Wednesday, March 18, 2009

ബദല്‍നയങ്ങള്‍; ബദല്‍ശക്തി

ബദല്‍നയങ്ങള്‍; ബദല്‍ശക്തി



വിജയകരമായ ബദലിന് രൂപംനല്‍കാനായി കോഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ ഒന്നിച്ചുചേരുന്നതിനുള്ള സാധ്യത കൂടുതല്‍ തെളിഞ്ഞുവരികയാണെന്ന് പറഞ്ഞാണ് കഴിഞ്ഞയാഴ്ച എന്റെ പംക്തി ഉപസംഹരിച്ചത്. ഒരാഴ്ചയ്ക്കിടയില്‍ ഉണ്ടായ സംഭവവികാസങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. മാര്‍ച്ച് 12ന്, ബംഗളൂരുവിനു സമീപം തുംകൂറില്‍ കൂറ്റന്‍ റാലി നടന്നു. മതേതരജനതാദള്‍ പ്രസിഡന്റ് ദേവഗൌഡ സംഘടിപ്പിച്ച റാലിയില്‍ എഐഎഡിഎംകെ, തെലുങ്കുദേശം, ടിആര്‍എസ്, സിപിഐ എം, സിപിഐ എന്നീ പാര്‍ടികളുടെ നേതാക്കള്‍ പങ്കെടുത്തു. ബിഎസ്പി അവരുടെ പ്രതിനിധിയായി ഒരു പ്രമുഖനേതാവിനെ റാലിയിലേക്ക് അയച്ചു. കോഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ പൊതുവേദിയില്‍ അണിനിരക്കുന്നതിന്റെ വിളംബരമായി റാലി മാറി. ഇതിന്റെ തുടര്‍ച്ചയായി 15ന് ന്യൂഡല്‍ഹിയില്‍ ഒന്‍പത് പാര്‍ടികള്‍ പങ്കെടുത്ത യോഗം ചേര്‍ന്നു. സിപിഐ എം ആതിഥേയത്വം വഹിച്ച ഈ യോഗത്തില്‍ ഇടതുപാര്‍ടികളുമായി തെരഞ്ഞെടുപ്പ് ധാരണയോ സീറ്റ് പങ്കിടല്‍ ക്രമീകരണമോ ഉള്ള എല്ലാ കക്ഷികളും പങ്കെടുത്തു. നാല് ഇടതുപക്ഷപാര്‍ടികള്‍ക്കുപുറമെ, ടിഡിപി, ടിആര്‍എസ്, എഐഎഡിഎംകെ, മതേതരജനതാദള്‍ എന്നിവയുടെയും പുതുതായി വന്ന ബിജുജനതാദളിന്റെയും നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യം യോഗത്തിനുശേഷം സംയുക്തപ്രസ്താവനയില്‍ നേതാക്കള്‍ പ്രകടിപ്പിച്ചു. ജനങ്ങളുടെ ക്ഷേമവും താല്‍പ്പര്യവും സംരക്ഷിക്കാനായി കേന്ദ്രത്തില്‍ ബദല്‍സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ചു. അന്നേദിവസംതന്നെ ബിഎസ്പി പ്രസിഡന്റ് മായാവതി പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് അഭ്യര്‍ഥനയില്‍ കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ അഭ്യര്‍ഥിച്ചു. കോഗ്രസിതര, ബിജെപിയിതര സര്‍ക്കാര്‍ രൂപീകരിക്കാനായി പ്രവര്‍ത്തിക്കാനുള്ള ബിഎസ്പിയുടെ ദൃഢനിശ്ചയവും തെരഞ്ഞെടുപ്പ് അഭ്യര്‍ഥനയില്‍ പ്രകടമാകുന്നു. ഈ സംഭവവികാസങ്ങള്‍ കോഗ്രസ്, ബിജെപി ക്യാമ്പുകളില്‍ വിഷമവും വൈക്ളബ്യവും സൃഷ്ടിച്ചിട്ടുണ്ട്. മൂന്നാംമുന്നണി ആശയത്തെ ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. 1999, 2004 കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി പല മതനിരപേക്ഷ, പ്രാദേശികകക്ഷികളും ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ഈ അസഹിഷ്ണുത ഉടലെടുത്തത്. മതേതര, പ്രാദേശിക കക്ഷികള്‍ ബിജെപിയിതര, കോഗ്രസിതര ചേരിയിലാണ് ഇടം കണ്ടെത്തുന്നത്. കോഗ്രസാകട്ടെ, പാര്‍ടിയുടെ മുതിര്‍ന്ന നേതാവ് പ്രണബ്മുഖര്‍ജിയെയാണ് മൂന്നാംമുന്നണി ആശയത്തെ ആക്രമിക്കാന്‍ നിയോഗിച്ചത്. അവരുടെ പങ്കാളിത്തമില്ലാതെ ആര്‍ക്കും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെടുന്ന തരത്തിലേക്ക് കോഗ്രസ് താഴ്ന്നിരിക്കുന്നു. കോഗ്രസിതര, ബിജെപിയിതര സഖ്യത്തിന്റെ രൂപീകരണം അപകടത്തിലാക്കിയത് എന്‍ഡിഎയുടെ മാത്രം തെരഞ്ഞെടുപ്പ് സാധ്യതകളെയല്ല, കോഗ്രസിനും അവരുടെ കൂട്ടുകക്ഷികള്‍ക്കും ഇതു വെല്ലുവിളിയായി. കോഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ക്ക് വിരുദ്ധമായ ബദല്‍നയങ്ങളാണ് രാജ്യത്തിന് ആവശ്യമെന്ന കാഴ്ചപ്പാടാണ്സിപിഐ എമ്മിനുള്ളത്. ഇത്തരം ബദല്‍നയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അതിനു യോജിച്ച രാഷ്ട്രീയവേദി രൂപംകൊള്ളണം. ബദല്‍നയങ്ങള്‍ എന്തായിരിക്കണമെന്ന് 16ന് പ്രസിദ്ധീകരിച്ച സിപിഐ എം തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വിശദീകരിക്കുന്നു. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്നുവന്ന നവഉദാരവല്‍ക്കരണനയങ്ങള്‍ നിരാകരിക്കാന്‍ പ്രകടനപത്രിക ആഹ്വാനംചെയ്യുന്നു. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമായ നയങ്ങളാണിവ. ഈ നയങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തികപരമാധികാരത്തെ അപകടത്തിലാക്കുകയും ആഗോളസാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തില്‍ തള്ളുകയും ചെയ്തു. ഇതിനുപകരമുള്ള നയങ്ങളാണ് സിപിഐ എം പ്രകടനപത്രികയില്‍ മുന്നോട്ടുവയ്ക്കുന്നത്. ദേശീയപരമാധികാരം കാത്തുസൂക്ഷിക്കുന്നതിലും ജനക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സ്വാശ്രയസാമ്പത്തിക വികസനത്തിലും വര്‍ഗീയതയ്ക്ക് എതിരായ ഉറച്ച നിലപാടിലും സ്വതന്ത്രവിദേശനയത്തിലും പ്രകടനപത്രിക കേന്ദ്രീകരിക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി അടിയന്തരമായി നേരിടുന്ന തരത്തിലാണ് ബദല്‍നയങ്ങള്‍ക്ക് രൂപംനല്‍കിയത്; കാര്‍ഷികമേഖലയില്‍ വികസനം ഉണ്ടാക്കുന്ന വിധത്തിലും കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കുന്ന തരത്തിലും നയങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നു; നേട്ടം ബഹുരാഷ്ട്രകുത്തകകള്‍ക്കും വന്‍കിട കോര്‍പറേറ്റുകള്‍ക്കും മാത്രമാക്കി മാറ്റുന്ന വ്യാവസായികവികസനമല്ല വേണ്ടതെന്ന് ഉറപ്പാക്കുമെന്നും പ്രകടനപത്രികയില്‍ വ്യക്തമാക്കുന്നു. വ്യവസായനയം ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്നതായിരിക്കണം, പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനും ഉല്‍പ്പാദനശേഷി ഉയര്‍ത്താനും പുതിയ സാങ്കേതികവിദ്യ കൊണ്ടുവരാനും കഴിയുന്ന നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ പര്യാപ്തമായതും ആയിരിക്കണം. അതിസമ്പന്നരില്‍നിന്ന് കൂടുതല്‍ വിഭവങ്ങള്‍ സമാഹരിക്കാന്‍ ഉതകുന്നതും പ്രത്യേകസാമ്പത്തികമേഖലകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നതുമായ ധന-നികുതിനയങ്ങള്‍ നടപ്പാക്കണം. ഭൂപരിഷ്കരണ നടപടികളില്‍ വെള്ളം ചേര്‍ക്കുന്നത് അവസാനിപ്പിച്ചും മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണംചെയ്തും കടക്കെണിയിലായ കര്‍ഷകര്‍ക്കായി സമഗ്രമായ ആശ്വാസപദ്ധതികള്‍ ആവിഷ്കരിച്ചും കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി കേന്ദ്രനിയമം കൊണ്ടുവരാന്‍ നടപടി ഉണ്ടാകണം. തകര്‍ത്തെറിഞ്ഞ പൊതുവിതരണ സംവിധാനത്തിനു പകരം സാര്‍വത്രികവും ഫലപ്രദവുമായ പൊതുവിതരണസംവിധാനം ഉണ്ടാകണം; ഇറക്കുമതി-എക്സൈസ് തീരുവകള്‍ കുറച്ച് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പനവില കുറയ്ക്കണം; ഗ്രാമീണ-നഗരമേഖലകളിലെ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബാധകമായതും ചോദിക്കുന്നത്ര തൊഴില്‍ദിനങ്ങള്‍ നല്‍കുന്നതുമായ വിധത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കണം; തൊഴില്‍നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുകയും കൂട്ടായി വിലപേശാനും പണിമുടക്കാനുമുള്ള തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുകയും ചെയ്യണം. വര്‍ഗീയശക്തികളെ അമര്‍ച്ചചെയ്യാനും ഒറ്റപ്പെടുത്താനും വര്‍ഗീയസ്വഭാവമുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം നടത്തണം; ഗുജറാത്തില്‍ ന്യൂനപക്ഷത്തിനെതിരായി നടന്ന കുറ്റകൃത്യങ്ങളിലെ പങ്കാളികളെയും മഹാരാഷ്ട്രകലാപങ്ങള്‍ക്ക് ഉത്തരവാദികളായി ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ ചൂണ്ടിക്കാണിച്ചവരെയും നീതിപീഠത്തിന്റെ മുന്നില്‍ കൊണ്ടുവരണം; ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്ന സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കുമെതിരെ ഉറച്ച നടപടി സ്വീകരിക്കണം; പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും വര്‍ഗീയഉള്ളടക്കം തിരുകിക്കയറ്റുന്നത് കര്‍ശനമായി തടയണം. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ തന്ത്രപരമായ സഖ്യം ഇന്ത്യയുടെ സ്വതന്ത്രവിദേശനയം വീണ്ടെടുക്കാന്‍ പൊട്ടിച്ചെറിയണം. 123 ഉടമ്പടി പുനഃപരിശോധിച്ച് ആണവകരാറില്‍ ഇന്ത്യക്ക് ദോഷകരമായുള്ള വ്യവസ്ഥകള്‍ നീക്കണം; അമേരിക്കയുമായുള്ള പ്രതിരോധ ചട്ടക്കൂട് കരാര്‍ റദ്ദാക്കണം; ഇസ്രയേലുമായുള്ള സുരക്ഷ-സൈനിക സഹകരണം ഇന്ത്യ അവസാനിപ്പിക്കണം. ഫെഡറലിസം ശക്തിപ്പെടുത്താനും കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ഭരണഘടനയിലെ 355,356 വകുപ്പുകളുടെ ദുരുപയോഗം തടയുന്നതിനുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നത് ഉള്‍പ്പടെയുള്ള ഒട്ടേറെ നടപടികള്‍ പ്രകടനപത്രികയില്‍ നിര്‍ദേശിക്കുന്നു; കേന്ദ്രനികുതികളുടെ 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് വീതംവയ്ക്കുക, കമ്പോളത്തില്‍നിന്ന് കടമെടുക്കുമ്പോഴുള്ള സംസ്ഥാനവിഹിതം 50 ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ നടപടികളും നിര്‍ദേശിക്കുന്നു. വേതനത്തിലും സ്വത്തിന്റെ അവകാശത്തിലും സ്ത്രീകള്‍ക്ക് തുല്യപദവി ഉറപ്പാക്കാനുള്ള വ്യക്തമായ നടപടികളും പ്രകടനപത്രികയില്‍ വിശദീകരിച്ചിട്ടുണ്ട്. നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണംചെയ്യാനുള്ള നിയമം ഉറപ്പായും യാഥാര്‍ഥ്യമാക്കണം. യുപിഎ സര്‍ക്കാരിന് ഈ വാഗ്ദാനം നിറവേറ്റാനായില്ല. വിദ്യാഭ്യാസ, തൊഴില്‍മേഖലകളില്‍ ദളിതരുടെയും ആദിവാസികളുടെയും അവസരങ്ങള്‍ വര്‍ധിപ്പിക്കണം, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. മുസ്ളിംജനവിഭാഗത്തിനുള്ള ഉപപദ്ധതി ഉള്‍പ്പെടെ സച്ചാര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കണം, ഇവരുടെ ക്ഷേമത്തിനും വികസനത്തിനുമായി പ്രത്യേകം ഫണ്ട് നീക്കിവയ്ക്കണം. വിദ്യാഭ്യാസ, ആരോഗ്യ, മാധ്യമ മേഖലകളില്‍ നിര്‍ദേശിച്ചിട്ടുള്ള നടപടികള്‍ ദേശീയ പരമാധികാരം സംരക്ഷിക്കാനും പൊതുനിക്ഷേപവും പൊതുസേവനമേഖലകളും വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണ്. സിപിഐ എം പ്രകടനപത്രികയില്‍ ബദല്‍നയങ്ങള്‍ക്കായി നിര്‍ദേശിച്ചിട്ടുള്ള ഏതാനും കാര്യങ്ങള്‍ ഇവയാണ്. ജനപക്ഷത്തുനിന്നുള്ള സാമ്പത്തികനയങ്ങള്‍ക്കു വേണ്ടിയും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും സ്വതന്ത്രവിദേശനയത്തിനു വേണ്ടിയും പൊതുവേദിയില്‍ അണിനിരക്കാന്‍ തയ്യാറായ കോഗ്രസിതര മതനിരപേക്ഷ കക്ഷികളെ ഒന്നിച്ച് നിര്‍ത്താനാണ് സിപിഐ എം ശ്രമിക്കുന്നത്. ബദല്‍നയങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പോരാട്ടത്തിനാണ് തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. കോഗ്രസ് നയിക്കുന്ന യുപിഎയുടെ വിനാശകരമായ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തണം. ബിജെപിയാകട്ടെ കോഗ്രസിന്റെ കൂടുതല്‍ പിന്തിരിപ്പനായ രൂപം മാത്രമാണെന്ന വസ്തുതയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തുറന്നുകാട്ടണം.
പ്രകാശ് കാരാട്ട്.

No comments: