മമതയ്ക്ക് മര്യാദ വെറും തൃണം
സുകുമാര്‍ അഴീക്കോട്..
കഴിഞ്ഞ ബുധനാഴ്ച കൊല്‍ക്കത്തയില്‍ അസാധാരണമായി ഒരു പരിപാടി നടന്നു. സാധാരണ നിലയ്ക്ക് കണ്ടാല്‍, അത് വളരെ ചെറിയ പരിപാടിയായിരുന്നു. കൊല്‍ക്കത്ത നഗരത്തിന്റെ തെക്ക് കിഴക്കന്‍ ഭാഗത്തെ നടുവിലുള്ള വാണിജ്യകേന്ദ്രവുമായി ബന്ധപ്പെടുത്തുന്ന ഒരു മെട്രോ റെയില്‍പ്പാളത്തിന്റെ ഉദ്ഘാടനമാണ് സംഭവം. പാളത്തിന്റെ നീളം 17 കിലോമീറ്റര്‍ വരില്ല. രണ്ടായിരത്തില്‍പരം രൂപയുടെ ഒരു ചെറുകിട പദ്ധതി. അതിന് വലിയ പരിവേഷം കൊടുത്തത് രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് ഉദ്ഘാടനം നിര്‍വഹിച്ചത് എന്നതുമാത്രം. പക്ഷേ, സംഭവം അസാധാരണമായി. നല്ലൊരു കാര്യത്തിന് അനാവശ്യമായ ഒരു കരിനിഴല്‍ ഉണ്ടാക്കാന്‍ റെയില്‍ മന്ത്രിയും തൃണമൂല്‍ കോഗ്രസ് നേതാവുമായ മമതാ ബാനര്‍ജിക്ക,് ഒരു വിലകുറഞ്ഞ മര്‍ക്കടമുഷ്ടികാരണം സാധിച്ചു. കൊല്‍ക്കത്തയില്‍ ഇങ്ങനെയൊരു റെയില്‍ ലൈന്‍ തുടങ്ങുമ്പോള്‍ ക്ഷണിക്കപ്പെടേണ്ടവരില്‍ ഒന്നാമന്‍ ആരാണ്? ഏത് കുട്ടിയും ശരിയായ ഉത്തരം പറയും; സംസ്ഥാനത്തിലെ മുഖ്യമന്ത്രി എന്ന്. പക്ഷേ, റെയില്‍വേ മന്ത്രിയുടെ പേര് മമത എന്നാണെങ്കിലും അവര്‍ക്ക് മമതയില്ലാത്തവരാണ് ബംഗാള്‍ ഇപ്പോള്‍ ഭരിച്ചുവരുന്നത്. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും മന്ത്രിസഭാംഗങ്ങളും മാര്‍ക്സിസ്റ്പാര്‍ടിക്കാരായതാണ് ഈ തൊട്ടുകൂടായ്മയ്ക്കു കാരണം. സഹമന്ത്രിമാരെ ആരെയും ക്ഷണിച്ചില്ലെന്ന് പറയുന്നത് ശരിയല്ല. മിസ് ബാനര്‍ജി ഒടുവില്‍, ഏതോ മനസ്സാക്ഷിക്കുത്തുകൊണ്ടോ മര്യാദ ലംഘനത്തിന്റെ അതിര്‍ത്തി കടന്നുപോകുമെന്ന് പേടിച്ചോ ബംഗാള്‍ മന്ത്രിസഭയിലെ ഗതാഗതമന്ത്രി രഞ്ജിത് കുണ്ഡുവിനെ ക്ഷണിക്കുകയുണ്ടായി. തീവണ്ടി ഗതാഗതത്തിന്റെ ഒരു പരിപാടി നടക്കുമ്പോള്‍ സംസ്ഥാനത്തെ ഗതാഗതമന്ത്രിയെ ഒഴിവാക്കുന്നത് നീതീകരിക്കാനാവാത്ത തെറ്റാകുമെന്നും മര്യാദലംഘനത്തില്‍ റെക്കോഡുണ്ടാക്കിയ മമതയ്ക്ക് തോന്നി? പക്ഷേ, ശ്രീ കുണ്ഡുവിന്റെ രാഷ്ട്രീയ സദാചാരം അദ്ദേഹം മമതയുടെ സ്കൂളില്‍നിന്നല്ല പഠിച്ചത്. അതുകൊണ്ട് അദ്ദേഹം ആ വഴിക്കേ പോയില്ല. മമതയുടെ സദാചാരമാണ് അദ്ദേഹം പഠിച്ചിരുന്നതെങ്കില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയെങ്കിലും തന്നെ ക്ഷണിച്ചല്ലോ എന്നു കരുതി കുണ്ഡുവിന് രാഷ്ട്രപതിയോടൊപ്പം