ഇ എം എസ്്
ബാല്യകാലത്ത് എനിക്കു കിട്ടിയ വിദ്യാഭ്യാസവും അന്നത്തെ നമ്മുടെ നാട്ടിന്റെ പരിതസ്ഥിതിയും രണ്ടുവിധത്തിലാണ് എന്റെ ജീവിതവീക്ഷണത്തെ രൂപപ്പെടുത്താന്‍ ശ്രമിച്ചത്. ഒരു പഴയ നമ്പൂതിരി കുടുംബത്തിലെ ഗാര്‍ഹികമായ അന്തരീക്ഷത്തില്‍ കിട്ടിയ ഹൈന്ദവവിദ്യാഭ്യാസം എന്നെ ആത്മീയതയിലേക്ക് പിടിച്ചുവലിക്കുകയും ഈ ലോകത്തിലുള്ള സര്‍വവും ദൈവസൃഷ്ടമാണെന്ന ന്യായത്തിന്മേല് നിലവിലുള്ള സാമൂഹികഘടനയെ മാറ്റിത്തീര്‍ക്കാനുള്ള സമരങ്ങളില്‍നിന്നെല്ലാം തികച്ചും ഒഴിഞ്ഞുനില്ക്കാന് പ്രേരിപ്പിക്കുകയും ചെയ്തു.എന്നാല്‍ ആനിബസന്റിന്റെ നേതൃത്വത്തിലുള്ള ഹോം റൂള്‍ പ്രസ്ഥാനം, ഗാന്ധിയുടെ നേതൃത്വത്തിലുള്ള സഹകരണത്യാഗപ്രസ്ഥാനം, ആലിസഹോദരന്മാരുടെ നേതൃത്വത്തിലുള്ള ഖിലാഫത്ത് പ്രസ്ഥാനം, ഞാന്‍ ജനിച്ചുവളരുന്ന സമുദായത്തിലെ പഴഞ്ചന്‍ ആചാരങ്ങള്‍ മാറ്റിത്തീര്‍ക്കാനുള്ള നമ്പൂതിരിയോഗക്ഷേമസഭാ പ്രസ്ഥാനം എന്നിവയെക്കുറിച്ച് പത്താം വയസ്സുമുതല്‍ ഞാന്‍ തുടങ്ങിയ പത്രവായന നിലവിലുള്ള രാഷ്ട്രീയഘടനയെയും സാമൂഹികമായ ആചാരനടപടികളെയും മാറ്റിത്തീര്ക്കുന്നതിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കണമെന്ന ബോധത്തിലേക്കാണ് എന്നെ നയിച്ചത്. അങ്ങനെ, ഒരുവശത്ത് തികഞ്ഞ മതവിശ്വാസത്തോടും ആത്മീയവീക്ഷണത്തോടുംകൂടി ലോകത്തെ നോക്കിക്കാണുക. അതേ അവസരത്തില്‍ ഒരു തികഞ്ഞ ഭൗതികവാദിക്കുമാത്രം ചെയ്യുവാന്‍ കഴിയുന്നത്ര ഊക്കോടെ പ്രപഞ്ചത്തെ മാറ്റിത്തീര്‍ക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനം നടത്തുക എന്നനില പത്തുപന്ത്രണ്ടു വയസ്സായപ്പോള്‍ ഞാന്‍ കൈക്കൊണ്ടു. ഇതിനു സഹായമായ നിലയിലാണ് ഗാന്ധിയന്സിദ്ധാന്തം അന്ന് പ്രചരിപ്പിച്ചിരുന്നത്.എന്നാല്‍ ദ്വിമുഖമായ ഈ നിലപാടിന്റെ രണ്ടാംമുഖമായ പ്രായോഗികപ്രവര്‍ത്തനം വിടാതെ പിടിച്ചതിനാല്‍ ക്രമേണ ക്രമേണയായി ഒന്നാംമുഖമായ ആത്മീയവീക്ഷണം വിടാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. സാമൂഹികമായ ആചാര പരിഷ്കാരങ്ങള്‍ നടപ്പില്‍വരുത്താനുള്ള പ്രയോഗികപ്രവര്ത്തനം നിരീശ്വരത്തിലേക്കും രാഷ്ട്രീയകാര്യങ്ങളിലുള്ള സജീവമായ താത്പര്യം സോഷ്യലിസത്തിലേക്കും എന്നെ നയിച്ചു. അങ്ങനെ 1928-29 ആയപ്പോഴേക്ക് ആത്മീയവാദം തീരെ ഉപേക്ഷിച്ച ഒരു 'യുക്തിവാദി'യും രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളാഗ്രഹിച്ച് അവ്യക്തമായ ഒരുതരം സോഷ്യലിസ്റ്റ് സമുദായം സ്വപ്നംകാണുന്ന ഒരാളുമെന്ന നിലയിലേക്ക് ഞാന്‍ സ്വയംമാറി. ഈ മാറ്റത്തിന്റെ സ്വാഭാവിക ഫലമായി 1932-33 ല്‍ ജയിലില്‍വെച്ച് അന്നവിടെ കിട്ടാനുണ്ടായിരുന്ന സോഷ്യലിസ്റ്റ് സാഹിത്യം പഠിക്കുകയും 1933-34 മുതല്‍ തൊഴിലാളി-കര്‍ഷക ബഹുജനപ്രസ്ഥാനം വളര്‍ത്തുന്നതിനുവേണ്ടി ഞാനെന്റെ കഴിവുകള്‍ മുഴുവന്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ 18 കൊല്ലക്കാലത്ത് വിശാലമായ മാര്‍ക്സിസ്റ്റ് സാഹിത്യം നിഷ്കര്‍ഷമായി പഠിക്കാനും തൊഴിലാളി-കര്‍ഷകപ്രസ്ഥാനത്തിന് നേരിടാനുള്ള നാനാപ്രശ്നങ്ങള്ക്ക് പ്രായോഗികപരിഹാരം കാണുന്നതില്‍ പങ്കുകൊള്ളാനും ഞാന്‍ ശ്രമിച്ചു. ഇങ്ങനെ കഴിഞ്ഞ 30 കൊല്ലത്തിലധികം കാലമായി നമ്മുടെ രാഷ്ട്രീയ-സാമൂഹികവ്യവസ്ഥ മാറ്റിത്തീര്ക്കുന്നതിനുവേണ്ടി ഞാന്‍ നടത്തിയ പ്രായോഗികപ്രവര്‍ത്തനവും അതില്നിന്നെനിക്കുണ്ടായ അനുഭവങ്ങളുടെ അര്‍ഥവും പ്രാധാന്യവും കാണാനെന്നെ സഹായിച്ച തത്ത്വശാസ്ത്ര (മാര്‍ക്സിസം) വും എന്റെ തലമുറയ്ക്ക് അതിന്റെ ജീവിതത്തില്‍ രണ്ട് മുഖ്യപാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് എന്നെ പഠിപ്പിച്ചിരിക്കുന്നു. ഒന്ന്, അങ്ങേ അറ്റം സ്നേഹിക്കാന്‍ കൊള്ളാവുന്നതും ബഹുമാനമര്ഹിക്കുന്നതുമായ ജീവിയാണ് മനുഷ്യന്; കൂടുതല്‍ കൂടുതല്‍ ആനന്ദമയമായ ജീവിതത്തിലേക്ക് നീങ്ങുന്നതും നീക്കാവുന്നതുമാണയാളുടെ ജീവിതം.ഇഷ്ടത്തിനൊത്ത് 'തിന്നുകുടിച്ചു മദിക്കുന്ന' ആളുകളെയാണ് ഞാന്‍ കണ്ടതെന്ന് അതിനര്‍ഥമില്ല. നേരെമറിച്ച്, കൊല്ലത്തിലേതാനും മാസങ്ങളില്‍മാത്രം ജോലിയുള്ളതിനാല്‍ തുടര്‍ച്ചയായി എത്രയോ ദിവസം പട്ടിണികിടക്കുന്നവര്‍; പണിയെടുത്താലും റേഷനരി വാങ്ങാന്‍ വേണ്ട കൂലി കിട്ടാത്തവര്‍; കൊയ്തുകിട്ടിയ നെല്ലുപോലും പാട്ടത്തിനു തികയാതെ കരിഞ്ചന്തയില്‍ നെല്ലുവാങ്ങി