Monday, December 06, 2010

മദ്യാസക്തി എന്ന സാമൂഹ്യ രോഗം

മദ്യാസക്തി എന്ന സാമൂഹ്യ രോഗം

മദ്യപാനം ശീലമായും രോഗമായും മാറുന്ന അവസ്ഥ കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങളാണുയര്‍ത്തുന്നത്. ഉദാരവല്‍ക്കരണത്തോടൊപ്പം നാട്ടില്‍ കടന്നുവന്ന ഒന്നാണ്, മദ്യം ജീവിതചര്യയുടെ ഭാഗമാക്കുക എന്നത്. വിശേഷ ദിവസങ്ങളിലും ആഘോഷങ്ങളിലും മാത്രമല്ല-ആളുകള്‍ കൂടുന്ന ഏതവസരത്തിലും മദ്യം അവശ്യഘടകമാകുന്നു. മദ്യപാനം മോശം കാര്യമാണ് എന്നതില്‍നിന്ന് അതൊരന്തസ്സാണ്; ഒഴിവാക്കാനാവാത്ത ഉപചാരമാണ് എന്ന ചിന്തയിലേക്കാണ് പലരും എത്തുന്നത്. മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ മദ്യത്തിന് അടിമകളായി, ചികിത്സ ആവശ്യമായ പതിനേഴു ലക്ഷം പേരുണ്ടെന്നാണ് കണക്ക്. നാല്‍പ്പത് ലക്ഷം കേരളീയരാണ് ലഹരിക്കടിമകളായിട്ടുള്ളത്. സ്കൂള്‍ വിദ്യാര്‍ഥികളില്‍പോലും മദ്യപാനശീലം ഉറയ്ക്കുന്നു എന്ന ആപല്‍ക്കരമായ വിവരമാണ്, മദ്യം കഴിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി പതിമൂന്ന് വയസ്സാണ് എന്ന റിപ്പോര്‍ട്ടിലൂടെ വന്നത്. ഓണത്തിനും ക്രിസ്മസിനും മറ്റുത്സവവേളകളിലും കേരളത്തില്‍ വിറ്റുതീരുന്ന മദ്യത്തിന്റെ കണക്ക് നമ്മെ അത്ഭുതപരതന്ത്രരാക്കാറുണ്ട്. വിവാഹം, ഗൃഹപ്രവേശം, പിറന്നാളാഘോഷം എന്നുവേണ്ട, മരണാനന്തര ചടങ്ങുകള്‍ക്കുപോലും പരസ്യമായി മദ്യം വിളമ്പുന്നതും പ്രായഭേദമെന്യേ കഴിക്കുന്നതും സര്‍വസാധാരണമായിരിക്കുന്നു. വിവാഹ വീടുകളും മരണവീടുകളും നാട്ടുകാരുടെ കൂട്ടായ അധ്വാനത്തിനാണ് മുമ്പ് വേദിയായതെങ്കില്‍ ഇന്ന് മദ്യപാനം മാത്രമാണ് കൂട്ടായ പ്രവൃത്തി. അധ്വാനം വില കൊടുത്ത് വാങ്ങണം. ചെറുപ്രായക്കാര്‍ക്ക് മദ്യപാനത്തിലേക്കുള്ള വാതിലുകളായി ഇത്തരം വേളകള്‍ മാറുന്നു. സ്ത്രീകള്‍ക്കിടയിലും മദ്യപാനാസക്തി കൂടിവരികയാണ്. മദ്യപാനം കുടുംബനാഥനെ മദ്യാസക്തിയിലേക്കും മദ്യത്തിനുമുന്നിലെ അടിമത്തത്തിലേക്കും നയിച്ചതുമൂലം അസ്തിവാരം തകര്‍ന്ന കുടുംബങ്ങളേറെ. അനാഥരായ കുഞ്ഞുങ്ങളും സഹോദരിമാരും നിരവധിയുണ്ട്. വര്‍ധിച്ചുവരുന്ന ക്രിമിനല്‍വല്‍ക്കരണം, ക്വട്ടേഷന്‍ സംഘങ്ങളുടെ വ്യാപനം, അഴിമതി, ലൈംഗികാതിക്രമം തുടങ്ങി എല്ലാ തിന്മകള്‍ക്കും വിപത്തുകള്‍ക്കും പിന്നില്‍ മദ്യത്തിന്റെ പങ്കുമുണ്ട്. വലിയൊരു വിപത്തായി മദ്യാസക്തി മാറുന്നു എന്നതിന്റെ സൂചനകളാണ് എങ്ങും. ഓരോ കൊല്ലവും മദ്യവില്‍പ്പന കൂടിവരികയുമാണ്. ഈ ദുരവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മദ്യാസക്തി കേരളത്തിന്റെ വലിയ സാമൂഹ്യദുരന്തമായി മാറുമെന്നതില്‍ തര്‍ക്കമില്ല. മദ്യനിരോധനം വഴി ഈ മാരകവിപത്തിനെ തടയാനാകില്ല എന്നതാണ് അനുഭവം. മദ്യത്തിന്റെ പിടിയില്‍നിന്ന് ജനങ്ങളെ വിമുക്തരാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണ നടപടികള്‍ക്കു സമാന്തരമായി ബഹുജന ബോധവല്‍ക്കരണ പരിപാടികള്‍ നടക്കണം. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തിക്കെതിരെ യുവജന-മഹിള-വിദ്യാര്‍ഥി സംഘടനകള്‍ ആരംഭിച്ച ജാഗ്രതാ ക്യാമ്പയിന്‍ എല്ലാ അര്‍ഥത്തിലും അഭിനന്ദനീയമാകുന്നത് കേരളം ഇന്ന് എത്തിനില്‍ക്കുന്ന സാഹചര്യത്തിന്റെ ഗൌരവം തിരിച്ചറിയപ്പെടുമ്പോഴാണ്. ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍ എന്നീ സംഘടനകളാണ് മദ്യാസക്തി വിരുദ്ധ പ്രചാരണം ഏറ്റെടുത്തിട്ടുള്ളത്. ഈ പ്രചാരണ പരിപാടി വിശാലമായ കൂട്ടായ്മയായി വളരേണ്ടതുണ്ട്. സ്ഥിരം സംവിധാനമായ പഞ്ചായത്ത്-വാര്‍ഡ് തല ജാഗ്രതാസമിതികളില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ക്യാമ്പയിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങളുടെ സഹായവും ഉണ്ടാകണം. പൊതുസ്ഥലങ്ങളിലെ മദ്യപാനം കര്‍ശനമായി തടയുക, മദ്യസല്‍ക്കാരമുള്ള പരിപാടികളില്‍നിന്ന് ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരും വിട്ടുനില്‍ക്കുക, ആഘോഷവേളകളില്‍ മദ്യം ഒഴിവാക്കുക, മരണാനന്തരചടങ്ങുകളില്‍ മദ്യം ഒഴിവാക്കുക, സിനിമയിലും സീരിയലിലും മദ്യത്തെ മഹത്വവല്‍ക്കരിക്കുന്ന സീനുകള്‍ ഒഴിവാക്കുക, ഇത്തരം രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തടയുക, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍നിന്ന് കലാകാരന്മാരും സിനിമാ പ്രവര്‍ത്തകരും വിട്ടുനില്‍ക്കുക, വിദ്യാലയ-ആരാധനാലയ പരിസരങ്ങള്‍ പൂര്‍ണമായും ലഹരി വിമുക്തമാക്കുക, അനധികൃതമായും നിയമവിരുദ്ധമായും ലഹരിപദാര്‍ഥങ്ങള്‍ വിതരണംചെയ്യുന്നത് കര്‍ശനമായി തടയുക, മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുക, അംഗീകൃത മദ്യഷാപ്പുകളിലെ മദ്യവില്‍പ്പനയുടെ സമയനിബന്ധന കര്‍ശനമായി നടപ്പാക്കുക-ഇത്രയുമാണ് ക്യാമ്പയിനില്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍. ഏതെങ്കിലും സംഘടനകളുടെയോ വിഭാഗങ്ങളുടെയോ ആവശ്യമായി ചുരുക്കിക്കാണാതെ നാടിനെ രക്ഷിക്കാനുള്ള മുന്നേറ്റമായി ഈ ക്യാമ്പയിന്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. വ്യാജമദ്യത്തിനും മദ്യക്കടത്തിനും ആഘോഷവേളയിലെ മദ്യസല്‍ക്കാരങ്ങള്‍ക്കുമെതിരെ ചില പ്രാദേശിക മുന്‍കൈകള്‍ വന്നിട്ടുണ്ട്. ഏതാനും പഞ്ചായത്തുകള്‍ അത്തരത്തില്‍ കര്‍മപരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നു. അത്തരം സംരംഭങ്ങളെയാകെ ഒരേ ചരടില്‍ കോര്‍ക്കാനാകണം. മദ്യം കേരളത്തെ തകര്‍ക്കാതിരിക്കണമെങ്കില്‍ വരും തലമുറ മദ്യപന്മാരുടേതാകാതിരിക്കണമെങ്കില്‍ എല്ലാവരും ഒത്തൊരുമിച്ച് ഈ പ്രചാരണത്തില്‍ പങ്കാളികളാകാം.

1 comment:

faisu madeena said...

നല്ല ലേഖനം ....നാള്‍ക്കു നാള്‍ ഇത് കൂടി കൊണ്ടിരിക്കുന്നു ....ഓരോ ആഘോഷത്തിനും ഇത് റെക്കോഡുകള്‍ ഭേദിക്കുന്നു ....കേരളം എങ്ങോട്ട് പോകുന്നു >?????