Thursday, January 08, 2009

നുണ എന്ന ശീലം

നുണ എന്ന ശീലം
സുകുമാര്‍ അഴീക്കോട്

സ്വാതന്ത്യ്ര സമരകാലത്തിലെ ജീവിതത്തിന് ആദര്‍ശാത്മക ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിക്കുക എന്നുവച്ചാല്‍ സത്യം ജീവിതത്തില്‍ പ്രയോഗക്ഷമമാക്കുന്നതെങ്ങനെ എന്നതിന്റെ പരീക്ഷണമായിരുന്നു. വൈഷ്ണവമതത്തില്‍ വിശ്വാസമുള്ള ഒരു ബാലനായി വളര്‍ത്തപ്പെട്ട എം കെ ഗാന്ധി ദൈവം സത്യമാണെന്നല്ല, സത്യം ദൈവമാണെന്നാണ് ഒടുവില്‍ കണ്ടെത്തിയത്. അന്ന് ഭാരതമായിരുന്നു നമ്മുടെ ആരാധനാലയം. നമ്മുടെ ആരാധ്യദേവത 'പലതുമാണ്' എന്ന ദേശീയ ഗീതം ആ ആരാധ്യമൂര്‍ത്തിയെ വര്‍ണിക്കുന്നു. ഇന്ന് ദൈവങ്ങള്‍ പലതാണ്. ദൈവവും മതവും ജാതിയും ഒന്നാണെന്നു കണ്ട അദ്വൈതം ഇന്ത്യയുടെ മതമായിരുന്ന കാലമായിരുന്നു അത്. സ്വാതന്ത്യ്ര ലബ്ധിക്കുശേഷം അറുപതിനടുത്ത് എത്തിയപ്പോള്‍ ഇന്ത്യയില്‍ പഴയ ക്ഷേത്രങ്ങള്‍ പുനര്‍ജീവന്‍വച്ചു. പുതിയവ നിര്‍മിക്കപ്പെട്ടു. ഓരോ മതത്തിനും ആരാധനാസ്ഥാനങ്ങള്‍ എത്രയോ ആയിരങ്ങളായി വര്‍ധിച്ചു. ഈശ്വരപൂജ ഏറുന്തോറും മനുഷ്യദ്രോഹം ഏറിക്കൊണ്ടുവരുന്നു. ഈശ്വരഭക്തരാണ് ഇന്ത്യക്കാരില്‍ 98 ശതമാനം പേരും. പക്ഷേ, ഈ ഭക്തിയുടെ ഫലമോ പ്രയോജനമോ നാം ഇവരില്‍ കാണുന്നില്ല. ഇവിടെ നിത്യം നടന്നുകൊണ്ടിരിക്കുന്ന അനീതികളും അക്രമങ്ങളും അഴിമതിയും കള്ളത്തരവും എല്ലാം മുമ്പില്ലാത്തത്ര എണ്ണത്തിലും തീവ്രതയിലും കൂടി നില്‍ക്കുന്നു. മനുഷ്യരെ നിമിഷംകൊണ്ട് സ്ഫോടകവസ്തു പ്രയോഗത്തിലൂടെ എരിച്ചു കളയുന്ന ഭീകരരുടെ സംഖ്യ മാത്രമല്ല അവരുടെ ബലവും കൂടി വരുന്നു. മതവിരോധത്തിന്റെ വിളനിലമാണ് ഇന്ന് ഇന്ത്യ. പഴയകാലത്തെ ഒരൊറ്റ ജാതിയും മണ്ണടിഞ്ഞില്ല, പുതിയവ വന്നുകൊണ്ടേയിരിക്കുന്നു. ഭരണഘടനയുടെ ഉപക്രമത്തില്‍ നിര്‍ദേശിച്ച നിത്യോജ്വലങ്ങളായ ആദര്‍ശങ്ങള്‍ ഇന്ന് ഈ നാടിന്റെ ഭ്രമണപഥത്തില്‍ കാണാനില്ല, സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം മുതലായവ. നമ്മുടെ കൈകളിലും കാലുകളിലും നാംതന്നെ ഉണ്ടാക്കിയ ശൃംഖലകള്‍ വീണുറച്ചിരിക്കുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ന് നാം ചരിത്രത്തില്‍. മുതലാളിത്തം മുടിയുമ്പോഴും സമത്വവാദത്തെ നാം അംഗീകരിക്കുന്നില്ല. സത്യം സ്ഥാനഭ്രഷ്ടമാക്കപ്പെട്ട ഇടമാണ് ഇത്. സത്യസന്ധത ഏറ്റവും ഉയര്‍ന്ന ശൃംഗങ്ങളില്‍ പ്രതിഷ്ഠിച്ചവരാണ് നാം. ഈ രണ്ടവസ്ഥയും താരതമ്യപ്പെടുത്തിയാല്‍, നമ്മള്‍ എങ്ങനെ പ്രകാശം നിറഞ്ഞ ആ അര്‍ഥലോകത്തില്‍നിന്ന് ഈ ഇരുള്‍പ്പരപ്പില്‍ എത്തിച്ചേര്‍ന്നെന്ന് നാം ആശ്ചര്യപ്പെട്ടുപോകും. കള്ളന്മാരാണ് നാടും വാഴുന്നത്. പക്ഷേ, ഇന്ത്യയിലെ പ്രധാന ഭരണ മര്‍മസ്ഥാനങ്ങളില്‍ നിയമിതരാകുന്നവരെല്ലാം തങ്ങളുടെ ദൌത്യം സത്യധര്‍മങ്ങള്‍ക്കനുസരിച്ചു മാത്രമേ നടക്കുകയുള്ളൂവെന്ന് പ്രതിജ്ഞയെടുത്തവരാണ്. 'സത്യപ്രതിജ്ഞ' എന്നാണ് ഈ ആത്മപ്രഖ്യാപനത്തിന്റെ പേര്. പ്രധാനമന്ത്രിയും സുപ്രീംകോടതി ചീഫ് ജസ്റിസും മാത്രമല്ല കേന്ദ്രമന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും കോടതികളിലെ ന്യായാധിപന്മാരും സംസ്ഥാനമന്ത്രിമാരും നിയമസഭാംഗങ്ങളും തെരഞ്ഞെടുപ്പില്‍ തൊട്ടവരും തൊടുത്തവരും എല്ലാം സത്യപ്രതിജ്ഞ എടുത്തവരാണ്. 'എടുക്കുക' എന്നുവച്ചാല്‍ 'മനസ്സില്‍ പേറി നടക്കുക' എന്നാണ് ഇക്കൂട്ടര്‍ ധരിച്ചതെന്നു തോന്നുന്നു. പ്രതിജ്ഞ എടുക്കുന്നവര്‍ പ്രതിജ്ഞ ജീവിതത്തില്‍ വിവര്‍ത്തനംചെയ്ത് നിലനിര്‍ത്തേണ്ടവരാണ്. ജീവിതത്തിലോട്ട് കടക്കാന്‍ ഒരു ദര്‍ശനത്തെയും അനുവദിക്കില്ലെന്ന് എവിടെവച്ചോ പ്രതിജ്ഞ ചെയ്തവരാണ് ഇവരെന്നു തോന്നിപ്പോകുന്നു. അങ്ങനെ സത്യം ദൈവമാണെന്നു വിശ്വസിച്ച ഒരു മഹാത്മാവിന്റെ അനുയായികള്‍ അസത്യമാണ് ദൈവമെന്ന വാശിയോടെ നീചമത്സരത്തിലേര്‍പ്പെട്ടിരിക്കുന്നു. ഇന്നലെ പറഞ്ഞ സംഗതി ഇന്ന് നിഷേധിക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തകരും സമൂഹസേവകരും. കേന്ദ്രമന്ത്രി ആന്തുലെ ഈ 'നവയുഗ'ത്തിന്റെ തിരിച്ചിലില്‍ അതിജീവനത്തിന്റെ കുളത്തില്‍ വീണ് രക്ഷപ്പെട്ട ആളാണ്. മുംബൈയില്‍ വീരമൃത്യു അടഞ്ഞ രാജ്യരക്ഷാസേനയുടെ തലവന്റെ മരണം 'ദുരൂഹത' കലര്‍ന്നതാണെന്നു പറഞ്ഞാല്‍ എന്താണര്‍ഥം? എല്ലാ ചീത്ത അര്‍ഥങ്ങളും അതിനുള്ളതുപോലെ തോന്നുന്നു. എന്നാല്‍, അതിന് ഒരര്‍ഥവും ഇല്ലെന്നു പറയുന്നതാകും ശരി. ആ മരണത്തില്‍ കളങ്കമുണ്ടെന്നു സ്ഥാപിച്ച് തന്റെ മനസ്സിലുള്ളത് (കോഗ്രസുകാരനായാലും കണ്ണ് നീചമാണ് പലരുടെയും) വല്മീകത്തില്‍നിന്ന് എങ്ങനെയെങ്കിലും കൂട് തുറന്ന് പുറത്തുവിടണമെന്നു മാത്രമേ ആന്തുലെയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അത് ഫലിച്ചു. മറ്റുള്ളവര്‍പോലും ആ വീരപുരുഷനെ ഇനി സംശയദൃഷ്ടിയോടെയായിരിക്കും കാണുക- സ്വന്തം