Monday, October 06, 2008

മാധ്യമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍

മാധ്യമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍

മാധ്യമവിചാരം എന്നുവച്ചാല്‍ മാധ്യമങ്ങളില്‍ പലതിനെയുംപറ്റി വരുന്ന വിചാരം എന്നല്ലാതെ, മാധ്യമങ്ങളെപ്പറ്റിയുള്ള വിചാരം എന്ന അര്‍ഥവും ആകാമല്ലോ. ഇത് തെളിയിച്ചത് എട്ടുകൊല്ലം മുമ്പ് ഡോ. സെബാസ്റ്റ്യന്‍പോള്‍ കൈരളി ടിവിയില്‍ ആരംഭിച്ച പത്ര പരിശോധനയാണ്. ശ്രോതാക്കളുടെ സന്തോഷ വിദ്വേഷാദരങ്ങള്‍ നേടിയ ആ പരിപാടിക്ക് ശാശ്വതരൂപം നല്‍കുന്ന 'മാധ്യമവിചാരം' എന്ന പുസ്തകം വായനക്കാര്‍ നന്നായി അറിയട്ടെ എന്ന് കരുതിയാണ് ഈ പംക്തിയില്‍ പുസ്തകവിചാരം നടത്തുന്നത്. ഇങ്ങനെ ഒരു നിരൂപണം എഴുതണമെന്ന ഉദ്ദേശ്യത്തോടെയല്ല ഞാനീ പുസ്തകം കൈയിലെടുത്തത്. ഒന്ന് മറിച്ചുനോക്കിയപ്പോള്‍ മുഴുവന്‍ വായിക്കണമെന്നും മുഴുവന്‍ വായിച്ചപ്പോള്‍ ഒന്നുകൂടി വായിക്കണമെന്നും അങ്ങനെ വായിച്ചപ്പോള്‍ ചില ഭാഗങ്ങള്‍ അടയാളപ്പെടുത്തണമെന്നും കുറിപ്പുകള്‍ എടുക്കണമെന്നും കുറിച്ചെടുത്തപ്പോള്‍ നിരൂപണമെഴുതണമെന്നും എന്നെ അനുക്രമം മുന്നോട്ട് തള്ളിത്തള്ളി ക്കൊണ്ടുപോയ ഒരു ഗ്രന്ഥമാണിത്. അടയാളപ്പെടുത്തുന്നതിലേ അബദ്ധം പിണഞ്ഞുള്ളൂ. ഓര്‍മിക്കേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിവന്നപ്പോള്‍ ഏതാണ്ട് മിക്ക പുറങ്ങളിലും പേന വ്യാപരിപ്പിക്കേണ്ടിവന്നു; ഓര്‍ക്കണമെന്നില്ലാത്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തിയാല്‍ മതിയായിരുന്നു. പത്രപ്രവര്‍ത്തനത്തെപ്പറ്റി ഏറെക്കുറെ സമഗ്രമായ അറിവ് ഈ പുസ്തകം നല്‍കുന്നു. ഇക്കാലത്ത് രാഷ്ട്രീയ-സാമൂഹിക-പത്രപ്രവര്‍ത്തകരുടെ സാമാന്യമായ സാക്ഷരതയ്ക്ക് അടിത്തറയിടുന്നതും തങ്ങള്‍ക്ക് അറിയാമെന്നു തോന്നുന്നതും യഥാര്‍ഥത്തില്‍ അറിഞ്ഞുകൂടാത്തതുമായ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഈ പ്രതിവാര വിചാരത്തിനിടയില്‍ ഗ്രന്ഥകാരന്‍ (അല്ല പ്രഭാഷകനോ?) എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. മഞ്ഞപ്പത്രം എന്താണെന്ന് അറിയാമെന്ന ധാരണയില്‍ ആ വാക്ക് പ്രയോഗിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് പലരും. ഒരു വിഷയത്തില്‍ അങ്ങേയറ്റത്തെ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന എഴുത്തിനെ സര്‍വ വിജ്ഞാനസ്പര്‍ശി (എന്‍സൈക്ളോപീഡിയ) എന്നാണല്ലോ പറയാറ്. എന്നാല്‍, എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍നിന്ന് മഞ്ഞപ്പത്രത്തെപ്പറ്റി