പാട്ടംകൊടുക്കുന്നവര്; കൃഷിചെയ്തുണ്ടാക്കുന്ന നെല്ലുമുഴുവന്‍ പാട്ടംകൊടുത്ത് ജീവിക്കാന്‍ മറ്റു ജോലികള്‍ (കള്ളുചെത്ത്, മീന്‍പിടിത്തം, കൂലിവേല മുതലായവ) നോക്കുന്നവര്‍-ഇവരെയെല്ലാം ഞാന്‍ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്. ഇവരെല്ലാം അസഹ്യമായൊരു ജീവിതം നയിക്കുകയാണെന്ന് ഞാന്‍ പറയുകയില്ല. അതവരെ അപമാനിക്കലായിരിക്കും. എന്നാല്‍ ഈ കഷ്ടപ്പാടിന്റെയെല്ലാം നടുക്കുതന്നെ അവയെല്ലാം കവച്ചുവെക്കുന്ന ഒരു ഓളം-പൂര്‍ണവും ആനന്ദമയവുമായ ഒരു ജീവിതത്തിന്റെ ഓളം-അവരിലലതല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പത്തും പന്ത്രണ്ടും മണിക്കൂര്‍ ചകിരിതല്ലി അതില്‍നിന്ന് ദിവസം 2 അണയും 3 അണയും കിട്ടുന്ന സ്ത്രീകള്‍ കൂട്ടം കൂട്ടമായി കായലിന്റെ വക്കത്തിരുന്ന് ചകിരിതല്ലുമ്പോള് പാടുന്ന പാട്ടും പരസ്പരം പറയുന്ന തെറിവാക്കുകളും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? കുടുംബസഹിതം പട്ടിണികിടക്കുന്ന ഒരു കര്‍ഷകത്തൊഴിലാളിക്ക് നിങ്ങളുടെ ഔദാര്യം നിമിത്തം കിട്ടിയ 4 അണ ചെലവിട്ട് 'വാട്ടീസടിച്ച്' വന്നാല്‍ പിന്നീടയാള്‍ പറയുന്നവാക്കും പാടുന്നപാട്ടും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? എന്നെപ്പോലെ ഒളിവിലിരിക്കുന്നവരെ കാണുമ്പോള്‍ ഞങ്ങളുടെ അച്ഛനമ്മമാരുടെയും ഭാര്യാമക്കളുടെയും മറ്റും വര്ത്തമാനങ്ങളന്വേഷിച്ച് ''ഇതെല്ലാമെന്നവസാനിക്കും മോനെ'' എന്നു ചോദിച്ചു നെടുവീര്‍പ്പിടുന്ന മുത്തശ്ശിമാരുടെ മുഖം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളെന്നോട് യോജിച്ചുപറയും: മനുഷ്യന് ഇന്നനുഭവിക്കുന്ന കഷ്ടപ്പാടിനെയൊക്കെ അതിജീവിക്കുന്ന എന്തോ ഒരു മേന്മ, ഈ കഷ്ടപ്പാടിനിടയ്ക്കുകൂടി പൂര്ണതയിലേക്കെത്തിനോക്കാനുള്ള വാസന, മനുഷ്യന്റെ ഹൃദയത്തിനും മനസ്സിനുമുണ്ട്. കൂടുതല്‍ കൂടുതല്‍ സുഖകരവും പൂര്‍ണവുമായ ജീവിതത്തിലേക്ക് സ്വയം നീങ്ങാനുള്ള മനുഷ്യന്റെ വാസനയും അതിനുവേണ്ടി അയാള്‍ നടത്തുന്ന സമരവുമാണ് ലോകത്തിലെ എല്ലാ ഉല്കൃഷ്ടസാഹിത്യകാരന്മാരും കലാകാരന്മാരും തങ്ങളുടെ ഉല്കൃഷ്ടകൃതികളുടെ വിഷയമാക്കിയിട്ടുള്ളത്. അതാണ് ലോകത്തിലെ എല്ലാ ഉല്കൃഷ്ടശാസ്ത്രകാരന്മാരുടെയും ഉല്‍കൃഷ്ടരായ പൊതുനേതാക്കന്മാരുടെയും ഗവേഷണത്തിനും പ്രവര്‍ത്തനത്തിനും വിഷയമായിട്ടുള്ളത്. അത് കണ്ടിട്ടാണ് മാര്‍ക്സിംഗോര്‍ക്കി പറഞ്ഞത്: ''മനുഷ്യന്-എന്തൊരന്തസ്സുള്ള പേര്!'' കഴിഞ്ഞ 30 കൊല്ലക്കാലത്ത് കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ പലതവണ പോവുകയും അതിന്റെ പല ഭാഗങ്ങളിലുമുള്ള പലതരക്കാരായ സ്ത്രീപുരുഷന്മാരെ സൂക്ഷ്മമായി പഠിക്കുകയും ചെയ്ത എനിക്ക് ഗോര്‍ക്കിയുടെ ഈ അഭിപ്രായം തികച്ചും ബോധ്യപ്പെട്ടിരിക്കുന്നു. ജീവിതത്തില്‍നിന്ന് ഞാന്‍ പഠിച്ച രണ്ടാമത്തെ പാഠം ഇതാണ്: മനുഷ്യന് സ്നേഹിക്കാന്കൊള്ളാവുന്നവനാണെങ്കിലും നമ്മുടെ നാടടക്കം ലോകത്തിന്റെ മൂന്നില്‍ രണ്ടുഭാഗത്ത് മനുഷ്യന്റെമേല്‍ മേധാവിത്വം നടത്തുന്നവര്‍ വെറുക്കപ്പെടേണ്ടവരാണ്. മനുഷ്യന്റെ മേന്മയുടെ ഉദാഹരണങ്ങള്‍ കണ്ട് ആവേശഭരിതനായിത്തീര്ന്നിട്ടുള്ള എനിക്കുതന്നെ, മേന്മയേറിയ മനുഷ്യനെ നിന്ദ്യനും നികൃഷ്ടനുമാക്കിത്തീര്ക്കുന്ന ആചാരനടപടികള്ക്കെതിരായി പത്തുപന്ത്രണ്ട് വയസ്സുമുതല്‍ക്ക് പോരാടേണ്ടിവന്നിട്ടുണ്ട്. അപ്പോഴെല്ലാം ആ ആചാരനടപടികളുടെ പ്രതിനിധികള്‍ കാണിച്ച ചെറ്റത്തരങ്ങള്‍ (ഇവയില്‍ ചിലത് എനിക്ക് സ്വയം അനുഭവിക്കേണ്ടിവന്നവയാണ്) എന്നെ ദേഷ്യപ്പെടുത്തുകയും വെറുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മുഴുവന്‍സമയ രാഷ്ട്രീയപ്രവര്ത്തകനായിക്കഴിഞ്ഞതില് പിന്നീട് ഞാന്‍ കണ്ടതും കേട്ടതും സ്വയം അനുഭവിച്ചതുമായ പലതും അതത് ഹീനകൃത്യങ്ങള്ക്കുത്തരവാദികളായവരെ തമര്ത്താതെ മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും വയ്യ എന്ന തീരുമാനത്തിലേക്കെന്നെ എത്തിച്ചിരിക്കുന്നു. ഈ അവസരത്തില്‍ ഞാനൊരു കാര്യം ചൂണ്ടിക്കാണിക്കട്ടെ: ''മനുഷ്യന്-എന്തൊരന്തസ്സുള്ള പേര്!'' എന്നുപറഞ്ഞ അതേ ഗോര്‍ക്കിയാണ്, ഫാസിസ്റ്റുകാരെപ്പറ്റി ഇങ്ങനെ പറഞ്ഞത്: ''അവറ്റയെ തകര്‍ക്കണം'' അവറ്റയാകട്ടെ, ആ വിശ്വസാഹിത്യകാരനെ വിഷം കൊടുത്തുകൊന്നു.


No comments:
Post a Comment