കേരളം പിന്നിട്ട നാള്‍വഴി....
പിണറായി വിജയന്‍
1956 നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപംകൊണ്ടത്. അതിനുമുമ്പ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി കിടക്കുകയായിരുന്നു കേരളം. കേരളത്തിന്റെ അന്നത്തെ സവിശേഷതയെ സംബന്ധിച്ച് വിശദമായി പഠിച്ച ഇ എം എസ്, ഈ വ്യവസ്ഥയെ ജാതി- ജന്മി- നാടുവാഴിത്ത വ്യവസ്ഥ എന്നാണ് കണ്ടത്. സാമൂഹ്യരംഗത്ത് ജാതിയും സാമ്പത്തികരംഗത്ത് ജന്മിയും രാഷ്ട്രീയരംഗത്ത് നാടുവാഴികളും രാജാക്കന്മാരും എന്ന നില. ഇവരെയെല്ലാം സംരക്ഷിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും. ജാതീയമായ അടിച്ചമര്‍ത്തലുകളും ഉച്ചനീചത്വങ്ങളും സജീവമായിരുന്നെങ്കിലും മതപരമായ സൗഹാര്‍ദം നിലനിന്നിരുന്നുവെന്ന സവിശേഷതയും കേരളത്തിലുണ്ടായിരുന്നു. ഈ സമൂഹത്തിലാണ് ആധുനിക ചിന്തകള്‍ കടന്നുവന്നത്. അതോടൊപ്പം തദ്ദേശീയമായി ഉയര്‍ന്നുവന്ന ചിന്താപദ്ധതികളും നവോത്ഥാനത്തിന്റെ വെളിച്ചം പ്രചരിക്കുന്നതിന് ഇടയാക്കി. ഇതിന്റെ ഫലമായി എല്ലാ ജാതി- മത വിഭാഗങ്ങള്‍ക്കകത്തും മനുഷ്യരെല്ലാം ഒന്നാണെന്ന ആശയം പ്രചരിപ്പിക്കുന്ന രീതിയില്‍ നവോത്ഥാന ചിന്തകളും ഉയര്‍ന്നുവന്നു. ഒരു ജാതി- ഒരുമതം- ഒരു ദൈവം മനുഷ്യന് എന്ന കാഴ്ചപ്പാട് ഇത്തരം പ്രസ്ഥാനങ്ങളെ പൊതുവില്‍ നയിക്കുന്ന ഒന്നായി. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് 1937ല്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കുന്നത്. ജാതിവിരുദ്ധ സമരങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന ഘട്ടത്തില്‍ത്തന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വര്‍ഗസംഘടനകള്‍ വളര്‍ത്തി എടുക്കുന്നതിനും കമ്യൂണിസ്റ്റ് പാര്‍ടി സജീവമായി ഇടപെട്ടു. സാമൂഹ്യനീതിയെയും സാമ്പത്തിക സമരങ്ങളെയും കൂട്ടിയോജിപ്പിച്ചുള്ള ഈ ഇടപെടലാണ് കേരളത്തിന്റെ മുന്നേറ്റത്തിന് അടിസ്ഥാനമായി തീര്‍ന്നത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ചിന്താഗതികളെ വര്‍ഗനിലപാടില്‍ ഉറച്ചുനിന്ന് മുന്നോട്ട് കൊണ്ടുപോയി എന്നതാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനജീവിതത്തില്‍ വലിയ പുരോഗതിക്ക് ഇടയാക്കിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ശക്തമായിരുന്ന തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഇന്നും ജാതീയത ഭീകരമായി തുടരുമ്പോള്‍, കേരളത്തില്‍ അതിന്റെ സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്നതിനും ജാതീയമായ വിവേചനങ്ങളുടെ ക്രൂരമായ മുഖങ്ങള്‍ ഇല്ലാതാക്കുന്നതിനും കഴിഞ്ഞത് ഈ ഇടപെടലിന്റെ ഭാഗമായാണ്. അഖിലേന്ത്യാ തലത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിക്കുന്നതിനുമുമ്പ് കേരളത്തില്‍ കര്‍ഷകപ്രസ്ഥാനം രൂപീകരിച്ചു. കര്‍ഷക- തൊഴിലാളി പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചതോടെ ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി മുഴുകി. രണ്ടാം ലോകമഹായുദ്ധം കൊടിയ ദാരിദ്ര്യമാണ് നാട്ടില്‍ വിതച്ചത്. ജന്മിമാരുടെ പത്തായങ്ങളില്‍ നെല്ല് കുമിഞ്ഞു കൂടുമ്പോഴും ജനങ്ങള്‍ പട്ടിണിയിലാകുന്ന സ്ഥിതിയെ മറികടക്കുന്നതിന് പാര്‍ടി ഇടപെട്ടു. കരിവെള്ളൂര്‍, കാവുമ്പായി, കോറോം, തില്ലങ്കേരി, പഴശ്ശി തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ ഈ പ്രക്ഷോഭം ഏറെ ശക്തിപ്രാപിച്ചു. തല്‍ഫലമായി 1947 ജനുവരി 23ന് മദ്രാസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഭാഗമായി ന്യായവിലഷോപ്പുകള്‍ സ്ഥാപിക്കപ്പെട്ടു. 1960കളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമായപ്പോള്‍ ശക്തമായ പ്രക്ഷോഭം വീണ്ടും ഉയര്‍ന്നുവന്നു. ഈ പശ്ചാത്തലത്തിലാണ് 1964 ഒക്ടോബര്‍ 26ന് ചേര്‍ന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം നവംബര്‍ ഒന്നുമുതല്‍ സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതിന് തീരുമാനിച്ചത്. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വലിയ സമരമാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. കേരളത്തിന്റെ സാംസ്കാരികമായ സവിശേഷതകളെയും ഭാഷാപരവും ചരിത്രപരവുമായ പ്രത്യേകതകളെയും വിശകലനംചെയ്ത് "കേരളം മലയാളികളുടെ മാതൃഭൂമി" എന്ന പുസ്തകം ഇ എം എസ് എഴുതി. ഐക്യകേരളത്തിനുവേണ്ടിയുള്ള പാര്‍ടിയുടെ ഇടപെടല്‍ നടക്കുന്ന ഘട്ടത്തിലാണ് സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം സര്‍ സി പി രാമസ്വാമി അയ്യര്‍ മുന്നോട്ടുവച്ചത്. ഇതിനെതിരായി ഐതിഹാസികമായ പ്രക്ഷോഭം കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. പുന്നപ്ര- വയലാര്‍ സമരത്തില്‍ ഉയര്‍ന്ന മുദ്രാവാക്യത്തില്‍ പ്രധാനപ്പെട്ട ഒന്ന്, സ്വതന്ത്ര തിരുവിതാംകൂര്‍ അറബിക്കടലില്‍- ഐക്യകേരളം സിന്ദാബാദ് എന്നതായിരുന്നു. ഐക്യകേരളത്തിന്റെ പേരില്‍ നിരവധി വായനശാലകളും കലാസമിതികളും രൂപീകരിച്ച് ഒരു ബഹുജനപ്രസ്ഥാനമായി ഐക്യകേരള പ്രസ്ഥാനത്തെ മാറ്റുന്നതിനും പാര്‍ടിക്ക് കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകരിക്കപ്പെടുന്ന ഘട്ടം വന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച കാഴ്ചപ്പാട് മുന്നോട്ടുവച്ച് കൊച്ചിരാജാവ് രംഗത്തുവന്നു. ജന്മിത്വഘടനയെയും രാജഭരണത്തെയും സാമ്രാജ്യത്വ അധിനിവേശത്തെയും അംഗീകരിച്ചുള്ള നിലപാടായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിനെ പാര്‍ടി ശക്തമായി എതിര്‍ത്തു. മാത്രമല്ല, ഭാവികേരളം എന്താവണം എന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് പാര്‍ടി സ്വീകരിച്ചു. 1956 ജൂണ്‍ 22, 23, 24 തീയതികളില്‍ തൃശൂരില്‍ ചേര്‍ന്ന പാര്‍ടി സംസ്ഥാനസമ്മേളനം കേരള വികസനത്തെ സംബന്ധിച്ചുള്ള ഒരു നയംതന്നെ പ്രമേയരൂപത്തില്‍ അവതരിപ്പിച്ചു. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് 1957ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മത്സരിച്ചതും വിജയിച്ചതും. അധികാരമേറ്റ ഉടന്‍ കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം കൊണ്ടുവന്നു. മാത്രമല്ല, ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂപരിഷ്കരണ ബില്ലും നടപ്പാക്കി. വിദ്യാഭ്യാസ ബില്‍, തൊഴില്‍ മേഖലയില്‍ പൊലീസ് ഇടപെടാന്‍ പാടില്ലെന്ന നയം, അധികാരവികേന്ദ്രീകരണം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിവേചനങ്ങള്‍ എടുത്തുമാറ്റുന്നതിനുള്ള നടപടി തുടങ്ങിയ നടപടികള്‍ കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമിട്ടവയാണ്. ജനങ്ങള്‍ക്ക് അനുകൂലമായ ഈ നടപടികള്‍ വലതുപക്ഷശക്തികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ജാതിമത ശക്തികളുമായി ചേര്‍ന്ന് വിമോചനസമരം നടത്തി. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റില്‍പറത്തി സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. ഭൂപരിഷ്കരണ നടപടികളില്‍ ഉള്‍പ്പെടെ വെള്ളം ചേര്‍ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കി. പിന്നീട് 1967ല്‍ പാര്‍ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ ഭൂപരിഷ്കരണനടപടികള്‍ മുന്നോട്ടുകൊണ്ടുപോയി. നിയമം പാസാക്കിയെങ്കിലും അത് നടപ്പാക്കുന്നതിനുമുമ്പ് മന്ത്രിസഭയെ വലതുപക്ഷശക്തികള്‍ അട്ടിമറിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാക്കുന്നതിനുള്ള പോരാട്ടം പാര്‍ടി തുടര്‍ന്നു. 1969 ഡിസംബര്‍ 14ന് ആലപ്പുഴയില്‍ കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരപ്രഖ്യാപനം നടക്കുകയും നിയമം പാസാക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുകയുംചെയ്തു. കുടികിടപ്പിനായി നടത്തിയ ഈ സമരം കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം തുറക്കുകയും പാവപ്പെട്ടവര്‍ക്ക് കുടികിടപ്പ് അവകാശം ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്തു. ഭൂപരിഷ്കരണനടപടികളിലൂടെ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനായി. സാംസ്കാരികമണ്ഡലത്തില്‍ ജനകീയ സൗന്ദര്യബോധത്തിനുവേണ്ടിയുള്ള ഇടപെടലും നടത്തി. മണ്ണില്‍ പണിയെടുക്കുന്നവനും ജീവിതവും സ്വപ്നങ്ങളും ഉണ്ടെന്ന് തെളിയിക്കുന്ന സാംസ്കാരിക മുന്നേറ്റമായിരുന്നു ഇത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍, ഓടയില്‍നിന്ന്, പാത്തുമ്മയുടെ ആട് തുടങ്ങി സമൂഹത്തിലെ സാധാരണക്കാരന്റെ ജീവിതങ്ങള്‍ സാഹിത്യത്തിന് വിഷയമായി തീര്‍ന്നതും ഇത്തരം ഇടപെടലിന്റെ ഭാഗമായാണ്. തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള സാധാരണക്കാരുടെ ജീവിതത്തിന് പുതിയ മാനങ്ങള്‍ നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പില്‍ക്കാലത്തും ആ പാത പിന്തുടര്‍ന്നു. 1980ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അനുവദിച്ചതും മാവേലിസ്റ്റോറുകള്‍ തുടങ്ങിയതും. 1987ലെ ഇടതുപക്ഷ സര്‍ക്കാരാണ് ബഹുജനവിദ്യാഭ്യാസ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കിയത്. വിവിധ ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടിയും ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. അതോടൊപ്പം പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതിനും പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനംചെയ്യുന്നതിനുള്ള ഇടപെടലുകളും പാര്‍ടി നടത്തി. അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും പാര്‍ടി നല്‍കിയത് അതുകൊണ്ടാണ്. കാര്‍ഷിക- വ്യവസായ മേഖലയിലെ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുക, സേവനമേഖലയില്‍ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ സാമൂഹ്യശ്രദ്ധ പതിപ്പിക്കുക, സ്ത്രീപങ്കാളിത്തം ശക്തിപ്പെടുത്തുക, ജനകീയ പങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനും പാര്‍ടി നേതൃത്വം നല്‍കി. ഇതിന്റെ ഫലമായാണ് ജനകീയാസൂത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത്. ഇക്കാലത്ത് അധികാരത്തില്‍ വന്ന യുഡിഎഫാകട്ടെ ആഗോളവല്‍ക്കരണപരിപാടികള്‍ ശക്തമായി നടപ്പാക്കി. ഈ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം നടത്തുമ്പോള്‍ത്തന്നെ ബദലുകള്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കും പാര്‍ടി നേതൃത്വം നല്‍കി. ഇത്തരം കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കാര്‍ഷിക വ്യവസായമേഖലയെ ശക്തിപ്പെടുത്തുകയും സാമൂഹ്യസുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയുംചെയ്തു. പൊതുവിദ്യാഭ്യാസത്തെയും ആരോഗ്യസംവിധാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനും ഉതകുന്ന പദ്ധതികള്‍ നടപ്പാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായി. 1957 മുതലുള്ള 55 വര്‍ഷത്തിനിടയില്‍ പാര്‍ടി നേതൃത്വം നല്‍കിയ മന്ത്രിസഭ അധികാരത്തിലിരുന്നത് 20 വര്‍ഷമാണ്. ഈ കാലയളവില്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുത്തത്. എന്നാല്‍, കേരളത്തിന്റെ വികസനത്തിന് മൗലികമായ ഒരു സംഭാവനയും വലതുപക്ഷശക്തികളില്‍നിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല, ഉള്ള നേട്ടങ്ങളെ തകര്‍ക്കുന്നതിനാണ് അവര്‍ പരിശ്രമിച്ചത്. വര്‍ത്തമാനകാലത്തും ഈ നില തുടരുന്നു. തോട്ടംമേഖലയെ ടൂറിസത്തിന് വിട്ടുകൊടുക്കുന്നതിന് നടത്തിയ ഇടപെടലും കശുമാവിന്‍തോട്ടങ്ങളെ മിച്ചഭൂമി പരിധിയില്‍നിന്ന് ഒഴിവാക്കാനുള്ള ഇടപെടലും ഇതിന്റെ ഭാഗമാണ്. തണ്ണീര്‍ത്തടങ്ങളെയും നെല്‍വയലുകളെയും സംരക്ഷിക്കാനുള്ള നിയമങ്ങളെ അട്ടിമറിക്കാനുള്ള നടപടികളും ഇപ്പോള്‍ നടപ്പാക്കുന്നു. കര്‍ഷക ആത്മഹത്യ തിരിച്ചുവന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുന്നു. സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കുന്നു. പെണ്‍വാണിഭസംഘങ്ങളും ഭൂമാഫിയയും ഗുണ്ടാ സംഘങ്ങളും കേരളം ഭരിക്കുന്ന നില ഉണ്ടായി. വിലക്കയറ്റത്തില്‍ നാട് പൊറുതിമുട്ടുന്നു. ഇത്തരം നയങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം പാര്‍ടിയും വര്‍ഗബഹുജനസംഘടനകളും നടത്തിയ ചെറുത്തുനില്‍പ്പുകളാണ് വലതുപക്ഷത്തിന്റെ അജന്‍ഡകള്‍ നടപ്പാക്കുന്നതിന് തടസ്സംനിന്നത്. അത്തരം പോരാട്ടങ്ങള്‍ ഉയര്‍ന്നുവരേണ്ട ഒരു ഘട്ടത്തിലാണ് കേരളത്തിന്റെ 56-ാം ജന്മദിനം നാം ആചരിക്കുന്നത്. (അവസാനിക്കുന്നില്ല)
1 comment:
നന്നായിരിക്കുന്നു. ലാല്‍സലാം :)
Post a Comment