Thursday, March 19, 2009

സഃ ഇ എം എസ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍
സഃ ഇ എം എസ് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍ .

പിണറായി വിജയന്‍

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലയെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്മതയോടുകൂടി വിലയിരുത്തിയ മാര്‍ക്സിസ്റ് ആചാര്യനായിരുന്നു സ: ഇ എംഎസ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് പതിനൊന്നുവര്‍ഷമായി. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തുകയും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് കാണിച്ച ശുഷ്കാന്തി കേരളീയജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. ഏത് പ്രശ്നത്തെയും പരസ്പരബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിന് കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനയാണ് നല്‍കിയത്. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് ഇ എം എസ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ എം എസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഒരു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് സ. ഇ എം എസിന്റെ സ്മരണ നാം പുതുക്കുന്നത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറുന്ന ഘട്ടത്തിലാണ് ഇഎംഎസ് വിട്ടുപിരിഞ്ഞത്. ബിജെപിക്കെതിരായുള്ള ശക്തമായ പ്രവര്‍ത്തനത്തിന് ആഹ്വാനം നല്‍കിക്കൊണ്ടുള്ള ലേഖനമായിരുന്നു സഖാവ് അവസാനമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചത്. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്ന കമ്യൂണിസ്റുകാരുടെ ഈ അജന്‍ഡ പൂര്‍ത്തീകരിക്കാനുള്ള ഇടപെടലാണ് കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്വീകരിച്ചത്. മൂന്ന് പ്രധാന മുദ്രാവാക്യങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ടി മുന്നോട്ടുവച്ചു. 1) ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക 2) ഒരു മതേതര സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റുക. 3) ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുക. ഈ മൂന്ന് മുദ്രാവാക്യവും അക്ഷരംപ്രതി പ്രാവര്‍ത്തികമാക്കാന്‍ സിപിഐ എമ്മിന് സാധിച്ചു. ബിജെപി അധികാരത്തില്‍നിന്ന് പുറത്തുപോയി. പകരം ഒരു മതേതര സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള നിലപാട് പാര്‍ടി സ്വീകരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ഏറ്റവും കൂടുതലാക്കി മാറ്റാനും ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞു. മതേതര സ്വഭാവങ്ങളില്‍ ചാഞ്ചാടുകയും രാഷ്ട്രീയലാഭത്തിനുവേണ്ടി വര്‍ഗീയശക്തികളെ പ്രീണിപ്പിക്കാന്‍ തയ്യാറാവുകയുംചെയ്യുന്ന പാര്‍ടിയാണ് കോഗ്രസ.് എങ്കിലും ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യംകൂടി കണക്കിലെടുത്ത് കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ മുന്നണിക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചു. കോഗ്രസിന്റെ വര്‍ഗസ്വഭാവവും അടിസ്ഥാനനയങ്ങളോടുള്ള വിയോജിപ്പും കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമാവാന്‍ ഇടതുപക്ഷം തയ്യാറായില്ല. യുപിഎയ്ക്ക് ഇടതുപക്ഷം നല്‍കിയ പിന്തുണ നിരുപാധികം ആയിരുന്നില്ല. ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ള പിന്തുണയായിരുന്നു അത്. എന്നാല്‍, ഈ പൊതുമിനിമം പരിപാടിയിലെ ജനോപകാരപ്രദമായ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യുപിഎ വിമുഖത കാണിച്ചു. ആഗോളവല്‍ക്കരണനയങ്ങള്‍ വിവിധ മേഖലയില്‍ ശക്തമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞത്. പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, ഇന്ത്യന്‍ കാര്‍ഷികമേഖല കുത്തകകള്‍ക്കായി തീറെഴുതുക, പൊതുവിതരണശ്യംഖലയെ തകര്‍ക്കുക, സാമൂഹ്യസുരക്ഷാപദ്ധതികളെ ഉപേക്ഷിക്കുക തുടങ്ങിയവ സര്‍ക്കാരിന്റെ മുഖമുദ്രയായി. രാജ്യത്തെ സാമ്രാജ്യത്വശക്തികള്‍ക്ക് തീറെഴുതുന്ന ഇത്തരം നയങ്ങള്‍ക്കെതിരായുള്ള നിരന്തരമായ പോരാട്ടം ഇടതുപക്ഷം സംഘടിപ്പിച്ചു. പാര്‍ലമെന്റിന് അകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇത്തരം പോരാട്ടങ്ങളുടെ ഫലമായി ആഗോളവല്‍ക്കരണനയങ്ങള്‍ യുപിഎ സര്‍ക്കാര്‍ ഉദ്ദേശിച്ചതുപോലെ നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആഗോളസാമ്പത്തിക പ്രതിസന്ധി വികസിതമുതലാളിത്ത രാഷ്ട്രങ്ങളെ ഉള്‍പ്പെടെ ഒന്നിനു പുറകെ ഒന്നായി കടപുഴക്കിയപ്പോള്‍ അത്തരം പ്രതിസന്ധികള്‍ ഏറെയൊന്നും ഏശാതെ ഇന്ത്യാ രാജ്യത്തിന് പിടിച്ചുനില്‍ക്കാനായത് ഇടതുപക്ഷത്തിന്റെ ഈ നയത്തിന്റെ ഫലമാണ്. അതുകൊണ്ട് രാജ്യത്തെ സംരക്ഷിക്കാന്‍ ഇടതുപക്ഷം എടുത്ത ഈ നയങ്ങളോട് ഇന്ത്യന്‍ജനത ഏറെ കടപ്പെട്ടിരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ നയങ്ങളുടെ ഏറ്റവും അപകടകരമായ പ്രതിഫലനം നടന്ന മറ്റൊരു മേഖലയാണ് വിദേശനയം. നെഹ്റുവിന്റെ കാലം തുടങ്ങി ഇന്ദിരാഗാന്ധിയുടെ കാലംവരെയും ചേരിചേരാനയം ഇന്ത്യ സ്വീകരിച്ചു. സാമ്രാജ്യത്വ രാഷ്ട്രങ്ങളുടെ നയങ്ങള്‍ക്കെതിരായുള്ള സമീപനമായിരുന്നു അത്. പൊതുമിനിമം പരിപാടിയില്‍ ഈ നയം പിന്തുടരുമെന്നും ബഹുലോകക്രമത്തിനായുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നുമുള്ള നിലപാട് ഇടതുപക്ഷം സ്വീകരിച്ചു. എന്നാല്‍, ഇതിനെയെല്ലാം കാറ്റില്‍ പറത്തി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുയോജ്യമായ നിലപാടുകളാണ് യുപിഎ സ്വീകരിച്ചത്. ആണവപ്രശ്നത്തില്‍ ഇറാനെതിരെ വോട്ട് ചെയ്തു. ഇറാഖിലെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ നിലപാട് സ്വീകരിച്ചില്ല. കശ്മീര്‍പ്രശ്നത്തില്‍ ഉള്‍പ്പെടെ എന്നും ഇന്ത്യയെ പിന്തുണച്ച സദ്ദാം ഹുസൈനെ വധിച്ച നടപടിയെപ്പോലും കേന്ദ്രസര്‍ക്കാര്‍ അപലപിച്ചില്ല. പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്ന ഇസ്രയേലുമായി തികഞ്ഞ ചങ്ങാത്തത്തിലേക്ക് ഈ കാലഘട്ടത്തില്‍ ഇന്ത്യ പ്രവേശിച്ചു. അവസാനമായി ഇടതുപക്ഷത്തിന് നല്‍കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തി ഇന്ത്യയുടെ വിദേശനയം അമേരിക്കയുടെ കാല്‍ക്കീഴില്‍ വയ്ക്കുന്ന ആണവകരാറിലും ഒപ്പിടാന്‍ തയ്യാറായി. ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ഈ കരാറിലൂടെ അടിയറവയ്ക്കുകയും ചെയ്തു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിനു വേണ്ടിയാണ് യുപിഎയ്ക്ക് ഇടതുപക്ഷം പിന്തുണ പ്രഖ്യാപിച്ചത്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുന്നതിന് ഏറ്റവും പ്രധാനമായിട്ടുള്ളത് ദേശീയ പരമാധികാരം സംരക്ഷിക്കുക എന്നുള്ളതാണ്. എന്നാല്‍, ഈ നയം യുപിഎ സ്വീകരിച്ചില്ല. മാത്രമല്ല സാമ്രാജ്യത്വ അനുകൂല സാമ്പത്തികനയങ്ങള്‍ നടപ്പാക്കുക വഴി വിലക്കയറ്റവും വ്യാപകമായ ജനകീയ അസംതൃപ്തിയും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കി. വര്‍ഗീയശക്തികളെ ഇത്തരം നയം ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിയിട്ടുകൂടിയാണ് യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചത്. ബിജെപിയും കോഗ്രസും ആഗോളവല്‍ക്കരണനയങ്ങള്‍ രാജ്യത്ത് നടപ്പാക്കുകയും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാനുമാണ് ശ്രമിക്കുന്നത്. അതുകൊണ്ട് ഈ രണ്ട് ശക്തിയെയും അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഇത് കണക്കിലെടുത്തുകൊണ്ടാണ് മൂന്നാം ബദലിന് മുന്‍കൈ എടുത്തുകൊണ്ട് സിപിഐ എം പ്രവര്‍ത്തിച്ചത്. അതിന്റെ ഫലം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രൂപപ്പെടുകയുംചെയ്തു. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക്, ജനതാദള്‍ എസ്, എഐഎഡിഎംകെ, തെലുങ്കുദേശം പാര്‍ടി, ടിആര്‍എസ്, ഹരിയാന ജനഹിത് കോഗ്രസ്, ജാര്‍ഖണ്ഡ് വികാസ് പാര്‍ടി തുടങ്ങിയ നിരവധി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മൂന്നാം ബദലിനായി മുന്നോട്ടുവന്നിരിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ബിഎസ്പി തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മൂന്നാം ബദലുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല എന്‍ഡിഎയുടെയും യുപിഎയുടെയും ഭാഗമായി നില്‍ക്കുന്ന മതേതരകക്ഷികള്‍ മൂന്നാം ബദലിനോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഒറീസയിലെ ബിജു ജനതാദളിന്റെ നിലപാട്. യുപിഎയും എന്‍ഡിഎയും തകരുകയാണ്. യുപിഎ അഖിലേന്ത്യാതലത്തില്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ പറ്റില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ആ മുന്നണിയില്‍ അസ്വസ്ഥതയുടെ മാലപ്പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങി. യുപിഎയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷിയായി വിശേഷിപ്പിക്കപ്പെട്ട സമാജ്വാദി പാര്‍ടി അവരുമായുള്ള സഖ്യം അവസാനിപ്പിക്കുന്ന നില വന്നിരിക്കയാണ്. ബിഹാറിലെ രാഷ്ട്രീയലോക്ദളുമായുള്ള സഖ്യചര്‍ച്ചകള്‍ എവിടെയും എത്തിയില്ല. എന്‍സിപിയുമായുള്ള മുന്നണിബന്ധം എത്രകാലം തുടരുമെന്ന് പറയാനാവാത്ത നിലയാണുള്ളത്. എന്‍ഡിഎയുടെ ഘടകകക്ഷികളായ മതേതരപാര്‍ടികള്‍ ഒന്നൊന്നായി അവരുടെ കൂടാരം വിടുകയാണ്. എഐഎഡിഎംകെ, തെലുങ്കുദേശം പാര്‍ടി, ബിജുജനതാദള്‍ തുടങ്ങിയ രാഷ്ട്രീയപാര്‍ടികള്‍ ഇപ്പോള്‍ത്തന്നെ ആ സഖ്യത്തില്‍നിന്ന് പുറത്ത് കടന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംജാതമായിരിക്കുന്ന ചിത്രം എന്‍ഡിഎയും യുപിഎയും തകരുന്നതും മൂന്നാം ബദല്‍ ശക്തിപ്പെടുന്നതുമാണ്. ഈ മൂന്നാം ബദലിനെ അധികാരത്തിലേറ്റി ഇന്ത്യയുടെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുക എന്നതാണ് പരമപ്രധാനം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരം ഒരു ബദലിനുവേണ്ടി പ്രവര്‍ത്തിച്ച സ. ഇ എം എസിന്റെ ഓര്‍മകള്‍ നമുക്കതിന് കരുത്തുപകരും. സാമ്രാജ്യത്വ-പിന്തിരിപ്പന്‍ ശക്തികളുടെ കുത്സിത തന്ത്രങ്ങള്‍ക്കെതിരെ നാടിന്റെ വികസനത്തിനും തൊഴിലാളിവര്‍ഗ വിപ്ളവത്തിനുമായി ജീവിതാന്ത്യംവരെ പൊരുതിയ സഖാവായിരുന്നു ഇ എം എസ്. ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. ഇത്തരത്തില്‍ അനുസ്മരണത്തെ പോരാട്ടമാക്കി മുന്നേറാനുള്ള അവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്്. അത് പ്രാവര്‍ത്തികമാക്കാന്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ട ഘട്ടമാണിത്. അതിലൂടെയേ ഇ എം എസിന്റെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാകൂ.

No comments: