Thursday, February 16, 2012

'ഫെയ്‌സ്ബുക്ക് നിങ്ങളുടെ സുഹൃത്തല്ല'-സ്റ്റാള്‍മാന്‍
-കെ.എ.ജോണി











സ്വാതന്ത്ര്യം പ്രാണവായു പോലെയാണെന്ന് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറയുന്നു. കമ്പ്യൂട്ടറിലും സോഫ്ട്‌വേറിലും മാത്രം ഒതുങ്ങി നില്‍ക്കുന്ന പോരാളിയല്ല സ്റ്റാള്‍മാന്‍. ഐ.ഐ.ടി. മദ്രാസ് കാമ്പസില്‍ വെച്ച് കിന്‍ലെയുടെ കുപ്പിവെള്ളം സ്റ്റാള്‍മാന്‍ കുടിക്കാതെ മാറ്റിവെച്ചു.'' കൊക്കക്കോളയുടെ ഉത്പന്നങ്ങള്‍ ഞാന്‍ കുടിക്കാറില്ല. ഗ്വാട്ടിമാലയിലും കൊളംബിയയിലും തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരെ ദ്രോഹിക്കുന്ന കൊക്കക്കോളയെ ബഹിഷ്‌കരിക്കുന്നതിലുള്ള പങ്കുചേരലാണിത്. http://www.killercoke.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടും''- സ്റ്റാള്‍മാന്‍ പറയുന്നു.സ്വതന്ത്ര സോഫ്ട്‌വേറിനെക്കുറിച്ചുള്ള പ്രഭാഷണത്തിനാണ് സ്റ്റാള്‍മാന്‍ മദ്രാസ് ഐ.ഐ.ടി യിലെത്തിയത്. 1985ല്‍ സ്വതന്ത്ര സോഫ്ട്‌വേര്‍ ഫൗണ്ടേഷനു രൂപംനല്‍കും മുമ്പുതന്നെ സ്റ്റാള്‍മാന്‍ സ്വാതന്ത്ര്യപ്പോരാളിയായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ ഹാക്കര്‍ കമ്യൂണിറ്റിയില്‍ സ്റ്റാള്‍മാന്റെ കലാപങ്ങള്‍ക്ക് ഇതിഹാസപരിവേഷമുണ്ടായിരുന്നു. സ്റ്റാള്‍മാന്‍ സെല്‍ഫോണ്‍ ഉപയോഗിക്കാറില്ല. ''സെല്‍ഫോണ്‍ നിങ്ങളുടെ സ്വകാര്യതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണ്. നിങ്ങളെ കൃത്യമായി പിന്തുടരാന്‍ അതിലൂടെ കഴിയും.'' ദിവസത്തില്‍ രണ്ടിലധികം തവണ താന്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാറില്ലെന്നും സ്റ്റാള്‍മാന്‍ പറയുന്നു.
ത്യാഗത്തന്റെ വില
സ്വാതന്ത്ര്യം ത്യാഗത്തിന്റെ വില കൂടിയാണെന്ന് സ്റ്റാള്‍മാന്‍ പറയുന്നു. ''ഒന്നും ത്യജിക്കാന്‍ തയ്യാറല്ലെങ്കില്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മള്‍ ബേജാറാവേണ്ടതില്ല. സ്വാതന്ത്ര്യം തീര്‍ച്ചയായും ത്യാഗം ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ആമസോണിന്റെ ബുക്കുകള്‍ ഞാന്‍ വാങ്ങാറില്ല. പണം കൊടുത്ത് പുസ്തകങ്ങള്‍ വാങ്ങുകയാണ് എന്റെ ശീലം. ഞാന്‍ ക്രെഡിറ്റ്കാര്‍ഡുകള്‍ ഉപയോഗിക്കാറില്ല. എന്റെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ തികച്ചും അജ്ഞാതനായ ഒരാളെന്ന