വേദിയില്‍ ഞെളിഞ്ഞിരിക്കാമായിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സദാചാരം വളരെ മഹനീയമാണെന്ന് കേന്ദ്ര തീവണ്ടി മന്ത്രിക്ക് ബോധ്യപ്പെട്ടിരിക്കണം. (അതും സംശയിക്കണം!) വേദിയിലിരിക്കാന്‍ വേറെ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. തൃണമൂല്‍ നേതാക്കള്‍ കുറച്ചൊന്നുമല്ല, എട്ടെണ്ണം. പശ്ചിമ ബംഗാളില്‍നിന്ന് നിയമിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ ആറെണ്ണം. ഇവരില്‍ ആര്‍ക്കും മുഖ്യമന്ത്രിയുടെ അസാന്നിധ്യം ഒരു പ്രശ്നമായിരുന്നില്ല. ഒരക്ഷരം എതിരുപറയാതെ മമത ആജ്ഞാപിച്ചതനുസരിച്ച് എന്തുവൃത്തികേടും ചെയ്യാന്‍ മടിയില്ലാത്ത ഈ അധമ വര്‍ഗത്തെപ്പറ്റി രാഷ്ട്രപതിക്ക് എന്ത് തോന്നും എന്ന ചിന്തപോലും അവരെ അലട്ടിയതായി തോന്നുന്നില്ല. രാഷ്ട്രപതിക്ക് ഉള്ളില്‍ എതിര്‍പ്പ് തോന്നിയിട്ടുണ്ടാകാമെങ്കിലും അത് പ്രകടിപ്പിക്കാന്‍ ആ അവസരം പറ്റിയതാണെന്ന് ഈ ലേഖകനും അഭിപ്രായമില്ല. അനൌദ്യോഗികമായി മമതയെ വിളിച്ച് ഉപദേശരൂപത്തില്‍ വല്ലതും അവര്‍ ഇനി പറയുമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ വയ്യ. ഗവര്‍ണര്‍ക്കും ഇത്തരം പരാധീനതകള്‍ ഉണ്ടാകാം. പക്ഷേ, സംസ്ഥാനത്തിലെ ഗവര്‍ണര്‍ എന്ന നിലയ്ക്ക്, അധികം ഉത്തരവാദിത്തമുള്ള ഒരു പരിപാടിയില്‍, രാഷ്ട്രപതി ഉണ്ടായിരിക്കെ, ഒരു ചീത്തത്തം നടക്കുന്നത് തടയാന്‍ ഗവര്‍ണര്‍ക്ക് റെയില്‍വേ മന്ത്രിയെ വ്യക്തിപരമായി വിളിച്ച് അന്വേഷിക്കാമായിരുന്നു. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും ഈ സ്ഥിതിവിശേഷം ചോദ്യംചെയ്യാതെ കുമ്പിട്ടു സ്വീകരിച്ചു എന്നുകാണുന്നതില്‍ വ്യസനമുണ്ട്. ഒരു സീനിയര്‍ മന്ത്രി എന്ന നിലയില്‍ ബംഗാളിന് അപമാനം വരുത്തുന്ന ഈ നടപടിയില്‍നിന്ന് പിന്തിരിയണമെന്ന് ഈ വാശിക്കാരിയായ സഹപ്രവര്‍ത്തകയെ ഉപദേശിക്കേണ്ട കടമ അദ്ദേഹത്തിനുണ്ടായിരുന്നു. ആ കുപിത വനിതയെ വീണ്ടും പ്രകോപിപ്പിച്ചാല്‍ തന്റെ രാഷ്ട്രീയഭാവിക്ക് അത് അപായം വരുത്തുമോ എന്ന് സംശയിച്ചിരിക്കാം. ഇവരൊക്കെ എന്തുചെയ്തുവെന്നും ഇനി എന്തുചെയ്യും എന്നും അല്‍പ്പം ദിവസംകൂടി കഴിഞ്ഞാല്‍ മാത്രമേ വ്യക്തമായി മനസിലാകുകയുള്ളൂ. രാഷ്ട്രപതി നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍, മുഖ്യമന്ത്രി അവിടെ അവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. റെയില്‍വേ മന്ത്രിക്ക് വ്യോമയാന മന്ത്രിയുടെ അധികാരമില്ലല്ലോ. ശ്രീമതി പാട്ടീലിന് ബുദ്ധദേവിനോട് മമത കാട്ടിയ അനാദരത്തിന്റെ തീവ്രത മനസിലാക്കാന്‍ ഈ സ്വാഗതം സഹായിച്ചിരിക്കണം. ഏതായാലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിന് സമാനമായ ഒരു മര്യാദലംഘനമോ രാഷ്ട്രീയ സദാചാര ധ്വംസനമോ നടന്നതിന് വേറെ തെളിവില്ല. അവര്‍ അപമാനിച്ചത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ അല്ല, പശ്ചിമബംഗാളിലെ മുഴുവന്‍ ജനതയേയുമാണ്. വേദിയിലിരിക്കാന്‍ കഴിഞ്ഞത് എന്തോ മഹാഭാഗ്യമായി കരുതിയ തൃണമൂല്‍ നേതാക്കളും കേന്ദ്ര മന്ത്രിമാരും ഒഴികെ സാധാരണ മനുഷ്യര്‍ ഈ നാണംകെട്ട അനീതിയെ അപഹസിക്കാതിരിക്കില്ല. ഈ ദുഷ്കര്‍മത്തിന്റെ ഫലം അടുത്ത തെരഞ്ഞെടുപ്പില്‍ ത്തന്നെ ഈ തലതിരിഞ്ഞ സ്ത്രീനേതാവിന് അനുഭവപ്പെടാതിരിക്കില്ല. അറപ്പുളവാക്കുന്ന ഒരു ചിത്തവൃത്തിയാണ് റെയില്‍വേ ഭരണക്കാരി പ്രകടിപ്പിച്ചത്. ഒരു സ്ത്രീയും ഇത്ര കടുത്തതും അമാന്യവുമായ പ്രതികാരബുദ്ധി കാണിക്കാന്‍ ഇടയില്ല. സ്ത്രീകള്‍ക്ക് സംവരണം വര്‍ധിപ്പിക്കണം എന്ന ചിന്താഗതിക്ക് അനുകൂലമായ ഒരു സംഗതി, പുരുഷന്റേതിലും നന്മ കൂടിയ സ്വഭാവത്തിന്റെ മാതൃക സ്ത്രീകള്‍ പ്രദര്‍ശിപ്പിക്കുമെന്ന ഒരു വിശ്വാസമാണ്. അത് അപ്പാടെ ഈ സംഭവം തകര്‍ത്തിരിക്കുന്നു. സ്ത്രീവര്‍ഗത്തിനുതന്നെ ലജ്ജയുണ്ടാക്കുന്ന ഒരു ഹീനപ്രവൃത്തിയായിപ്പോയി മമതയുടേത്. കേന്ദ്രമന്ത്രിസഭയുടെ അധ്യക്ഷനാണല്ലോ പ്രധാനമന്ത്രി. തന്റെ ഒരു സഹപ്രവര്‍ത്തക മന്ത്രിപദവിക്കോ രാഷ്ട്രീയ നേതൃസ്ഥാനത്തിനോ ഒന്നിനും നിരക്കാത്തതരം കുത്സിത കര്‍മം ചെയ്തത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാമോ പ്രധാനമന്ത്രി? പ്രധാനമന്ത്രിയുടെ പ്രതിഛായക്കുപോലും കോട്ടം തട്ടിക്കുന്ന ഒരു നീചപ്രവൃത്തിയാണ് നിര്‍ഭാഗ്യവശാല്‍ ബംഗാളില്‍ നടന്നത്. തക്ക സമയത്ത് ഇത്തരം കൊള്ളരുതായ്മകള്‍ പറഞ്ഞുവച്ചില്ലെങ്കില്‍ ഇങ്ങനെ പലതുംചെയ്ത് പേരെടുക്കാന്‍ ചിലരെങ്കിലും തുനിഞ്ഞെന്നുവരാം. അത് ഇല്ലാതാക്കാന്‍കൂടി പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപേടേണ്ടതുണ്ടെന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെല്ലാം ചിന്തിക്കുന്നുണ്ടാകണം. ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിമാരെ ഇത്തരത്തില്‍ മാനംകെടുത്താന്‍ എത്രയോ സന്ദര്‍ഭങ്ങള്‍ സുലഭമാണ്. ബുദ്ധദേവ് അങ്ങനെ പകരം വീട്ടുമെന്നല്ല ഇപ്പറഞ്ഞതിന് അര്‍ഥം. ചെറിയ മനുഷ്യര്‍ക്കേ ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുകയുള്ളൂ. തൃണമൂല്‍ കക്ഷി എന്ന അണുപാര്‍ടിക്ക് ചെയ്യാവുന്നത് മാര്‍ക്സിസ്റ് പാര്‍ടിക്ക് ചെയ്യാന്‍ പറ്റില്ല. മമതയ്ക്ക് ചെയ്യാവുന്നത് ബുദ്ധദേവിന് യോജിക്കുകയില്ല. എല്ലാറ്റിനുമപ്പുറത്ത് ഇത്തരം ക്ഷുദ്രപ്രവൃത്തികള്‍ നമ്മുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയെ തളര്‍ത്തുന്ന സംഭവങ്ങളാണെന്ന് എല്ലാവരും തിരിച്ചറിയുന്നത് നന്നായിരിക്കും. നാം മറ്റുള്ളവരോട് ചെയ്യുന്നത് മറ്റുള്ളവര്‍ നമ്മോട് ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്ന രീതിയില്‍ ആകണമെന്നില്ലല്ലോ. അങ്ങനെ ചെയ്യുന്നതു മാത്രമേ കീഴ്വഴക്കമാകുകയുള്ളൂ. ഇവിടെ നടന്നത് ചീത്ത വഴക്കമാണ്. തന്റെ കൈയില്‍ സ്വല്‍പ്പം കാലത്തേക്ക് സ്വല്‍പ്പം അധികാരം വന്നിരിക്കുമ്പോള്‍ അത് സമുദായത്തിന് ഗുണകരവും അഭിമാന ജനകവുമായ വിധത്തില്‍ നിറവേറ്റാന്‍ കഴിയാത്തവരെ അത്തരം സ്ഥാനങ്ങളില്‍ എത്തിക്കാന്‍ പാടില്ലാത്തതാണ്. ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകന് നല്ല മനുഷ്യനാകാതിരിക്കാന്‍ പറ്റില്ല. വഴക്കടിച്ചും ചീത്ത കാര്യങ്ങള്‍ ചെയ്തും ധിക്കാരം കാട്ടിയും തന്റെ ക്ഷണികമായ അധികാരകാലം ഉപയോഗിക്കുന്ന വ്യക്തി സമൂഹത്തിന്റെ നിന്ദാപാത്രമായി എന്നേക്കും രാഷ്ട്രീയ പാതാളത്തില്‍നിന്ന് പുറത്തുവരാനാവാതെ കഷ്ടപ്പെടേണ്ടിവരും. ഈ സംഭവംകൊണ്ട് ചീത്തയായതും നാണംകെട്ടതും ബുദ്ധദേവല്ല. മമത ബാനര്‍ജിയാണ്. ഈ നിഴല്‍ മേലില്‍ എപ്പോഴും അവരുടെ മുമ്പില്‍ സഞ്ചരിച്ചുകൊണ്ടിരിക്കും. ബുദ്ധദേവ് മമതയെപ്പറ്റി ഒരക്ഷരം പറഞ്ഞില്ലല്ലോ. വലിയവരും ചെറിയവരും തമ്മിലുള്ള വ്യത്യാസം എത്ര വലുതാണെന്ന് നാം ഈ കഥയില്‍നിന്ന് മനസ്സിലാക്കുന്നു. മാനവികവും ജനാധിപത്യപരവുമായ എല്ലാ മര്യാദകളും സദാചാരങ്ങളും തൃണസമാനമായി കണക്കാക്കുന്ന ഒരു രാഷ്ട്രീയ കക്ഷിക്ക് എന്ത് പേരാണോ ഔചിത്യപൂര്‍വം കൊടുക്കാനാവുന്നത് ആ പേര് മമത ബാനര്‍ജി തന്റെ കക്ഷിക്ക് നല്‍കിയത് സത്യത്തിന്റെ നിയോഗംമൂലമാണ്-തൃണമൂല്‍ കോഗ്രസ്! അവര്‍ക്ക് എല്ലാം തൃണമായിരിക്കും.
No comments:
Post a Comment