ഭാര്യപോലും. അത്രയ്ക്ക് ദ്രോഹകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. നിമിഷംപോലും ആലോചിച്ച് നേരം കളയാതെ, ചത്ത എലിയെപ്പോലെ ഈ നീചനെ പിടിച്ചു വെളിയില്‍ ഇടുകയാണ് പ്രധാനമന്ത്രിയും കോഗ്രസ് ഹൈക്കമാന്‍ഡും (പഴയ ഒരു വാക്കാണ്, ഇന്ന് അതിന് വിശേഷിച്ച് ഒരു അര്‍ഥമുണ്ടെന്നു തോന്നുന്നില്ല!) ചെയ്യേണ്ടിയിരുന്നത്. പക്ഷേ നടന്നത്, മറ്റൊരു മലമ്പാമ്പു മട്ടിലുള്ള വളഞ്ഞു ചുരുണ്ട ഒരു മറുപ്രസ്താവനയാണ്. ഇതുപ്രകാരം, ആ പൊലീസ് മേധാവിയുടെ ചരമത്തില്‍ ഒരു ദുരൂഹതയുമില്ല- ഇത് മറ്റൊരു ഊഹം! ഇരുകൂട്ടരും കള്ളക്കളി തുടരുന്നു. കടുത്ത ഒരു കപട പ്രഖ്യാപനം നടത്തിയ മന്ത്രിയെ തലോടി മടിയില്‍ കിടത്തി താരാട്ടു പാടുന്നവര്‍ നമ്മെ ഭരിക്കുന്നു. ഇവരും മറ്റൊരുതരം കള്ളന്മാരാണ്. സത്യത്തെ ഫലത്തിലും തുടര്‍ച്ചയിലും നേരിടാന്‍ ആകാത്തവര്‍ കള്ളന്മാരാണ്, സത്യസന്ധന്മാരല്ല. നമ്മുടെ പ്രധാനമന്ത്രി മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബുഷിനെ സ്തുതിക്കുന്നതിനിടയില്‍ 'ഇന്ത്യക്കാര്‍ അങ്ങയെ അഗാധമായി സ്നേഹിക്കുന്നു' എന്ന് മധുരമായി മൊഴിഞ്ഞത് നേരോ കളവോ! ഇത്ര കറുത്ത ഒരു പച്ചക്കള്ളം അടുത്തൊന്നും ഇന്ത്യയിലെ ഒരു രാഷ്ട്രീയനേതാവും പറഞ്ഞതായോര്‍ക്കുന്നില്ല. ഒരു ജനതയുടെ ആത്മാഭിമാനത്തെ പണയപ്പെടുത്തുന്ന ഇത്തരം അധമമായ ഒരു വാചകം പറഞ്ഞ ആളെ കേന്ദ്രമന്ത്രിസഭയില്‍നിന്നു മാത്രമല്ല, ഇന്ത്യാ രാജ്യത്തുനിന്നുതന്നെ ബഹിഷ്കരിക്കേണ്ടതായിരുന്നു. പക്ഷേ, കള്ളന്മാര്‍ നാടുവാഴികളായിരിക്കുന്ന ഒരു നാട്ടില്‍, ആ മനുഷ്യനെ അടുത്ത അമേരിക്കന്‍ പ്രസിഡന്റായ ഒബാമയെ വാഴ്ത്തിപ്പറയുന്നതിനുവേണ്ടി നാം സ്വതന്ത്രമായി വിട്ടിരിക്കുകയാണ്. നെഹ്റു പഞ്ചശീലാചാര്യനായിരുന്നല്ലോ. ബുദ്ധന്റെ പഞ്ചശീലത്തില്‍ ഒന്ന് 'കള്ളം ചൊല്ലായ്ക' എന്നതാണ്. നെഹ്റുവിന്റെ പഞ്ചശീലം ഗാന്ധിജിയുടെ സത്യവിശ്വാസത്തില്‍നിന്ന് ഉടലെടുത്തതാണ്. പക്ഷേ, ഇന്ത്യ ഈ പഞ്ചശീലങ്ങളെ തിരസ്കരിച്ചു. കാലം കടന്നുപോയി. ഇന്ന് നിലവിലുള്ളതും 'പഞ്ചശീല'ങ്ങളാണ് - കളവും ചതിയും മനുഷ്യദ്രോഹവും മദ്യപാനവും അത്യാര്‍ത്തിയും എല്ലാം. 'മായാ ബെഞ്ചില്‍' മന്ത്രവാദിനികള്‍ മൂളിക്കൊണ്ടിരിക്കുന്നതുപോലെ, ഇവിടെ നല്ലത് ചീത്തയും ചീത്ത നല്ലതുമായിത്തീരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...