Saturday, March 06, 2010

ജനപ്രിയം; വികസനോന്മുഖം

ജനപ്രിയം; വികസനോന്മുഖം

പ്രശസ്ത ധനശാസ്ത്രജ്ഞന്‍കൂടിയായ ധനമന്ത്രി ഡോ. തോമസ് ഐസക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടി തന്റെ അഞ്ചാമത്തെ ബജറ്റ് കേരള നിയമസഭയില്‍ അവതരിപ്പിച്ചു. കേരളത്തിന്റെ ക്ഷേമപൈതൃകത്തെ സംരക്ഷിച്ചുവേണം ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാവിയിലേക്ക് നീങ്ങേണ്ടത് എന്ന കാഴ്ചപ്പാട് ബജറ്റ്പ്രസംഗത്തിന്റെ ആമുഖത്തില്‍ത്തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും ആഗോളതലത്തില്‍ അതിന്റെ ഫലമായുണ്ടായ പ്രത്യാഘാതവും സാമ്രാജ്യത്വ സാമ്പത്തികനയത്തിന്റെ കെടുതികളും എല്ലാം നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അഞ്ചാമത്തെ ബജറ്റും തയ്യാറാക്കിയതെന്ന് ഓര്‍ക്കാതിരുന്നുകൂടാ. ജനപ്രിയനയങ്ങള്‍ അസ്വീകാര്യമാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ജനപ്രിയ ബജറ്റുതന്നെയാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് തീര്‍ത്തും പറയാം. സമഗ്രവികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന കഴിഞ്ഞ നാലുബജറ്റുകളുടെയും തുടര്‍ച്ചതന്നെയാണിത്. ബജറ്റിലെ പുഴുക്കുത്തുകള്‍ കണ്ടെത്തി പര്‍വതീകരിച്ചുകാണിക്കാന്‍ താല്‍പ്പര്യപൂര്‍വം കാത്തിരുന്ന പ്രതിപക്ഷനിരയെ തികച്ചും നിരാശപ്പെടുത്തുന്നതായിരുന്നു രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സുദീര്‍ഘമായ ബജറ്റ് പ്രസംഗമെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കാന്‍ തക്കവണ്ണം എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു കേന്ദ്രബജറ്റെങ്കില്‍ അതില്‍നിന്ന് തികച്ചും വ്യത്യസ്തമായി വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാന ബജറ്റ്. ബജറ്റ് പ്രസംഗത്തില്‍ പറയുന്നു: "ഈ സര്‍ക്കാരിന്റെ ഓരോ ബജറ്റും വികസന മുന്‍ഗണനകളെ കീഴ്മേല്‍ മറിച്ചിട്ടുണ്ട്. ചെലവെല്ലാം കഴിഞ്ഞ് മിച്ചംവരുന്നത് ദരിദ്രര്‍ക്ക് എന്ന കീഴ്വഴക്കം പൊളിച്ചെഴുതി. പാവങ്ങള്‍ക്ക് കൊടുക്കാനുള്ളത് കൊടുത്തിട്ട് ബാക്കി കാര്യം എന്ന രാഷ്ട്രീയനിലപാട് കൈക്കൊണ്ടു. കഴിഞ്ഞ ബജറ്റില്‍ മുന്നോട്ടുവച്ച ക്ഷേമനടപടികളെ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുന്നതായിരിക്കും ഈ ബജറ്റ്''. ധനമന്ത്രിയുടെ ഈ വാക്കുകളാണ് ബജറ്റിലെ കേന്ദ്രബിന്ദു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എപിഎല്‍, ബിപിഎല്‍ വ്യത്യാസം പരിഗണിക്കാതെ മത്സ്യത്തൊഴിലാളികള്‍ക്കെന്നപോലെ കര്‍ഷകത്തൊഴിലാളി, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഈറ്റ, ഖാദി, ചെറുകിടതോട്ടം തുടങ്ങിയ മേഖലകളിലെ എല്ലാ കൂലിവേലക്കാര്‍ക്കും രണ്ടുരൂപയ്ക്ക് ജൂ ഒന്നുമുതല്‍ അരി നല്‍കുന്നതാണ്. ദേശീയ തൊഴിലുറപ്പുപദ്ധതിയില്‍ കുറഞ്ഞത് 50 ദിവസമെങ്കിലും പണിയെടുത്തിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കും. കേരളത്തിലെ 35 ലക്ഷം കുടുംബത്തിന് രണ്ടുരൂപയ്ക്ക് അരി നല്‍കാന്‍ 500 കോടി രൂപ സധൈര്യം ധനമന്ത്രി നീക്കിവച്ചിരിക്കുന്നു. ഇന്ത്യയിലാദ്യമായി കേരളത്തിലെ നഗരമേഖലയില്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതിനായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പാവങ്ങളുടെ ക്ഷേമപെന്‍ഷനുകള്‍ 300 രൂപയായി ഉയര്‍ത്താനുള്ള തീരുമാനവും പ്രഖ്യാപിച്ചുകഴിഞ്ഞു. 2001 മുതല്‍ 2006 വരെ കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 120 രൂപയായിരുന്നു ക്ഷേമപെന്‍ഷന്‍. ഈ തുകപോലും 27 മാസം പാവങ്ങള്‍ക്ക് നല്‍കാതെ പിടിച്ചുവച്ചു. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ഒരുരൂപപോലും വര്‍ധിപ്പിക്കാന്‍ തയ്യാറായില്ല. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായി 2006 മെയ് 18ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുഴുവന്‍ കൊടുത്തുതീര്‍ത്തു. പടിപടിയായി 120 രൂപ 300 രൂപയായി നാലുവര്‍ഷത്തിനകം വര്‍ധിപ്പിച്ചു. 1980ല്‍ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ച 45 രൂപ 120 ആയി വര്‍ധിക്കാന്‍ രണ്ടു പതിറ്റാണ്ടെടുത്തു. 26 വര്‍ഷത്തിനുശേഷം വര്‍ധിപ്പിക്കാന്‍ തുടങ്ങി നാലുവര്‍ഷത്തിനകം 120 രൂപ 300 രൂപയായി വര്‍ധിപ്പിച്ചു. ഈ രണ്ടു സംഭവവുംമാത്രം മതി; ഇത് ബദല്‍നയം ഉള്‍ക്കൊള്ളുന്ന ബജറ്റാണെന്നും പാവങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണെന്നും ബോധ്യപ്പെടാന്‍. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 11 ലക്ഷം കുടുംബത്തിനു പുറമെ രണ്ടുരൂപയ്ക്ക് അരി ലഭിക്കുന്ന മുഴുവന്‍ കുടുംബത്തിനും ആരോഗ്യപരിരക്ഷ നല്‍കുമെന്നും ബജറ്റ് പ്രസംഗത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു. 30,000 രൂപയുടെ പൊതു ആരോഗ്യപരിരക്ഷ കൂടാതെ ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് 70,000 രൂപയുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുമെന്ന് പ്രസ്താവിച്ചിരിക്കുന്നു. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പുവര്‍ഹോമുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്ക് നല്‍കുന്ന പ്രതിമാസ ഗ്രാന്റ് 250 രൂപയായി ഉയര്‍ത്തി. ഓര്‍ഫനേജ് കട്രോള്‍ ബോര്‍ഡ് അംഗീകാരം നല്‍കിയ 217 അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്കും പുതുതായി ഗ്രാന്റ് നല്‍കാനും തീരുമാനമുണ്ട്. പരിസ്ഥിതിസംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. സ്ത്രീപുരുഷ തുല്യതയുടെ പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നതിനായി അന്തര്‍ദേശീയ വനിതാദിനത്തിന്റെ നൂറാംവാര്‍ഷികവേളയില്‍ കേരളത്തില്‍ ജന്‍ഡര്‍ ബജറ്റിങ്ങിന് തുടക്കംകുറിച്ചതും ശ്രദ്ധേയമായ കാര്യമാണ്. കുടുംബശ്രീക്കുള്ള സഹായം 30 കോടിയില്‍നിന്ന് 50 കോടിയായി ഉയര്‍ത്തിയിരിക്കുന്നു. വ്യവസായമേഖലയുടെ വികസനം എടുത്തുപറയേണ്ടതാണ്. ചെറുകിട, പരമ്പരാഗതവ്യവസായങ്ങള്‍ക്ക് 246 കോടി രൂപ വകയിരുത്തിയിരിക്കുന്നു. 2005-06ല്‍ 77.18 കോടിയാണ് നീക്കിവച്ചിരുന്നതെന്നോര്‍ക്കണം. ചെറുകിട വ്യവസായങ്ങള്‍ക്കായി ആറു കോടിക്കു പകരം 40 കോടി രൂപ നീക്കിവച്ചിരിക്കുന്നു. 2005-2006ല്‍ 70 കോടി രൂപ നഷ്ടമുണ്ടാക്കിയ പൊതുമേഖല 200 കോടിയിലേറെ ലാഭമുണ്ടാക്കുന്ന നിലയിലെത്തിയിരിക്കുന്നു. ഈവര്‍ഷം 125 കോടി രൂപ മുതല്‍മുടക്കില്‍ എട്ട് പൊതുമേഖലാസ്ഥാപനം പുതുതായി സ്ഥാപിക്കുന്നു. കാര്‍ഷികമേഖലയുടെ അടങ്കല്‍ 419 കോടിയില്‍നിന്ന് 622 കോടിയായി ഉയര്‍ത്തി. നെല്‍ക്കൃഷിക്കുവേണ്ടി 500 കോടി രൂപ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കാര്‍ഷിക വ്യവസായമേഖലയുടെ വന്‍തോതിലുള്ള വളര്‍ച്ചയാണ് ലക്ഷ്യം. നികുതിവരുമാനം കാര്യക്ഷമതയോടെ വര്‍ധിപ്പിച്ചതുകൊണ്ടാണ് ചെലവ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത്. ധനമാനേജ്മെന്റില്‍ ധനമന്ത്രി പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നു. കേരളീയര്‍ക്ക് അഭിമാനിക്കാനും ആശ്വസിക്കാനും വക നല്‍കുന്നതാണ് വാര്‍ഷിക ബജറ്റെന്ന് ഉറപ്പിച്ചു പറയാം.
from .deshabhimani

