Saturday, March 21, 2009

എ കെ ജി: ജനപക്ഷത്തു നിന്ന പോരാളി

എ കെ ജി: ജനപക്ഷത്തു നിന്ന പോരാളി.

പിണറായി വിജയന്‍

പ്രക്ഷോഭങ്ങളെ ജീവവായു കണക്കെ സ്വാംശീകരിച്ച മഹാനായ വിപ്ളവകാരിയായിരുന്നു എ കെ ജി. ജനങ്ങള്‍ക്കൊപ്പം നിന്ന് ജനങ്ങളില്‍നിന്നു പഠിച്ച് അവരെ നയിച്ച കമ്യൂണിസ്റായിരുന്നു അദ്ദേഹം. ആ സമരജീവിതം കമ്യൂണിസ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ജീവിതം പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 32 വര്‍ഷം പൂര്‍ത്തിയാവുകയാണ്. എ കെ ജി നവോത്ഥാനമുന്നേറ്റങ്ങളിലും ദേശീയപ്രസ്ഥാനത്തിലും കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ് പാര്‍ടിയിലും നേതൃപരമായ പങ്കാണ് വഹിച്ചത്. അടിസ്ഥാനവര്‍ഗങ്ങളോട് പുലര്‍ത്തിയ അചഞ്ചലമായ അടുപ്പമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും തനതായ വ്യക്തിമുദ്ര സഖാവ് പതിപ്പിച്ചിരുന്നു. അതുകൊണ്ടാണ് എ കെ ജിക്ക്, വ്യക്തി എന്നതിലുപരി പ്രസ്ഥാനമായിരുന്നു എന്ന വിശേഷണം ലഭിച്ചത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്ക് അനുകൂലമാക്കി ഉപയോഗിക്കാമെന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത കമ്യൂണിസ്റായിരുന്നു എ കെ ജി. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. ഈ ഘട്ടങ്ങളില്‍ ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സഖാവ് നടത്തിയ ഇടപെടലുകള്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ അപൂര്‍വ സംഭവങ്ങളാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ കെ ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അമിതാധികാരവാഴ്ച നടപ്പാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്ന എ കെ ജിയുടെ ഓര്‍മകള്‍ പുതുക്കുന്ന ഈ അവസരത്തില്‍ രാജ്യത്ത് മറ്റൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബി ജെ പിക്കും കോഗ്രസിനും ബദലായി മൂന്നാമതൊരു ബദലിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തില്‍ പാര്‍ടി മുഴുകിക്കൊണ്ടിരിക്കുന്ന കാലഘട്ടംകൂടിയാണിത്. അത്തരം ഒരു ബദലിന് മാതൃക ഒരുക്കിയ സംസ്ഥാനമാണ് കേരളം. ബി ജെ പിയും കോഗ്രസും ഇല്ലാത്ത മുന്നണിസംവിധാനം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായി നില്‍ക്കുകയാണ്. ഈ മുന്നണി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കോഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി ജനകീയ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന ചിത്രമാണ് നാം കാണുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയവും ഈ സര്‍ക്കാരിന്റെ ബദല്‍നയവും പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുക എന്ന നയം മുന്നോട്ടുവച്ചു. കാര്‍ഷികമേഖലയില്‍ ഇവര്‍ നടപ്പാക്കിയ ആഗോളവല്‍ക്കരണനയങ്ങള്‍ കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് വ്യാപകമാക്കി. പരമ്പരാഗതവ്യവസായങ്ങളെ തകര്‍ക്കുക എന്നതായിരുന്നു ഇവരുടെ സമീപനത്തിന്റെ അന്തസ്സത്ത. വിശ്വപ്രസിദ്ധമായ കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുന്ന നില രൂപപ്പെട്ടു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതികള്‍ തകിടംമറിച്ചു. ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ തകിടംമറിച്ചു. കേരളത്തിന്റെ വേതനഘടനയെ ആകമാനം തകര്‍ക്കുന്നവിധം ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ മുഴുവനും വെട്ടിക്കുറയ്ക്കുക സര്‍ക്കാര്‍നയമായി. മതസൌഹാര്‍ദത്തിന് പേരുകേട്ട കേരളത്തില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ നിത്യസംഭവങ്ങളായി. പതിനെട്ടോളംപേരാണ് ഈ സംഘര്‍ഷങ്ങളില്‍ കേരളത്തില്‍ കൊലചെയ്യപ്പെട്ടത്. ഗുണ്ടാസംഘങ്ങളും പെവാണിഭസംഘങ്ങളും സംസ്ഥാനത്താകമാനം അഴിഞ്ഞാടി. അഴിമതി സാര്‍വത്രികമായി. പൊതുമുതല്‍ ചുളുവിലയ്ക്ക് സ്വകാര്യവ്യക്തികള്‍ക്ക് മറിച്ചുനല്‍കുക എന്നത് യുഡിഎഫിന്റെ സുപ്രധാന കാര്യപരിപാടിയായിരുന്നു. ജനകീയാസൂത്രണത്തെ അട്ടിമറിച്ചു. സാമ്പത്തികരംഗത്തെ കെടുകാര്യസ്ഥത വികസനത്തെ ആകമാനം തകര്‍ത്തു. ആഗോളവല്‍ക്കരണം മുന്നോട്ടുവച്ച ഈ നയങ്ങള്‍ക്കുപകരം പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ജനകീയബദല്‍ എല്‍ഡിഎഫ് ഉയര്‍ത്തി. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതെയായി. പൊതുമേഖലാ സ്ഥാപനങ്ങള്‍ 82 കോടി നഷ്ടമായിരുന്നത് മാറ്റി 100 കോടി രൂപ ലാഭം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചു. പരമ്പരാഗതവ്യവസായമേഖലകളെ സംരക്ഷിക്കുന്നതിനായി റിബേറ്റ് പുനഃസ്ഥാപിച്ചു. മത്സ്യ കടാശ്വാസനിയമം ഇന്ത്യക്കാകെ മാതൃകയാകുന്നതരത്തില്‍ നടപ്പാക്കി. ക്ഷേമപെന്‍ഷനുകള്‍ യുഡിഎഫ് കുടിശികയാക്കിയതുള്‍പ്പെടെ വിതരണംചെയ്തു എന്നുമാത്രമല്ല, എല്ലാ പെന്‍ഷനും 250 രൂപയാക്കി വര്‍ധിപ്പിക്കാനും തയ്യാറായി. ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാതിരുന്ന പാവപ്പെട്ടവര്‍ക്ക് 65 വയസ്സ് കഴിഞ്ഞാല്‍ 100 രൂപ മാസം അലവന്‍സ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഷോപ്പ് & എസ്റാബ്ളിഷ്മെന്റ് നിയമത്തിലൂടെ ഒരു വലിയ വിഭാഗം തൊഴിലാളികള്‍ക്ക് പെന്‍ഷനും ക്ഷേമ ആനുകൂല്യങ്ങളും നടപ്പാക്കുന്നതിനും സര്‍ക്കാരിന് കഴിഞ്ഞു. പ്രവാസികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായും കേരളം മാറി. ദാരിദ്യ്രരേഖയ്ക്കുതാഴെയുള്ളവര്‍ക്ക് രണ്ടുരൂപയ്ക്ക് റേഷന്‍ അരി വിതരണംചെയ്യാനുള്ള സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. എല്ലാവര്‍ക്കും മാവേലി സ്റോറിലൂടെ 14 രൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലായി മാറുകയാണ്. വിശ്വപ്രസിദ്ധമായ കേരളത്തിന്റെ വിദ്യാഭ്യാസ-ആരോഗ്യമേഖലകളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു. ഈ മേഖലയിലെ സര്‍ക്കാര്‍നിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കാനും തയ്യാറായി. പാവപ്പെട്ടവര്‍ക്കെല്ലാം സൌജന്യ ചികിത്സ ആരോഗ്യരംഗത്ത് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. മെറിറ്റും സാമൂഹ്യനീതിയും വിദ്യാഭ്യാസമേഖലയില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ കേരളത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാതായി കഴിഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടമെത്തിക്കുക എന്ന നയത്തിന്റെ ഭാഗമായി വിവിധ പദ്ധതിയിലായി ഏഴുലക്ഷത്തോളം വീട് പുതുതായി നിര്‍മിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. സര്‍ക്കാര്‍വകുപ്പുകള്‍, കോര്‍പറേഷനുകള്‍, സംസ്ഥാനത്തെ സഹകരണസ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് വായ്പ എടുത്ത പട്ടികജാതി-വര്‍ഗക്കാര്‍, പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ എന്നിവരുടെ പലിശയും പിഴപ്പലിശയും 25,000 രൂപവരെയുള്ള മുതല്‍സംഖ്യയും എഴുതിത്തള്ളുന്നതിനുള്ള നടപടി സ്വീകരിച്ചു. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിക്കൊണ്ടുള്ള ഇത്തരം നടപടികള്‍ ഒരു പുതിയ സമീപനംതന്നെ രാജ്യത്ത് മുന്നോട്ടുവച്ചിരിക്കുകയാണ്. ഈ ബദലിനൊപ്പംതന്നെ ആഗോള സാമ്പത്തികപ്രതിസന്ധി കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് തടയുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. മാന്ദ്യവിരുദ്ധ പാക്കേജ് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അവതരിപ്പിച്ച ബജറ്റ് ഇതാണ് കാണിക്കുന്നത്. മാന്ദ്യം പരിഹരിക്കുന്നതിനായി 10,000 കോടി രൂപയുടെ ഉത്തേജക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത്. കേരള സര്‍ക്കാരിന്റെ ആഭ്യന്തരവരുമാനത്തിന്റെ അഞ്ചുശതമാനത്തോളം ഇത് വരും. ഇന്ത്യാഗവമെന്റിന്റെ പാക്കേജ് ദേശീയവരുമാനത്തിന്റെ 0.05 ശതമാനംമാത്രമേ വരൂ എന്നറിയുമ്പോഴാണ് കേരളത്തിന്റെ ബദല്‍നയത്തിന്റെ സവിശേഷതകള്‍ നമുക്ക് മനസ്സിലാകുക. ആഗോള സാമ്പത്തികപ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിക്കുന്ന വിഭാഗമാണ് പ്രവാസികളെന്ന് കണക്കിലെടുത്തുകൊണ്ടുള്ള 100 കോടി രൂപയുടെ പാക്കേജിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുകയാണ്. മാത്രമല്ല, പ്രവാസികള്‍ക്കായി ഇന്ത്യയില്‍ ആദ്യമായി ക്ഷേമനിധിതന്നെ രൂപീകരിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. കേന്ദ്ര മന്ത്രിസഭയില്‍ കോഗ്രസില്‍നിന്ന് ഒരു പ്രവാസിമന്ത്രിതന്നെ ഉണ്ടായിരുന്നിട്ടും കേരളത്തിലെ ജനതയെ സഹായിക്കാന്‍ ഇത്തരമൊരു പാക്കേജ് ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെന്ന വസ്തുതയും നാം ഓര്‍ക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണനയങ്ങളും അതിന്റെ തുടര്‍ച്ചയായ സാമ്പത്തികമാന്ദ്യവുമെല്ലാം ഏറ്റവും ഗുരുതരമായി കേരളത്തില്‍ ബാധിക്കാന്‍ പോകുന്നത് പരമ്പരാഗതമേഖലയിലെ തൊഴിലാളികളെയും ദുര്‍ബല ജനവിഭാഗങ്ങളെയുമാണ്. അതുകൊണ്ടുതന്നെ നിരാലംബരായ ഈ ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്താനുള്ള സമീപനം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു. ഉള്ളവന്‍ അതിജീവിക്കുക എന്ന ആഗോളവല്‍ക്കരണ കാഴ്ചപ്പാടുകള്‍ക്കുപകരം ദുര്‍ബലനെ സംരക്ഷിക്കുക എന്ന സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. യുഡിഎഫ്-എല്‍ഡിഎഫ് നയങ്ങള്‍ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്. എല്‍ഡിഎഫിലെ ബജറ്റിലെ സാമൂഹ്യക്ഷേമമേഖലയിലെ ഊന്നലും അടിസ്ഥാനസൌകര്യ വികസനത്തിനായുള്ള ഇടപെടലും ഈ നയത്തിന്റെ ഭാഗമാണ്. ഇവിടെ സര്‍ക്കാര്‍ വിവിധ മേഖലയില്‍നിന്ന് പിന്മാറുകയല്ല കൂടുതല്‍ ഇടപെടുകയാണ് ചെയ്യുന്നത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഇത്തരം ബദല്‍നയം രാജ്യത്താകമാനം വ്യാപിപ്പിക്കുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. അങ്ങനെ സാധിക്കണമെങ്കില്‍ കേന്ദ്രത്തില്‍ ബിജെപിക്കും കോഗ്രസിനും ബദലായുള്ള രാഷ്ട്രീയശക്തിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ കഴിയണം. മൂന്നാംബദലിന് രാഷ്ട്രീയവും നയപരവുമായ മാതൃക ഉയര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ട് നമ്മുടെ സംസ്ഥാനത്തുനിന്ന് ജനപക്ഷവികസന കാഴ്ചപ്പാട് മുറുകെ പിടിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിക്കണം. ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു നയത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഏത് അഭിപ്രായവ്യത്യാസവും പരിഹരിച്ച് മുന്നോട്ടുപോകാനുള്ള കരുത്ത് അതിനുണ്ട്. കേരളത്തിനുവേണ്ടി പാര്‍ലമെന്റില്‍ ഇടപെടാനും അതോടൊപ്പം ഇന്ത്യന്‍ജനതയുടെ പ്രശ്നങ്ങള്‍ ഉയര്‍ത്താനും ഉയര്‍ന്ന ശബ്ദമായിരുന്നു എ കെ ജിയുടേത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിനും വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നതിനും മൂന്നാംബദല്‍ കരുപ്പിടിപ്പിക്കുന്നതിനും ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് എ കെ ജിയുടെ ഓര്‍മകള്‍ കരുത്താകും.

7 comments:

കുഞ്ഞിക്കുട്ടന്‍ said...

ആ മഹാന്‍ ഇരുന്ന കസേരയില്‍ ഇന്ന് വാണരുളുന്ന പിണറായീ
നാണമില്ലേ വര്‍ഗീയ വാദികളെ കൂടെ കൂട്ടിയിട്ട്‌ ഗീര്‍വാണം വിളമ്പാന്‍ .

Anonymous said...

Ridiculous comparison with AKG, with a multicrore scam accused person.

Anonymous said...

സി.പി.എം സഖാക്കള്‍ ഇപ്പോള്‍ ഉരുവിടേണ്ട പ്രാര്‍ഥന

ഓം അബ്ദുല്‍ നസ്സര്‍ മദനി ശരണം
ഒം എല്ലാ പിതാക്കന്മ്മാരും ശരണം
അബ്ദുല്‍ നസ്സര്‍ മദനി മതേരത്തവാദി
പിണറായി വിജയന്‍ സത്യവാദി
ലാവലിന്‍ പ്രേതമേ വെറുതെ വിടണമേ.

ദൈവമേ മദനിയെ ജയിലില്‍ നിന്നും മാനസന്തരപെടുത്തിയ പൊലെ മുസ്ലിമുകളെ എല്ലാം മാനസാന്തരപെടുത്തി പി.ഡി.പി യില്‍ ചേര്‍ക്കണമേ.....

നമ്മള്‍ക്കും പ്രര്‍ത്തിക്കാം
ഭാരതമാതാവിനോട്‌ ചെയുന്ന ഈ പാപത്തിനു ഇവര്‍ക്കു മാപ്പു കൊടുക്കേണമെ

Prasad from 365greetings.com

Anonymous said...

നമ്മള്‍ക്കും പ്രര്‍ത്തിക്കാം.....

No

നമ്മള്‍ക്ക് പ്രവര്‍ത്തിക്കാം. വോട്ടിലുടെ....... ഈ അവിശുദ്ധ, ഇന്ത്യ വിരുദ്ധ കൂട്ടുകെട്ടിനെ തറപറ്റിക്കാം

Anonymous said...

കാലന്‍ വന്നു വിളിച്ച്ചിട്ടും ഗോപാലനെ ന്താ പോകാത്തെ എന്ന് A.K.G രോഗബാധിതനായി കിടക്കുമ്പോള്‍ പോലും അലറി വിളിച്ച 'കപട' സുഹൃത്തുക്കളേ,പിണറായിക്കും എ.കെ.G ക്കും നിങ്ങള്‍ സര്ടിഫികറ്റ് പതിച്ചു നല്കല്ലേ.അഴീക്കോടനെ അഴിമതിക്കൊടന്‍ എന്നും ആനന്ദകൃഷ്ണ ബസ് സര്‍വിസ് അഴീക്കോടന്റെതാണെന്ന് പ്രചരിപ്പിച്ച വരെ,പ്ലീസ് വേറെ പണി നോക്ക്...മരിച്ച കമ്മ്യുനിസ്റ്റും പുറത്താക്കിയ കമ്മ്യുനിസ്റ്റും ശ്രേഷ്ടന്മാര്‍ ആകുമ്പോള്‍,പിച്ചാത്തിയും, തോക്കുമൊക്കെ നേരിട്ട് തന്നെ ചിലരെല്ലാം 'പെഴച്ച' കമ്മ്യുനിസ്ടുകലായി ഉണ്ടാവും...

Anonymous said...

തീര്‍ച്ചയായും ഞാനും യോജിക്കുന്നു. ചൈനയില്‍ ഉള്ളതു മാതിരി ഒരു ഒറ്റ പത്രം മാത്രമേ കേരളത്തിലും പാടുള്ളൂ.. ഈ പത്രമുതലാളിമാര്‍ നല്ല കമ്യൂണിസ്റ്റ്‌ ആയ പിണറായിയെ അഴിമതികാരന്‍ എന്നു വിളിക്കുന്നു. ദേ ചൈനയില്‍ നോക്കൂ??? അവിടെത്തെ നെതാക്കന്മാര്‍ എത്ര പൈസ കട്ടാലും peoples daily മിണ്ടില്ല.
ആ സിസ്റ്റം ഇവീടെയും വരണം

(ഹ ഹ ഹ ഹ )

Anonymous said...

" അവിടെത്തെ നെതാക്കന്മാര്‍ എത്ര പൈസ കട്ടാലും peoples daily മിണ്ടില്ല.
ആ സിസ്റ്റം ഇവീടെയും വരണം..."

No,Latest 'system': (1)Jinnah is a good secularist, who told?

Maharaja ADwani..