Sunday, October 17, 2010

പവ്വത്തില്‍ ശ്രദ്ധിക്കാതെപോയ ബ്രസീല്‍ തെരഞ്ഞെടുപ്പ്

പവ്വത്തില്‍ ശ്രദ്ധിക്കാതെപോയ ബ്രസീല്‍ തെരഞ്ഞെടുപ്പ്
പി ഗോവിന്ദപ്പിള്ള
ജനസംഖ്യകൊണ്ട് (20 കോടി) ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ രാഷ്ട്രമായ ലാറ്റിനമേരിക്കയിലെ ബ്രസീല്‍ മതവിശ്വാസംകൊണ്ട് ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രമാണ്. ലാറ്റിനമേരിക്കയിലെ ഭൂരിപക്ഷരാഷ്ട്രങ്ങളും കത്തോലിക്കമതവിശ്വാസികളുടേതാണ്. മതവിശ്വാസത്തിലെ ഏറ്റവും ഒടുവിലത്തെ നവീകരണയത്നമായി അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലിബറേഷന്‍ തിയോളജി അഥവാ വിമോചനദൈവശാസ്ത്രത്തിന്റെ അത്യുന്നതസൈദ്ധാന്തികരും പ്രയോക്താക്കളും ലാറ്റിനമേരിക്കയിലെ പുരോഹിതശ്രേഷ്ഠന്മാരാണ്. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് സായുധസമരത്തിലും പാര്‍ലമെന്ററി മത്സരങ്ങളിലും വിമോചനദൈവശാസ്ത്രജ്ഞന്മാര്‍ കമ്യൂണിസ്റുകാരും ഇടതുപക്ഷക്കാരുമായി സഹകരിക്കുന്നു. ഇതിന്റെയെല്ലാം ഫലമായിട്ടാണ് 1999ല്‍ വെനസ്വേലയില്‍ സോഷ്യലിസ്റ് പാര്‍ടി നേതാവ് ഹ്യൂഗോ ഷാവേസ് അധികാരത്തിലെത്തിയതും തുടര്‍ന്ന് ലാറ്റിനമേരിക്കയിലാകെ വീശിയടിച്ച ഇടതുപക്ഷക്കാറ്റില്‍ പന്ത്രണ്ടില്‍പ്പരം രാജ്യങ്ങളിലെ വലതുപക്ഷ സര്‍ക്കാരുകള്‍ നിലംപതിച്ച് ഇടതുപക്ഷത്തിന് വഴിയൊരുക്കിയതും. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാരാഷ്ട്രമായ ബ്രസീലിലും കമ്യൂണിസ്റുകാരും തൊഴിലാളിവര്‍ഗപാര്‍ടികളും ചേര്‍ന്ന് രൂപംകൊടുത്ത സഖ്യം 2003ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചതും ഒരു ലോഹതൊഴിലാളിയായിരുന്ന വര്‍ക്കേഴ്സ് പാര്‍ടി നേതാവ് ലുല ഡ സില്‍വ പ്രസിഡന്റായതും. ഭരണഘടന അനുവദിക്കുന്ന രണ്ട് ഊഴം പൂര്‍ത്തിയാക്കി അദ്ദേഹം സ്ഥാനമൊഴിഞ്ഞപ്പോള്‍ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് ഡ സില്‍വ മന്ത്രിസഭയില്‍ സുപ്രധാനസ്ഥാനം വഹിച്ചിരുന്ന ഡില്‍മാ റൂസ്സെഫ് മത്സരിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനായിരുന്നു വോട്ടെടുപ്പ്. 62 വയസ്സുകാരിയായ റൂസ്സെഫ് 47 ശതമാനം വോട്ടുനേടി ഏറ്റവും മുന്നിലെത്തിയെങ്കിലും ഭരണഘടനപ്രകാരം 50 ശതമാനം പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് ഏറ്റവും കൂടുതല്‍ വോട്ട് നേടിയ റൂസ്സെഫും രണ്ടാംസ്ഥാനത്തെത്തി 33 ശതമാനം വോട്ടുനേടിയ സാവപോളോ ഗവര്‍ണര്‍ ജോസ് സെറായും ഈ വരുന്ന 31ന് രണ്ടാംവട്ടം മത്സരിച്ച് ഭൂരിപക്ഷം നേടിയാലേ പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതനേടൂ. രണ്ടാംമത്സരത്തിലെ സാധ്യത ഇപ്പോഴത്തെ ഭരണസഖ്യത്തില്‍പ്പെട്ട 19 ശതമാനം നേടിയ മറെനാ സില്‍വ (ഗ്രീന്‍പാര്‍ടി) ഡ സില്‍വയുടെ മന്ത്രിസഭയില്‍ അംഗമായിരുന്നു. അടിസ്ഥാനപരമായി അവരുടെ നിലപാട് ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനുമെതിരായ ഇടതുപക്ഷനയങ്ങള്‍തന്നെയാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍കൊടുക്കുന്ന ഗ്രീന്‍പാര്‍ടി അഥവാ ഹരിതകക്ഷി രൂപീകരിച്ചാണ് മത്സരിച്ചത്. ലോകത്തിലെ ഏറ്റവും നിബിഡമായ വനപ്രദേശങ്ങളും എണ്ണമറ്റ വന്യജീവികളുമുള്ള ബ്രസീലില്‍ വടക്കേഅമേരിക്കയിലെയും ബ്രസീലിലെയും മുതലാളിമാര്‍ വനങ്ങള്‍ വലിയതോതില്‍ നശിപ്പിച്ചുകഴിഞ്ഞു. മണ്ണൊലിപ്പ് മുന്‍വനങ്ങളെ ഊഷരഭൂമിയായി മാറ്റിക്കൊണ്ടിരിക്കയാണ്. ബ്രസീലിലെ ഏറ്റവും വലിയ നദിയായ ആമസോണും അതിന്റെ പോഷകനദികളും അതിവേഗം വറ്റിക്കൊണ്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ ഒരു ഹരിതകക്ഷിക്ക് കുറെ ജനപ്രീതിനേടാന്‍ കഴിഞ്ഞതില്‍ അത്ഭുതമില്ല. ഈ ജനപ്രീതിയാണ് മറെനാ സില്‍വയ്ക്ക് 19 ശതമാനം വോട്ട് നേടിക്കൊടുത്തത്. അന്തിമമത്സരം ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും വക്തവായ സാവപോളോ ഗവര്‍ണര്‍ ജോസ് സെറായും വര്‍ക്കേഴ്സ് പാര്‍ടി നേതാവ് ഡില്‍മാ റൂസ്സെഫും തമ്മിലാകുമ്പോള്‍ ഹരിതകക്ഷിക്കാരില്‍ ഒരു വലിയ വിഭാഗം ഭരണകക്ഷിക്കുവേണ്ടി വോട്ടുചെയ്യാന്‍ സാധ്യതയുണ്ട്. അവര്‍ക്കാണെങ്കില്‍ മൂന്നുശതമാനം വോട്ടിന്റെ കുറവ് മാത്രമേയുള്ളുതാനും. അതുകൊണ്ട് വരുന്ന മൂന്നാംതീയതി രണ്ടാംവട്ടം വോട്ടെടുപ്പില്‍ ഡില്‍മാ റൂസ്സെഫ് ജയിക്കുമെന്നു കരുതുന്നത് തെറ്റാന്‍ വഴിയില്ല. അഭിപ്രായവോട്ടുകളും അവര്‍ക്കനുകൂലമാണ്. ഏറ്റവും ഒടുവിലത്തെ അഭിപ്രായവോട്ടെടുപ്പില്‍ അവരുടെ ജനപ്രീതി 80 ശതമാനത്തിലേറെയാണെന്നുകാണുന്നു. കത്തോലിക്കാ സഭയും വോട്ടും ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രമായ ബ്രസീലില്‍ കമ്യൂണിസ്റുകാരുള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന് ഇത്ര വലിയ വിജയം നേടണമെങ്കില്‍ കത്തോലിക്ക ജനസാമാന്യത്തിന്റെ മാത്രമല്ല അവരുടെ ആത്മീയഗുരുക്കളായ പുരോഹിതന്മാരുടെ പിന്തുണയോ അല്ലെങ്കില്‍ ചുരുങ്ങിയപക്ഷം മൌനാനുവാദമോ ഉണ്ടായിരിക്കണം. ചില പുരോഹിതന്മാര്‍ നേരിട്ട് രംഗത്തിറങ്ങി ഇടതുപക്ഷത്തിനുവേണ്ടി പ്രര്‍ത്തിച്ചിരുന്നതായും വാര്‍ത്തയുണ്ട്. കത്തോലിക്കാ സഭയില്‍ വന്നുകൊണ്ടിരിക്കുന്ന ആരോഗ്യകരമായ ഈ പരിവര്‍ത്തനങ്ങളൊന്നും കേരളത്തില്‍ ഒരുവിഭാഗം കത്തോലിക്കാ പുരോഹിതര്‍ അറിയാഞ്ഞിട്ടാണോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ച് തങ്ങളുടെ രക്ഷാകര്‍ത്താക്കളായ മുതലാളിമാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയാണോ എന്ന് കൃത്യമായി പറയാന്‍ കഴിയില്ല. മഹാനായ കാലംചെയ്ത മാര്‍പാപ്പാ ജോ പോള്‍ രണ്ടാമന്‍ വിശുദ്ധനഗരമായ യെറൂസലേം പള്ളിയില്‍ മുട്ടുകുത്തി ദൈവത്തോട് മുസ്ളിങ്ങള്‍ക്കെതിരായ മൂന്നു നൂറ്റാണ്ട് കാലത്തെ 'കുരിശുയുദ്ധം' ദൈവനീതിക്ക് നിരക്കുന്നതല്ലെന്നും അതുകൊണ്ട് ദൈവം തമ്പുരാന്‍ കരുണ്യപൂര്‍വം ആ തെറ്റ് പൊറുക്കണമെന്നും പ്രാര്‍ഥിക്കുകയുണ്ടായി. ആര്‍ച്ച് ബിഷപ് മാര്‍ പവ്വത്തിനെപ്പോലുള്ളവര്‍ കമ്യൂണിസത്തിനെതിരായി ഒരു കുരിശുയുദ്ധത്തിന് കുഞ്ഞാടുകളെ ആഹ്വാനംചെയ്യുകയാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നാലുവര്‍ഷംമുമ്പ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നപ്പോള്‍ 1959ലെ കുപ്രസിദ്ധമായ 'വിമോചനസമരം' ആവര്‍ത്തിക്കാമെന്ന അതിമോഹത്താല്‍ പ്രേരിതനായി 'അങ്കമാലി കല്ലറ'വരെ പോയി പ്രതിജ്ഞയെടുത്ത പവ്വത്തില്‍ പിന്നീട് വൈകിവന്ന വിവേകംമൂലം ആ പരിപാടി ഉപേക്ഷിച്ചു. അങ്കമാലിയില്‍ വിമോചനസമരത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍പോലും ഈ സംരംഭത്തിന് എതിരായി എന്നത് അദ്ദേഹത്തിന്റെ ധീരമായ പിന്മാറ്റത്തിന് പ്രേരകമായിരുന്നിരിക്കാം. ആര്‍ച്ച് ബിഷപ്പിനെപോലുള്ളവര്‍ ഈ അപഥസഞ്ചാരത്തിന് ഒരുങ്ങുമ്പോഴും ക്രിസ്ത്യന്‍ സാമാന്യജനങ്ങളും സാധാരണ പുരോഹിതരും മാത്രമല്ല പല പുരോഹിതശ്രേഷ്ഠരും രാഷ്ട്രീയത്തില്‍ മതസ്വാധീനം ഉപയോഗിച്ചുകൂടെന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിലെ തെരഞ്ഞെടുപ്പിന്റെ അര്‍ഥം മാത്രമല്ല അടുത്തകാലത്ത് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും ഈ പുതിയ കുരിശുയുദ്ധക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വിശ്വപ്രശസ്ത മാര്‍ക്സിസ്റ് ദാര്‍ശനികനായ യൂര്‍ഗന്‍ ഹെബര്‍മാസ്സും തമ്മില്‍ നടന്ന ദീര്‍ഘമായ സംഭാഷണങ്ങളും അതെത്തുടര്‍ന്ന് മാര്‍ക്സിസത്തിന്റെ ചില വശങ്ങളെയെങ്കിലും അനുഭാവപൂര്‍വം പരിഗണിക്കേണ്ടതാണെന്ന് വത്തിക്കാന്റെ ഔദ്യോഗിക മുഖപത്രമായ 'റോമന്‍ ഒബ്സര്‍വറില്‍' പ്രസിദ്ധീകരിച്ചതും ഇവരാരും അറിഞ്ഞിട്ടില്ലെന്നു വരുമോ? ഏതായാലും ഒരു കാര്യം ഉറപ്പിച്ചുപറയാം. കത്തോലിക്കാ സഭയെ കമ്യൂണിസ്റ് പ്രസ്ഥാനമോ കമ്യൂണിസ്റ് പ്രസ്ഥാനത്തെ കത്തോലിക്കാ സഭയാകെയോ ശത്രുക്കളായി കണക്കാക്കുന്നില്ല. ബ്രസീല്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണംമാത്രം.

