങ്ങല്‍ വളര്‍ത്തുന്നത്‌ യഥാര്‍ത്ഥപ്രശ്നങ്ങളില്‍ നിന്ന് സമര്‍ത്ഥമായിൂ ജനശ്രദ്ധ തിരിച്ചുവിടാനാണ്‌.അഗാധമായ ആദര്‍ശാഭിമുഖ്യത്തിന്റെ സ്ഥാനം അന്ധമായ വ്യക്ത്യാരാധനയ്ക്ക്‌ കീഴ്‌പ്പെടുമ്പോഴാണ്‌ ' പ്രച്ഛന്ന അരാഷ്‌ട്രിയവാദം' ശക്തിപ്പെടുന്നത്‌.ലിയോഹ്യുബര്‍മാന്‍ സൂക്ഷ്മായി നിരിക്ഷിക്കുന്നതുപോലെ, ഇടതുപക്ഷ നേതാക്കള്‍ക്ക്‌ അമിത പരിഗണന ലഭിക്കുകയും ഇടതുപക്ഷ പ്രത്യായശാസ്ത്രത്തിന്ന് പറയത്തക്ക ഒരു പരിഗണനയും ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഒരു രാഷ്‌ട്രിയ പശ്ചാത്തലം അങ്ങിനെയാണ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌. " ക്ലിയോപാട്രയുടെ മൂക്കിന്റെ ആകൃതി മറ്റൊന്നായിരുന്നുവെങ്കില്‍ റോമാ സാമ്രാജ്യത്തിന്റെ ഗതി മാറുമായിരുന്നു" എന്ന തരത്തിലുള്ള പഴഞ്ചന്‍ വ്യക്തിസങ്കീര്‍ത്തനങ്ങള്‍ ചരിത്രം ഉപേക്ഷിച്ചുവെങ്കിലും കേരളത്തില്‍ ഇന്നും സര്‍വ്വസംവാദങ്ങളുടെയും കേന്ദ്രത്തില്‍ തലയുയര്‍ത്തിനില്‍ക്കുന്നത്‌ പഴയ വ്യക്തിവാദം വികസിപ്പിച്ച 'രക്ഷകബിംബ'ങളാണ്‌.അന്ധമായ വിശ്വാസങ്ങളുടെ പിന്‍ബലത്തിലാണ്‌ ആള്‍ദൈവങ്ങളെപ്പോലെ അവരും ചിന്താരഹിതരായ മനുഷ്യരുടെ ചിലവില്‍ കൊഴുക്കുന്നത്‌.ചിന്തിക്കാന്‍ കഴിയാത്ത മനുഷ്യന്‍ മനുഷ്യനേക്കഅള്‍ താഴ്‌ന്ന നിലയിലാണ്‌,ചിന്തിക്കാത്ത മനുഷ്യന്‍ തന്നെത്തന്നെ വഞ്ചിക്കുന്നവനാണ്‌..ചിന്തിക്കാന്‍ ഭയപ്പെടുന്ന മനുഷ്യന്‍ അന്ധവിശ്വാസത്തിന്റെ അടിമയാണ്‌'( ഇംഗര്‍സോള്‍)

1 comment:

Anonymous said...

waiting for the remaining parts........

sujeev,
dubai