Wednesday, November 10, 2010

സ്വാശ്രയ വിദ്യാഭ്യാസനയം: സഭയുടെ കാഴ്ചപ്പാടുമായി യോജിക്കുന്നത്- കാതോലിക്കാബാവാ

സ്വാശ്രയ വിദ്യാഭ്യാസനയം: സഭയുടെ കാഴ്ചപ്പാടുമായി യോജിക്കുന്നത്- കാതോലിക്കാബാവാ.

വിശ്വാസികളുടെ പേരില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിലപേശലുകള്‍ നടത്തുന്നത് സഭയുടെ പാരമ്പര്യമല്ല. നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെയും മുന്നണികളെയും പിന്തുണയ്ക്കും.
കോട്ടയം: സാമൂഹ്യനീതി ഉറപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസനയം ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കാഴ്ചപ്പാടുമായി യോജിക്കുന്നതാണെന്ന് ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലങ്കരസഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സഭയുടെ ആത്മീയ- രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. മലങ്കര ഓര്‍ത്തഡോക്സ്സഭ സ്ഥാപനവല്‍ക്കരണത്തോടും കച്ചവടവല്‍ക്കരണത്തോടും യോജിക്കുന്നില്ല. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവയാണ്്. സഭയുടെ കീഴിലുള്ള രണ്ട് എന്‍ജിനീയറിങ് കോളേജുകളില്‍ പാവപ്പെട്ടവരും അര്‍ഹരുമായ പത്തു ശതമാനം വിദ്യാര്‍ഥികള്‍ക്ക് സൌജന്യവിദ്യാഭ്യാസം നല്‍കുന്നുമുണ്ട്. മതം രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന കാഴ്ചപ്പാടിനോട് സഭ യോജിക്കുന്നില്ല. പ്രത്യയശാസ്ത്രങ്ങളനുസരിച്ചല്ല സഭയുടെ ഔദ്യോഗിക കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത്. എല്‍ഡിഎഫ് ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണയ്ക്കും. സമുദായാംഗങ്ങളില്‍ അര്‍ഹതയുള്ളവരെ തുടര്‍ച്ചയായി അവഗണിക്കുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ സഭ ബന്ധപ്പെട്ട നേതൃത്വത്തോട് സീറ്റ് നല്‍കണമെന്ന് അഭ്യര്‍ഥിക്കാറുള്ളു. വിശ്വാസികളുടെ പേരില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി വിലപേശലുകള്‍ നടത്തുന്നത് സഭയുടെ പാരമ്പര്യമല്ല. നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളെയും മുന്നണികളെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

2 comments:

pappan said...

ഇങ്ങനത്തെ മതമേലധ്യക്ഷന്മാരും ഉണ്ട്

Nasiyansan said...

ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്നറിയില്ല ...എങ്കിലും ഒരു വാക്ക് ... സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയ വിദ്യാഭ്യാസനയം സാമൂഹ്യനീതി "ഉറപ്പാക്കുന്നു" എങ്കില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള കോലഞ്ചെരി മെഡിക്കല്‍ കോളേജു സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്തതെന്താണ് ...?