ലഭ്യമാകുന്നതിലേറെ അറിവ് നിങ്ങള്‍ക്ക് 'മാധ്യമവിചാര'ത്തില്‍നിന്ന് ലഭിക്കും. ഈ വിജ്ഞാനമെല്ലാം ഗ്രന്ഥകാരന്‍ വിളമ്പിവച്ചത് വെറുതെയല്ലെന്നോര്‍ക്കണം- 'മാതൃഭൂമി' മഞ്ഞപ്പത്രമാണെന്ന ഒരാക്ഷേപം ചര്‍ച്ചാവിഷയമായപ്പോഴാണ് ഇതൊക്കെ അദ്ദേഹം സരസമായി അവതരിപ്പിച്ചത്. ആ വിജ്ഞാനം വായനക്കാരനെ പീഡിപ്പിക്കുന്നില്ല, രസിപ്പിക്കുന്നേയുള്ളൂ. 'ഹിന്ദുസ്ഥാന്‍ ടൈംസി' നെപ്പറ്റിയും പത്രാധിപര്‍ ദേവദാസ് ഗാന്ധിയെയും പറ്റി സെബാസ്റ്റ്യന്‍പോളിന് പറയേണ്ടിവന്നത്, ഇന്ദിരാഗാന്ധി ആ പത്രത്തില്‍ ഖുഷ്വന്ത്സിങ്ങിനെ കയറ്റിവച്ചതിനെപ്പറ്റി വിമര്‍ശിക്കുന്നേടത്താണ്. ആ പത്രത്തെപ്പറ്റി പറഞ്ഞ ചുരുക്കം വാക്കുകളില്‍നിന്ന് അതിനെക്കുറിച്ച് ഏറെക്കുറെ സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ ആര്‍ജിക്കാം. ഈ പത്രം പഞ്ചാബി പത്രമായിട്ടാണ് തുടങ്ങിയത് എന്ന് എനിക്കറിയാമായിരുന്നില്ല. അതുപോലെ 'ഹിന്ദു'വില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന പി സായ്നാഥിനെപ്പറ്റി അദ്ദേഹത്തിന്റെ മനോഹരങ്ങളായ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് കുറെയൊക്കെ അറിയാമെങ്കിലും അദ്ദേഹം മുന്‍ രാഷ്ട്രപതി വി വി ഗിരിയുടെ പൌത്രനാണെന്ന കാര്യം പലര്‍ക്കും അജ്ഞാതമായിരുന്നു. മര്‍ഡോക്, നൂറാബി (നൂറ് ആബിയല്ല, പത്ര പ്രവര്‍ത്തകനാണ്),പുലിറ്റ്സര്‍, ബിബിസി, കേബിള്‍ ടിവി തുടങ്ങി എത്രയോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയുംപറ്റി മറ്റ് പലേടത്തുനിന്നും കിട്ടാവുന്നതിലേറെ പ്രാമാണികവും വസ്തുനിഷ്ഠവുമായ വിവരം ഈ പുസ്തകത്തിന്റെ ആഖ്യാന വിമര്‍ശങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പെറുക്കിയെടുക്കാവുന്നതാണ്. കോപ്പിറൈറ്റ്, എംബെഡഡ് റിപ്പോര്‍ട്ടിങ് (പിണറായി പ്രചരിപ്പിച്ച വാക്ക്), കേബിള്‍ ടിവി, സ്റ്റിങ് ഓപ്പറേഷന്‍, സബ്ജൂഡിസ്, കോടതിയലക്ഷ്യം, പത്രദിനം തുടങ്ങി പത്രപ്രവര്‍ത്തകരും മറ്റുള്ളവരും ഏറെ ശ്രദ്ധിക്കേണ്ട എത്രയോ സംഗതികളുടെ വിശദമായ വിവരണവും ഈ ഗ്രന്ഥത്തില്‍ നിരവധിയുണ്ട്. വാക്കുകളുടെ പ്രഥമാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരുപാട് പുതിയ കൃത്രിമശബ്ദങ്ങള്‍ (അര്യൃീിാ എന്ന് ഇംഗ്ളീഷില്‍) ഇപ്പോള്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞു - പത്രപ്രവര്‍ത്തനത്തില്‍ വിശേഷിച്ചും, പണ്ടത്തെ ഇത്തരം വാക്കുകള്‍ എല്ലാവര്‍ക്കും അറിയാം - എംഎ, യുഎന്‍ഒ, ഐഎംഎഫ് തുടങ്ങി പലതും. എന്നാല്‍, ഇപ്പോള്‍ പ്രയോഗത്തില്‍ ധാരാളമുണ്ടെങ്കിലും എന്താണിവ എന്നറിയാതെ ഈ വാക്കുകള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ് മിക്ക അഭ്യസ്തവിദ്യരും. ഉദാഹരണത്തിന്, മൂന്നാര്‍ വിക്രമം ആരംഭിച്ചപ്പോള്‍ വന്നവനാണ് ജെസിബി. എന്തെന്ന് ആര്‍ക്കും വലിയ പിടിത്തമില്ല. എഫ്എം റേഡിയോ ഒരുപാട് ഇന്ന് വന്നുകഴിഞ്ഞു. എന്താണ് എഫ്, എന്താണ് എം? സിഡി എന്താണ്? ഈ പുസ്തകത്തില്‍ ഈ സംക്ഷിപ്തപദങ്ങളുടെ പൂര്‍ണരൂപം മാത്രമല്ല, പഠിക്കേണ്ട വസ്തുക്കളും വ്യക്തമാക്കപ്പെട്ടുകാണാം. എഫ്എം 'ഫ്രീക്വന്‍സി മോഡുലേഷന്‍' ആണെന്നുമാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു. പലര്‍ക്കും അറിഞ്ഞുകൂടാത്ത എത്രയെത്ര ജ്ഞാനശകലങ്ങളാണ് ഈ പുസ്തകത്തിന്റെ താളുകളില്‍, ഒരു കുബേരന്റെ ധാരാളിത്തത്തോടെ, വാരിവിതറിയിരിക്കുന്നത്. ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കുമ്പോള്‍ ദൂരദര്‍ശന്‍ ഒരു തമാശചിത്രം പ്രദര്‍ശിപ്പിച്ചു എന്ന് എത്രപേര്‍ക്കറിയും? പ്രക്ഷേപണമാതൃകയായ ബിബിസി ക്രമക്കേട് കാട്ടിയതിന് പിഴയൊടുക്കേണ്ടിവന്നുവത്രേ. ഇന്ത്യക്കാരുടെ ആദര്‍ശപുരുഷന്‍ ആരാണെന്ന് ഒരു പത്രം നടത്തിയ പഠനത്തില്‍ രാഹുല്‍ഗാന്ധി നേടിയത് പൂജ്യം വോട്ടാണ് എന്ന് നിങ്ങള്‍ അറിയാനിടയില്ല. ഇനി വേറൊരു വശം കാണിക്കാം. ഈ പുസ്തകത്തിലെ ഉദ്ധരണങ്ങള്‍ വളരെ രസകരവും മറക്കാനാവാത്തതും മിക്ക വായനക്കാര്‍ക്കും പുതുമ കലര്‍ന്നതുമാണ്. വാര്‍ത്തയെന്ത് എന്നതിന് വളരെ വിഖ്യാതങ്ങളായ പല നിര്‍വചനങ്ങളുമുണ്ട്. എന്നാല്‍, ഇതിലെ ഒരു നിര്‍വചനം ഇവിടെ ഉദ്ധരിക്കട്ടെ-'അച്ചടിക്കണമെന്ന് ഏതോ ഒരാള്‍ ആഗ്രഹിക്കാത്ത എന്തോ ആണ് വാര്‍ത്ത' മറ്റൊന്ന്: 'ആനകളോടൊപ്പം ശയിക്കുന്ന റിപ്പോര്‍ട്ടര്‍ സര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല'. യുദ്ധരംഗത്ത് യുദ്ധമില്ലെന്ന് അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് പത്രാധിപര്‍ നല്‍കിയ മറുപടി ഇതായിരുന്നു - 'താങ്കള്‍ ചിത്രങ്ങള്‍ നല്‍കിയാല്‍, ഞാന്‍ യുദ്ധം നല്‍കിക്കൊള്ളാം' ഈ ഗ്രന്ഥകാരന്റെ ചിന്താമേന്മ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്യങ്ങളേക്കാള്‍ സഹായിക്കുക മര്‍മപ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഇത്തരം വാക്യങ്ങളായിരിക്കും. അദ്ദേഹത്തിന്റെ സ്വന്തം വാക്യങ്ങള്‍ക്ക് പോരായ്മയുണ്ടെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം.

