Wednesday, July 16, 2008

ഇത് രാജ്യദ്രോഹം

ഇത് രാജ്യദ്രോഹം


ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് എക്കാല ത്തും അവകാശപ്പെട്ടുപോന്നിട്ടുള്ളത് തങ്ങ ളാണ് യഥാര്‍ഥ രാജ്യസ്നേഹികളെന്നാണ്. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ മറ്റുള്ളവരെ രാജ്യദ്രോഹികളായി മുദ്രകുത്താനും അവര്‍ മടിക്കാറില്ല. സ്വാതന്ത്യ്രസമരത്തിന്റെ പൈതൃക കുത്തകാവകാശവും തങ്ങള്‍ക്കാണെന്ന് മേനിനടിക്കാറുണ്ട്. ഇപ്പോള്‍ അമേരിക്കയുമായുള്ള ആണവകരാറിനെ എതിര്‍ക്കുന്നവരെയും ദേശവിരുദ്ധരായി ചിത്രീകരിക്കാന്‍ കോഗ്രസ് നിര്‍ലജ്ജം ശ്രമിക്കുന്നു. രാജ്യദ്രോഹത്തിന്റെ മൂര്‍ത്തരൂപമായ ആണവകരാര്‍ മുറുകെ പിടിച്ചുകൊണ്ടാണ് ഇത്! സ്വാതന്ത്യ്രസമരത്തിന്റെ പൈതൃകകുത്തക അവകാശപ്പെടുന്നവര്‍ സ്വതന്ത്രപരമാധികാര റിപ്പബ്ളിക്കായ ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴ്പ്പെടുത്തുന്നു. ആണവകരാര്‍ നാടിന് ആപത്താണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുമ്പോള്‍ അത് ഖണ്ഡിക്കാനായി കോഗ്രസ് പറയുന്ന പ്രധാന ന്യായം ഇത്തരം വ്യവസ്ഥകള്‍ 123 കരാറിലില്ല, മറിച്ച് ഹൈഡ് ആക്ടിലാണ് പറഞ്ഞിരിക്കുന്നതെന്നും പ്രസ്തുത നിയമം നമുക്ക് ബാധകമല്ലെന്നുമാണ്. നമ്മുടെ ബാധ്യത 123 കാറിനോട് മാത്രമാണെന്നാണ് കോഗ്രസിന്റെ വാദം. ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമല്ലെന്നു വാദിച്ചാല്‍ വിജയിക്കില്ലെന്ന് കോഗ്രസിനറിയാം. അതുകൊണ്ടാണ് അത് നമുക്ക് ബാധകമല്ലെന്ന പുതിയ വാദമുഖവുമായി അവര്‍ രംഗത്തുവന്നിരിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് ഹൈഡ് ആക്ടെന്ന് പരിശോധിച്ചാല്‍ ഈ വാദത്തിന്റെ പൊളളത്തരം വ്യക്തമാകും. അമേരിക്ക 1954ല്‍ പാസാക്കിയ അറ്റോമിക് എനര്‍ജി ആക്ടിനു വിധേയമായി മാത്രമേ അവര്‍ക്ക് മറ്റു രാജ്യങ്ങളുമായി ആണവകാറില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ. ഈ ആക്ടിന്റെ 12-ാം വകുപ്പിലാണ് മറ്റ് രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള വ്യവസ്ഥകള്‍ വിവരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇത്തരം കരാറുകളെല്ലാം 123 കരാറെന്ന് അറിയപ്പെടുന്നത്. ഈ വകുപ്പുപ്രകാരം അമേരിക്കന്‍ പ്രസിഡന്റിന് ഒരു കാരണവശാലും ഇന്ത്യയുമായി ആണവകാരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് ബുഷിന് ഇന്ത്യയുമായി ആണവകാരാറിലേര്‍പ്പെടാന്‍ അനുമതി നല്‍കുന്നതിനുവേണ്ടി മാത്രം അമേരിക്കന്‍ പാര്‍ലമെന്റ് 2006 ഡിസംബറില്‍ പാസാക്കിയ നിയമമാണ് ഹൈഡ് ആക്ട്. ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ക്കു വിധേയമായി മാത്രമേ അമേരിക്കന്‍ പ്രസിഡന്റിന് ഇന്ത്യയുമായി ആണവകരാറിലേര്‍പ്പെടാന്‍ സാധിക്കൂ. ഹൈഡ് ആക്ട് ഇല്ലെങ്കില്‍ 123 കരാറും ഇല്ലെന്നര്‍ഥം. എന്നുമാത്രമല്ല, 123 കരാറിന്റെ 2.1 എന്ന അനുഛേദത്തില്‍ ഇരു രാജ്യത്തെയും പാര്‍ലമെന്റുകള്‍ പാസാക്കിയ ആഭ്യന്തരനിയമങ്ങള്‍ക്ക് വിധേയമായിട്ടാണ് ആണവകരാര്‍ നടപ്പാക്കുക എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹൈഡ് ആക്ട് അമേരിക്കയുടെ ആഭ്യന്തരനിയമമാണെന്നും അത് ഇന്ത്യക്ക് ബാധകമല്ലെന്നുമുളള വാദം നിലനില്‍ക്കുന്നതല്ല. ഹൈഡ് ആക്ടിലെ ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഓരോ വ്യവസ്ഥയ്ക്കും കേന്ദസര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ. അതുപ്രകാരം ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ വിദേശനയത്തിന് സമാനമായിരിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചേരിചേരാനയത്തില്‍നിന്നു മാറി അമേരിക്കന്‍ചേരിക്ക് അനുസൃതമായ വിദേശനയം ഇനിമുതല്‍ ഇന്ത്യ സ്വീകരിച്ചുകൊള്ളാമെന്ന് ആരാണ് തീരുമാനിച്ചത്? ഇറാനെതിരായ ഏത് നീക്കത്തെയും പിന്തുണയ്ക്കാമെന്ന് ബ്ളാങ്ക് ചിറ്റ് നല്‍കാന്‍ ആരാണ് മന്‍മോഹന്‍സിങ്ങിന് അധികാരം നല്‍കിയത്? ദക്ഷിണേഷ്യയിലുണ്ടാകുന്ന ഏത് ആണവനീക്കത്തെയും ചെറുക്കാന്‍ അമേരിക്കയ്ക്ക് പിന്തുണ നല്‍കാമെന്ന പ്രസ്താവനയുടെ വ്യാപ്തി എന്താണ്? ഇതില്‍ അമേരിക്കന്‍ സൈനികതാവളവും ഉള്‍പ്പെടുമോ? ഇത് ഉള്‍പ്പെടെ രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ എല്ലാ വ്യവസ്ഥയ്ക്കും കോഗ്രസ് ഉത്തരം നല്‍കിയേ മതിയാകൂ. അമേരിക്കയുടെ 1954ലെ അറ്റോമിക് എനര്‍ജി ആക്ടില്‍ത്തന്നെ മറ്റ് രാജ്യങ്ങളുമായി കരാറിലേര്‍പ്പെടാന്‍ വ്യവസ്ഥചെയ്തിരുന്നെന്നും എന്നാല്‍ പ്രസ്തുത നിയമപ്രകാരം ഇന്ത്യയുമായി കരാറിലേര്‍പ്പെടാന്‍ തടസ്സമുണ്ടെന്നും സൂചിപ്പിച്ചു. മറ്റ് രാജ്യങ്ങള്‍ക്കില്ലാത്ത ആ തടസ്സം എന്താണെന്ന് പരിശോധിച്ചാല്‍ രാജ്യത്തിന്റെ ആത്മാഭിമാനത്തെ പണയപ്പെടുത്തിയ കോഗ്രസിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും പ്രവൃത്തികള്‍ കൂടുതല്‍ വ്യക്തമാകും. ആണവ നിര്‍വ്യാപനകരാര്‍ അനുസരിച്ച് രണ്ടുതരം രാഷ്ട്രങ്ങളേ ഭൂമുഖത്തുളളൂ. ആണവായുധരാഷ്ട്രങ്ങളും ആണവായുധ രഹിത രാഷ്ട്രങ്ങളും. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നിങ്ങനെ അഞ്ച് രാഷ്ട്രത്തെ മാത്രമേ ആണവായുധമുള്ള രാഷ്ട്രങ്ങളെന്ന് അവര്‍ അംഗീകരിച്ചിട്ടുള്ളൂ. മറ്റെല്ലാ രാഷ്ട്രവും ആണവായുധ രഹിത രാഷ്ട്രങ്ങളാണ്. ഇന്ത്യ, പാകിസ്ഥാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങളുടെ കൈവശം ആണവായുധങ്ങള്‍ ഉണ്ടെങ്കിലും അവയെ ആണവായുധമുള്ള രാഷ്ട്രമെന്ന് അംഗീകരിക്കാന്‍ അമേരിക്കയ്ക്ക് മനസ്സില്ല. എന്തുകൊണ്ടെന്ന് ചോദിക്കരുത്. അവര്‍ക്ക് മനസ്സില്ല അത്രതന്നെ. ഇത് ന്യായീകരിക്കാനാകാത്ത വിവേചനമാണെന്നും ആണവായുധങ്ങള്‍ കൈവശമുളള ഇന്ത്യയുമായി കരാറിലേര്‍പ്പെടുന്നത് നമ്മളെ ആണവായുധരാഷ്ട്രമെന്ന് അംഗീകരിച്ചുകൊണ്ട് വേണമെന്നുമായിരുന്നു നമ്മുടെ പ്രധാനമന്ത്രി നിലപാടെടുത്തിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍, നാണംകെട്ട കീഴടങ്ങലാണ് പ്രധാനമന്ത്രി നടത്തിയത്. 1974ലും 1998ലും നടത്തിയ ആണവപരീക്ഷണങ്ങളും അതില്‍ കൈവരിച്ച വിജയവും കൈവശമുള്ള ആണവായുധങ്ങളും എന്തോ ബാധ്യതപോലെയാണ് നമ്മുടെ പ്രധാനമന്ത്രിക്ക് തോന്നുന്നത്. ഈ കീഴടങ്ങല്‍വഴി ഇന്നുവരെ ഇന്ത്യ സ്വീകരിച്ചിരുന്ന സ്വതന്ത്ര വിദേശനയംതന്നെ ഒരു നയപ്രഖ്യാപനമോ ചര്‍ച്ചയോ ഇല്ലാതെ തിരുത്തിക്കുറിക്കുകയും ഇന്ത്യയെ ഒരു അമേരിക്കന്‍ വിധേയരാഷ്ട്രം മാത്രമായി തരംതാഴ്ത്തുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടാണ് നാളിതുവരെ നമ്മള്‍ ആണവനിര്‍വ്യാപനകരാറിലോ ആണവപരീക്ഷണങ്ങള്‍ നിരോധിക്കുന്ന കരാറിലോ ഒപ്പുവയ്ക്കാതിരുന്നത്? ആണവായുധം ചില രാഷ്ട്രങ്ങള്‍ക്ക് ആകാമെന്നും മറ്റുളളവര്‍ക്ക് ആയിക്കൂടാ എന്നും നിഷ്കര്‍ഷിക്കുന്ന ഇത്തരം കരാറുകള്‍ രാഷ്ട്രങ്ങളുടെ പരാമാധികാരത്തിലും സ്വതന്ത്യ്രത്തിലുമുളള കടന്നുകയറ്റമാണെന്ന നമ്മുടെ നിലപാടായിരുന്നു അതിനു കാരണം. ഇന്ന് ഈ കരാറുകളെ അംഗീകരിക്കുകയും ഇനിമേലില്‍- കൃത്യമായി പറഞ്ഞാല്‍ 2005 ജൂലൈ 18നു ശേഷമുളള എല്ലാ പ്രവര്‍ത്തനവും അമേരിക്ക ഉള്‍പ്പെടെ ഇത്തരം രാഷ്ട്രങ്ങളുടെ അംഗീകാരത്തിനും പരിശോധനയ്ക്കും വിധേയമായി മാത്രമായിരിക്കുമെന്നുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചുകൊടുക്കുന്നത്. ഇന്നലെവരെ നാം അങ്ങനെ ചെയ്യാതിരുന്നത് എന്തോ മഹാ അപരാധമായിപ്പോയി എന്ന മട്ടിലാണ് കേന്ദ്രസര്‍ക്കാരും കോഗ്രസും പ്രതികരിക്കുന്നത്. നമ്മുടെ പരമാധികാരം അടിയറവച്ചുകൊടുക്കുകയും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന്‍മേല്‍ കുതിരകയറാനുളള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്യുകവഴി ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തെ തന്നെ ചവിട്ടിമെതിക്കുകയാണ് കോഗ്രസ് ചെയ്യുന്നത്. ഉത്തരം മുട്ടുമ്പോള്‍ ചൈന, ചൈന എന്ന് പറയുക എല്ലാ കാലത്തും കോഗ്രസിന്റെ ശൈലിയാണ്. ഇവിടെയും അതിന് മാറ്റമില്ല. അമേരിക്കയും ചൈനയും തമ്മില്‍ ആണവകരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. പിന്നെന്താണ് ഇന്ത്യ കരാറിലേര്‍പ്പെട്ടാലെന്നാണ് ചോദ്യം. ഇവിടെയും വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ് കോഗ്രസ്. ഒന്നാമത് ചൈനയെ അമേരിക്കയും ആണവോര്‍ജ ഏജന്‍സിയും ആണവായുധരാഷ്ട്രമായി അംഗീകരിച്ചു കഴിഞ്ഞതാണ്. അതുകൊണ്ടുതന്നെ ആണവായുധ രഹിത രാഷ്ട്രങ്ങളോടുളള ഒരു വിവേചനവും പരിശോധനയും അവര്‍ക്ക് ബാധകമാകില്ല. രണ്ടാമത് അമേരിക്കയുടെ പാര്‍ലമെന്റ് പാസാക്കുന്ന ഏത് നിയമവും ഇന്ത്യക്ക് ബാധകമാണെന്ന് നിഷ്കര്‍ഷിക്കുന്ന 123 കരാറിലെ 2.1 എന്ന വ്യവസ്ഥ, ചൈനയുടെ കാര്യത്തില്‍ ഇത്തരം ആഭ്യന്തരനിയമങ്ങള്‍ ചൈനയ്ക്ക് ബാധകമല്ലെന്നാണ് വ്യക്തമായി പറയുന്നത്. കരാറിലെ ഇത്തരം വിവേചനമെല്ലാം മറച്ചുവച്ച് എന്തോ വലിയ നേട്ടം കൈവരിച്ച രീതിയിലാണ് കോഗ്രസിലെ ഒരു വിഭാഗമെങ്കിലും പ്രതികരിക്കുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) മുമ്പാകെ ഇന്ത്യ സമര്‍പ്പിക്കുന്ന രേഖകള്‍ അമേരിക്കന്‍ പാര്‍ലമെന്റിനു മുമ്പിലും സമര്‍പ്പിച്ചുകൊള്ളാമെന്നാണ് ഹൈഡ് ആക്ടിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്ക് വിധേയമായിട്ടാണ് അമേരിക്കന്‍ പ്രസിഡന്റിനെ കരാറുമായി മുന്നോട്ടു പോകാന്‍ അമേരിക്ക അനുവദിച്ചത്. ഇതേ കരാര്‍ വ്യവസ്ഥകള്‍ കാണണമെന്ന ഇടുതുപക്ഷ നേതാക്കളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്തത്. അമേരിക്കയും റഷ്യയും ഫ്രാന്‍സും ചൈനയും വായിച്ച് അംഗീകരിക്കാന്‍ സമര്‍പ്പിക്കുന്ന രേഖ ഇന്ത്യയിലെ നേതാക്കളോ പാര്‍ലമെന്റ് അംഗങ്ങളോ കണ്ടുപോയാല്‍ അത് ആണവഭീകരപ്രവര്‍ത്തനത്തിലേക്ക് നയിക്കുമെന്നാണ് ചില കോഗ്രസ് നേതാക്കള്‍ പറഞ്ഞത്. ഒടുവില്‍ അമേരിക്കന്‍ വെബ്സൈറ്റുകളില്‍നിന്നാണ് നമ്മുടെ എംപിമാര്‍, മന്ത്രിമാര്‍പോലും വിവരം മനസ്സിലാക്കിയത്. അതും ഭാഗികവിവരംമാത്രം. യുപിഎയിലെ ഘടകകക്ഷികള്‍പോലും ഇരുട്ടില്‍ തപ്പുകയാണ്. സ്വന്തം മന്ത്രിസഭയുടെ ഭാവിയും പ്രഘോഷിച്ചിരുന്ന മതേതരത്വവും എല്ലാം വലിച്ചെറിഞ്ഞ് അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ടിയുടെ ഒരു ഇലക്ഷന്‍ ഏജന്റായി തരംതാഴുകയാണ് മന്‍മോഹന്‍സിങ് ചെയ്തത്. എന്തുകൊണ്ടാണ് സ്വന്തം വിദേശമന്ത്രിയുടെ രാഷ്ട്രത്തോടുള്ള ഉറപ്പുപോലും തൃണവല്‍ക്കരിച്ച് തിടുക്കത്തില്‍ ഈ കരട് കരാര്‍ ആണവോര്‍ജ ഏജന്‍സിക്ക് സമര്‍പ്പിച്ചത്? ഈ കരാര്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ അമേരിക്കന്‍ പാര്‍ലമെന്റിന്റെ 30 ദിവസത്തില്‍ കുറയാത്ത ഒരു സമ്മേളനത്തില്‍വച്ച് ചര്‍ച്ച ചെയ്യപ്പെടണം. പ്രസിഡന്റ് ബുഷിന്റെ കലാവധി തീരുന്നതിനുമുമ്പ് ഇത്തരത്തില്‍ ഒരു സെഷന്‍ കൂടണമെങ്കില്‍ ഇന്ത്യ ഒരു ദിവസംപോലും വൈകിക്കൂടാ. ഇവിടെ ഇന്ത്യന്‍ പാര്‍ലമെന്റിനും വിദേശമന്ത്രിയുടെ ഉറപ്പിനും നമ്മുടെ പ്രധാനമന്ത്രിതന്നെ കല്‍പ്പിക്കുന്നത് പുല്ലുവില. താളം അമേരിക്ക തീരുമാനിച്ചുകഴിഞ്ഞു. ആ താളത്തിന് തുള്ളാന്‍ കോഗ്രസും. അതിനൊപ്പം തുള്ളാന്‍ ഇന്ത്യയെ കിട്ടില്ലെന്ന് പ്രഖ്യാപിക്കാനുള്ള സുവര്‍ണാവസരമാണ് ഇത്. എന്താണ് ഇന്ത്യയുടെ ആണവപദ്ധതിയെന്ന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്ര ആസൂത്രണ കമീഷന്റെ കണക്കുകളെപ്പോലും അവഗണിച്ച് ആണവോര്‍ജത്തിന്റെ ആവശ്യകത പെരുപ്പിച്ചുകാട്ടി ഈ പദ്ധതിയെ ന്യായീകരിക്കാന്‍ ശ്രമം നടത്തുകയാണ്. ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ ന്യായീകരിക്കുന്നത്. ആണവവൈദ്യുതി ഉല്‍പ്പാദനത്തിന്റെ വര്‍ധിച്ച ചെലവ് കണക്കിലെടുക്കാതെയാണ് ഇത്. കേരളം ഇപ്പോള്‍ നേരിടുന്ന വൈദ്യുതിപ്രതിസന്ധിപോലും ഈ കരാറിനെ ന്യായീകരിക്കാനായി അവര്‍ ഉപയോഗിക്കുന്നു. എന്നാല്‍, കായംകുളംനിലയത്തിലെ താപവൈദ്യുതിപോലും ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവുമൂലം നമുക്ക് ഉപയോഗിക്കാനാകുന്നില്ലെന്നത് അവര്‍ സൌകര്യപൂര്‍വം മറച്ചുവയ്ക്കുകയാണ്. ജലം, കല്‍ക്കരി, വാതകങ്ങള്‍ എന്നിവയില്‍നിന്നുളള ഊര്‍ജത്തേക്കാള്‍ വളരെ ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ് വരുന്ന ആണവോര്‍ജംമാത്രമാണ് പ്രിതിവിധി എന്ന് ആരാണ് തീരുമാനിച്ചത്? ആണവോര്‍ജത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് മുമ്പ് ഒരു വ്യക്തമായ കര്‍മപരിപാടിയുണ്ടായിരുന്നു. നമുക്കുളള യുറേനിയവും നമുക്ക് സമൃദ്ധമായുളള തോറിയവും ഉപയോഗപ്പെടുത്തി (മൂന്നു ഘട്ടങ്ങളിലായി) ഊര്‍ജരംഗത്ത് സ്വയംപര്യാപ്ത നേടാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ആ പരിപാടി. ഇതിന്റെ ഒന്നാംഘട്ടം നടപ്പാക്കിത്തുടങ്ങിയതുമാണ്. എന്നാല്‍, കഴിഞ്ഞ ആറുവര്‍ഷമായി ഈ ഒന്നാംഘട്ടപരിപാടിയുടെ തുടര്‍നിര്‍മാണം തടസ്സപ്പെട്ടെന്നു മാത്രമല്ല, നിര്‍മിച്ച റിയാക്ടറുകള്‍ക്കുതന്നെ ആവശ്യമായ യുറേനിയം എത്തിക്കുന്നതും മുടങ്ങി. ഇതിന് പ്രധാന കാരണം 1990 മുതല്‍ യുറേനിയം ഖനനത്തിനുളള പദ്ധതിവിഹിതം വെട്ടിക്കുറച്ചതാണ്. ചുരുക്കത്തില്‍ ഉദാരവല്‍ക്കരണത്തിന്റെ പ്രാരംഭദശമുതലേ ഈ ചതിക്കുഴിനിര്‍മാണം തുടങ്ങിയിരുന്നു. ഇത്തരം റിയാക്ടറുകള്‍ക്ക് ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവാണെന്നാണ് അതിനു പറഞ്ഞ ന്യായം. അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ പ്രതിഷ്ഠിക്കുന്നതാകട്ടെ അതിനേക്കാള്‍ വളരെ ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവുളള ഇറക്കുമതിചെയ്യുന്ന യുറേനിയത്തില്‍നിന്നുള്ള റിയാക്ടറുകളും. ഇന്ധനം മാത്രമല്ല, റിയാക്ടറുകളും ഇറക്കുമതിചെയ്യും. എന്നാല്‍, ഇതിന്റെ സാങ്കേതികവിദ്യ നമുക്ക് പകര്‍ന്നു നല്‍കാന്‍ ഹൈഡ് ആക്ട് പ്രകാരം വ്യവസ്ഥയില്ലെന്നതും ശ്രദ്ധയമാണ്. ഭീമമായ തുക കൊടുത്ത് റിയാക്ടറുകള്‍ ഇറക്കുമതിചെയ്തശേഷം നമുക്ക് സമൃദ്ധമായുളള തോറിയം കൈയില്‍വച്ച് ഇന്ധനത്തിനുവേണ്ടിയും സാങ്കേതികവിദ്യക്കുവേണ്ടിയും മറ്റുളളവര്‍ ആവശ്യപ്പെടുന്ന എന്ത് വ്യവസ്ഥയ്ക്കും അടിമപ്പെടാനാണ് ഈ കാരാറിലേര്‍പ്പെട്ടാല്‍ നമ്മുടെ വിധി. ഇതിനു പുറമെ ആണവായുധരാഷ്ട്രമെന്ന് അംഗീകരിക്കാതെ ആണവോര്‍ജ ഏജന്‍സി നടത്താന്‍ പോകുന്ന നിരന്തര പരിശോധനകളും. ഒന്നാംഘട്ടം എന്ന നിലയില്‍ ഏതാണ്ട് 40 റിയാക്ടര്‍ സ്ഥാപിക്കണം എന്നാണത്രേ കരാര്‍. ഇതുമൂലം അമേരിക്കന്‍വിപണിയുടെ മാന്ദ്യത്തിന് ചെറിയ ശമനമാകും. അമിത വിലക്കയറ്റം നേരിടുന്ന ഇന്ത്യയുടെ സമ്പദ്ഘടന അതോടെ കൂപ്പുകുത്തുകയും ചെയ്യും. ഉത്തരകൊറിയ എന്ന ചെറിയ രാഷ്ട്രം കാണിക്കുന്ന ആര്‍ജവംപോലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായ ഇന്ത്യക്ക് ഇല്ലെന്നത് പരിതാപകരമാണ്. തങ്ങളൊരു ആണവരാഷ്ട്രമാണെന്ന് ഉറക്കെ പ്രഖ്യാപിക്കാനുളള ഇച്ഛാശക്തിയില്ലാതെ മാളത്തിലൊളിക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഹൈഡ് ആക്ടിന് തലവച്ച്, ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് രാജ്യം തുറന്നുകൊടുത്ത്, കഴിഞ്ഞ 60 വര്‍ഷം ഇന്ത്യ പിന്തുടര്‍ന്ന വിദേശനയത്തെതന്നെ തകിടം മിറക്കാന്‍ എന്ത് അവകാശമാണ് മന്‍മോഹന്‍സിങ്ങിനുള്ളത്? രാജ്യത്തെ അടിമച്ചങ്ങല അണിയിക്കാന്‍വേണ്ടിയാണ്, അമേരിക്കയുടെ കുരുക്കില്‍ തലവച്ചുകൊടുക്കാന്‍വേണ്ടിയാണ് വര്‍ഗീയതയ്ക്കെതിരായ യുപിഎ-ഇടത് ഐക്യം മന്‍മോഹന്‍സിങ് തകര്‍ത്തത്. അമേരിക്കയുമായുള്ള കരാറുണ്ടാക്കണമെങ്കില്‍ സര്‍ക്കാര്‍ നിലനില്‍ക്കണം. അതിനായി, പേരുകേട്ട ആദര്‍ശ ധീരന്മാര്‍ ഇപ്പോള്‍ കുതിരക്കച്ചവടത്തിന് സംസ്ഥാനങ്ങള്‍തോറും നടക്കുകയാണ്. വിശ്വാസവോട്ട് കഴിഞ്ഞാല്‍ ഒരുപക്ഷേ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ എണ്ണം കൂടിയേക്കാം. വനിതാ സംവരണബില്‍ അവര്‍ ഉപേക്ഷിച്ചുകഴിഞ്ഞു. ഇനി കോഗ്രസ് അതിനെപ്പറ്റി സംസാരിക്കുകകൂടിയില്ല. ജെഎംഎം കോഴക്കേസും നരസിംഹറാവു സര്‍ക്കാരിന്റെ സ്ഥിരതയും തമ്മിലുള്ള ബന്ധം ആരും മറന്നിട്ടില്ല. അല്ലെങ്കില്‍ത്തന്നെ പൈതൃകംപോലും കളഞ്ഞുകുളിച്ച് രാഷ്ട്രത്തെ അടിമപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് എന്ത് ആദര്‍ശം, എന്ത് ജനാധിപത്യമര്യാദ. കറകളഞ്ഞ രാജ്യദ്രോഹികളാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് കോഗ്രസ്.
വി എസ് അച്യുതാനന്ദന്‍

2 comments:

Anonymous said...

ഈ രാജ്യ ദ്രോഹികളെ സഹായിക്കാൻ ശ്രമിക്കുന്ന സ്പീക്കർ ചാറ്റർജി സഖവിനെ നിലക്കുനിർത്തൂ

Anonymous said...

വാഷിങ്‌ടണ്‍: ഹൈഡ്‌ ആക്‌ട്‌ ഇന്ത്യയ്‌ക്ക്‌ ബാധകമാണെന്ന്‌ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ്‌ ബേണ്‍സ്‌ പറഞ്ഞു.

123 കരാര്‍ ഹൈഡ്‌ ആക്‌ടുമായി ഒത്തുപോകുന്നതാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യ അണുപരീക്ഷണം നടത്തിയാല്‍ അമേരിക്ക കരാറില്‍ നിന്ന്‌ പിന്‍മാറുമെന്നും ബേണ്‍സ്‌ വ്യക്തമാക്കി.

അമേരിക്കയുടെ താല്‌പര്യങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്ന്‌ ബേണ്‍സ്‌ പറഞ്ഞു.

ഇന്ത്യയുമായുള്ള ആണവകരാറുമായി ബന്ധപ്പെട്ട്‌ അമേരിക്ക നിയോഗിച്ച മധ്യസ്ഥനാണ്‌ നിക്കോളാസ്‌ ബേണ്‍സ്‌.