നിലയ്ക്കാണ് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങുന്നത്. സ്വാതന്ത്ര്യമാണോ പുസ്തകം വായിക്കലാണോ പ്രധാനം എന്നു ചോദിച്ചാല്‍ സ്വാതന്ത്ര്യം എന്നു തന്നെയായിരിക്കും എന്റെ ഉത്തരം. ഇ-കറന്‍സികള്‍ മാത്രമുള്ള ഒരു ലോകം പേടിപ്പെടുത്തുന്നതാണെന്ന് സ്റ്റാള്‍മാന്‍ പറയുന്നു. നിങ്ങളുടെ വിവരങ്ങള്‍ കൃത്യമായിചോര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഒരു ലോകം സ്വാതന്ത്ര്യകാംക്ഷികള്‍ക്ക് സ്വാഗതം ചെയ്യാനാവില്ല.
No To Facebook
സ്റ്റാള്‍മാന്‍ ഫെയ്‌സ്ബുക്കിലില്ല. ''ദയവു ചെയ്ത് എന്നെ ഫെയ്‌സ്ബുക്കില്‍ പരാമര്‍ശിക്കരുത്. ഫെയ്‌സ്ബുക്കിന് അതിന്‍േറതായ നിരീക്ഷണ സംവിധാനമുണ്ട്. ഫെയ്‌സ്ബുക്ക് നിങ്ങളുടെ സുഹൃത്തല്ല. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അതിനു കഴിയും. ഗൂഗിളും മൈക്രൊസോഫ്റ്റും ഇത് ചെയ്യുന്നുണ്ട്.''സ്വതന്ത്ര സോഫ്ട്‌വേര്‍ എന്നാല്‍ സൗജന്യ സോഫ്ട്‌വേര്‍ അല്ലെന്ന് സ്റ്റാള്‍മാന്‍ വ്യക്തമാക്കുന്നു. ''സോഴ്‌സ്‌കോഡ് പഠിക്കുന്നതിനും സോഫ്ട്‌വേര്‍ മാറ്റുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള സ്വാതന്ത്ര്യം ഉപയോക്താവിനുണ്ടായിരിക്കണം. ലാഭമുണ്ടാക്കുന്നതന് ഞാന്‍ എതിരല്ല. പക്ഷേ, ലാഭമുണ്ടാക്കുന്നതിന് ഒരു സദാചാരമാര്‍ഗമുണ്ട്. അമിതലാഭവും അത്യാര്‍ത്തിയുമാണ് പ്രശ്‌നം.''മൈക്രൊസോഫ്റ്റിനെതിരെ സ്റ്റാള്‍മാന്‍ കലാപക്കൊടി ഉയര്‍ത്തുന്നത് ഇതേ പശ്ചാത്തലത്തിലാണ്. ''കുട്ടികള്‍ക്ക് മൈക്രൊസോഫ്റ്റിന്റെ വിന്‍ഡോസ് കൊടുക്കുന്നത് ഒരേയൊരു കമ്പനി മാത്രം പുകയില വില്‍ക്കുന്ന സ്ഥലത്ത് കുട്ടികളെ പുകവലിക്കാന്‍ പഠിപ്പിക്കുന്നതു പോലെയാണ്.'' ആപ്പിളിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് മരിച്ചപ്പോള്‍ ലോകം മുഴുവന്‍ ജോബ്‌സിന്റെ അപദാനങ്ങള്‍ നിറഞ്ഞു. പക്ഷേ, സ്റ്റാള്‍മാന്റെ പ്രതികരണം ഇതായിരുന്നു. ''അദ്ദേഹം മരിച്ചതില്‍ എനിക്ക് സന്തോഷമില്ല. പക്ഷേ, അദ്ദേഹം പോയതില്‍ ഞാന്‍ സന്തോഷിക്കുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറിലും സോഫ്ട്‌വേറിലും ജോബ്‌സിനുണ്ടായിരുന്ന ദുഃസ്വാധിനം അവസാനിക്കുന്നുവെന്നത് നമ്മള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്.''
സഞ്ചരിക്കാന്‍ ഇനിയും കാതങ്ങള്‍