2 comments:

N.J ജോജൂ said...

ചില മെത്രാന്മാരും പുരോഹിതരും ലിബറേഷന്‍ തിയോലജിയുറെ പ്രച്ചരകരയിട്ടുന്ടെങ്കിലും കത്തോലിക്കാ സഭ വിമോചന ദൈവശാസ്ത്രത്തെ അംഗീകരിക്കുന്നില്ല.

പൌവത്തില്‍ പിതാവിന്റെ നിലപാടുകളെ പി.ജി മനസിലാക്കാത്തത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ല.
സഭ മാർക്ക്സിനെ വാഴ്ത്തുന്നു? - ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ (November, 2009)

ലേഖനത്തിലെ ചില പ്രധാന ആശയങ്ങള്‍:-

1. മുതലാളിത്തത്തിന്റെ കടുത്തരൂപങ്ങളെ സഭ എന്നും തള്ളിപ്പറഞ്ഞിട്ടൂണ്ട്.
2. വ്യവസായ വിപ്ലവകാലത്ത്‌ ഉരുത്തിരിഞ്ഞ സാഹചര്യങ്ങളെ മാർക്ക്സ്‌ വിമർശിച്ചതിൽ പല യാഥാർഥ്യങ്ങളുമുണ്ട്.
3. ഭൌതീകവാദത്തെയും വര്‍ഗ്ഗസമര സിദ്ധാന്തത്തെയും സഭയ്ക്ക് അംഗീകരിയ്ക്കാനാവില്ല.
4. മാര്ക്സിസത്തിലെ പിശക്‌ മാർക്ക്സിന്റെ സിദ്ധാന്തം നടപ്പിലാക്കാൻ ശ്രമിച്ചവരിൽ മാത്രമല്ല മാർക്ക്സിന്റെ കൃതികളിൽ തന്നെയുള്ളതാണ്‌.
5. സഭയുടെ പ്രബോധനസംഹിത മുതലാളിത്ത വ്യവസ്ഥിതിയേയും മാർക്ക്സിസത്തെയും വിമർശനാത്മകമായേ കണ്ടിട്ടുള്ളൂ.

Nasiyansan said...

ഡോ. ജോർജ്ജ്‌ അഗസ്റ്റിൻ എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗം ഇവിടെ പോസ്റ്റുന്നു

കമ്യൂണിസം മതവിരുദ്ധമല്ലെന്നോ?-ഡോ. ജോർജ്ജ്‌ അഗസ്റ്റിൻ

എന്നാൽ സഭ നിലകൊള്ളുന്ന മൂല്യങ്ങൾക്കും ആദർശങ്ങൾക്കുംവേണ്ടി വാദിക്കാൻ സഭ ബാധ്യസ്ഥമാണ്‌. പൗരധർമത്തിന്റെ ഭാഗമാണത്‌. ആ ചുമതല നിറവേറ്റിയില്ലെങ്കിൽ യൂറോപ്പിൽ കമ്യൂണിസ്റ്റ്‌ ഭരണകാലത്തു സംഭവിച്ചതുപോലെ നിരപരാധികളുടെ രക്തംവീണ്‌ ഭൂമി ഇനിയും ചുവന്നെന്നിരിക്കും. അതുകൊണ്ട്‌ സഭയെ നിശബ്ദമാക്കാൻ “ചില പുരോഹിതരെ” മാത്രം ഒറ്റപ്പെടുത്തി ശരിപ്പെടുത്താമെന്നു വിചാരിക്കുന്നതു പാഴ്‌ വേലയാണ്‌

