നവകേരള മാര്‍ച്ച് ജനങളുടെ ആവേശതിരയിളക്കം
സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ച് ആറു ജില്ല പിന്നിട്ടപ്പോള്‍ ജനപങ്കാളിത്തത്തില്‍ പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ദിവസം ചെല്ലുംതോറും സ്വീകരിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളുടെ ചിത്രം പാര്‍ടിക്ക് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സ്വാധീനം പ്രകടിപ്പിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയിലെ സ്വീകരണം നേരില്‍ കണ്ടു. ആ പ്രദേശത്ത് പാര്‍ടി കെട്ടിപ്പടുക്കാന്‍ അക്ഷീണം യത്നിച്ച പഴയകാല നേതാക്കളാണ് ജാഥാ ക്യാപ്റ്റനെ മാലയിട്ട് സ്വീകരിക്കാന്‍ ആദ്യമായി മുന്നോട്ടുവന്നത്. മാലയിട്ടതിനുശേഷം പിണറായിക്കു കൈ നല്‍കുന്നതില്‍ സാധാരണ കാണാത്ത ഒരു രീതി പ്രകടമായിരുന്നു. ആ പിടിത്തത്തിനു പ്രത്യേകമായ ഒരു മുറുക്കമുണ്ട്. ഞങ്ങളുണ്ട് കൂടെ, ഞങ്ങള്‍ സംരക്ഷിക്കും എന്നു നിശബ്ദം പറയുന്ന മനസ്സാണ് ആ മുറുക്കത്തിന്റെ ഉള്ളടക്കം. തങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച പ്രസ്ഥാനത്തിനും അതിന്റെ നേതാക്കള്‍ക്കുംനേരെ ശത്രുക്കള്‍ പലരൂപത്തില്‍ വാള്‍മുനകള്‍ക്ക് മൂര്‍ച്ചകൂട്ടുമ്പോള്‍ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും പരിചയായും മുന്നേറ്റത്തിന്റെ ആയുധമായും തങ്ങളുണ്ടെന്ന് ജനങ്ങള്‍ നിസ്സംശയം പ്രഖ്യാപിക്കുകയാണ്. നവകേരള മാര്‍ച്ചിനെയും അതുവഴി പാര്‍ടിയെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് മുഖമടച്ചുള്ള അടിയാണ് ഒഴുകിയെത്തുന്ന ജനാവലി തങ്ങളുടെ സാന്നിധ്യംകൊണ്ട് നല്‍കുന്നത്്. പാര്‍ടിയുണ്ടാകും ജനങ്ങളുണ്ടാവില്ലെന്ന പഴയ ജല്‍പ്പനത്തിന്റെ ചുവടുപിടിച്ച് തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് തിമിരം ബാധിച്ചിട്ടില്ലെങ്കില്‍ ഈ യാഥാര്‍ഥ്യം തൊട്ടറിയാന്‍ കഴിയും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ലാവ്ലിന്‍ കേസ് കുത്തിപ്പൊക്കി പിണറായിയെ പ്രതിയാക്കി പ്രഖ്യാപിച്ച് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിച്ചവര്‍ക്കുനേരെ ബൂമറാങ് പോലെ അതു തിരിച്ചടിക്കുകയാണ്. നിര്‍ണായകമാണ് സന്ദര്‍ഭമെന്നും പാര്‍ടിക്കും അതിന്റെ നേതൃത്വത്തിനും ഒപ്പം അടിയുറച്ചുനില്‍ക്കുകയാണ് കമ്യൂണിസ്റ്റുകാരന്റെ ചരിത്രദൌത്യമെന്നും തിരിച്ചറിവുണ്ടാക്കുന്നതിനാണ് ഈ വിവാദം യഥാര്‍ഥത്തില്‍ സഹായിച്ചത്. ചില ശുദ്ധാത്മാക്കളെങ്കിലും ആദ്യം കരുതിയത് ഇത് പിണറായിക്കുനേരെയുള്ള ആക്രമണം മാത്രമാണെന്നാണ്. കേസില്‍ പ്രതിയാക്കുന്നതിനുള്ള കാരണങ്ങളില്ലെങ്കിലും, ആരുടെയും മുമ്പില്‍ ശിരസ്സ് കുനിക്കാത്ത കമ്യൂണിസ്റ്റ് ധീരത കാത്തുസൂക്ഷിക്കുന്ന പിണറായിക്കെതിരെയുള്ള തരംതാണ പ്രതികരണംമാത്രമായി മാധ്യമവേട്ടയെ കണ്ടവരുമുണ്ട്. എന്നാല്‍, ദിവസം ചെല്ലുംതോറും കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമായി. പിണറായിയെ ഒറ്റതിരിച്ച് ആക്രമിക്കാനുള്ള ശ്രമം ജനങ്ങള്‍ പരാജയപ്പെടുത്തിയതോടെ വര്‍ഗശത്രുക്കള്‍ വിഭ്രാന്തിയിലായി. ഭ്രാന്തുപിടിച്ചതുപോലെ ഉറഞ്ഞുതുള്ളാന്‍ തുടങ്ങിയതോടെ പലരുടെയും മുഖംമൂടി അഴിഞ്ഞുവീഴുകയും തല്‍സ്വരൂപം പുറത്താവുകയുംചെയ്തു. പിണറായി, ബേബി, ഐസക് വധം മുഖ്യഅജന്‍ഡയായി പ്രഖ്യാപിക്കുകയും പാര്‍ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് വളക്കൂറുള്ള മേച്ചില്‍പ്പുറമായി സ്വയം മാറുകയുംചെയ്ത ആനുകാലികം പ്രകാശ് കാരാട്ടിനെ ഉടഞ്ഞ വിഗ്രഹമാക്കി. ഇന്ത്യയിലെ അവസാനത്തെ സ്റ്റാലിനിസ്റ്റായി പ്രകാശ് കാരാട്ടിനെ മുന്‍കൂട്ടി കണ്ടവരെ വാഴ്ത്തുകയും അദ്ദേഹത്തെ അപഹസിക്കുന്നതിനായി നിരവധി പേജുകള്‍ ഉഴിഞ്ഞുവയ്ക്കുകയുംചെയ്തു. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല മരിച്ചവരെയും ഇക്കൂട്ടര്‍ വെറുതെവിടുന്ന മട്ടില്ല. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ ജനങ്ങള്‍ ആദരിക്കുകയുംചെയ്തിരുന്ന ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെ ചെളിവാരി എറിയുന്നതിന് ശത്രുക്കള്‍ ഡല്‍ഹി തന്നെ വേദിയാക്കി. സുര്‍ജിത്തിന്റെ മകന്റെ പേരുപോലും പറയാന്‍ അറിയാത്ത സംഘത്തിനു അദ്ദേഹമാണ് ഇടനിലക്കാരനെന്നു പറയാന്‍ തെല്ലുംമടിയുണ്ടായില്ല. ഇത്രമാത്രം നിന്ദ്യമായി പെരുമാറുന്നവരുടെ തനിനിറം പുറത്തുവരുന്നതിന് അതു സഹായകരമായി. മലയാളപത്രത്തിലെ കോളമെഴുത്തുകാരന് അതുകൊണ്ടും തൃപ്തിയായില്ല. അദ്ദേഹം ഇ എം എസിനെക്കൂടി പ്രതിക്കൂട്ടിലാക്കി. ഇ എം എസും 'അഴിമതിക്കാരുടെ' പട്ടികയിലുണ്ടെന്ന് അറിഞ്ഞ് കേരളം ഞെട്ടുന്ന കാഴ്ചയും മുന്‍കൂട്ടി കണ്ടു. ജീവിച്ചിരിക്കുമ്പോള്‍ പലതരത്തിലും ഇ എം എസിനെ വേട്ടയാടിയെങ്കിലും അഴിമതിക്കാരനെന്ന് വിളിക്കാന്‍ ധൈര്യം കാണിക്കാത്തവര്‍ അതിനും തുനിയുംവിധം സമനില തെറ്റിയവരായി മാറി. എ കെ ജി സെന്ററിലെ പുതിയ ഹാളിന്റെ നിര്‍മാണവും കൈരളി ടിവിയുടെ പ്രാരംഭമൂലധനവും ലാവ്ലിന്‍ അക്കൌണ്ടിലാക്കി ഈ മാധ്യമവിശാരദന്‍. സെക്രട്ടറിയറ്റ് യോഗം ചേര്‍ന്നാണ് കോഴപ്പണത്തിന്റെ അളവും വീതം വയ്പും നടത്തിയതെന്നും ഗവേഷണം നടത്തി കണ്ടെത്തി. ഇതുകൊണ്ടൊന്നും തൃപ്തിപ്പെടാത്തവര്‍ ശോഭനജോര്‍ജിന്റെ വ്യാജരേഖാ കേസിനെ നാണിപ്പിക്കുംവിധം ബാലാനന്ദന്റെ പേരില്‍ കത്തുതന്നെ സൃഷ്ടിച്ചു. മരിച്ചുപോയവര്‍ക്ക് തിരിച്ചുവന്നു നിഷേധിക്കാന്‍ കഴിയില്ലെന്ന ധൈര്യമായിരുന്നു ഇക്കുട്ടര്‍ക്ക്. നിന്നുപോയ വാരിക വ്യാജകത്ത് അച്ചടിക്കുന്നതിനുമാത്രമായി പുനഃപ്രസിദ്ധീകരിച്ചു. പാര്‍ടി പിബിയും ബാലാനന്ദന്റെ വിധവ സരോജിനി ബാലാനന്ദനും നിഷേധിച്ചിട്ടും ഇക്കൂട്ടര്‍ കുറ്റം സമ്മതിക്കില്ല. ബാലാനന്ദനെപ്പോലൊരു സഖാവിനെ മരണത്തിനുശേഷം വൃത്തികെട്ട രീതിയില്‍ അവതരിപ്പിച്ച് ആഹ്ളാദിക്കുകയായിരുന്നു ഈ സംഘം. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ നേതാക്കളെയാകെ ഭ്രാന്തമായി അധിക്ഷേപിക്കുന്നതിന് ഇക്കൂട്ടരെ പ്രേരിപ്പിച്ച വികാരമെന്താണ്? എന്തിനാണ് ഇത്രമാത്രം തീവ്രമായി സിപിഐ എമ്മിനെ വേട്ടയാടുന്നത്? ഉത്തരം ലളിതമാണ്. ഇതു കമ്യൂണിസത്തിന്റെ ഉണര്‍വിന്റെ കാലമാണെന്ന് വര്‍ഗ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. സാമ്രാജ്യത്വത്തിന്റെ പുതിയ രൂപമായ ആഗോളവല്‍ക്കരണം പരാജയപ്പെട്ടിരിക്കുന്നു. ലോകസാമ്പത്തികഫോറം പുതിയ സമസ്യകളുടെ മുമ്പില്‍ ഉത്തരം കിട്ടാതെ പരാജയം സമ്മതിച്ച് പര്യവസാനിച്ചു. ആഗോള മൂലധനത്തിന്റെ ജിഹ്വകളായ ടൈംവാരികയും ഇക്കണോമിസ്റ്റും വരെ മാര്‍ക്സിന്റെ രചനകളിലേക്ക് തിരിയുന്നു. നിഗമനങ്ങളില്‍ മാര്‍ക്സിസത്തെ പുറംതള്ളാന്‍ ശ്രമിക്കുന്നെങ്കിലും വിശകലനങ്ങളെ തള്ളിപ്പറയാന്‍ കഴിയാത്തവിധം ദുര്‍ബലമാകുന്നു അവതരണം. ലോകം മാര്‍ക്സിനെ വീണ്ടെടുക്കുന്ന കാലത്ത് പുതിയ വസ്തുനിഷ്ഠ സാഹചര്യത്തെ മൂര്‍ത്തമായി ഉപയോഗിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് കഴിയരുതെന്ന പടിവാശിയാണ് ശത്രുവര്‍ഗത്തിനുളളത്. പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനുള്ള പുതിയ മാര്‍ഗമാണ് മൂലധനം തേടുന്നത്. ചൂഷണവ്യവസ്ഥ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നതിനാണ് ശ്രമം. ഇതു വിജയിക്കണമെങ്കില്‍ ബദലിനെക്കുറിച്ചുള്ള ചിന്തകളെ തകര്‍ക്കണം. മുതലാളിത്തത്തിനു ബദല്‍ സോഷ്യലിസം മാത്രമാണ്. ഈ ശാസ്ത്രീയ കാഴ്ചപ്പാടിനെ തകര്‍ക്കുക ഇന്ന് അത്ര എളുപ്പമല്ല. അനുകൂലമായ വസ്തുനിഷ്ഠ സാഹചര്യത്തെ മൂര്‍ത്തമായി ഉപയോഗിക്കാന്‍ കഴിയുന്ന ആത്മനിഷ്ഠഘടകത്തെ തകര്‍ക്കണം. അത് തൊഴിലാളിവര്‍ഗത്തിന്റെ സംഘടനയും അതിന്റെ സഖ്യശക്തികളുമാണ്. അനുകൂല സാഹചര്യത്തെ ശരിയായ അളവില്‍ ഉപയോഗിക്കാന്‍ കഴിയുംവിധം സാര്‍വദേശീയമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമല്ലെങ്കിലും മൂലധനശക്തികളുടെ ഭയത്തിനു കുറവില്ല. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ അടിയന്തര ലക്ഷ്യമാണ്. അതിനുള്ള ആഗോള ഗൂഢാലോചനയില്‍ എല്ലാ പ്രതിലോമശക്തിയും കൈകോര്‍ത്തിരിക്കുന്നു. നേതൃത്വത്തെ ജനങ്ങളില്‍നിന്ന് അകറ്റണം. അതിനായി വ്യക്തിഹത്യയുടെ വൃത്തികെട്ട ആയുധം പുറത്തെടുക്കുന്നു. സോവിയറ്റ് യൂണിയനിലും സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ നിലവിലുണ്ടായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പാര്‍ടിനേതാക്കളെക്കുറിച്ച് പ്രചരിപ്പിച്ച നിറംപിടിപ്പിച്ച നുണകളുടെ പ്രയോഗരീതികളെ പൊടിതട്ടി പുറത്തെടുത്തിരിക്കുന്നു. ഫിദല്‍ കാസ്ട്രോക്കെതിരെ എണ്ണമറ്റ ആരോപണം പടച്ചുവിട്ടവര്‍ ഇപ്പോള്‍ ഷാവേസിനെയും ഇവോ മെറൈല്‍സിനെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നറിയാന്‍ ഇന്റര്‍നെറ്റില്‍ വെറുതെ പരതിയാല്‍ മതി. അതിന്റെ ഇന്ത്യന്‍ പ്രയോഗമാണ് ബംഗാളിലും കേരളത്തിലും അരങ്ങേറുന്നത്. ആഗോളമൂലധനത്തിനു വിടുപണിചെയ്യുന്ന ബംഗാളിലെ പാര്‍ടിനേതൃത്വവും ബുദ്ധദേവും, അഴിമതിയുടെ ആള്‍രൂപമായി മാറിയ കേരളത്തിലെ പാര്‍ടി നേതൃത്വവും പിണറായിയുമെന്ന പ്രചാരവേല ഇതിന്റെ രൂപമാണ്. ഒറ്റതിരിച്ചുള്ള ആക്രമണവും ഒറ്റതിരിച്ചുള്ള മഹത്വവല്‍ക്കരണവും ഒരേ നാണയത്തിന്റെ രണ്ടുവശം മാത്രമാണ്. ഇത്തരം പ്രചാരവേല വിജയിച്ചാല്‍ പാര്‍ടിക്കകത്ത് ആശയക്കുഴപ്പമുണ്ടാക്കാമെന്നും അതിന്റെ പൊട്ടിത്തെറിയിലൂടെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാചട്ടക്കൂട് തകര്‍ക്കാമെന്നും അങ്ങനെ പാര്‍ടിയെത്തന്നെ ഇല്ലാതാക്കാമെന്നും ഇക്കൂട്ടര്‍ മനപ്പായസമുണ്ടു. സാമ്രാജ്യത്വത്തിന് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കടുത്ത പകയുണ്ട്. പരമാധികാരത്തെ പണയത്തിനു വാങ്ങി ഇന്ത്യയെ തങ്ങളുടെ അടിമവിധേയ രാജ്യമാക്കി മാറ്റാനുള്ള അമേരിക്കന്‍ സാമ്രാജ്യത്വശ്രമത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നത് സിപിഐ എമ്മാണ്. സമകാലിക സാമ്രാജ്യത്വവിരുദ്ധസമരത്തിലെ ഏറ്റവും ശക്തമായ ഏടായിരുന്നു ആണവകരാറിനെതിരെ നടത്തിയ പോരാട്ടം. ബാങ്കിങ്ങും ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള ധനമേഖലയെയും റീട്ടെയില്‍ രംഗത്തെയും വിഴുങ്ങാനുള്ള ആഗോളമൂലധനശ്രമത്തെ പരിമിതിക്കകത്തുനിന്ന് പൊരുതി പരാജയപ്പെടുത്തിയതിന്റെ നേതൃത്വവും സിപിഐ എമ്മിനാണ്. സാമ്രാജ്യത്വവുമായി കൂടുതല്‍ സന്ധിചെയ്ത് ചൂഷണം ശക്തിപ്പെടുത്താനുള്ള വന്‍കിട കുത്തകകളുടെ ശ്രമത്തിനും കടിഞ്ഞാണിട്ടത് പാര്‍ടിയാണ്. ഇതിനു സഹായകരമായ സാഹചര്യമായിരുന്നു പതിനാലാം ലോക്സഭയിലെ ഇടതുപക്ഷകരുത്ത്. വരുന്ന ലോക്സഭയില്‍ ഇടതുപക്ഷത്തിന്റെ എണ്ണം കുറയ്ക്കേണ്ടത് സാമ്രാജ്യത്വത്തിന്റെ അജന്‍ഡയാണ്. ബംഗാളിലും കേരളത്തിലും സിപിഐ എമ്മിനെ ദുര്‍ബലമാക്കിയാല്‍മാത്രമേ ഈ ലക്ഷ്യം നേടാന്‍ കഴിയുകയുള്ളു. വര്‍ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന സിപിഐ എമ്മിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച സംഘപരിവാറും ഈ തന്ത്രത്തില്‍ സഖ്യകക്ഷിയാണ്. ആഗോള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ഇന്ത്യന്‍ പ്രയോഗത്തിനു തീവ്രത കൂടുന്നത് ഈ പ്രത്യേകതകള്‍ കൊണ്ടുകൂടിയാണ്. കേരളത്തിലെയും ബംഗാളിലെയും ജനം ഇതു മനസ്സിലാക്കിക്കഴിഞ്ഞു. മാധ്യമ സഹായത്തോടെ വലതുപക്ഷവും ഇടതുപക്ഷ തീവ്രവാദവും സംഘടിതമായി നടത്തുന്ന ആക്രമണം പരാജയപ്പെടുകയാണ്. ഇക്കൂട്ടര്‍ കേരളത്തില്‍ നടത്തുന്നത് ആദര്‍ശത്തിന്റെ ഒറ്റയാള്‍ പോരാട്ടമല്ലെന്നും ഉറഞ്ഞുതുള്ളുന്ന വര്‍ഗശത്രുവിന്റെ അസംബന്ധ നാടകമാണെന്നും ജനം തിരിച്ചറിയുന്നു. വര്‍ഗസമരത്തിന്റെ പൊരുളറിയുന്ന ഏതൊരാള്‍ക്കും ഇതു തിരിച്ചറിയാതിരിക്കാനാവില്ല. പാര്‍ടി അംഗബലത്തിനും അനുഭാവിവൃത്തത്തിനും അപ്പുറത്തുള്ള ജനതയും അനുഭവങ്ങളിലൂടെ യാഥാര്‍ഥ്യം തിരിച്ചറിയുന്നതിന്റെ ആവേശകരമായ നേര്‍ക്കാഴ്ചയാണ് നവകേരളമാര്‍ച്ചിന്റെ സ്വീകരണകേന്ദ്രങ്ങള്‍. ഈ പാര്‍ടിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നു മനസ്സിലാക്കുന്നവരാണ് നേതൃത്വത്തെ ഹൃദയപക്ഷത്ത് പ്രതിഷ്ഠിക്കുന്നത്. എല്ലാ ഒതളങ്ങ വര്‍ത്തമാനങ്ങള്‍ക്കും പ്രവൃത്തിയിലൂടെ മറുപടി പറയുന്ന ജനത, പാര്‍ടിയും ജനതയും തമ്മിലുള്ള ഹൃദയബന്ധത്തെയാണ് പരസ്യപ്പെടുത്തുന്നത്. ആഗോളമൂലധത്തിന്റെ അപവാദവ്യവസായം ഇതോടെ തകര്‍ന്നടിയുമെന്ന കാര്യത്തില്‍ സംശയമില്ല.
2 comments:
ഒരുപക്ഷേ സഖാവ് ഇ.ബാലാനന്ദന്‍ അയച്ച കത്ത് തപാലില്‍ നഷ്ടപ്പെട്ടതാവം.അദേഹം ആ തിയതികളില്‍ പോസ്റ്റ് ഓഫിസില്‍ പോയിട്ടില്ലാ എന്നും പി.ബി പ്രസ്തവന ഇറക്കിയാല്‍ അതിഗംഭീരം.
പിന്നെ കേസു രാഷ്ട്രിയ പേരിതമായിരുന്നെങ്ങില്‍ സി.ബി.ഐ, എന്തിനാണു ഗവര്‍ണ്ണരുടെ അനുമതി ചോതിച്ചതു???. ചുമ്മാ അങ്ങു പ്രൊസികുട്ട് ചെയ്താല്‍ പോരെ???. (മണ്ടന്മാര്‍ സി.ബി.ഐ ക്കാര്‍. ഇതിലും വലിയ രാഷ്ട്രിയ നേട്ടം ഉണ്ടാക്കമായിരുന്നു.)
പിന്നെ എന്താണാവൊ അദ്വാനിക്കെതിരെ സി.ബി.ഐ രാഷ്ട്രിയപേരിതമായി കേസു എടുക്കാത്തതു????
പിന്നെ ചൈനയിലെ പോലെ സി.പി.എം. വിരുധ പത്രങ്ങള്‍ നിരോധിക്കുന്ന കാര്യവും ആലോചിക്കവുന്നതാണു
Cheers
Prasad
free greeting cards
അതേ അതേ കള്ളന്മാരെ പ്രോസികുട്ട് ചെയുവാന്‍ അഖില കേരള മോഷണ സംഘത്തിന്റെ അനുമതി ആവശ്യമാണു
Post a Comment