Thursday, August 19, 2010

ചോരതന്നെ കൊതുകിന്നു കൌതുകം

ചോരതന്നെ കൊതുകിന്നു കൌതുകം

'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' എന്ന ചൊല്ല് അന്വര്‍ഥമാക്കുന്ന വിധത്തിലാണ് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ അറസ്റ് മുന്‍നിര്‍ത്തിയുള്ള ചില കേന്ദ്രങ്ങളുടെ പ്രതികരണങ്ങള്‍. ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷാന്തരീക്ഷമോ ക്രമസമാധാനപ്രശ്നമോ ഉണ്ടാവാത്തവിധം പ്രശ്നം ഫലപ്രദമായും കാര്യക്ഷമമായും കൈകാര്യംചെയ്യാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞു. അതുകൊണ്ട് ബംഗ്ളൂര്‍ കോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ അറസ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ കര്‍ണാടക പൊലീസിന് സാധിച്ചു. ഇത് ഈ വിധത്തില്‍ കൈകാര്യംചെയ്ത സംസ്ഥാന ആഭ്യന്തരവകുപ്പിനെ ദേശീയപത്രങ്ങള്‍വരെ ശ്ളാഘിച്ചു. അപ്പോഴിതാ കെപിസിസി പ്രസിഡന്റിന്റെ ആക്ഷേപം വരുന്നു. ഏതാണ്ട് അതേസ്വരത്തില്‍തന്നെ മാതൃഭൂമി ദിനപത്രത്തിന്റെ ആക്ഷേപവും. രണ്ടിന്റെയും പിന്നിലെ മനോവികാരം ഒന്നുതന്നെയാണ്. അന്തരീക്ഷം കലുഷമാവാതെ പ്രശ്നം പരിഹരിക്കപ്പെട്ടതിലുള്ള അസ്വസ്ഥത! മഅ്ദനിയുടെ അറസ്റ് കാര്യത്തില്‍ തങ്ങളുടെ നിലപാടെന്ത് എന്ന വിഷയത്തിലേക്ക് ഇരുവരും കടക്കുന്നില്ല. പകരം; ആ വിഷയം മുന്‍നിര്‍ത്തി ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഇരുവരും. കേരളസര്‍ക്കാരിന്റെ നടപടികളെക്കുറിച്ച് കര്‍ണാടക ഗവമെന്റിന് പരാതിയില്ല. കേരള പൊലീസ് സഹകരിച്ചില്ലെന്ന് കര്‍ണാടക പൊലീസിന് ആക്ഷേപമില്ല. എന്നുമാത്രമല്ല, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയും ആഭ്യന്തരമന്ത്രി വി എസ് ആചാര്യയും സംസ്ഥാന ആഭ്യന്തരവകുപ്പിനെ അഭിനന്ദിക്കുകയും ചെയ്തു. മറുവശത്തോ? അറസ്റ്ചെയ്യപ്പെട്ട മഅ്ദനിക്കും സംസ്ഥാന പൊലീസിനെക്കുറിച്ച് ആക്ഷേപമില്ല. അനാഥാലയവും പള്ളിയും പ്രവര്‍ത്തിക്കുന്ന അന്‍വാര്‍ശേരിയിലേക്ക് പൊലീസ് കയറാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ ജാഗ്രത പ്രശംസനീയമെന്നു പറയുകപോലും ചെയ്തു മഅ്ദനി. ഈ പ്രശ്നത്തിലെ കക്ഷികള്‍ കര്‍ണാടകപൊലീസും മഅ്ദനിയുമാണ്. അവര്‍ക്കിരുവര്‍ക്കും ആക്ഷേപമില്ലാത്തനിലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് നിയമം നടപ്പാക്കാന്‍ കേരള ഗവമെന്റിന് സാധിച്ചുവെന്നര്‍ഥം. അതുകൊണ്ടുതന്നെയാണ് ഭളശിലലൈ' എന്ന വാക്കുപയോഗിച്ച് ഹിന്ദു ദിനപത്രം, കേരളസര്‍ക്കാര്‍ ഈ വിഷയം കൈകാര്യംചെയ്ത രീതിയെ പ്രകീര്‍ത്തിച്ചത്. നാട്ടില്‍ സമാധാനവും നിയമവാഴ്ചയും നിലനിന്നുകാണാനാഗ്രഹിക്കുന്ന ആരും അങ്ങനെയേ കരുതൂ. ആ പൊതുവികാരത്തിന് എതിരായി നില്‍ക്കുന്നു, കെപിസിസി പ്രസിഡന്റിന്റെയും മാതൃഭൂമിയുടെയും സ്വരം. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് പറയുമ്പോള്‍, കളിച്ചത് നാടകമായിരുന്നുവെന്നാണ് മാതൃഭൂമി പറയുന്നത്. മഅ്ദനി പ്രശ്നത്തില്‍ വന്‍കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമെന്നും അതുണ്ടാക്കുന്ന ഇടിമിന്നലില്‍ എല്‍ഡിഎഫ് ഗവമെന്റ് കത്തിക്കരിഞ്ഞുപോകുമെന്നുമൊക്കെ പ്രതീക്ഷിച്ചവര്‍ക്ക്, ഒരു ചാറ്റല്‍മഴപോലും ഉണ്ടാക്കാതെ കാലാവസ്ഥ മാറിവന്നതില്‍ അസ്വസ്ഥതതോന്നുന്നത് സ്വാഭാവികം. നിയമം നടപ്പാക്കല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ എടുത്തുചാടി ജനങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തിക്കൊണ്ടുമാവാം; വിവേകപൂര്‍വം ആലോചിച്ച് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമാവാം. ഇതില്‍ രണ്ടാമത്തെ വഴിയാണ് എല്‍ഡിഎഫ് ഗവമെന്റ് സ്വീകരിച്ചത്. ആദ്യത്തേതാണ് സമാനസാഹചര്യങ്ങളില്‍ യുഡിഎഫ് ഗവമെന്റ് സ്വീകരിച്ചുപോന്നിരുന്നത്. യുഡിഎഫ് ഗവമെന്റ് പൊലീസിനെവിട്ട് ശിവഗിരിയില്‍ അതിക്രമം നടത്തിയതും സന്യാസിമാരെ അടിച്ചുപുറത്താക്കിയതും നിയമം നടപ്പാക്കലിന്റെ പേരിലായിരുന്നല്ലോ. തൃക്കുന്നത്തു സെമിനാരിയില്‍ ക്രൈസ്തവപുരോഹിതരെയും കന്യാസ്ത്രീകളെയും മര്‍ദിക്കാന്‍ പൊലീസിനെ കയറൂരിവിട്ടതും നിയമം നടപ്പാക്കലിന്റെ പേരിലായിരുന്നു. അത്തരം രീതികള്‍ അന്‍വാര്‍ശേരിയിലുമുണ്ടാവുമെന്നും അതിനെതിരെ പ്രതിഷേധസമരങ്ങളുണ്ടാവുമെന്നും ആ പ്രക്രിയയില്‍ ജനവികാരം എല്‍ഡിഎഫ് ഗവമെന്റിനെതിരെ തിരിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്നും ആഗ്രഹിച്ചവര്‍ക്ക് അതൊന്നും സാധിച്ചില്ല. ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍, അത് കൈകാര്യം ചെയ്യുന്നതിന് എല്‍ഡിഎഫ് ഗവമെന്റിന് അതിന്റേതായ രീതിയുണ്ട്. അതാണ് മുമ്പ് ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് വൈക്കം ടിവിപുരം സംഭവത്തില്‍ കണ്ടത്. ഈ മന്ത്രിസഭയുടെ ഘട്ടത്തില്‍തന്നെ ചെങ്ങറയിലും വയനാട്ടിലും കണ്ടത്. അത് വിവേകത്തിന്റെയും സംയമനത്തിന്റെയും രീതിയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നിയമം നടപ്പാക്കുന്ന രീതിയാണ്. ആ രീതിയാണ് കഴിഞ്ഞദിവസം അന്‍വാര്‍ശേരിയില്‍ കണ്ടതും. നിയമം നടപ്പാക്കിയെടുക്കാന്‍ വേണ്ട സാഹചര്യമൊരുക്കുന്നതിന് സംസ്ഥാന ഗവമെന്റ് ബാധ്യസ്ഥമായിരുന്നു. കോടതി വാറന്റ് പുറപ്പെടുവിച്ചത് ഒരാഴ്ചമാത്രം മുമ്പാണ്. മഅ്ദനിയുടെ അറസ്റ് രേഖപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സമയപരിധി കോടതി നിശ്ചയിച്ചിരുന്നു. ആ സമയപരിധിക്കുള്ളില്‍തന്നെ കര്‍ണാടക പൊലീസിന് നിയമം നടപ്പാക്കിയെടുക്കുന്നതിനുള്ള സൌകര്യം കേരള ആഭ്യന്തരവകുപ്പ് ചെയ്തുകൊടുത്തു. ആഗസ്ത് 11 നാണ് കര്‍ണാടകത്തില്‍നിന്ന് ഈ ദൌത്യവുമായി ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പൊലീസുകാരനും വരുന്നത്. 12 മുതല്‍ രാഷ്ട്രപതിയുടെ കേരളസന്ദര്‍ശനമായിരുന്നു. അതുമായി ബന്ധപ്പെട്ട് പൊലീസ് സേനയെ വ്യാപകമായി വിന്യസിക്കേണ്ട അവസ്ഥ. ഈ സാഹചര്യത്തിലാണ് ആഗസ്ത് 14ന് രാഷ്ട്രപതി കേരളം വിട്ടയുടന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതും കൂടുതലാളുകള്‍ അന്‍വാര്‍ശേരിയില്‍ കടക്കുന്നത് തടഞ്ഞതും മറ്റും. ഇതിനിടയിലാണ് കോടതിയില്‍ കീഴടങ്ങുമെന്ന മഅ്ദനിയുടെ പ്രസ്താവന വന്നത്. പക്ഷേ, കീഴടങ്ങല്‍ പ്രാവര്‍ത്തികമാക്കാതെ നീണ്ടു. 17നാണ് ബാംഗ്ളൂര്‍ കോടതിയില്‍ മഅ്ദനിയെ കര്‍ണാടക പൊലീസ് ഹാജരാക്കേണ്ടിയിരുന്നത്. അന്ന് ഉച്ചയ്ക്കുശേഷം അറസ്റുണ്ടായി. ഈ നടപടികള്‍ സമാധാനപരമായ അന്തരീക്ഷത്തിലാക്കാനുള്ള ഇടപെടലാണ് അതുവരെയുള്ള ഘട്ടത്തില്‍ കേരള പൊലീസ് നടത്തിയത്. സംയമനപൂര്‍വം ചിട്ടയായി അക്കാര്യങ്ങള്‍ ചെയ്തതുകൊണ്ടാണ് ക്രമസമാധാനപ്രശ്നമോ കലുഷാന്തരീക്ഷമോ ഉണ്ടാവാത്തവിധം നിയമം നടപ്പാക്കിയെടുക്കാന്‍ കഴിഞ്ഞത്. പൊലീസ് ഇരച്ചുകയറുമെന്നും ഏറ്റുമുട്ടലും വെടിവയ്പുമൊക്കെ ഉണ്ടാവുമെന്നും അത് മുതലെടുത്ത് രാഷ്ട്രീയപ്രചാരണവും മതവികാരം പടര്‍ത്തലുമൊക്കെ സാധിക്കുമെന്നും കരുതി കാത്തിരുന്നവര്‍ക്കല്ലാതെ ഇക്കാര്യത്തില്‍ നിരാശയുണ്ടാവേണ്ട കാര്യമില്ല. ആഗസ്ത് പതിനഞ്ചിനെങ്കിലും കീഴടങ്ങുന്നില്ലെങ്കില്‍ അറസ്റിനുള്ള സാഹചര്യമൊരുക്കിത്തരണമെന്നേ കര്‍ണാടക ആഭ്യന്തരമന്ത്രി കേരള ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്നതും ഓര്‍മിക്കണം. അത്തരമൊരു സാഹചര്യത്തിലാണ് 18 ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയുംവിധം അറസ്റ് രേഖപ്പെടുത്താനുള്ള സാഹചര്യം പക്വവും സംയമനപൂര്‍ണവുമായ നടപടികളിലൂടെ കേരള ആഭ്യന്തരവകുപ്പ് ഒരുക്കിക്കൊടുത്തത്. മദനിയെ അറസ്റ്ചെയ്യുന്ന കാര്യത്തില്‍ രാഷ്ട്രീയക്കളി നടത്തുകയായിരുന്നുവെന്ന് ആക്ഷേപിച്ച കെപിസിസി പ്രസിഡന്റ്, ഡല്‍ഹിയില്‍ നടപ്പാക്കിയെടുക്കേണ്ട കേരള ഹൈക്കോടതിയുടെ ഒരു അറസ്റ്വാറന്റ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാക്കാന്‍ അവിടത്തെ ഭരണത്തിന് കഴിയാതെവരുന്നത് ഏത് രാഷ്ട്രീയക്കളികൊണ്ടാണെന്ന് വിശദീകരിക്കുകയെങ്കിലും വേണം.

No comments: