Sunday, October 28, 2012

കേരളത്തിന് അപമാനമായി വിശ്വമലയാള മഹോത്സവം


കേരളത്തിന് അപമാനമായി വിശ്വമലയാള മഹോത്സവം


ഭാഷയും സാഹിത്യവും എന്തെന്നറിയാത്ത ഒരു സംഘത്തെ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മലയാളത്തിന് അപമാനമായി. മണ്‍മറഞ്ഞ സാഹിത്യനായകരുടെ പ്രതിമകള്‍ തെറ്റായി സ്ഥാപിച്ചും വികൃതമാക്കിയും അപമാനിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഖേദപ്രകടനം നടത്തി തലയൂരാന്‍ സാംസ്കാരികമന്ത്രിയുടെ ശ്രമം. മലയാളത്തിന്റെ സ്കോട്ട് സി വി രാമന്‍പിള്ളയുടെ രൂപവും ബെഞ്ചമിന്‍ ബെയ്ലിയുടെ സംഭാവനകളും മലയാളത്തിന്റെ കാല്‍പ്പനികവസന്തം ചങ്ങമ്പുഴയുടെ ജീവിതദൈര്‍ഘ്യവും അറിയാത്തവര്‍ക്കെതിരെ നടപടിക്ക് സാംസ്കാരികവകുപ്പോ മന്ത്രിയോ തയ്യാറല്ല. മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജായും എഴുതിയ സി വി രാമന്‍പിള്ളയ്ക്കുപകരം ഭൗതികശാസ്ത്രജ്ഞന്‍ സി വി രാമന്റെ പ്രതിമ ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ സ്ഥാപിച്ചാണ് അപമാനിച്ചത്. ഇത് വെറും സാങ്കേതിക പിശകായി കണ്ട സാംസ്കാരികമന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ഖേദപ്രകടനം നടത്തി തലയൂരാനാണ് ശ്രമിച്ചത്. ആവര്‍ത്തിച്ച് ചോദിച്ചശേഷമാണ് സംഭവം അന്വേഷിക്കാമെന്ന് വ്യക്തമാക്കിയത്.

നഗരത്തില്‍ പലഭാഗങ്ങളിലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് വിശ്വമലയാള സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രതിമകളും വിവരണങ്ങളും വികൃതവും അബദ്ധജടിലവുമാണ്. "മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ബഞ്ചമിന്‍ ബെയ്ലി" എന്നാണ് പാളയത്ത് സ്ഥാപിച്ച ബെയ്ലിയുടെ പ്രതിമയ്ക്ക് വിശദീകരണക്കുറിപ്പ്. കേരളത്തിലെത്തി സംസ്കൃതം, മലയാളം, സുറിയാനി ഭാഷകളില്‍ പാണ്ഡിത്യം നേടി ആദ്യ ഇംഗ്ലീഷ്-മലയാളം നിഘണ്ടു തയ്യാറാക്കിയ മഹാനെ മതപരിവര്‍ത്തകനാക്കി ചുരുക്കിയതിലൂടെ നാടിന്റെ മതേതരപാരമ്പര്യത്തെകൂടിയാണ് അടിയറ വച്ചത്. മലയാളകവിതയില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച് യൗവനത്തില്‍ കൊഴിഞ്ഞുപോയ അനശ്വരപ്രതിഭ ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ശില്‍പ്പത്തില്‍ വൃദ്ധപരിവേഷം നല്‍കി സാംസ്കാരികവകുപ്പും സാഹിത്യ അക്കാദമിയും അപമാനിച്ചു. പോരായ്മ ചൂണ്ടിക്കാട്ടിയിട്ടും വികലരൂപം എടുത്തുമാറ്റാതെ അപമാനിക്കല്‍ തുടരുകയാണ്.

ലോകം ശ്രദ്ധിക്കേണ്ട ഭാഷാസമ്മേളന നടത്തിപ്പിന് മന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളെ മാത്രം കുത്തിനിറച്ചാണ് സംഘാടക സമിതിയുണ്ടാക്കിയത്. സാഹിത്യ അക്കാദമി അംഗങ്ങളെപ്പോലും സഹകരിപ്പിക്കാതെ വിശ്വമലയാള സമ്മേളനം നടത്തുന്നതിനെ മന്ത്രി ന്യായീകരിച്ചത് എല്ലാവര്‍ക്കും സ്ഥാനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ്. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ വടക്കേടത്ത് അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബാലചന്ദ്രനടക്കം അക്കാദമിയിലെ ഭൂരിപക്ഷം അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. മലയാള സാഹിത്യലോകം കൈവിട്ട മഹോത്സവം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ അപഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘാടനത്തില്‍ പോരായ്മകളുണ്ടെന്നും വീഴ്ച പരിഹരിക്കുമെന്നും പറഞ്ഞ് പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കുകയാണ് മന്ത്രിയും കൂട്ടാളികളും. 30നും 31നും നവംബര്‍ ഒന്നിനും നടക്കുന്ന മഹോത്സവത്തിന് വിളംബരമായി സംഘടിപ്പിച്ച പരിപാടികളെല്ലാം ദയനീയപരാജയമായിരുന്നു.

1 comment:

Krishna said...

നല്ലൊരു ലേഖനം നല്‍കിയതിനു ഒരായിരം നന്ദി. കൂടെ ആശംസകളും . :)