Monday, December 06, 2010

യുഡിഎഫിന്റെ 'വേവലാതി'

യുഡിഎഫിന്റെ 'വേവലാതി'

ഭരണത്തോടുള്ള അത്യാര്‍ത്തി യുഡിഎഫിന്റെ സമനില തെറ്റിക്കുന്നതിന്റെ ലക്ഷണമാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള അവരുടെ നീക്കങ്ങളില്‍ പ്രകടമാകുന്നത്. തെരഞ്ഞെടുപ്പു കമീഷനുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങള്‍ പുറത്തുവന്നപ്പോള്‍, ജാള്യത്തോടെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതികരിച്ചിട്ടുണ്ട്-അത്തരമൊരു നീക്കം തങ്ങള്‍ നടത്തിയിട്ടില്ലെന്ന്. ഒപ്പം മലയാള മനോരമയെക്കൊണ്ട് എഴുതിച്ചു-സിപിഎമ്മിന് "വേവലാതിയായി''എന്ന്. സിപിഐ എമ്മോ എല്‍ഡിഎഫോ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ലെങ്കിലും മനോരമ 'വേവലാതി' സ്വയം സൃഷ്ടിച്ച് സിപിഐ എമ്മിനുമേല്‍ കെട്ടിവയ്ക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍നിന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെത്തിയപ്പോള്‍ എല്‍ഡിഎഫിന് ബഹുദൂരം മുന്നേറാനായതും തിരിച്ചടിയുടെ കാരണം കണ്ടെത്തി തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനാവുന്നതും യുഡിഎഫിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു. ഈ സര്‍ക്കാര്‍ തുടരുന്ന ഓരോ നിമിഷവും തങ്ങളുടെ സാധ്യതകള്‍ക്ക് വിഘാതമാകുമെന്ന് അവര്‍ തിരിച്ചറിയുന്നു. കേരളത്തിന് ഇനി അവാര്‍ഡ് കൊടുക്കരുതെന്ന് ഡല്‍ഹിയില്‍ ചെന്ന് വിലപിച്ചവരുടെ താല്‍പ്പര്യം മഴ മാറാതിരിക്കാനും റോഡിലെ കുഴികള്‍ക്ക് കൂടുതല്‍ ആഴമുണ്ടാകാനുമാണ്. എത്രയും വേഗം എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തുപോകണമെന്ന ആ ദുരാഗ്രഹത്തിന്റെ മറ്റൊരു പ്രകടനമാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കുറ്റപത്രം തയ്യാറാക്കി മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ ജാഥ നടത്തി സര്‍ക്കാരിനെ പിരിച്ചുവിടുവിക്കുന്നതിന് ഒപ്പുശേഖരണം നടത്താനുള്ള യുഡിഎഫ് തീരുമാനം. സകല ജാതി-മത-വര്‍ഗീയ-സങ്കുചിത ശക്തികളുടെയും ഫെഡറേഷനായി മാറിയിട്ടുപോലും യുഡിഎഫിന് ആത്മവിശ്വാസം ഇല്ലാതാകുന്നതിന്റെ കാരണം ആ മുന്നണിയുടെ രാഷ്ട്രീയ പാപ്പരത്തം തന്നെയാണ്. ജനങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ പ്രതികരിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. ചില വികാരങ്ങള്‍ ഉത്തേജിപ്പിച്ചും തെറ്റിദ്ധാരണ പരത്തിയും ധനദുര്‍വ്യയത്തിലൂടെയും മാധ്യമങ്ങളെ വിലയ്ക്കെടുത്തും വോട്ടുകച്ചവടം നടത്തിയും തട്ടിക്കൂട്ടുന്ന വിജയങ്ങള്‍ ശാശ്വതമല്ല എന്നും അത് ഏതുനിമിഷവും തിരിച്ചടിക്കാമെന്നും തിരിച്ചറിയുമ്പോഴുണ്ടാകുന്ന വെപ്രാളമാണ് യുഡിഎഫില്‍ പ്രകടമാകുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെയോ അതിന്റെ നേട്ടങ്ങളെയോ വസ്തുനിഷ്ഠമായി വിമര്‍ശിക്കാന്‍ ഒരിക്കലും യുഡിഎഫ് ശ്രമിച്ചുകണ്ടിട്ടില്ല. രാജ്യത്ത് ഏറ്റവും മികച്ച പൊതുഭരണ നിര്‍വഹണം നടത്തുന്ന സംസ്ഥാനത്തിന് ഇന്ത്യാ ടുഡെ ഏര്‍പ്പെടുത്തിയ പുരസ്കാരം ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയില്‍നിന്ന് മുഖ്യമന്ത്രി സ്വീകരിച്ച വാര്‍ത്തയുടെ ചൂടാറുംമുമ്പാണ്, എല്‍ഡിഎഫ് വിരുദ്ധ ജാഥയുടെ പ്രഖ്യാപനമുണ്ടായത്. യുഡിഎഫ് ഭരണം നിലനിന്ന 2001-06 കാലത്ത് ജീവിച്ചിരുന്നവരാണ് ഇന്നാട്ടിലെ വോട്ടര്‍മാര്‍. ആ കാലവും എല്‍ഡിഎഫിന്റെ ഭരണവും തമ്മിലുള്ള അന്തരം എളുപ്പം മറച്ചുവയ്ക്കാവുന്നതല്ല. വര്‍ഗീയ കലാപങ്ങളുടെയും നിയമന നിരോധനത്തിന്റെയും അവകാശങ്ങള്‍ പിടിച്ചുപറിക്കുന്നതിന്റെയും ആദിവാസികളെപ്പോലും അടിച്ചമര്‍ത്തുന്നതിന്റെയും വിദ്യാഭ്യാസക്കൊള്ളയുടെയും പവര്‍കട്ടിന്റെയും ക്രമസമാധാനത്തകര്‍ച്ചയുടെയും പൊലീസ് നരനായാട്ടിന്റെയും അഴിമതിച്ചാകരയുടെയും അക്കാലം കടന്നുവന്ന ജനങ്ങള്‍ക്ക് എങ്ങനെ ഇനിയൊരു ഭരണം യുഡിഎഫിനെ ഏല്‍പ്പിക്കാനാവും? യുഡിഎഫ്-എല്‍ഡിഎഫ് ഭരണങ്ങളുടെ താരതമ്യം എളുപ്പമാണ്. കേരളത്തിന് കഴിഞ്ഞ നാലരക്കൊല്ലത്തെ ഭരണനേട്ടങ്ങള്‍ക്ക് ലഭിച്ച അംഗീകാരം ഓര്‍ത്തെടുത്താല്‍ മതി. കോഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഔദ്യോഗികമായ പുരസ്കാരങ്ങളാണ് അതില്‍ മിക്കതും. ക്രമസമാധാനം, ആരോഗ്യം, വൈദ്യുതി, ഊര്‍ജ സംരക്ഷണം, വ്യവസായ വികസനം-ഇങ്ങനെ ജനങ്ങളെ ബാധിക്കുന്ന സര്‍വ തലങ്ങളിലും എല്‍ഡിഎഫ് പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ ടുഡെയുടെ ക്രമസമാധാനത്തിനുള്ള ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള പുരസ്കാരം കേരളത്തിന് ലഭിച്ചത് കഴിഞ്ഞവര്‍ഷമാണ്. കേരള സര്‍ക്കാര്‍ നടപ്പാക്കിയ കമ്യൂണിറ്റി പൊലീസിങ് ഇന്ത്യക്കാകെ മാതൃകയാണെന്നു പറഞ്ഞത് കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരംതന്നെയാണ്. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കേന്ദ്രസര്‍ക്കാരിന്റെ ഇന്റലിജന്‍സ് ബ്യൂറോയും ക്രമസമാധാനപാലനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചിട്ടുണ്ട്. കേരളത്തിലെ ക്രമസമാധാനനില മറ്റുസംസ്ഥാനങ്ങളേക്കാള്‍ ഭദ്രമാണെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള കേരളത്തില്‍ വന്ന് പ്രസ്താവിക്കുകയുണ്ടായി. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം പ്രശംസനീയമാണെന്ന് സുപ്രീംകോടതി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിനുള്ള ഏറ്റവും നല്ല മാതൃകയായി കേരളത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നത് കേന്ദ്രസര്‍ക്കാര്‍തന്നെയാണ്. പഞ്ചായത്ത് ഭരണസംവിധാനത്തില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന സംസ്ഥാനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരവും കേരളത്തിന് കിട്ടി. പാവപ്പെട്ട എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കുന്നതിനുള്ള ഇ എം എസ് ഭവനപദ്ധതി രാജ്യാതിര്‍ത്തിക്കപ്പുറവും ശ്രദ്ധയാകര്‍ഷിക്കുന്നു. ഈ പട്ടിക വളരെ നീണ്ടതാണ്. ഇങ്ങനെയുള്ള എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ എന്തുപറഞ്ഞ് യുഡിഎഫ് കുറ്റപത്രം തയ്യാറാക്കും? രാഷ്ട്രീയേതര-ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെയല്ലാതെ എങ്ങനെ ഈ സര്‍ക്കാരിനെ എതിര്‍ക്കും? അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ് കോഗ്രസ്. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിയില്‍ നീന്തിത്തുടിക്കുന്ന; രാജ്യത്തിന്റെ ആത്മാഭിമാനം പണയംവയ്ക്കുന്ന; അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുമേല്‍ വിലക്കയറ്റത്തിന്റെയും ദാരിദ്യ്രത്തിന്റെയും ഭാരം കയറ്റിവയ്ക്കുന്ന യുപിഎ സര്‍ക്കാരിനെ ചൂണ്ടി യുഡിഎഫിന് വോട്ടു തേടാനാവുമോ? ഇല്ല എന്ന തിരിച്ചറിവും ആശയപരമായ-രാഷ്ട്രീയമായ നെറിവില്ലായ്മയുമാണ് യുഡിഎഫിനെ ഇന്നലട്ടുന്നത്. അതാണാ മുന്നണിയുടെ യഥാര്‍ഥ ദൌര്‍ബല്യം. അതു മറികടക്കാനുള്ള എളുപ്പവഴിയാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള സമ്മര്‍ദത്തിലേക്കും കുറ്റപത്രരചനയിലേക്കും അതുപോലുള്ള നാടകങ്ങളിലേക്കും അവരെ നയിക്കുന്നത്.

No comments: