Saturday, June 13, 2009

ഇ.എം.എസ്സും സാഹിത്യവും

ഇ.എം.എസ്സും സാഹിത്യവും

അനില്‍കുമാര്‍ എ.വി.

ജീവിക്കുകമാത്രംചെയ്‌ത മലയാളിയുടെ ചലനങ്ങളെ പ്രത്യയശാസ്‌ത്രപരമായി വ്യാഖ്യാനിക്കുകയും നിര്‍വചിക്കുകയും ചെയ്‌തതില്‍ ഇ.എം.എസ്‌. നല്‍കിയ സംഭാവനകള്‍ ചരിത്രപരമാണ്‌. മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തിലേക്കുള്ള പ്രയാണത്തിന്‌ ആവേഗം കൂട്ടുന്നതായിരുന്നു അവയില്‍പലതും. തൊഴിലാളി വര്‍ഗത്തിന്റെ വീക്ഷണകോണില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും പുനര്‍വായിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തിന്റെ ദൈവിക പ്രബോധനങ്ങളിലും അക്കാദമിക രീതിശാസ്‌ത്രത്തിന്റെ സിദ്ധാന്തസമ്മിശ്രവാദങ്ങളിലും അടയിരുന്നുകൊണ്ടാണ്‌ മുഖ്യധാരാ കേരളീയ സാഹിത്യവിമര്‍ശനം വിരിഞ്ഞുവന്നത്‌. ഈയൊരു ധാരയെ തുറന്നുകാട്ടുക രാഷ്ട്രീയ സമരത്തിന്റെ ഭാഗംതന്നെയാണ്‌. കലയുടെ സ്വയംഭരണ നാട്യം മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനത്തെ പലപ്പോഴും സംശയാസ്‌പദമാക്കിയിട്ടുണ്ട്‌. ഈ ശകാരങ്ങള്‍ക്കിടയില്‍നിന്നും കൂടുതല്‍ ശരിയിലേക്ക്‌ വളര്‍ന്നതിന്റെ കേരളീയാനുഭവ സാക്ഷ്യങ്ങളാണ്‌ ഇ.എം.എസ്സിന്റെ വിമര്‍ശന പരിശ്രമങ്ങളും സൗന്ദര്യശാസ്‌ത്രവിചാരങ്ങളും. വലതുപക്ഷ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ തുടര്‍ച്ചയായി ഗ്രഹിക്കാനാവാത്ത പരാധീനത ചില മാര്‍ക്‌സിസ്റ്റുകാരെപ്പോലും വഴിതെറ്റിച്ചിരുന്നു. അതുകൊണ്ടാണ്‌ ചിലര്‍ അതിലെ പ്രത്യേക ഘട്ടത്തെ കേന്ദ്രപ്രമേയത്തില്‍നിന്ന്‌ അടര്‍ത്തിമാറ്റി പരിശോധിച്ചത്‌. തുടര്‍ച്ചയായ സാംസ്‌കാരിക സമരത്തിന്റെ നടുവില്‍നിന്നുകൊണ്ടേ ഇ.എം.എസ്സിന്റെ കലാസംബന്ധിയായ നിഗമനങ്ങളെ വിലയിരുത്താനാവൂ. വര്‍ഗസമരത്തിന്റെ പ്രായോഗിക മുന്നേറ്റങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അനിഷേധ്യമായ സംഭാവനകളാല്‍ ശ്രദ്ധേയമാണ്‌. എന്നാല്‍ താത്ത്വികമേഖലയില്‍ അത്രയും ഉജ്ജ്വലമായ പാരമ്പര്യം അതിനില്ലെന്നതാണ്‌ സത്യം. എങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനം കയറ്റിറക്കങ്ങളോടെ പുതിയ ഉയരത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനു പിന്നില്‍ ഇ.എം.എസ്സിന്റെ സംഭാവന അമൂല്യമാണ്‌. സൗന്ദര്യശാസ്‌ത്ര പ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്റെ പ്രവര്‍ത്തനമണ്ഡലം കേരളമായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ താത്വികസംഭാവന ലോക നിലവാരത്തിലുള്ളതായി. ഇന്ത്യയ്‌ക്ക്‌ വെളിയില്‍ മാര്‍ക്‌സിസ്റ്റ്‌ കലാ ചിന്തകര്‍ക്കിടയില്‍ നടന്ന സംവാദങ്ങളിലോ സൗന്ദര്യശാസ്‌ത്രത്തിന്റെ വികാസത്തോട്‌ ബന്ധപ്പെട്ട ചര്‍ച്ചകളിലോ ഇ.എം.എസ്‌. പങ്കെടുത്തിട്ടില്ല. സൗന്ദര്യശാസ്‌ത്രപ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന കൃതികളും ഇദ്ദേഹത്തില്‍നിന്ന്‌ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കലാസാഹിത്യവിചിന്തനങ്ങള്‍ കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍പ്പോലും മാര്‍ക്‌സിസ്റ്റ്‌ ചിന്ത, പദ്ധതിയുടെയും ലോകവീക്ഷണത്തിന്റെയും സമ്പത്തില്‍ അതും മുതല്‍ക്കൂട്ടാവുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയത്തോടെ നാടുവാഴിത്ത സമൂഹങ്ങളുടെ സൗന്ദര്യധാരണകളെ തകര്‍ത്ത്‌ മുന്നേറിയ മുതലാളിത്ത സൗന്ദര്യസങ്കല്‌പത്തിനും അത്‌ പിറവി നല്‍കിയ സിദ്ധാന്തങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി പോരടിച്ചുകൊണ്ടാണ്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനം വളര്‍ന്നു വികസിച്ചത്‌. കേരളത്തില്‍ പഴയ ലോകത്തിന്റെ സങ്കല്‌പങ്ങള്‍ക്കെതിരെ കലഹസ്വരം ഉയര്‍ന്നത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്‌. ബൂര്‍ഷാ നവോഥാന പരിശ്രമങ്ങളുടെ അനുബന്ധമായി ഒ. ചന്തുമേനോനെപ്പോലെയുള്ളവര്‍ നാടുവാഴിത്ത സമൂഹത്തിന്റെ ജീവിതമൂല്യങ്ങള്‍ക്കും ശീലങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഇങ്ങനെ ബൂര്‍ഷ്വാസങ്കല്‌പങ്ങളുടെ നിരന്തരമായ ഇടപെടലിലൂടെ പുതിയ പ്രത്യയശാസ്‌ത്രം ഉയര്‍ന്നുവന്നു. പുതിയ രാഷ്ട്രീയശക്തിയായി തൊഴിലാളിവര്‍ഗം രംഗപ്രവേശനം ചെയ്‌തത്‌ പ്രത്യയശാസ്‌ത്രമണ്ഡലത്തിലും സ്വാധീനമുണ്ടാക്കി. പുതിയ സൗന്ദര്യമൂല്യസങ്കല്‌പത്തിന്റെ പിറവിയിലേക്ക്‌ അത്‌ നയിച്ചു. നാടുവാഴിത്തത്തിന്റെ കലാസാഹിത്യ സിദ്ധാന്തത്തോടും ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര കാഴ്‌ചപ്പാടുകളോടും ഏറ്റുമുട്ടിക്കൊണ്ടാണ്‌ പുതിയ സൗന്ദര്യശാസ്‌ത്രം രൂപപ്പെട്ടത്‌. 1937 ലെ ജീവല്‍ സാഹിത്യസംഘടന അതിന്റെ സംഘടനാ രൂപമായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സ്വതന്ത്രാസ്‌തിത്വവും ജനാധിപത്യസങ്കല്‌പവും സൗന്ദര്യവീക്ഷണവും കേരളീയ സാമൂഹിക-സാഹിത്യ ജീവിതത്തിലുളവാക്കിയ സ്വാധീനം അതിന്റെ പരിമിതിയോടും ശക്തിയോടും തിരിച്ചറിയുകയും അതിന്റെ ധാരണകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തു എന്നതാണ്‌ ഇ.എം.എസ്സിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. കല കലയ്‌ക്കുവേണ്ടിയോ സാമൂഹികപുരോഗതിക്കുവേണ്ടിയോ എന്ന വിവാദത്തിലും പിന്നീട്‌ രൂപഭദ്രതയുടെ പ്രശ്‌നത്തിലും കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തിയിരുന്ന സമീപനങ്ങളുടെ ദുര്‍ബലാവസ്ഥയെ ഇ.