വിമോചന ദൈവശാസ്ത്രം ഒരു കാലത്ത്‌ ലാറ്റിനമേരിക്കയുടെ ചൂഷകവ്യവസ്ഥിതിയിൽ മാറ്റംവരുത്താൻ പര്യാപ്തമാകുമെന്നു സങ്കൽപിക്കപ്പെട്ടിരുന്നു. കമ്യൂണിസ്റ്റുകളുമായുള്ള ബാന്ധവം ധൃതരാഷ്ട്രാലിംഗനത്തിൽ കുറഞ്ഞ ഒന്നല്ലെന്ന തിരിച്ചറിവു വരെ വിമോചന ദൈവശാസ്ത്രം സഭയ്ക്കു നഷ്ടങ്ങൾ മാത്രമാണ്‌ സമ്മാനിച്ചത്‌. കമ്യൂണിസ്റ്റ്‌ മാർക്ക്സിസ്റ്റ്‌ തത്ത്വചിന്തയുടെ ഹിംസാത്മകരൂപം നിർമിക്കുന്ന ചതിക്കുഴികളെക്കുറിച്ച്‌ മറ്റാരേക്കാളും ബോധ്യമുണ്ടായിരുന്ന പോളണ്ടുകാരനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിമോചനദൈവശാസ്ത്രത്തെപ്പറ്റി നൽകിയ മൂന്നാര്റിയിപ്പുകൾ ഇന്നും പ്രസക്തമാണ്‌.

മാർക്ക്സിസം എന്താണെന്നു പഠിച്ച്‌, അതിന്റെ കപടയുക്തികളെയും മതവിമർശനത്തിലെ യുക്തിഭംഗങ്ങളെയും പറ്റി എഴുതിയ യൂർഗെൻ ഹാബെർമാസ്‌ മാർക്ക്സിസ്റ്റ്‌ ആണെന്നു പറയുംമുമ്പ്‌ അദ്ദേഹം എഴുതിയ “നത്തുറാലിസ്മൂസ്‌ ഉണ്ട്‌ റെലിഗിയോൻ” (2005) വായിക്കുന്നതു നന്നായിരിക്കും. അതുപോലെ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, മനുഷ്യ സഹവർത്തിത്വം മുതലായ മൂല്യങ്ങളും യഹൂദ-ക്രൈസ്തവ പാരമ്പര്യങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി അദ്ദേഹമെഴുതിയ “റ്റ്സൈറ്റ്‌ ദർ ഉ്യ‍ൂബർഗേങ്ങെ” (2001) എന്ന കൃതിയും. ഹാബെർമാസിന്റെ ഏറ്റവും വലിയ വിമർശകനായ ഹാൻസ്‌ ആൽബെർട്ടിന്റെ കൃതികൾകൂടി വായിച്ചാൽ അദ്ദേഹം എത്രത്തോളം മാർക്ക്സിസ്റ്റ്‌ ആണെന്നു മനസിലാക്കാം.

സമശീർഷരായ ദാർശനികരാണ്‌ ബെനഡിക്ട്‌ പതിനാറാമൻ മാർപാപ്പയും ഹാബെർമാസും. അവരുടെ സംഭാഷണം ഒരു ജർമൻ കത്തോലിക്കാ പ്രസാധനശാലയാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ (2005). അതുതന്നെ വായിച്ചിട്ടാകാം “ഒസർവത്തോരെ റൊമാനോയിലെ ഇറ്റാലിയൻ ലേഖനം വ്യാഖ്യാനിക്കാൻ.