Tuesday, February 07, 2012

സമ്മേളനം ഇന്നു തുടങ്ങും; ചെങ്കൊടി ഉയര്‍ന്നു

സമ്മേളനം ഇന്നു തുടങ്ങും; ചെങ്കൊടി ഉയര്‍ന്നു

തിരു: ചുവപ്പില്‍ പൂത്തുലഞ്ഞ തലസ്ഥാനനഗരിയില്‍ ആവേശത്തിന്റെ അഗ്നിജ്വാലകള്‍ വാനോളമുയര്‍ത്തി സിപിഐ എം സംസ്ഥാനസമ്മേളനത്തിന് ചെമ്പതാക ഉയര്‍ന്നു. സ. ഇ ബാലാനന്ദന്‍ നഗറിലെ (ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം) പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ ചെങ്കൊടി ഉയര്‍ത്തിയപ്പോള്‍ ജനസഹസ്രങ്ങള്‍ ഏകമനസ്സായി ഇങ്ക്വിലാബ് മുഴക്കി. ചുവപ്പുസേന രക്തപതാകയെ അഭിവാദ്യംചെയ്തു. മണ്ണും മാനവും മനസ്സും ശരീരവും സംഘബോധത്തിന്റെ വര്‍ണരാജികളാല്‍ ഐക്യപ്പെട്ടു. ബാന്‍ഡ്വാദ്യവും ചെണ്ടമേളവും കരിമരുന്നുവര്‍ഷവും തീര്‍ത്ത അലയൊലിയില്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ പ്രഖ്യാപിച്ചു, ചുവന്ന പ്രഭാതത്തിനായി പടയണി തീര്‍ക്കുമെന്ന്. ചൊവ്വാഴ്ച രാവിലെ പ്രതിനിധിസമ്മേളനത്തിന് തുടക്കമാകും. 9.15ന് പൊതുസമ്മേളന നഗറില്‍നിന്ന് ദീപശിഖ സ. ഹര്‍കിഷന്‍ സിങ് സുര്‍ജിത് നഗറി(എ കെ ജി ഹാള്‍)ല്‍ എത്തിക്കും. പ്രതിനിധിസമ്മേളന നഗരിയില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും. 11ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനംചെയ്യും. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ വരദരാജന്‍ , വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും. ആദ്യമായി തലസ്ഥാനജില്ലയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ചരിത്രവിജയം വിളംബരംചെയ്ത് പതാക ഉയര്‍ത്തല്‍ ചടങ്ങ് മഹാപ്രവാഹമായി മാറി. കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതികുടീരത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണന്‍ കൈമാറി, കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് എത്തിച്ച പതാക കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി. വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് വി എസ് അച്യുതാനന്ദന്‍ കൈമാറി കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ എത്തിച്ച കൊടിമരം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ ഏറ്റുവാങ്ങി. സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പകര്‍ന്നുനല്‍കിയ ദീപശിഖ സംസ്ഥാനകമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ സമ്മേളനനഗരിയിലെത്തിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഏറ്റുവാങ്ങി. ഇതോടൊപ്പം ജില്ലയിലെ രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും സ്മൃതിമണ്ഡപങ്ങളില്‍നിന്ന് കൊളുത്തിയ 13 ഉപദീപശിഖകളും ആവേശജ്വാലകളായി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എം സി ജോസഫൈന്‍ , ഡോ. തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ വി വി ദക്ഷിണാമൂര്‍ത്തി, എം വി ഗോവിന്ദന്‍ , എ കെ ബാലന്‍ , ആനത്തലവട്ടം ആനന്ദന്‍ , മേയര്‍ കെ ചന്ദ്രിക, എംപിമാര്‍ , എംഎല്‍എമാര്‍ , സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ , സമ്മേളന പ്രതിനിധികള്‍ , വര്‍ഗ ബഹുജന സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനറും പാര്‍ടി ജില്ലാ സെക്രട്ടറിയുമായ കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തല്‍ ചടങ്ങിനെത്തിയവരെ സ്വാഗതം ചെയ്തു. 3,70,000 പാര്‍ടി അംഗങ്ങളെ പ്രതിനിധാനംചെയ്ത് സംസ്ഥാനകമ്മിറ്റി അംഗങ്ങളും നിരീക്ഷകരും ഉള്‍പ്പെടെ 565 പ്രതിനിധികളാണ് പ്രതിനിധിസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധിസമ്മേളനം പുതിയ സംസ്ഥാനകമ്മിറ്റി തെരഞ്ഞെടുപ്പോടെ വെള്ളിയാഴ്ച സമാപിക്കും. വൈകിട്ട് കാല്‍ലക്ഷം ചുവപ്പുസേനാംഗങ്ങളുടെ പരേഡും ലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടുലക്ഷംപേര്‍ അണിനിരക്കുന്ന റാലിയും നടക്കും.


No comments: