Monday, September 29, 2008

ക്രൈസ്തവപീഡനം പടരാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തു: ക്ളീമീസ് കാതോലിക്കാബാവ

ക്രൈസ്തവപീഡനം പടരാതിരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുത്തു: ക്ളീമീസ് കാതോലിക്കാബാവ
പന്തളം: ക്രൈസ്തവ പീഡനം കേരളത്തിലേക്ക് പടരാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തുവെന്ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം മേജര്‍ അതിരൂപത പ്ളാറ്റിനം ജൂബിലിയുടെ പത്തനംതിട്ട ജില്ലാതല സംഗമ സമാപനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മതസൌഹാര്‍ദ അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളെടുത്തു. ഇത് നിലനിര്‍ത്താന്‍ ഹൈന്ദവ സംഘടനാ നേതൃത്വവുമായും സന്യാസിവര്യന്മാരുമായും തിങ്കളാഴ്ച കൊച്ചിയില്‍ എപ്പിസ്കോപ്പല്‍ സഭാ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാകാതിരിക്കാന്‍ ഈ ചര്‍ച്ച ദേശീയ തലത്തിലും താഴേ തട്ടിലും നടത്തും. ഒറീസയിലും വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ കാടുകളിലും മറ്റും മറഞ്ഞിരുന്നാണ് രക്ഷനേടുന്നത്. ഈ അവസ്ഥ ദയനീയമാണ്. കേന്ദ്രസര്‍ക്കാരും ഇതരസംസ്ഥാന സര്‍ക്കാരുകളും ന്യൂനപക്ഷവേട്ട തടയാന്‍ പരാജയപ്പെടുന്നഘട്ടത്തില്‍ പരമോന്നത നീതിപീഠവും രാഷ്ട്രപതിയും നേരിട്ട് ഇടപെടുന്നത് ഉചിതമായിരിക്കും. മതപരിവര്‍ത്തനത്തെ ക്രിസ്തീയ സഭകള്‍ പ്രോത്സാഹിപ്പിക്കില്ല. എന്നാല്‍ മനസുമാറുന്നതിനും മാറി ചിന്തിക്കുന്നതിനും ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും ഭരണഘടനാപ്രകാരം മനുഷ്യന് അവകാശമുണ്ട്. ഇതിന്റെ പേരില്‍ ഒരു മതവിഭാഗത്തെയും പ്രതിക്കൂട്ടിലാക്കരുത്. ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്താന്‍ ക്രിസ്തീയസഭ കൂട്ടുനില്‍ക്കില്ല. അടുത്തമാസം നാലുമുതല്‍ 26വരെ റോമില്‍ നടക്കുന്ന 'സുന്നഹദോസില്‍' ഇന്ത്യയില്‍ അടുത്തിടെ സംഭവിച്ച ക്രൈസ്തവ പീഡനങ്ങളും ചര്‍ച്ച ചെയ്യും. ക്രിസ്തീയസഭകള്‍ സമൂഹത്തില്‍ സേവനങ്ങള്‍ ചെയ്യുമ്പോള്‍ അത് മതപരിവര്‍ത്തനത്തിന് ലാക്കാക്കിയാണെന്ന് കരുതുന്ന വര്‍ഗീയ ചിന്തകരാണ് ചെറിയ പ്രശ്നങ്ങള്‍പോലും വ്രണപ്പെടുത്തി വലുതാക്കുന്നത്.

1 comment:

നമ്മൂടെ ലോകം said...

സന്തോഷ് മാധവനെപ്പോലെ അല്ലെ? അയാളും ജനസ്സേവ്നം നടത്താന്‍ പെണ്‍കുട്ടികളെ പഠിപ്പിച്ചു, താമസസൌകര്യം കൊടുത്തു. കൂട്ടത്തില്‍ ചെറിയ ഒരു “നേരമ്പോക്കും”! അതേപോലെ യെ ഇവരും ചെയ്യുന്നുള്ളു.
ആതുരസ്സേവനം, വിദ്യഭ്യാസം, ഒക്കെ ഒക്കെ കൊടുക്കും, കൂട്ടത്തില്‍ ഒരു മാമോദീസക്കുള്ള വകുപ്പും പറ്റിയാല്‍ ഒപ്പിക്കും. അതിനാരും കുറ്റം പറയേണ്ട കാര്യമില്ല1 കൈലാസം നന്നാവാന്‍ മാത്രമായി ആരെങ്കിലും ഏകാദശി നോക്കുമോ?