1 comment:

ജനശക്തി ന്യൂസ്‌ said...

ജനപ്രിയം; വികസനോന്മുഖം

പ്രശസ്ത ധനശാസ്ത്രജ്ഞന്‍കൂടിയായ ധനമന്ത്രി ഡോ. തോമസ് ഐസക് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുവേണ്ടി തന്റെ അഞ്ചാമത്തെ ബജറ്റ് കേരള നിയമസഭയില്‍ അവതരിപ്പിച്ചു. കേരളത്തിന്റെ ക്ഷേമപൈതൃകത്തെ സംരക്ഷിച്ചുവേണം ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ചയുടെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാവിയിലേക്ക് നീങ്ങേണ്ടത് എന്ന കാഴ്ചപ്പാട് ബജറ്റ്പ്രസംഗത്തിന്റെ ആമുഖത്തില്‍ത്തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും ആഗോളതലത്തില്‍ അതിന്റെ ഫലമായുണ്ടായ പ്രത്യാഘാതവും സാമ്രാജ്യത്വ സാമ്പത്തികനയത്തിന്റെ കെടുതികളും എല്ലാം നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അഞ്ചാമത്തെ ബജറ്റും തയ്യാറാക്കിയതെന്ന് ഓര്‍ക്കാതിരുന്നുകൂടാ. ജനപ്രിയനയങ്ങള്‍ അസ്വീകാര്യമാണെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ജനപ്രിയ ബജറ്റുതന്നെയാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചതെന്ന് തീര്‍ത്തും പറയാം. സമഗ്രവികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്ന കഴിഞ്ഞ നാലുബജറ്റുകളുടെയും തുടര്‍ച്ചതന്നെയാണിത്. ബജറ്റിലെ പുഴുക്കുത്തുകള്‍ കണ്ടെത്തി പര്‍വതീകരിച്ചുകാണിക്കാന്‍ താല്‍പ്പര്യപൂര്‍വം കാത്തിരുന്ന പ്രതിപക്ഷനിരയെ തികച്ചും നിരാശപ്പെടുത്തുന്നതായിരുന്നു രണ്ടേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന സുദീര്‍ഘമായ ബജറ്റ് പ്രസംഗമെന്ന കാര്യം എടുത്തുപറയേണ്ടതുണ്ട്. വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കാന്‍ തക്കവണ്ണം എരിതീയില്‍ എണ്ണയൊഴിക്കുന്നതായിരുന്നു കേന്ദ്രബജറ്റെങ്കില്‍ അതില്‍നിന്ന് തികച്ചും വ്യത്യസ്തമായി വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സംസ്ഥാന ബജറ്റ്. ബജറ്റ് പ്രസംഗത്തില്‍ പറയുന്നു: "ഈ സര്‍ക്കാരിന്റെ ഓരോ ബജറ്റും വികസന മുന്‍ഗണനകളെ കീഴ്മേല്‍ മറിച്ചിട്ടുണ്ട്. ചെലവെല്ലാം കഴിഞ്ഞ് മിച്ചംവരുന്നത് ദരിദ്രര്‍ക്ക് എന്ന കീഴ്വഴക്കം പൊളിച്ചെഴുതി.