നല്ല രചനാവൈഭവമുള്ള ഗ്രന്ഥകാരന്‍ തെരഞ്ഞെടുത്ത് ഉദ്ധരിക്കുന്ന വാക്യങ്ങള്‍ക്ക് ഔചിത്യംകൊണ്ടും വിചാരഗരിമകൊണ്ടും ഗുണം ഏറിയിരിക്കുമല്ലോ. സെബാസ്റ്റ്യന്‍പോളിന്റെ രചന പൊതുവെ അനലംകൃതവും പ്രസക്തവും ലളിതവും ഋജുവും വസ്തുനിഷ്ഠവും യുക്തിഭരിതവും ഇതൊക്കെക്കൊണ്ട് ഹൃദ്യവുമാണ്. പ്രബന്ധവ്യാപിയായ നേരിയ നര്‍മംകൊണ്ടും ഗ്രന്ഥമാകെ തെളിഞ്ഞുനില്‍ക്കുന്നു. രസിക്കാവുന്ന ചില പ്രയോഗങ്ങള്‍ ഇതാ-'വിവേകാനന്ദ ശകാരത്തിന് വിധേയമായ അന്ധകാരയുഗം', 'ഇല്ലിക്കുന്നിലെ കല്ലച്ചില്‍നിന്ന് ഇന്റര്‍നെറ്റിന്റെ മായികലോകത്തിലേക്കുള്ള വളര്‍ച്ച', 'മലയാളികളുടെ പ്രാര്‍ഥനാനിരതമായ സന്ധ്യകളെ ചാനലുകള്‍ ശബ്ദായമാനമാക്കി', 'ഓണം ഓണപ്പതിപ്പുകളുടെ കാലം' എന്നിവ മനസ്സില്‍ ഏറെക്കാലം രസം കലര്‍ത്തി നില്‍ക്കും. ഈ ഗ്രന്ഥത്തിന്റെ കാതല്‍ ഇതൊന്നുമല്ല, ഉള്ളടക്കത്തിന്റെ വിശിഷ്ടതയാണ്. 'മാധ്യമവിചാരം' എന്നതിന്റെ വിവക്ഷ 'മലയാളമാധ്യമങ്ങളുടെ ആഴ്ചതോറുമുള്ള പ്രവര്‍ത്തനങ്ങളുടെ വിചാരണ' എന്നാണെങ്കിലും, ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളുടെ സുവിശാലമായ ലോകത്തിന്റെ സ്പന്ദനങ്ങള്‍ വളരെയേറെ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു കൃതിയാണ് ഇത്. ആനുഷംഗികമായി വന്നുകൂടുന്ന പരാമര്‍ശങ്ങളല്ല ഇവ, ബോധപൂര്‍വം ഇവയെ ഊടും പാവുമാക്കി നെയ്തെടുത്തിരിക്കുകയാണ്.