സ്റ്റാള്‍മാന്‍ യാത്ര ചെയ്തുകോണ്ടേയിരിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന പ്രഭാഷണങ്ങളില്‍ നിന്നാണ് സ്റ്റാള്‍മാന്‍ ഇപ്പോള്‍ ജീവിക്കാനുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് കണ്ടെത്തുന്നത്. നീണ്ടുവളര്‍ന്ന തലമുടിയും അയഞ്ഞ പാന്‍റ്‌സും തോള്‍ബാഗുമായി നടന്നുനീങ്ങുന്ന സ്റ്റാള്‍മാന്‍ എവിടെയൊക്കെയൊ റാസ്പുട്ടിനെ ഓര്‍മിപ്പിക്കുന്നു. പക്ഷേ, അരാജകത്വത്തിന്റെ വഴികളിലൂടെയല്ല സ്റ്റാള്‍മാന്റെ സഞ്ചാരം. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ ഗാന്ധിജിയെപ്പോലെ സ്റ്റാള്‍മാനും കൃത്യമായ കണക്കുകൂട്ടലുകളുണ്ട്.ലെമോട്ട് യീലോങ് എന്ന ചെറിയൊരു നോട്ട്പാഡാണ് സ്റ്റാള്‍മാന്‍ ഉപയോഗിക്കുന്നത്. ''പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനാവും എന്നതിനാലാണ് ഞാന്‍ ഈ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്.''സ്വതന്ത്ര സോഫ്ട്‌വേറിന് വേണ്ടിയുള്ള പോരാട്ടം പകുതി വഴിയേ എത്തിയിട്ടുള്ളുവെന്ന് സ്റ്റാള്‍മാന്‍ പറയുന്നു. ''താണ്ടിയ വഴിയെക്കുറിച്ചല്ല ഇനിയും നടന്നുതീര്‍ക്കാനുള്ള വഴിയെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. എല്ലാവര്‍ക്കും സ്വതന്ത്ര സോഫ്ട്‌വേര്‍ ലഭ്യമാവുന്ന ഒരു ദിനത്തെക്കുറിച്ചുള്ള ചിന്തകളാണ് എന്റെ പ്രചോദനവും വഴികാട്ടിയും.''ഒമ്പതാമത്തെ വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതില്‍ പിന്നെ സ്റ്റാള്‍മാന്‍ മിക്കവാറും ഏകാകിയായിരുന്നു. ''തകര്‍ക്കുന്ന ഏകാന്തതയായിരുന്നു അത്'. സ്റ്റാള്‍മാന്റെ ജീവിതസഖിയായി മാറിയ സാറയാണ് സ്റ്റാള്‍മാന്റെ ജീവിതം മാറ്റിമറിച്ച ഈ ഏകാന്തതയെ കൃത്യമായി വിലയിരുത്തിയത്. 'സ്വതന്ത്ര സോഫ്ട്‌വേറിനായുള്ള സ്റ്റാള്‍മാന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയത്തിനു പിന്നില്‍ ഈ ഏകാന്തതയുണ്ട്.''''തീര്‍ച്ചയായും ഓരോ പോരാട്ടവും വ്യക്തിപരമാണ് , അതുപോലെ തന്നെ രാഷ്ട്രീയ പരവും '' നിരന്തരമായി കീപാഡുകളിലൂടെ ഓടിയതു മൂലം വേദനിക്കുന്ന കൈവിരലുകളില്‍ ഓയിന്‍റ്‌മെന്‍റ് പുരട്ടി ഉഴിഞ്ഞുകൊണ്ട് സ്റ്റാള്‍മാന്‍ ചിരിക്കുന്നു. സായുധനായ ഒരു പോരാളിയുടെ അര്‍ഥപൂര്‍ണമായ ചിരി. (ചിത്രം കടപ്പാട് :
വിക്കിപീഡിയ)

1 comment:

ജനശക്തി ന്യൂസ്‌ said...

'ഫെയ്‌സ്ബുക്ക് നിങ്ങളുടെ സുഹൃത്തല്ല'-സ്റ്റാള്‍മാന്‍
-കെ.എ.ജോണി