Thursday, August 19, 2010

സഖാവിന്റെ സ്മരണ

സഖാവിന്റെ സ്മരണ

പിണറായി വിജയന്

‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ കേരളമാകെ ഇന്ന് പുതുക്കുകയാണ്. 1948 ആഗസ്ത് 19നാണ് നാല്‍പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളില്‍ സ. കൃഷ്ണപിള്ളയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റുകാരനായി മാറുകയും കമ്യൂണിസ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി. ഒളിവിലും തെളിവിലുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വിപ്ളവകാരികള്‍ക്ക് അനുകരണീയ മാതൃകയാണ്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ് പാര്‍ടി യൂണിറ്റിന്റെ സെക്രട്ടറി സഖാവായിരുന്നു. ആ ജീവിതം അന്യൂനമായ സംഘടനാശേഷിയും ഉറച്ച കമ്യൂണിസ്റ് ബോധവും സന്നദ്ധതയും മനുഷ്യസ്നേഹവും ധീരതയും സമ്മേളിച്ചതായിരുന്നു. ഇന്നത്തെ കോട്ടയം ജില്ലയിലെ വൈക്കത്ത് 1906ലാണ് ജനനം. ദാരിദ്യ്രംമൂലം അഞ്ചാംക്ളാസില്‍ പഠനം അവസാനിപ്പിച്ചു. പതിനാറാംവയസ്സില്‍ ആലപ്പുഴയില്‍ കയര്‍ തൊഴിലാളിയായി. തുടര്‍ന്ന് നാട്ടിലും മറ്റുപല സ്ഥലങ്ങളിലുമായി വിവിധ ജോലികള്‍ ചെയ്തു; ഇംഗ്ളീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യംചെയ്യാന്‍ പഠിച്ചു. 1929ല്‍ ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ പൂര്‍ണസമയ പ്രവര്‍ത്തകനായി. ദേശീയ പ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ട കൃഷ്ണപിള്ള 1930ല്‍ കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തു. ഭീകരമര്‍ദനത്തിനിരയായശേഷം തുറുങ്കിലടയ്ക്കപ്പെട്ടു. ബംഗാളിലെയും പഞ്ചാബിലെയും വിപ്ളവകാരികളൊത്തുള്ള ജയില്‍വാസം കൃഷ്ണപിള്ളയിലെ വിപ്ളവാവേശം ഉണര്‍ത്തി. ജയില്‍മോചിതനായശേഷം 1931ലെ ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. '34ല്‍ കോഗ്രസില്‍ രൂപംകൊണ്ട കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയുടെ സെക്രട്ടറി കൃഷ്ണപിള്ളയായിരുന്നു. വര്‍ഗസമരത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സഖാവ് ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടമില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. '36ല്‍ ചിറക്കല്‍ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്ത കൃഷിക്കാരുടെ നിവേദനജാഥ നയിച്ചത് കൃഷ്ണപിള്ളയാണ്. പിണറായി-പാറപ്രം രഹസ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയാവുകയുംചെയ്തു. '40 സെപ്തംബര്‍ 15ന് ഒളിവിലിരുന്നാണ് മലബാറിലെ മര്‍ദന പ്രതിഷേധദിനത്തിന് നേതൃത്വം നല്‍കിയത്. '40 അവസാനം അറസ്റ് ചെയ്ത് ശുചീന്ദ്രം ജയിലില്‍ അടച്ചു. '42 മാര്‍ച്ചിലാണ് വിട്ടത്. പിന്നീട് കോഴിക്കോട് കേന്ദ്രീകരിച്ച് കമ്യൂണിസ്റ് പാര്‍ടി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. '46 മുതല്‍ വീണ്ടും ഒളിവു ജീവിതമാരംഭിച്ചു. '46 ആഗസ്തില്‍ പ്രവര്‍ത്തനകേന്ദ്രം ആലപ്പുഴയിലേക്ക് മാറ്റുകയും വയലാര്‍ സമരത്തിന് നേതൃത്വം നല്‍കുകയുംചെയ്തു. പാര്‍ടി രഹസ്യപ്രവര്‍ത്തനത്തിലേക്ക് ആഴ്ന്നിറങ്ങിയ ഘട്ടത്തില്‍ കൃഷ്ണപിള്ളയുടെ നേതൃത്വം അതുല്യവും ഐതിഹാസികവുമായിരുന്നു. മുഹമ്മയ്ക്കടുത്ത് ഒരു തൊഴിലാളിയുടെ വീട്ടില്‍ ഒളിവിലിരിക്കുമ്പോഴാണ് സഖാവ് പാമ്പുകടിയേറ്റ് മരണമടഞ്ഞത്. കേരളത്തില്‍ കൃഷ്ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പേരിന്റെ പര്യായമായി 'സഖാവ്' മാറി. പ്രവര്‍ത്തകരെ കണ്ടെത്തുന്നതിനും കഴിവനുസരിച്ച് ചുമതല ഏല്‍പ്പിക്കുന്നതിനുമുള്ള സഖാവിന്റെ സംഘടനാ വൈഭവത്തിലൂടെയാണ് പാര്‍ടിയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ പലരും നേതൃനിരയിലേക്ക് ഉയര്‍ന്നുവന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലും കോഗ്രസ് ഭരണത്തിന്‍ കീഴിലും കടുത്ത എതിര്‍പ്പുകളെയും ആക്രമണങ്ങളെയും പാര്‍ടിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കമ്യൂണിസ്റുകാരെ പരസ്യമായി തല്ലിക്കൊന്നാല്‍പോലും ഗുണ്ടകള്‍ക്ക് സംരക്ഷണം കൊടുക്കുന്ന കാലമായിരുന്നു അത്. പാര്‍ടിപ്രവര്‍ത്തകരെ ഗുണ്ടകളും പൊലീസും വേട്ടയാടിയപ്പോള്‍ അത്തരം പ്രദേശങ്ങളില്‍ ഓടിയെത്താനും സഖാക്കള്‍ക്ക് കരുത്തും ഊര്‍ജസ്വലതയും പകരാനുമുള്ള സഖാവ് കൃഷ്ണപിള്ളയുടെ നേതൃശേഷി കിടയറ്റതായിരുന്നു. സര്‍പ്പദംശനമേറ്റ് പ്രജ്ഞ അസ്തമിക്കുന്ന നിമിഷത്തിലും ആ വിപ്ളവകാരി നല്‍കിയ സന്ദേശം 'സഖാക്കളെ മുന്നോട്ട'് എന്നായിരുന്നു. സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തി. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ എത്രമാത്രം പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നത്. കമ്യൂണിസ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ നെടുനായകത്വം വഹിച്ച സഖാവിന്റെ സ്മരണപുതുക്കുന്ന ഈ വേളയില്‍ സഖാവ് നയിച്ച അതേ തീവ്രതയോടെ പോരാട്ടം തുടരുകയാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം. ലോക്സഭയില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും ആഗോളവല്‍ക്കരണ നയങ്ങള്‍ക്കുവേണ്ടി കൈപൊക്കുന്നവരുടെ ബലത്തില്‍ യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ജനാധിപത്യത്തെപ്പോലും തകര്‍ക്കുംവിധം ഭരിക്കുകയാണ്. ഏകലോകക്രമം സ്ഥാപിക്കാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അജന്‍ഡ ആഗോളവല്‍ക്കരണനയങ്ങളിലൂടെയാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങളുടെ ദുരിതം രാജ്യത്തെയും ജനങ്ങളെയും കടുത്തരീതിയില്‍ ബാധിച്ച ഘട്ടത്തില്‍തന്നെയാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ വര്‍ഗീയമായ ധ്രുവീകരണം ശക്തിപ്പെട്ടു വന്നത്. തൊണ്ണൂറുകളില്‍ അത്തരം വര്‍ഗീയവല്‍ക്കരണത്തെയും അതിന്റെ ഫലമായുണ്ടായ അപകടങ്ങളെയും ചെറുത്ത് ഇല്ലായ്മചെയ്യുക എന്ന ഉത്തരവാദിത്തം തൊഴിലാളി വര്‍ഗത്തിനും ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിനും ഏറ്റെടുക്കേണ്ടി വന്നു. വിട്ടുവീഴ്ചയില്ലാത്ത ആ നിലപാടിന്റെ ഭാഗമായാണ് വര്‍ഗീയ ശക്തികള്‍ക്ക് അധികാരത്തില്‍നിന്ന് പുറത്തുപോകേണ്ടിവന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുന്ന സാഹചര്യം അങ്ങനെ രൂപപ്പെട്ടതാണ്. അന്ന്, ഇടതുപക്ഷത്തിന്റെ പിന്തുണയാണ് സര്‍ക്കാരിന്റെ നിലനില്‍പ്പിന് ആധാരം എന്നതുകൊണ്ടുതന്നെ, ആഗോളവല്‍ക്കരണനയങ്ങള്‍ തീവ്രമായി നടപ്പാക്കുന്നതിന് യുപിഎയ്ക്ക് കഴിഞ്ഞില്ല. ജനങ്ങള്‍ക്ക് ആശ്വാസകരമായ ചില പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് നിര്‍ബന്ധിക്കപ്പെടുകയുംചെയ്തു. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ യുപിഎയ്ക്ക് ഒറ്റയ്ക്ക് അധികാരത്തില്‍ എത്താമെന്ന നിലയാണ് പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. അതുവരെ ഒളിപ്പിച്ചുവച്ചിരുന്നതോ അതിന് നിര്‍ബന്ധിക്കപ്പെട്ടിരുന്നതോ ആയ സാമ്രാജ്യാനുകൂല-ജനവിരുദ്ധ നയങ്ങള്‍ സങ്കോചമില്ലാതെ നടപ്പാക്കാനാണ് ഈ അവസരം യുപിഎ ഉപയോഗിച്ചത്. ഇത് വിവിധ ജനവിഭാഗങ്ങളുടെ ജീവിതംതന്നെ ദുരിതപൂര്‍ണമാക്കി. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും ഒരുപരിധിവരെ സംരക്ഷിക്കാന്‍ ഉതകുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാനും അതിസമ്പന്നരെ നികുതിയിളവുകള്‍ കൊടുത്ത് പോഷിപ്പിക്കാനും വിലക്കയറ്റംപോലുള്ള സാധാരണ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കുനേരെ അവഗണന വര്‍ഷിക്കാനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ തരത്തില്‍ വിദേശനയത്തില്‍ മാറ്റം വരുത്താനും തയ്യാറാകുന്ന യുപിഎ സര്‍ക്കാരിനെയാണ് നാമിന്ന് കാണുന്നത്. തൊഴിലാളി സംഘടനകളുടെ കൂട്ടായ വേദി രൂപീകരിച്ച് സെപ്തംബര്‍ ഏഴിന് പണിമുടക്ക് നടത്താന്‍ എടുത്ത തീരുമാനം വ്യവസായ മേഖലയില്‍ ഈ പോരാട്ടം ശക്തിപ്പെടുന്നതിന്റെയും അതിനായി കക്ഷിഭിന്നതകള്‍ മറന്ന് യോജിപ്പുണ്ടാകുന്നതിന്റെയും ദൃഷ്ടാന്തമാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും ചെറുതല്ല. സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും വിത്തുബില്ല് പോലുള്ള നിയമനിര്‍മാണം നടത്തുകയും കരാര്‍ കൃഷിയും അഗ്രി ബിസിനസും പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ കാര്‍ഷികമേഖലയില്‍ കടന്നുവരികയാണ്. ദാരിദ്യ്രരേഖ താഴ്ത്തി വരച്ച് അവശജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇടതുപക്ഷത്തിന്റെ ശ്രമഫലമായി നിര്‍മിക്കപ്പെട്ട തൊഴിലുറപ്പ് പദ്ധതിപോലും അട്ടിമറിക്കുന്നു. ഇതിനെല്ലാമെതിരെ കാര്‍ഷികമേഖലയിലും പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ഇങ്ങനെ ഓരോ മേഖലയിലും രൂപപ്പെടുന്ന പ്രതിഷേധങ്ങളെ കൂട്ടിയോജിപ്പിച്ച് തൊഴിലാളികളെയും കര്‍ഷകരെയും അണിനിരത്തി വിശാല വര്‍ഗ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തുകയാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. കേരളത്തിലാകട്ടെ, യുപിഎയുടെ സംസ്ഥാനതലരൂപമായ യുഡിഎഫ് അത്യന്തം അപകടകരമായ രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്. തെരഞ്ഞെടുപ്പുനേട്ടം മുന്നില്‍കണ്ട് വര്‍ഗീയതകളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, വര്‍ഗീയശക്തികളുടെ ഫെഡറേഷന്‍ ആയി സ്വയം മാറുകകൂടി ചെയ്തിരിക്കുന്നു ആ മുന്നണി. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട്, രാഷ്ട്രീയത്തില്‍ മത-വര്‍ഗീയ-ഭീകര ശക്തികളെ ഇടപെടുവിക്കാന്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ ഇതിനകം പരസ്യമായിക്കഴിഞ്ഞു. മതനിരപേക്ഷത തകര്‍ത്ത് മതരാഷ്ട്രം സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നവരും തങ്ങളുടെ മതക്കാരല്ലാത്തവര്‍ വിദേശികളാണെന്നാക്രോശിച്ച് ആയുധമെടുക്കുന്നവരും പരമത ദ്വേഷത്താല്‍ അറുംകൊല നടത്തുന്നവരുമെല്ലാം യുഡിഎഫ് പാളയത്തില്‍ ഒന്നിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഒരുഭാഗത്ത് ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങളുടെയും മറുവശത്ത് കേന്ദ്ര യുപിഎ ഗവമെന്റിന്റെ ജനദ്രോഹ-ആഗോളവല്‍ക്കരണ നയങ്ങളുടെയും ആക്രമണത്തെ നേരിട്ടാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പരിമിതികളെയും തടസ്സങ്ങളെയും മറികടന്ന്, ജനങ്ങള്‍ക്കാകെ പ്രയോജനകരമായ മാതൃകാ നടപടികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ എന്ന് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടാവുന്നതാണ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍. ഈ ഗവമെന്റിന്റെ ആനുകൂല്യമോ ആശ്വാസമോ ലഭിക്കാത്ത ഒരുകുടും

1 comment:

ജനശക്തി ന്യൂസ്‌ said...

സഖാവിന്റെ സ്മരണ

പിണറായി വിജയന്


‍സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്വലമായ സ്മരണ കേരളമാകെ ഇന്ന് പുതുക്കുകയാണ്. 1948 ആഗസ്ത് 19നാണ് നാല്‍പത്തിരണ്ടാം വയസ്സില്‍ സഖാവ് സര്‍പ്പദംശനമേറ്റ് അന്തരിച്ചത്. പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന് അടിത്തറയിട്ട നേതാക്കളില്‍ സ. കൃഷ്ണപിള്ളയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. ദേശീയ പ്രസ്ഥാനത്തിലൂടെയുള്ള ഉശിരാര്‍ന്ന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയായി കമ്യൂണിസ്റുകാരനായി മാറുകയും കമ്യൂണിസ്റ് പാര്‍ടി കെട്ടിപ്പടുക്കാന്‍ നേതൃനിരയില്‍നിന്ന് പ്രവര്‍ത്തിക്കുകയുംചെയ്ത സഖാവ് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓടിയെത്തി സംഘാടനത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നല്‍കി.