പത്രപ്രവര്‍ത്തനത്തിന്റെയും യാന്ത്രിക സംപ്രേഷണത്തിന്റെയും ആഗോളവിസ്തൃതിയിലെ വാര്‍ത്താസംഭവങ്ങളുടെ പര്‍വങ്ങളെയും സര്‍ഗങ്ങളെയും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അപൂര്‍വമായ ഒരു രചനയാണ് ഇത്. സംഭവങ്ങള്‍ പലപ്പോഴും ചെറുകഥകളായി മാറുകയും ഒടുവില്‍ എല്ലാംകൂടെ ഒരു ഇതിഹാസംപോലെ വിചിത്രാഖ്യാനശബളമാക്കപ്പെട്ടതുമാണ് ഈ ഗ്രന്ഥം. രണ്ടെണ്ണം മറക്കാന്‍ പത്രപ്രവര്‍ത്തകരെ ഒട്ടും അനുവദിക്കാത്ത ഒരു ആദര്‍ശസ്വഭാവക്കാരനാണ് സെബാസ്റ്റ്യന്‍പോള്‍. പത്രപ്രവര്‍ത്തനത്തിന്റെ ഉന്നം വാര്‍ത്താപ്രേഷണത്തിലൂടെ ചരിത്രഗതി മനസ്സിലാക്കാന്‍ വ്യക്തികളെയും മാനവസംസ്കാരത്തെ നിലനിര്‍ത്തുന്നതിന് സമൂഹത്തെയും സഹായിക്കുക എന്നതാണെന്ന് മറക്കാന്‍ തന്റെ കൂട്ടുകാരെ ഗ്രന്ഥകാരന്‍ സമ്മതിക്കില്ല. അതുപോലെ, പഴയ സംഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ വിസ്മരിക്കാനും അനുവദിക്കില്ല. ഈ മാനദണ്ഡങ്ങള്‍കൊണ്ട് അളന്ന് പോരായ്മ കണ്ടാല്‍ ന്യൂയോര്‍ക്ക്ടൈംസായാലും ബിബിസിയായാലും ഹിന്ദുവായാലും മാതൃഭൂമിയായാലും മലയാള മനോരമയായാലും സെബാസ്റ്റ്യന്‍പോള്‍ വിമര്‍ശിക്കും, കണക്കിന് (കണക്ക് വിട്ടല്ല!) കളിയാക്കുകയും ചെയ്യും. 'ദേശാഭിമാനി'യെയും വേണ്ടിവന്നാല്‍ വിമര്‍ശിക്കും. ഗ്രന്ഥകാരന് 'പ്രിയങ്കരന്‍' ആയ വെനിസ്വേലയിലെ ഷാവേസ് വിമര്‍ശത്തിന്റെ പേരില്‍ ഒരു ടെലിവിഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിയെ അദ്ദേഹം എതിര്‍ക്കാന്‍ മടിച്ചില്ല. ഇതുസംബന്ധിച്ച് ഗ്രന്ഥകാരന്റെ നിലപാട് ഒട്ടും അയവില്ലാത്തതാണ്. 'സ്വാതന്ത്യ്രം എന്നത് അതില്‍ത്തന്നെ ഒരവസ്ഥയാണ്' എന്നദ്ദേഹം വിശ്വസിക്കുന്നു. പുതിയത് സ്വീകരിക്കാന്‍ ആഹ്വാനംചെയ്യുന്ന ഈ കൃതി പഴയ അനുഭവങ്ങള്‍ വിസ്മരിക്കാതിരിക്കാന്‍ നിര്‍ബന്ധിക്കുന്നു. അഭിപ്രായസ്വാതന്ത്യ്രത്തെപ്പറ്റി പറയുമ്പോള്‍ 'ദാസ് മുന്‍ഷിക്ക് സഹിക്കാന്‍ കഴിയാത്തതെല്ലാം ദാസ് മുന്‍ഷി നിരോധിക്കും' എന്നദ്ദേഹം ഓര്‍ത്തുപറയുന്നു. പാകിസ്ഥാനില്‍ മാധ്യമനിരോധനത്തിന് നിര്‍മിച്ച 'മീഡിയ റഗുലേറ്ററി ആക്ട്' പട്ടാള സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ സംഭവം അദ്ദേഹം ഓര്‍മിപ്പിക്കും. ഇന്ത്യയില്‍ പത്രങ്ങളില്‍ വിദേശനിക്ഷേപവും സ്വാധീനതയും ആകാം എന്ന പുതുനയം, വിദേശികള്‍ക്ക് ഇവിടെ പത്രം നടത്താനോ അതിനായി മൂലധനമിറക്കാനോ പാടില്ലെന്ന് നെഹ്റു 1955ല്‍ രൂപം നല്‍കിയ പത്രനയത്തിന് എതിരാണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു. നാം കാട്ടിയ അല്‍പ്പത്തരങ്ങളെ മറക്കാനോ മറയ്ക്കാനോ അദ്ദേഹം അനുവദിക്കില്ല. ലോക്സഭയില്‍ ഒരക്ഷരം ഉരിയാടാതെ കഴിഞ്ഞുകൂടിയ രാഹുല്‍ഗാന്ധിയെ മികച്ച പാര്‍ലമെന്റേറിയനായി 'ഇന്ത്യ ടുഡേ' തെരഞ്ഞെടുത്തത് അത്തരത്തില്‍പ്പെട്ട ഒന്നാണ്. (സഭയില്‍ മാന്യനായി പെരുമാറിയതിനാകാം ബഹുമതി!) അമേരിക്കയിലെ മുന്‍ അംബാസഡര്‍ നടത്തിയ കുപ്രസിദ്ധമായ 'ഹെഡ്ലെസ് ചിക്കന്‍' പ്രയോഗത്തിന് ഒരു മലയാളപത്രം 'നിലാവത്തെ കോഴിത്തല' എന്ന തര്‍ജമ നല്‍കിയതുവരെ മാധ്യമവിചാരക്കാരന്റെ ഗൃദ്ധ്രനേത്രങ്ങള്‍ വിട്ടുകളഞ്ഞിട്ടില്ല. പത്രത്തിന്റെ പേര് ഞാന്‍ വിട്ടെങ്കിലും ഗ്രന്ഥകാരന്‍ ഒഴിവാക്കിയിട്ടില്ല. എന്റെ മനസ്സില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്ന രണ്ട് അസാധാരണങ്ങളായ ചോദ്യങ്ങള്‍ ഈ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ട് -പത്രപ്രവര്‍ത്തകര്‍ എന്നും ഓര്‍ക്കേണ്ടവ!

1-തന്റെ പ്രസംഗങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളെ ഉദ്ദേശിച്ച് ഒരു സെനറ്റര്‍ ഇങ്ങനെ പറഞ്ഞുവത്രേ: 'പുതിയ സുവിശേഷം രചിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സ്ഥാനത്ത് ഇന്നത്തെ റിപ്പോര്‍ട്ടര്‍മാര്‍ ആയിരുന്നെങ്കില്‍ ക്രിസ്തുമതം എന്താകുമായിരുന്നു?'

2. ഗ്രന്ഥകാരന്‍ സ്വയം ഉന്നയിച്ച ഒരു ചോദ്യവും ശ്രദ്ധേയമാണ്. ദണ്ഡി കടപ്പുറത്തുനിന്ന് ഗാന്ധിജി ഉപ്പ് ഉണ്ടാക്കിയത് ഇന്നായിരുന്നെങ്കില്‍, നമ്മുടെ മാധ്യമങ്ങള്‍ എപ്രകാരം അത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നുവെന്ന് ആലോചിക്കുന്നത് കൌതുകകരമായിരിക്കും' സംശയമില്ല! ഒടുവില്‍ പുസ്തകത്തിന്റെ പേരിനെപ്പറ്റി 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന പത്രക്കാരുടെ മനോഭാവം തിരുത്താനാണ് പുസ്തകം എഴുതിയതെങ്കില്‍ ഈ തലക്കെട്ട് മതിയാവില്ല. ഗ്രന്ഥകാരന്റെ ആശയമാണ് ശീര്‍ഷകം പ്രതിഫലിപ്പിക്കേണ്ടത് എന്നാണ് ഞാന്‍ ധരിച്ചുവച്ചിട്ടുള്ളത്. അതിന് 'മാധ്യമവിചാരം' എന്ന പേരു പോര.
സുകുമാര്‍ അഴീക്കോട്.

3 comments:

ജനശക്തി ന്യൂസ്‌ said...

അങ്കിള്‍ said...

ഒരു കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാതെപോയെന്നു പറയാതെ വയ്യ. ഒരു പത്രം നിവര്‍ത്തിയാല്‍ ഏകദേശം 60% നിറഞ്ഞു നിള്‍ക്കുന്ന പരസ്യങ്ങള്‍. പരസ്യങ്ങള്‍ വന്നതിലല്ല. വായനക്കാരനെ മണ്ടരാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന എത്രയെത്ര പരസ്യങ്ങള്‍. സെപ്റ്റമ്പര്‍ മാസത്തില്‍ കിലോക്കണക്കിനു സ്വര്‍ണ്ണവും, കാറുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി തരാമെന്ന 13 പരസ്യങ്ങളാണ് പ്രസിദ്ധപ്പെടുത്തി കണ്ടത്. ഒന്നില്‍ പോലും ഈ വാഗ്ദാനം എന്നു മുതല്‍ പ്രബല്യത്തില്‍ വരുമെന്നോ, എന്നുവരെ ഉണ്ടാകുമെന്നോ, നറുക്കെടുപ്പ് എന്നായിരിക്കുമെന്നോ പരസ്യപ്പെടുത്തിയില്ല. ഒരു പാരഗ്രാഫ് ഇത്തരത്തിലുള്ള കോമാളിത്തരങ്ങളും പത്രങ്ങളില്‍ ഉണ്ടാകുമെന്ന് വിവരിക്കാന്‍ വേണ്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു പോകുന്നു.

ജിവി/JiVi said...

ഇങ്ങനെയൊരു പുസ്തകം ഇറങ്ങിയതായി ഇപ്പൊഴാണറിയുന്നത്.

ഒഴിച്ചുകൂടാനാകാത്ത എന്തെങ്കിലും തിരക്കുകള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ മാധ്യമ വിചാരം മിസ് ചെയ്യാറുള്ളൂ. വിജ്ഞാനപ്രദം, ലളിതവും എന്നാല്‍ പ്രൌഡവുമായ ഭാഷയില്‍ അവതരണം എന്നിങ്ങനെ ഒരുപാട് നല്ല വിശേഷണങ്ങള്‍ നല്‍കാവുന്ന ഒരു പരിപാടിയാണിത്. അതില്‍ അവതരിപ്പിച്ച ചിലകാര്യങ്ങളോട് അനുബന്ധമായി എനിക്ക് അറിവുള്ള ചില പ്രാദേശിക അറിവുകള്‍ ശ്രീ സെബാസ്റ്റ്യന്‍ പോളിന് ഇ-മെയില്‍ ചെയ്തപ്പോള്‍ അത് വായിച്ചുള്ള മറുപടികളും കിട്ടിയിട്ടുണ്ട്.

ഈ പോസ്റ്റിന് നന്ദി. പുസ്തകം വാങ്ങി വായിക്കാതിരിക്കുന്നതെങ്ങനെ?