Wednesday, December 17, 2008

പടരുന്ന ഗ്രീക്ക് പോരാട്ടം

പടരുന്ന ഗ്രീക്ക് പോരാട്ടം

പി ഗോവിന്ദപ്പിള്ള

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യം ഗ്രീസിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള സമരത്തില്‍ അന്യദേശീയരായ ബൈറനെപ്പോലുള്ള കവികളും ഫ്രെഡറിക് എംഗല്‍സിനെപ്പോലുള്ള സോഷ്യലിസ്റ്റ് ആചാര്യന്മാരും വാളും വാക്കുംകൊണ്ട് പങ്കെടുക്കുകയുണ്ടായി. അക്കാലത്ത് ആ രാജ്യം അടക്കിവാണത് തുര്‍ക്കികളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ് സമരമെല്ലാം കെട്ടടങ്ങി ഗ്രീസ് സമാധാനത്തിലേക്ക് നീങ്ങിത്തുടങ്ങിയെന്ന പ്രതീതി ഉളവായത്. അന്ന് ഒരു ജനാധിപത്യ ഭരണഘടന ഉണ്ടായിരുന്നെങ്കിലും അധികം താമസിയാതെ അത് അട്ടിമറിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ ഈ ഈറ്റില്ലം രാജാധിപത്യത്തിന്റെയും പട്ടാള ആധിപത്യത്തിന്റെയും കൂത്തരങ്ങായി തുടര്‍ന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ ഗ്രീസ് കൈയടക്കി കൂട്ടക്കൊലകളും മര്‍ദനവാഴ്ചയുംകൊണ്ട് രക്തപങ്കിലമാക്കി. അതിനെതിരെ ഗ്രീക്കുകാര്‍ നയിച്ച ഐതിഹാസികമായ ചെറുത്തുനില്‍പ്പിന്റെ നേതൃത്വം കമ്യൂണിസ്റ്റ് പാര്‍ടിക്കും പാര്‍ടിനേതൃത്വത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധസഖ്യത്തിന്റെ ഗറില്ലാ ഒളിപ്പോരാളികള്‍ക്കുമായിരുന്നു. നിഷ്ഠുരമായ നാസിവാഴ്ചയില്‍നിന്ന് ഗ്രീസിനെ മോചിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ഒളിപ്പോരാളികളുടെ നേതാവ് ജനറല്‍ മര്‍ക്കോസിന്റെയും ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെയും നിയന്ത്രണത്തിലായി 1945ല്‍ ഗ്രീസ് മുഴുവന്‍തന്നെ. എന്നാല്‍, ഈ സ്ഥിതി ബ്രിട്ടീഷുകാര്‍ക്കും അമേരിക്കക്കാര്‍ക്കും സഹിക്കാനാവുന്നതായിരുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റ ചര്‍ച്ചിലും അമേരിക്കന്‍ പ്രസിഡന്റ് ഹാരിട്രൂമാനും പഴയ നാസി അവശിഷ്ടങ്ങളും നാസിവിരുദ്ധ പോരാട്ടത്തില്‍ പങ്കെടുക്കാതെ ലണ്ടനില്‍ അഭയംതേടിയ യാഥാസ്ഥിതിക നേതാക്കന്മാരുമായി ചേര്‍ന്ന് ഗ്രീസില്‍ ഭീകരമായ ഒരു ആഭ്യന്തരയുദ്ധംതന്നെ നടത്തി. ഒടുവില്‍ പടിഞ്ഞാറന്‍ ആയുധശക്തിക്കുമുന്നില്‍ ഫാസിസ്റ്റ്വിരുദ്ധ സര്‍ക്കാരും ഗറില്ലകളും പരാജയപ്പെട്ടു. അധികാരം പഴയ നാസി സഹകാരികളെയും യാഥാസ്ഥിതികരെയും ചര്‍ച്ചിലും അദ്ദേഹത്തിന്റെ പിന്‍ഗാമിയായിവന്ന ക്ളെമന്റ് ആറ്റ്ലിയും ട്രൂമാനും ചേര്‍ന്ന് ഏല്‍പ്പിച്ചുകൊടുത്തു. അതോടുകൂടി പഴയ തുര്‍ക്കി സാമ്രാജ്യത്വത്തിന്റെയും നാസി തേര്‍വാഴ്ചയുടെയും പുതിയ പതിപ്പായി പടിഞ്ഞാറന്‍ ആധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള കഴിഞ്ഞ അറുപത് വര്‍ഷം മഹത്തായ യവനസംസ്കൃതിയുടെ നേരവകാശിയായ ഗ്രീസ് പട്ടാളമേധാവിത്വവും സര്‍വാധിപതികളും ചെറിയ ഇടവേളകളില്‍ ഇടതുപക്ഷവും മാറിമാറി