പ്രവാസത്തിന് മലയാളികള്‍ പുതിയ ഭാഷ്യം നല്‍കി -സി. രാധാകൃഷ്ണന്‍
അബൂദബി: ലോകത്തെ ഏറ്റവും മനോഹര നാടായ കേരളത്തില്‍നിന്ന് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ പ്രവാസത്തിന് പുതിയ ഭാഷ്യം ചമക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. അബൂദബി എം.ഇ.എസ് പൊന്നാനി കോളജ് അലുംനി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദശവല്‍സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകൃതി ദുരന്തം സംഭവിക്കുമ്പോഴോ ഭീകരമായ ആക്രമണമുണ്ടാകുമ്പോഴോ ആണ് ഒരു ജനത മറ്റൊരു ദേശത്തേക്ക് കുടിയേറുന്നത്. ഇതൊന്നുമില്ലാതെ തന്നെ മലയാളികള്‍ അന്യരാജ്യത്തേക്ക് കുടിയേറി. മലയാളികള്‍ പ്രവാസം ആരംഭിച്ചിട്ട് എത്രയോ ദശാബ്ദങ്ങളായി. സ്വന്തം കുടുംബത്തെയും നാടിനെയും അന്യദേശത്തെയും ഇത്രമേല്‍ സ്നേഹിക്കുന്നത് പ്രവാസികളായിരിക്കും. ഏത് നാട്ടിലായാലും ആ നാടിന്‍െറ ഭാഷയും സംസ്കാരവും മലയാളി നിഷ്പ്രയാസം സ്വീകരിക്കുന്നു, പഠിക്കുന്നു.നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കേരളവും വ്യത്യസ്ത ഭാഷകളെയും സംസ്കാരത്തെയും അന്യജനതയെയും ഉള്‍ക്കൊണ്ടിട്ടുണ്ട്. ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും നാം സ്വീകരിച്ചു; ഉള്‍ക്കൊണ്ടു. പള്ളികള്‍ പണിയാനും മതം പ്രചരിപ്പിക്കാനും സൗകര്യം ചെയ്തു. എല്ലാ മതങ്ങളും അവരുടെ സംസ്കാരങ്ങളും ഭാഷയും കേരളത്തില്‍ തഴച്ചുവളര്‍ന്നു. ഈ സാംസ്കാരിക പാരമ്പര്യമുള്ളതുകൊണ്ടാണ് കേരളീയര്‍ ലോകത്തെവിടെയും വിജയിക്കുന്നത്. കേരളം ഇന്നൊരു ആഗോള ജനതയാണ്. പ്രവാസത്തിലൂടെ ഇത്രയും അഭ്യുന്നതി നേടിയ മറ്റൊരു ജനതയില്ല. കേരളം സാമ്പത്തികമായി ഉയര്‍ച്ച നേടിയിട്ടുണ്ടെങ്കില്‍ അത് പ്രവാസത്തിലൂടെയാണ്. ലോകത്തെ ഓരോ രാജ്യത്തുനിന്നും മലയാളി നല്‍കുന്ന സമ്പാദ്യം ഭരണാധികാരികളുടെ കണക്കുകള്‍ക്കുപ്പുറത്താണ്-സി. രാധാകൃഷ്ണന്‍ പറഞ്ഞു. അബൂദബിയിലെ പൊന്നാനി കോളജ് അലുംനിക്കാര്‍ 25 കുട്ടികള്‍ക്ക് ആ ജീവനാന്ത സ്കോളര്‍ഷിപ്പ് നല്‍കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെസ്പോ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി കോളജ് പ്രിന്‍സിപ്പലായിരുന്ന മൊയ്തീന്‍കുട്ടിയെ കുറിച്ച അനുസ്മരണ പ്രഭാഷണം പ്രഫ. കടവനാട് മുഹമ്മദ് നിര്‍വഹിച്ചു. സമാജം പ്രസിഡന്‍റ് ഡോ. മനോജ് പുഷ്കര്‍, കെ.എസ്.സി. പ്രസിഡന്‍റ് കെ.ബി. മുരളി, ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവഹാജി, പ്രൊഫ. ഷംസുദ്ദീന്‍, നാരായണന്‍ വെളിയങ്കോട്, കെ.കെ. മൊയ്തീന്‍കോയ, സലീം ബാബു, പി.കെ. ഇസ്മാഈല്‍, ഡോ. അബ്ദുറഹ്മാന്‍ കുട്ടി, സഫറുല്ല പാലപ്പെട്ടി, ഉദയകുമാര്‍, പ്രകാശ് പള്ളിക്കാട്ടില്‍, നൗഷാദ്, താഹിര്‍ ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു. എം. അബ്ദുറഹ്മാന്‍ സ്വാഗതവും അബ്ദുല്‍ ജമാല്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.
2 comments:
ലോകത്തെ ഏറ്റവും മനോഹര നാടായ കേരളത്തില്‍നിന്ന് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ പ്രവാസത്തിന് പുതിയ ഭാഷ്യം ചമക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. അബൂദബി എം.ഇ.എസ് പൊന്നാനി കോളജ് അലുംനി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദശവല്‍സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
http://marunadanmalayalee.com/Data%20Center,%20VS%20Achuthanandhan-67492.html
Post a Comment