Tuesday, June 22, 2010

വംശീയ കലാപത്തിനു പിന്നില്‍ അമേരിക്കതന്നെ

വംശീയ കലാപത്തിനു പിന്നില്‍ അമേരിക്കതന്നെ
മുന്‍മധ്യേഷ്യന്‍ സോവിയറ്റ് റിപ്പബ്ളിക്കായ കിര്‍ഗിസ്ഥാനില്‍ ഒരാഴ്ചക്കാലത്തോളം നടന്നുവന്ന വംശീയകലാപം ഈ 16-ാം തീയതി ബുധനാഴ്ചയോടെ കെട്ടടങ്ങി എന്നാണ് വാര്‍ത്ത. വാസ്തവമായിരിക്കാം. എന്നാല്‍, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജികിസ്ഥാന്‍ തുടങ്ങിയ ഈ മധ്യേഷ്യന്‍ റിപ്പബ്ളിക്കുകളുടെ സമീപകാലചരിത്രവും അമേരിക്കന്‍ ഐക്യനാടിന്റെ ആ പ്രദേശത്തെ കുത്തിത്തിരിപ്പുകളും അറിയാവുന്നവര്‍ക്ക് ഈ കെട്ടടങ്ങല്‍ അന്തിമമായ ഒരു കെട്ടടങ്ങലായി കണക്കാക്കാനാവില്ല. കിര്‍ഗിസ്ഥാനിലെ ജനസംഖ്യ 60 ലക്ഷത്തോളമേ ഉള്ളൂവെങ്കിലും അത് മധ്യേഷ്യയിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു തന്ത്രപ്രധാനമായ രാഷ്ട്രമാണ്. വന്‍രാഷ്ട്രങ്ങളായ റഷ്യക്കും ചൈനയ്ക്കും അമേരിക്കന്‍ ഐക്യനാടിനും കിര്‍ഗിസ്ഥാന്റെ നിലപാടുകളില്‍ ഗണ്യമായ താല്‍പ്പര്യമുണ്ട്. കിര്‍ഗിസ്ഥാന്റെ കിഴക്കേ അതിര്‍ത്തിയില്‍ ചൈന തൊട്ടുരുമ്മിക്കിടക്കുന്നു. ചൈനയുടെ സിയാങ് പ്രവിശ്യയാണത്. അവിടത്തെ ജനങ്ങളില്‍ മുസ്ളിങ്ങള്‍ ഒരു ഗണ്യമായ ഭാഗമാണ്. അവരുടെ ഇടയില്‍നിന്ന് ഈയിടെ കുറെ മതമൌലികവാദികള്‍ കലാപത്തിന് ശ്രമിച്ചത് ചൈനയ്ക്ക് വലിയ തലവേദനയായി. കിര്‍ഗിസ്ഥാന്റെ വടക്കേ അതിര്‍ത്തിയില്‍ കസാഖ്സ്ഥാനാണ്. വലിയ പ്രകൃതിവാതകനിക്ഷേപമുള്ള കസാഖ്സ്ഥാനില്‍ 36 ശതമാനം റഷ്യക്കാരുണ്ട് - സ്ഥിരതാമസക്കാരും സാങ്കേതിക വിദഗ്ധരും തൊഴില്‍ക്കാരും മറ്റുമായി. കിര്‍ഗിസ്ഥാന്റെ തെക്കേഅതിര്‍ത്തി താജികിസ്ഥാനും അതിന് തെക്ക് അഫ്ഗാനിസ്ഥാനുമാണ്. അമേരിക്കയുടെ അഫ്ഗാന്‍ ആക്രമണത്തിന്റെ 'റിമോട്ട് കട്രോള്‍' കിര്‍ഗിസ്ഥാനില്‍നിന്നാണ്. അവിടെ ഒരമേരിക്കന്‍ സൈനികതാവളവുമുണ്ട്. ഒന്നുകൂടി സ്ഥാപിക്കാന്‍ അമേരിക്ക കൂടിയാലോചനകള്‍ നടത്തുകയുമാണ്. ഈ താല്‍പ്പര്യമാണ് 2006ല്‍ ഒരു 'തൂലിപ്പ്' (ഒരു ഭംഗിയുള്ള പുഷ്പം) 'വിപ്ളവം' നടത്തി സ്വന്തം ചൊല്‍പ്പടിക്കാരനായ അര്‍മെന്‍ ബെക്ക് ബക്കിയേവിനെ പ്രസിഡന്റായി വാഴിച്ച് തങ്ങളുടെ തന്ത്രങ്ങള്‍ക്ക് താങ്ങാക്കിയത്. കഴിഞ്ഞ ഏപ്രിലില്‍ ബക്കിയേവിന്റെ അഴിമതിയും അതിക്രമങ്ങളും വിദേശസേവയും സഹിക്കാന്‍വയ്യാതെ ജനങ്ങള്‍ പ്രക്ഷോഭം നടത്തിയതും ബക്കിയേവ് നാടുവിട്ട് ബേലദസില്‍ അഭയാര്‍ഥിയായി പാര്‍ക്കുന്നതും ഈ പംക്തികളില്‍ വിവരിച്ചിരുന്നതാണ്. ബക്കിയേവിനെ പുറത്താക്കി താല്‍ക്കാലിക സര്‍ക്കാരിന്റെ പ്രസിഡന്റായത് റോസാ ഒടുന്‍ബയേവ എന്ന പ്രശസ്ത വനിതാ നയതന്ത്രജ്ഞയാണ്. 14 കക്ഷിയുള്ള ഒരു കൂട്ടുകക്ഷിസര്‍ക്കാരാണ് അവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബക്കിയേവിനെ പുറത്താക്കി റോസ അധികാരമേറ്റയുടന്‍ നടത്തിയ വാഗ്ദാനങ്ങള്‍ പ്രകാരം കാര്യങ്ങള്‍ ഭംഗിയായി നീങ്ങുകയായിരുന്നു. പുതിയ ഭരണഘടനയ്ക്ക് അവര്‍ രൂപം നല്‍കി. ഈ മാസാവസാനം അതു സംബന്ധിച്ച ഹിതപരിശോധന നടക്കും. ഹിതപരിശോധനയില്‍ ഭരണഘടന അംഗീകരിക്കപ്പെട്ടാല്‍ ഒക്ടോബറില്‍ പുതിയ പൊതുതെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും ഇടക്കാലസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രക്രിയ വിജയകരമായി പര്യവസാനിച്ചാല്‍ ബക്കിയേവിന് തിരിച്ചുവരാന്‍ കഴിയില്ലെന്നു മാത്രമല്ല അമേരിക്കയുടെ അധിനിവേശമോഹങ്ങളും അവതാളത്തിലാവും. ഈ ജനാധിപത്യ പുനഃസ്ഥാപന പ്രക്രിയക്കെതിരെ 'തൂലിപ്പ്' വര്‍ണവിപ്ളവകാലത്തെപ്പോലെ ജനങ്ങളെ പ്രക്ഷോഭത്തിലിറക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് അമേരിക്ക തങ്ങളുടെ പിണിയാളായ ബക്കിയേവിനെയും കുടുംബത്തെയും അവരുടെ സുഹൃത്തുക്കളെയും ഉപയോഗിച്ച് വംശീയകലാപം നടത്താന്‍ തീരുമാനിച്ചത്. കിര്‍ഗിസ്ഥാനിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ ഒരു ചാട്ടുളിപോലെ കൂര്‍ത്ത് അകത്തേക്ക് കയറിയിരിക്കുന്ന രാജ്യമാണ് ഉസ്ബെക്കിസ്ഥാന്‍. ഉസ്ബെക്കുകളും കിര്‍ഗികളും സുന്നിമുസ്ളിങ്ങള്‍ തന്നെയെങ്കിലും വംശീയത അവരുടെ മതത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു. കിര്‍ഗിസ്ഥാനിലെ പ്രധാന ന്യൂനപക്ഷമാണ് ഉസ്ബെക്കുകള്‍. അവര്‍ ഏറ്റവും കൂടുതല്‍ പാര്‍ക്കുന്നത് കിര്‍ഗിസ്ഥാനിന്റെ തെക്കുകിഴക്കേ അതിര്‍ത്തി പ്രദേശത്താണ്. ബക്കിയേവ് കിര്‍ഗിക്കാരനെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനമേഖലയും ഇതുതന്നെ. ഈ സ്വാധീനം ഉപയോഗിച്ചാണ് ബക്കിയേവിനെയും കൂട്ടരെയും ഉസ്ബെക്ക് തീവ്രവാദികളെയും കൂട്ടുപിടിച്ച് അമേരിക്കന്‍ ചാരന്മാര്‍ അവിടെ കലാപം കുത്തിപ്പൊക്കുന്നത്. കലാപത്തെത്തുടര്‍ന്ന് നാലുലക്ഷത്തോളം കിര്‍ഗികള്‍ അഭയാര്‍ഥികളായി കിര്‍ഗിസ്ഥാനിന്റെ വടക്കുകിഴക്കന്‍ മേഖലയിലേക്ക് ഇരച്ചുകയറിയിട്ടുണ്ട്. ഇന്ത്യപോലെ ഒരു വലിയ രാജ്യത്തില്‍പോലും നാലുലക്ഷം അഭയാര്‍ഥികള്‍ ദുര്‍വഹമായ ഒരു ബാധ്യതയാണ്. അപ്പോള്‍പ്പിന്നെ വെറും 55 ലക്ഷം ജനങ്ങള്‍ മാത്രമുള്ള കിര്‍ഗിസ്ഥാന്റെ സ്ഥിതി പറയണമോ? റഷ്യയും കസാഖ്സ്ഥാനും കിര്‍ഗിസ്ഥാനിലെ റോസ സര്‍ക്കാരിന് സഹായം നല്‍കും. പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ളിക്കുകളായിരുന്ന ഈ അഞ്ച് രാജ്യവും റഷ്യയും ചേര്‍ന്ന് പരസ്പര രാജ്യരക്ഷ സഹകരണ സഖ്യം നിലവിലുണ്ട്. ഈ സഖ്യം കിര്‍ഗിസ്ഥാനിന്റെ സഹായത്തിനെത്തുമെന്നാണ് പ്രതീക്ഷ. അതിനുള്ള നടപടികള്‍ ആരംഭിച്ചതായി വാര്‍ത്തയുണ്ട്. പക്ഷേ, കിര്‍ഗിസ്ഥാന്‍ പ്രശ്നം ഇതിനകം രൂക്ഷമായിക്കൂടെന്നില്ല. ജ്വാലകള്‍ കെട്ടടങ്ങിയെങ്കിലും പുകച്ചുരുളുകള്‍ ഉയരുന്നു. വീണ്ടും അത് ജ്വാലയായി ഉയര്‍ന്നുകൂടായ്കയില്ല. അത്രയ്ക്കുണ്ട് അമേരിക്കയ്ക്ക് അവിടെ താല്‍പ്പര്യം. അമേരിക്കന്‍ സാമ്രാജ്യത്വവാദികളുടെ ആഗോളാധിവേശ യത്നങ്ങളില്‍ സുപ്രധാന മേഖലയാണല്ലോ ഇറാനും അഫ്ഗാനിസ്ഥാനും ഇറാഖും ഉള്‍പ്പെട്ട പശ്ചിമേഷ്യ. അവര്‍ക്ക് അങ്ങനെയങ്ങ് അവിടെ തോറ്റുകൊടുക്കാന്‍ കഴിയുമോ? അതുകൊണ്ട് അടുത്ത സംഭവവികാസങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം. പി ഗോവിന്ദപ്പിള്ള

2 comments:

ജനശക്തി ന്യൂസ്‌ said...

വംശീയ കലാപത്തിനു പിന്നില്‍ അമേരിക്കതന്നെ

മുന്‍മധ്യേഷ്യന്‍ സോവിയറ്റ് റിപ്പബ്ളിക്കായ കിര്‍ഗിസ്ഥാനില്‍ ഒരാഴ്ചക്കാലത്തോളം നടന്നുവന്ന വംശീയകലാപം ഈ 16-ാം തീയതി ബുധനാഴ്ചയോടെ കെട്ടടങ്ങി എന്നാണ് വാര്‍ത്ത. ,

സ്വത്വവാദി said...

the socialism couldnot solve the identity question.such situations is utilising by imperialism