ഭരണം നടത്തിയതിന്റെ ഒരു രാഷ്ട്രമായി മാറി. കമ്യൂണിസ്റ്റ് പാര്‍ടിയും സോഷ്യലിസ്റ്റ് പാര്‍ടിയും കൂടാതെ അവരില്‍നിന്ന് പ്രത്യയശാസ്ത്ര വിവാദങ്ങളിലൂടെ പിരിഞ്ഞുപോയ അനേകം ചെറുഗ്രൂപ്പുകളും ഗ്രീസില്‍ യാഥാസ്ഥിതികര്‍ക്കു പുറമെയുണ്ട്. അമേരിക്കയുടെ ചൊല്‍പ്പടിക്കാരനായ കോസ്റ്റാസ് കറമാന്‍ലിസിന്റെ നേതൃത്വത്തിലുള്ള ന്യൂ ഡെമോക്രാസി എന്ന യാഥാസ്ഥിതിക കക്ഷിയും ചെറുവലതുപക്ഷ ഗ്രൂപ്പുകളുമാണ് 2004 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം ഭരണം നടത്തുന്നത്. കറമാന്‍ലിസാണ് പ്രധാനമന്ത്രി. പ്രസിഡന്റ് പാന്‍ഹെല്ലനിക്ക് മൂവ്മെന്റ് എന്ന കക്ഷിയിലെ കറോലോസ് പപ്പോലിയാസ്. പാര്‍ലമെന്റ് തെരഞ്ഞെടുക്കുന്ന പ്രസിഡന്റിന് രാഷ്ട്രതലവന്‍ എന്ന പദവിയുണ്ടെങ്കിലും അത് മിക്കവാറും ഔപചാരികവും ആലങ്കാരികവുമായ ഒരു സ്ഥാനം മാത്രമാണ്. യഥാര്‍ഥ അധികാരം പ്രധാനമന്ത്രിക്കുതന്നെ. സ്വതന്ത്രന്മാരടക്കം ഇരുപതോളം രാഷ്ട്രീയകക്ഷി ഉണ്ടെങ്കിലും ദേശീയകക്ഷിയായി അംഗീകരിക്കപ്പെടാന്‍ മൂന്നുശതമാനം ലഭിച്ചിരിക്കണമെന്ന വ്യവസ്ഥയനുസരിച്ച് അഞ്ചുകക്ഷി മാത്രമേ പ്രാധാന്യം അര്‍ഹിക്കുന്നുള്ളൂ. അവയിലൊന്ന് പോപ്പുലര്‍ ഓര്‍ത്തഡോക്സ് റാലി തീവ്രവലതുപക്ഷ കക്ഷിയാണ്. അവരുടെയും മറ്റു ഒന്നുരണ്ടു ഗ്രൂപ്പുകളുടെ പിന്തുണ കൂടിയുണ്ടെങ്കിലും പാര്‍ലമെന്റില്‍ കറമാന്‍ലിസ് സര്‍ക്കാരിന് ഒരു വോട്ടിന്റെ ഭൂരിപക്ഷം മാത്രമേയുള്ളൂ. പ്രതിപക്ഷത്ത് മൂന്ന് ഇടതുപക്ഷപാര്‍ടി മാത്രമേയുള്ളൂ. പാന്‍ഹെല്ലനിക് സോഷ്യലിസ്റ്റ് മൂവ്മെന്റ് (പാസോക്ക്) ആഗസ്ത് അഞ്ചിന് ഗ്രീസിന്റെ ചരിത്രത്തില്‍ സര്‍വാധിപത്യത്തിനും പട്ടാളവാഴ്ചയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ ധീരനേതൃത്വം വഹിച്ച ആന്‍ഡ്രിയാസ് പപ്പാന്‍ഡ്രോ ആണ് അതിന്റെ സ്ഥാപകനേതാവ്. ആന്‍ഡ്രിയാസ് പപ്പാന്‍ഡ്രോ രണ്ടുതവണ പ്രധാനമന്ത്രിയായി മാതൃകാഭരണം കാഴ്ചവച്ചിട്ടുണ്ട്. ആന്‍ഡ്രിയാസിന്റെ മകന്‍ ജോര്‍ജ് പപ്പാന്‍ഡ്രോ ആണ് ഇപ്പോഴത്തെ പാസോക്ക് കക്ഷിയുടെ നേതാവ്. മൂന്നാമത്തെ സ്ഥാനം അലേക്കാ പാപ്പനിശ നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്കാണ്. ഇപ്പോള്‍ പാര്‍ലമെന്റിലെ സ്ഥാനം അനുസരിച്ച് മൂന്നാമത്തെ പാര്‍ടിയാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഗ്രീക്ക് ജനതയുടെ ഇടയില്‍ വളരെ പ്രശസ്തിയാണ് . നാസിവിരുദ്ധ പോരാട്ടത്തിലും തുടര്‍ന്ന് വന്ന പട്ടാളവാഴ്ചകള്‍ക്കുമെതിരെ പോരാടിയ പാരമ്പര്യം അവര്‍ക്ക് മുതല്‍ക്കൂട്ടാണ്. സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം (1991) ഗ്രീക്ക് പാര്‍ടിയുടെ നേതൃത്വത്തില്‍ സ്വന്തം ദേശീയ സമ്മേളനങ്ങളോടൊപ്പം സാര്‍വദേശീയ കമ്യൂണിസ്റ്റ് സമ്മേളനങ്ങള്‍ക്കും അവര്‍ ആതിഥ്യം വഹിച്ചുവരുന്നു. ഇതുവരെ ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സില്‍വച്ചാണ് ഈ സമ്മേളനങ്ങള്‍ നടന്നുവരാറുള്ളത്. എന്നാല്‍, ഈ വര്‍ഷം നടന്ന പത്താമത്തെ സമ്മേളനം ബ്രസീല്‍ തലസ്ഥാനമായ സാവോപോളോയില്‍വച്ച് 2008 നവംബര്‍ 21-23 തീയതിയിലായിരുന്നു. സിപിഐ എമ്മിന്റെയും സിപിഐയുടെയും പ്രതിനിധികള്‍ അതില്‍ പങ്കെടുത്തിരുന്നു. പ്രതിപക്ഷത്തെ മൂന്നാമത്തെ കക്ഷിയും ഇടതുപക്ഷത്തുതന്നെ അതിന്റെ പേര് കോയിലിഷന്‍ ഓഫ് ദി റാഡിക്കല്‍ ലഫ്റ്റ് എന്നാണ്. അതിന്റെ നേതാവ് അലേക്കോസ് അലാവനോസ് ആണ്. കോസ്റ്റസ് കറമാന്‍ലിസിന്റെ അമേരിക്കന്‍ വിധേയത്വവും ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം മുതലായ നയങ്ങളും ഗ്രീസിനെ ദാരിദ്യ്രത്തിലേക്കും തൊഴിലില്ലായ്മയിലേക്കും നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി പ്രക്ഷോഭങ്ങളും പണിമുടക്കുകളുംകൊണ്ട് കഴിഞ്ഞ നാലുവര്‍ഷത്തെ ഗ്രീക്ക് അന്തരീക്ഷം കലുഷമായിരിക്കുന്നു. ഈ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളില്‍ തൊഴിലാളികളും ഇടത്തരക്കാരുമൊക്കെ താന്താങ്ങളുടെ സംഘടനകളുടെ നേതൃത്വത്തില്‍ പങ്കെടുക്കുന്നുണ്ട്. എങ്കിലും വിദ്യാര്‍ഥികളാണ് മുന്‍പന്തിയില്‍. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ബാലികേറാമലയാവുകയും ചെയ്തതാണ് വിദ്യാര്‍ഥികളെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചത്. ഈ പ്രക്ഷോഭങ്ങളുടെ ഭാഗമായി കഴിഞ്ഞ ഡിസംബര്‍ ആറിന് പാര്‍ലമെന്റ് മന്ദിരത്തിനെതിരെ ഉപരോധം നടത്തിയ വിദ്യാര്‍ഥികളെ കണ്ണീര്‍വാതകവും ലാത്തിയും മറ്റും പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചു. ഗ്രീസിലെ മറ്റു നഗരങ്ങളിലും വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ കൊടുമ്പിരിക്കൊള്ളുകയാണ്. സലോണിക്ക നഗരത്തില്‍ നടന്ന പ്രകടനത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ അലക്സിസ് ഗ്രിഗറോ പൌലോസ് എന്ന പതിനഞ്ചുകാരനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടതോടെ സമരം ആളിപ്പടരുകയാണ്. കുട്ടി അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണെന്ന പൊലീസിന്റെ വാദം ദൃക്സാക്ഷികള്‍ അംഗീകരിക്കുന്നില്ല. നേരെ ഉന്നംവച്ച് പൊലീസ് വെടിവയ്ക്കുകയായിരുന്നു എന്നവര്‍ ആരോപിക്കുന്നു. ഇതോടെ പ്രക്ഷോഭം ഗ്രീക്ക് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഒരാഴ്ചയായി തുടരുകയാണ്. മാത്രമല്ല, യൂറോപ്പിലെ പല നഗരങ്ങളിലും അവിടങ്ങളിലെ വിദ്യാര്‍ഥികളും ഗ്രീക്ക് കുടിയേറ്റ വിദ്യാര്‍ഥികളും ഗ്രീക്ക് സ്ഥാനപതി മന്ദിരങ്ങള്‍ ഉപരോധിച്ചുവരുന്നതായി വാര്‍ത്തയുണ്ട്. അങ്ങനെ ഒരു വോട്ടിന്റെ പിന്‍ബലംകൊണ്ടുമാത്രം അമേരിക്കന്‍ വിധേയത്വവും ആഗോളവല്‍ക്കരണവും പിന്തുടരുന്ന കോസ്റ്റാസ് കറമാന്‍ലിസ് സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍ എത്തിയിരിക്കുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...