എം.എസ്‌. തിരഞ്ഞത്‌ തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ അവികസിതാവസ്ഥയിലാണ്‌. ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്രത്തിന്റെ പരിമിതികളെ നേരിടേണ്ടത്‌ തൊഴിലാളിവര്‍ഗസൗന്ദര്യശാസ്‌ത്രം കൊണ്ടുതന്നെയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. ഇ.എം.എസ്‌. അടിവരയിട്ട പരിമിതികള്‍ മറികടക്കുന്നതിലും തിരുത്തലുകള്‍ പ്രയോഗത്തില്‍ വരുത്തുന്നതിലും ചിലപ്പോഴെല്ലാം സംഘടിത സാഹിത്യസംരംഭം പരാജയമായിരുന്നുവെങ്കിലും തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ ചരിത്രപരമായ സ്ഥാനം സംശയരഹിതമായി പ്രഖ്യാപിക്കുമായിരുന്നു ഇ.എം.എസ്‌. ജീവല്‍ സാഹിത്യകാലത്ത്‌ താനടക്കമുള്ളവര്‍ക്കും പുരോഗമന സാഹിത്യകാലത്ത്‌ മുണ്ടശ്ശേരിയെപ്പോലുള്ളവര്‍ക്കും കാണാന്‍ കഴിയാതിരുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. 'വിമോചനസമര'കാലത്തെ അനുകൂല രാഷ്ട്രീയാവസ്ഥ ബൂര്‍ഷ്വാ സിദ്ധാന്തങ്ങള്‍ക്ക്‌ ഒരുതരം അപ്രമാദിത്വം പതിച്ചുനല്‍കുകയുണ്ടായി. ഇങ്ങനെ തത്ത്വശാസ്‌ത്രത്തിന്റെ വേര്‍തിരിവുകള്‍ മായ്‌ച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലിബറല്‍ സങ്കല്‌പങ്ങള്‍ക്കും സ്വന്തം പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ സാഹിത്യധാരണകളെ വ്യാഖ്യാനിക്കുകയും സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത അക്കാദമിക്‌ സൈദ്ധാന്തിക വ്യായാമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരടിച്ചുനിന്നത്‌ ഇ.എം.എസ്‌. ആയിരുന്നു. ഇത്തരം സൈദ്ധാന്തിക ചെറുത്തുനില്‌പുകളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വികസിച്ച ധാരണകള്‍ മാര്‍ക്‌സിസ്റ്റ്‌ സൗന്ദര്യശാസ്‌ത്രസങ്കല്‌പത്തിന്‌ ഇനിയും മുന്നേറാനുള്ള വഴികളിലൊന്നു മാത്രമാണ്‌. ''സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്‌. സാമൂഹികമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനയ്‌ക്ക്‌ ആവശ്യമില്ല. ആ അര്‍ഥത്തില്‍ കല കലയ്‌ക്കുവേണ്ടിതന്നെയാണ്‌. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര കണ്ടിരുന്നില്ല.....'' (പുരോഗമന സാഹിത്യപ്രസ്ഥാനം അന്നും ഇന്നും) എന്ന ഇ.എം.എസ്സിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട കോലാഹലം ഏറെ നാള്‍ തുടര്‍ന്നു. ആശയവാദാധിഷ്‌ഠിതമായ ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര നിലപാടുകള്‍ അദ്ദേഹത്തെ ഒരു ശുദ്ധ കലാവാദിയായി പ്രതിഷ്‌ഠിക്കാനാണൊരുമ്പെട്ടത്‌. കലയുടെ കലാതീതവും സാമൂഹികബാഹ്യവുമായ കേവലതയിലേക്ക്‌ പിന്‍മടങ്ങിയ ഒരു ഇ.എം.എസ്സിനെ നിരൂപിച്ചെടുക്കാനായിരുന്നു മറ്റൊരുകൂട്ടരുടെ ശ്രമം. ചില മാര്‍ക്‌സിസ്റ്റ്‌ സുഹൃത്തുക്കളാകട്ടെ അദ്ദേഹത്തിന്റെ നിലപാട്‌ മാര്‍ക്‌സിസ്റ്റ്‌ സമീപനത്തിന്‌ വിരുദ്ധമാണെന്ന്‌ വാദിച്ചു. കലയുടെ സാമൂഹികനിഷ്‌ഠവും വ്യക്തിനിഷ്‌ഠവുമായ വിരുദ്ധവശങ്ങളെ ഒരേസമയം ഗ്രഹിക്കാനാവാത്ത സാമാന്യബുദ്ധിയോട്‌ മാത്രം സംവദിക്കുന്ന പഴയ വിമര്‍ശനരീതികള്‍ക്കൊന്നും ഇ.എം.എസ്സിന്റെ പ്രസ്‌താവത്തിന്റെ യഥാര്‍ഥ സത്ത തിരിച്ചറിയാനായിരുന്നില്ല. കൃതിക്ക്‌ പിറകിലെ കര്‍തൃദൈവത്തിന്റെ പൊരുള്‍ തിരയുന്ന വിമര്‍ശനരീതിയുടെ ചാക്രികതയിലാണ്‌ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും കുറിച്ചുള്ള വിവാദം കേന്ദ്രീകരിച്ചത്‌. കൃതി കര്‍ത്താവിന്റെ ഏകാന്ത ശബ്ദമാണെന്നും അതുപോലെ അത്‌ കര്‍തൃസത്തയുടെ നിരുപാധികാവിഷ്‌കാരമല്ലാതെ മറ്റൊന്നുമല്ലെന്നുമുള്ളവിധം നടന്ന അന്വേഷണങ്ങള്‍ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും പരസ്‌പരം അടുപ്പിക്കാതെ രണ്ട്‌ ധ്രുവങ്ങളില്‍ തള്ളുന്നു. സൗന്ദര്യശാസ്‌ത്ര സംബന്ധിയായ ആലോചനകള്‍ക്ക്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ആഗോളമായ മാതൃകയില്ലെന്നും അതിനാല്‍ ''മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തങ്ങളെ ആസ്‌പദമാക്കിയ ഒരു സൗന്ദര്യശാസ്‌ത്രം രൂപപ്പെടുത്തുന്നതിന്‌ വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ പൊതുതത്ത്വങ്ങളെ ആശ്രയിക്കാനേ നിവൃത്തിയുള്ളൂ''വെന്നാണ്‌ ഇ.എം.എസ്‌. പറഞ്ഞത്‌ (മാര്‍ക്‌സിസവും മലയാള സാഹിത്യവും എന്ന കൃതിക്കെഴുതിയ ആമുഖം). എന്നാല്‍, മാര്‍ക്‌സിസത്തിന്റെ താത്ത്വികവ്യവഹാരങ്ങളില്‍ ലോകനിലവാരത്തിലെ പ്രവണതാധാരകളോട്‌ വൈകി മാത്രമേ അദ്ദേഹം ജൈവബന്ധം പുലര്‍ത്തിയിരുന്നുവെന്നത്‌ ചിലപ്പോഴെങ്കിലും പരിമിതിയായി വര്‍ത്തിച്ചിട്ടുണ്ട്‌. അതുപോലെ ഒരു മുദ്രാവാക്യത്തിന്‌ വന്നുപെട്ട രൂപമാറ്റം വിശദീകരിക്കുന്നതിന്റെ ഘട്ടത്തില്‍ പൂര്‍ണമായ മടങ്ങിപ്പോകലിന്റെ ധാരണ പരക്കുകയും ചെയ്‌തത്‌ മറ്റൊരു പ്രശ്‌നമായിരുന്നു. പാശ്ചാത്യമാര്‍ക്‌സിസ്റ്റ്‌ സൈദ്ധാന്തിക സംവാദങ്ങളില്‍ വളരെ മുമ്പുതന്നെ കെട്ടടങ്ങിപ്പോയതും പരിഹരിക്കപ്പെട്ടതും നിര്‍ധാരണം ചെയ്യപ്പെട്ടതുമായ സാഹിത്യപ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്‌ ചിലപ്പോഴെല്ലാം സമയം പാഴാക്കേണ്ടതായും വന്നിട്ടുണ്ട്‌.

No comments: