Thursday, February 10, 2011

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 14.57ശതമാനം വളര്‍ച്ച

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 14.57ശതമാനം വളര്‍ച്ച

തിരു: സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 2009-10ല്‍ 14.57ശതമാനം വളര്‍ച്ച കൈവരിച്ചതായി ബജറ്റിനു മുന്നോടിയായി ബുധനാഴ്ച നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വെയില്‍ പറയുന്നു. ധനമന്ത്രിക്കുവേണ്ടി മന്ത്രി എം വിജയകുമാറാണ് രേഖ സഭയില്‍ വച്ചത്. 2009-10-ല്‍ 230315.55കോടി രൂപയുടേതാണ് മൊത്തം ആഭ്യന്തര ഉല്‍പ്പാദനം. 2008-09-ല്‍ ഇത് 201019.75കോടി രൂപയായിരുന്നു. മൊത്തം ആഭ്യന്തരഉല്‍പ്പാദനത്തില്‍ എറണാകുളം ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നതായി സാമ്പത്തിക സര്‍വെ ചൂണ്ടിക്കാണ്ടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 33,361.25കോടിരൂപയാണ് ജില്ലയുടെ ജിഡിപി. മുന്‍വര്‍ഷം ഇത് 28,911.18കോടി രൂപയായിരുന്നു. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. യഥാക്രമം 25189.14ഉം 22,266.05 ഉം കോടി രൂപ. വയനാട് ജില്ലയിലാണ് ജിഡിപി ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 4378.24കോടിരുപയാണ് വയനാടിന്റെ മൊത്തം ആഭ്യന്തരഉല്‍പ്പാദനം. പ്രതിശീര്‍ഷവരുമാനത്തിലും എറണാകുളമാണ് മുന്നിലെങ്കിലും വളര്‍ച്ചാനിരക്കില്‍ മുന്നില്‍നില്‍ക്കുന്നത് കാസര്‍കോഡ് ജില്ലയാണ്. 11.44ശതമാനം. 11.29ശതമാനം രേഖപ്പെടുത്തി പാലക്കാടാണ് തൊട്ടടുത്ത്. 2005-06മുതല്‍ 2009-10വരെയുള്ള കാലയളവില്‍ കേരളത്തില്‍ പൊതുവിതരണ സംവിധാനത്തിലുണ്ടായ വളര്‍ച്ച സാമ്പത്തിക സര്‍വെ വിലയിരുത്തുന്നു. 2005-06-ല്‍ 67,77,075പേര്‍ക്കാണ് റേഷന്‍കാര്‍ഡ് ഉണ്ടായിരുന്നതെങ്കില്‍ 2008-09-ല്‍ ഇത് 70,34,886 ആയി. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സപ്ളൈകോ നിര്‍ണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് സര്‍വെ റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 3045ഔട്ട്ലറ്റുകള്‍വഴി അരി, പയറുവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ പൊതുവിതരണത്തില്‍ രണ്ടാമതാണ് സപ്ളൈകോയുടെ സ്ഥാനം. പൊതുവിപണിയേക്കാള്‍ 30 മുതല്‍ 60ശതമാനംവരെ വിലക്കുറവിലാണ് അവശ്യസാധനങ്ങള്‍ സപ്ളൈകോ വിതരണം ചെയ്യുന്നത്. 2006-ല്‍ 52ലക്ഷം പേരാണ് പ്രതിമാസം സപ്ളൈകോ ഔട്ട്ലറ്റുകളില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ഒരുകോടികവിഞ്ഞു.

No comments: