Thursday, March 01, 2012

അക്രമത്തിന്നും അനീതിക്കും വര്‍ഗ്ഗിയതക്കും കൂട്ടുനില്‍ക്കുന്ന സാമുദായിക നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തനായി ജിവിച്ച മഹാനായ മനുഷ്യന്‍..


അക്രമത്തിന്നും അനീതിക്കും വര്‍ഗ്ഗിയതക്കും കൂട്ടുനില്‍ക്കുന്ന സാമുദായിക നേതാക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തനായി ജിവിച്ച മഹാനായ മനുഷ്യന്‍..



ഇഷ്ടപ്പെട്ടത് കണ്ടാല്‍ ചിരിക്കും; തൃപ്തി മുഖത്തുണ്ടാകും. ഇഷ്ടമില്ലാത്തതാണെങ്കില്‍ അനിഷ്ടവും അതൃപ്തിയും തെളിയും.

ജീവിതം, നാരായണപ്പണിക്കര്‍ക്ക് നേര്‍രേഖയിലൂടെ മാത്രമുള്ള യാത്രയായിരുന്നു. പറയുന്നതു തന്നെയായിരുന്നു പ്രവൃത്തി. മന്ദഹസിച്ചും പൊട്ടിച്ചിരിച്ചും കലഹിച്ചും കോപിച്ചുമൊക്കെ കാര്യങ്ങളോട് പ്രതികരിച്ചപ്പോള്‍ വെളിവായത് ഈ സത്യസന്ധതയായിരുന്നു. പറയേണ്ടതെല്ലാം കാര്‍ക്കശ്യത്തോടെ തന്നെ പറഞ്ഞു.വെളുത്ത ഖദര്‍ വസ്ത്രം, കുങ്കുമക്കുറി, കഴുത്തില്‍ വെള്ളി കെട്ടിയ രുദ്രാക്ഷമാല, മുഖശോഭയേറ്റുന്ന താടി, താന്‍പോരിമയും ആഢ്യത്വവും വെളിവാക്കുന്ന മുഖവും ഭാവവും. അടുപ്പമുള്ളവര്‍ക്ക് പണിക്കരേട്ടനും പണിക്കര്‍ സാറുമൊക്കെയായ നാരായണപ്പണിക്കര്‍ ഏത് ആള്‍ക്കൂട്ടത്തിലും ഉയര്‍ന്നു നില്ക്കുന്ന വ്യക്തിത്വമായിരുന്നു.

പ്രശസ്തിയുടേയും അധികാരത്തിന്റേയും അംഗീകാരത്തിന്റേയും മുകളില്‍ നില്ക്കുമ്പോഴും എളിമയാര്‍ന്ന ജീവിതരീതി അദ്ദേഹം കൈവിട്ടില്ല. സമുദായ സേവനമായിരുന്നു എന്നും ദൗത്യം. സമുദായത്തിന്റേയും സംഘടനയുടേയും കെട്ടുറപ്പിനും സാമൂഹിക നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തി.

പലവിധ കാരണങ്ങളാല്‍ ദുഃസ്ഥിതിയിലായിപ്പോയ നായര്‍ സമുദായാംഗങ്ങള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം കെട്ടിപ്പടുക്കാനുള്ള കൂട്ടായ്മ ശക്തിപ്പെടുത്തുക അതായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയുടെ കാതല്‍. എന്നാല്‍, ആ കൂട്ടായ്മയോ തന്റെ പ്രവര്‍ത്തനങ്ങളോ മറ്റ് സമുദായങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. എന്നുമാത്രമല്ല, ന്യായമായ കാര്യങ്ങളില്‍ അവര്‍ക്കു വേണ്ടി ശബ്ദിക്കുകയും ചെയ്തു. സമുദായനേതാവ് എന്നതിനപ്പുറം വളരാന്‍ അത് അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.

സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭന് ശേഷം ദീര്‍ഘകാലം നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ആളാണ് പണിക്കര്‍; 27 വര്‍ഷം. പിന്നീട് പ്രസിഡന്റായി.മന്നത്ത് പദ്മനാഭനെപ്പോലെ വക്കീല്‍പ്പണി ഉപേക്ഷിച്ചാണ് പണിക്കരും സമുദായ സേവനത്തിനിറങ്ങുന്നത്.എഴുപതുകളുടെ ആദ്യമായിരുന്നു അത്.

സമദൂര സിദ്ധാന്തം കേരള രാഷ്ട്രീയത്തിലെ മുഖ്യ ചര്‍ച്ചാവിഷയമാക്കുകയും ആ സിദ്ധാന്തത്തിലുറച്ച് നിന്ന് സംഘടനയെ മുന്നോട്ട് നയിക്കുകയും ചെയ്തു, നാരായണപ്പണിക്കര്‍.1983 ഡിസംബര്‍ 31 നായിരുന്നു പണിക്കര്‍ എന്‍. എസ്. എസ്സിന്റെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സത്യപ്രതിജ്ഞ ചെയത് ചുമതലയേറ്റത് 1984 ജനവരി ഒന്നാം തീയതി. 1983 അവസാനം അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള രാജിവച്ച് സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി പോയപ്പോഴാണ് ട്രഷററായിരുന്ന പണിക്കര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരുന്നത്.

സംഘടനയുടെ അടിത്തറ വിപുലമാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയ പണിക്കരുടെ ഭരണകാലത്ത് കൂടുതല്‍ കരയോഗങ്ങളും വനിതാ, ബാല സമാജങ്ങളും ആരംഭിക്കാന്‍ സാധിച്ചു. സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണത്തിന്റെ ആവശ്യകത, സാമുദായിക സംവരണത്തിലെ അപാകങ്ങള്‍, ക്രീമിലെയര്‍ നിര്‍ണ്ണയത്തിലെ അശാസ്ത്രീയത തുടങ്ങിയ കാര്യങ്ങളില്‍ സമാനതയില്ലാത്ത പോരാട്ടമായിരുന്നു അദ്ദേഹം നടത്തിയത്. തന്നിലെ അഭിഭാഷകന്‍ ഇതിനദ്ദേഹത്തെ ഏറെ സഹായിക്കുകയും ചെയ്തു. സുപ്രീംകോടതി വരെയെത്തിയ കേസുകള്‍ അനവധി. പക്ഷേ, പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല, ഒരു ഘട്ടത്തിലും.

ചങ്ങനാശ്ശേരിക്ക് സമീപം വാഴപ്പള്ളി പിച്ചാമത്തില്‍ എ, എന്‍. വേലുപ്പിള്ള, ലക്ഷമിക്കുട്ടിയമ്മ ദമ്പതിമാരുടെ ഏഴുമക്കളില്‍ മൂത്തയാളായാണ് നാരായണപ്പണിക്കര്‍ ജനിച്ചത്.

1955 ലായിരുന്നു അഭിഭാഷക വൃത്തിയുടെ തുടക്കം. പുഴവാത് കാവില്‍ ക്ഷേത്രത്തിനടുത്താണ് വക്കീലാപ്പീസ്. വാഴപ്പള്ളിയില്‍ നിന്ന് ചോറുപൊതിയുമായി സൈക്കിളിലായിരുന്നു വക്കീലാപ്പീസിലേക്ക് അദ്ദേഹം നിത്യേന പോയിരുന്നത്. മിടുക്കനും വിശ്വസ്തനുമായ വക്കീലെന്ന് പേരെടുക്കാന്‍ അധികകാലമെടുത്തില്ല. പിന്നീട് സൈക്കിളിനു പകരം മോറിസ് കാറിലായി യാത്ര. എട്ട് ജൂനിയര്‍മാരും വലിയ ഓഫീസ് സംവിധാനവുമൊക്കെയുള്ള ചങ്ങനാശ്ശേരിയിലെ പ്രമുഖനായ വക്കീലായിരിക്കുമ്പോഴാണ് സമുദായത്തെ സേവിക്കാനായി അദ്ദേഹം ഇറങ്ങിപ്പുറപ്പെടുന്നത്.

ആരോടും പരിഭവവും വിദ്വേഷവുമില്ലാതെയാണ് അദ്ദേഹം ജീവിച്ചത്. മാര്‍ഗ്ഗദീപം സമുദായാചാര്യനായിരുന്നു.വിവിധ പ്രശ്‌നങ്ങളില്‍ സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി നിയമ പോരാട്ടങ്ങളില്‍ സക്രിയമായിരുന്നിട്ടുണ്ട്, പണിക്കര്‍. അതൊന്നും വെറുതേയോ പേരിനോ വേണ്ടിയായിരുന്നില്ല. സമുദായവുമായി ബന്ധപ്പെട്ട കേസിന്റെ എല്ലാ വിവരങ്ങളും പുരോഗതിയും എപ്പോഴും അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. ഭരണഘടനാ വിദഗ്ധനായ കെ. കെ. വേണുഗോപാലിനൊപ്പം സുപ്രീംകോടതിയില്‍ നാലര ദിവസം കേസിന്റെ പകര്‍പ്പുകളും രേഖകളും കൈമാറിയ അനുഭവം മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അസുഖബാധിതനാകുന്നത് വരെ ചിട്ടയായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. കഥകളി സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. ശാസ്ത്രീയ സംഗീതവും ഇഷ്ടപ്പെട്ടിരുന്നു. 48 വര്‍ഷം തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തി. ഹൈന്ദവ ആധ്യാത്മിക കാര്യങ്ങളില്‍ അഗാധമായ അറിവുണ്ടായിരുന്ന പണിക്കര്‍ ബൈബിളും ഖുര്‍ ആനും വായിച്ചിട്ടുണ്ട്. ജീവിത യാത്രയില്‍ വന്നുപെട്ട വെല്ലുവിളികളേയും പ്രതിസന്ധികളേയും നിസ്സാരമായി നേരിട്ടു, അദ്ദേഹം.

എട്ടര കോടിരൂപയുടേതായിരുന്നു 27 കൊല്ലം മുമ്പ് പണിക്കര്‍ ആദ്യം അവതരിപ്പിച്ച ബജറ്റ്.ഇന്നത് 76.25 കോടിയുടേതാണ്. 33 കോടി രൂപ ചെലവഴിച്ച് 33 പ്ലസ് ടു സ്‌കൂളുകള്‍ അദ്ദേഹം സെക്രട്ടറിയായിരുന്നപ്പോള്‍ തുടങ്ങി.

2100 ഏക്കര്‍ റബ്ബര്‍ തോട്ടം റീപ്ലാന്റ് ചെയ്തു. പണിക്കരുടെ നേതൃത്വത്തില്‍ സംഘടനയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. പക്ഷേ, അത് തന്റെ നേട്ടമല്ല, കൂട്ടായ അധ്വാനത്തിന്റെ ഫലമായിരുന്നെന്ന് പറയാനായിരുന്നു എന്നും അദ്ദേഹത്തിന് ഇഷ്ടം.
പി.കെ.ജയചന്ദ്രന്‍ ...മാതൃഭൂമി

No comments: