Friday, June 27, 2008

വിദ്യാഭ്യാസക്കച്ചവടത്തിലൂടെ കൊള്ളലാഭം കൊയ്യുന്നവറ് സറ്ക്കാറിനേയും ജനങളെയും വെല്ലുവിളിക്കുന്നു.

വിദ്യാഭ്യാസക്കച്ചവടത്തിലൂടെ കൊള്ളലാഭം കൊയ്യുന്നവറ് സറ്ക്കാറിനേയും ജനങളെയും വെല്ലുവിളിക്കുന്നു.
7-ം ക്ലാസ്സിലെ പാഠപുസ്തകത്തിന്നെതിരായി നടത്തിയ സമാധാനപരമായ സമരത്തിന്റെ ചിലവീഡിയോ ദൃശ്യ‌ങള്‍‍
http://www.sfikeralaejournal.org/videos/5.swf
http://www.sfikeralaejournal.org/videos/8.swf
http://www.sfikeralaejournal.org/videos/10.swf
http://www.sfikeralaejournal.org/videos/11.swf

എ ത്രമാത്രം അനാവശ്യമായ പ്രശ്നത്തിലാണ് കേരള ത്തില്‍ ചിലര്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നത് ഉറക്കെ വിളിച്ചുപറയുന്നതായിരുന്നു കഴിഞ്ഞദിവസം നിയമസഭയില്‍ നടന്ന ചര്‍ച്ചയിലെ നിരായുധരായ പ്രതിപക്ഷത്തിന്റെ അവസ്ഥ. അടിയന്തര പ്രമേയത്തിന്മേല്‍ സഭയില്‍ ചര്‍ച്ച നടക്കുന്നത് അപൂര്‍വമായ സംഗതിയാണ്. തങ്ങളുടെ നിലപാടിനെ സംബന്ധിച്ച് ഉറച്ച ആത്മവിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ് ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട വേദിയുടെ ലക്ഷ്യത്തെ ശരിയായി തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ചര്‍ച്ചകൊണ്ട് ഒരു ഗുണമുണ്ടായി. പുറത്ത് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം ഒറ്റയടിക്ക് തകര്‍ന്നുതരിപ്പണമാകുന്നതും പ്രതിപക്ഷത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുന്നതും ജനങ്ങള്‍ക്ക് നേരിട്ടറിയാന്‍ അവസരം ലഭിച്ചു. വിഷയം അവതരിപ്പിച്ച കെ എം മാണിയുടെ പ്രസംഗത്തില്‍ ശബ്ദഘോഷമല്ലാതെ വാദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന മന്ത്രി എം എ ബേബിയുടെ അഭിപ്രായം അക്ഷരംപ്രതി ശരിയായിരുന്നു. നിരത്താന്‍ വാദങ്ങളില്ലാതെ വരുമ്പോഴാണ് ഇത്തരം കലാപ്രകടനങ്ങളില്‍ അഭയം തേടുന്നത്. പ്രതിപക്ഷത്തിന്റെ അവതരണവും വാദങ്ങളും പൂര്‍ത്തീകരിച്ചുകഴിഞ്ഞപ്പോള്‍ ഉള്ളി തൊലികളഞ്ഞതുപോലെയായി. 'കമ്യൂണിസ്റ്റ് ഭൂതം' പാഠപുസ്തകത്തെ പിടികൂടിയിരിക്കുന്നെന്ന് പറഞ്ഞ് ഉല്‍ഘോഷിച്ചാല്‍ ഉപ്പുതൊടാതെ വിഴുങ്ങുന്നവരല്ല നാട്ടിലെ ജനങ്ങള്‍. എവിടെയാണ് പാഠപുസ്തകത്തില്‍ മതവിരുദ്ധത എന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. ഈ കലാപത്തെ അന്ധമായി പിന്തുണയ്ക്കുന്ന ഞങ്ങളുടെ സഹജീവിക്കുപോലും പ്രതിപക്ഷത്തിന്റെ പ്രകടനത്തില്‍ നിരാശപ്പെടേണ്ടിവന്നു. ഭഗവദ്ഗീതയും ബൈബിളും ഖുറാനും പഠിപ്പിക്കുന്നതാണോ മതവിരുദ്ധത? നെഹ്റുവിന്റെ അഭിപ്രായം പഠിപ്പിക്കുന്നത് തെറ്റാണെന്നു കോഗ്രസ് കരുതുന്നുണ്ടോ? എന്നിങ്ങനെ ഭരണപക്ഷം ഉയര്‍ത്തിയ ചോദ്യങ്ങളുടെ മുമ്പില്‍ ഉത്തരംമുട്ടി പകച്ചുനിന്ന പ്രതിപക്ഷത്തിന്റെ ചിത്രം ദയനീയമായിരുന്നു. ചരിത്രത്തിലാദ്യമായി മലബാര്‍ കലാപത്തെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കിയതിനെ എതിര്‍ക്കുന്ന മുസ്ളീംലീഗ് ആര്‍ക്കുവേണ്ടിയാണ് വേഷം കെട്ടിയാടുന്നത്? എന്‍സിഇആര്‍ടിയുടെ പുസ്തകങ്ങള്‍ പോകട്ടെ, യുഡിഎഫ് ഭരണകാലത്ത് തയ്യാറാക്കിയ പാഠപുസ്തകങ്ങളെങ്കിലും ഒരാവര്‍ത്തി വായിച്ചുനോക്കിയിട്ടു മതിയായിരുന്നു ഈ വേഷംകെട്ടല്‍. വിദ്യാഭ്യാസമന്ത്രിയുടെ മറുപടിപ്രസംഗം എല്ലാ ദുഷ്പ്രചാരണങ്ങളെയും തുറന്നുകാട്ടുന്നതും ഉന്നതമായ ജനാധിപത്യബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. ഉയര്‍ന്നുവന്ന പരാതികളും അഭിപ്രായങ്ങളും പരിശോധിക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും കമ്മിറ്റിയുടെ ഘടന പരാതി ഉന്നയിക്കുന്നവരുടെ അഭിപ്രായംകൂടി പരിഗണിച്ച് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. ആവനാഴിയിലുള്ള എല്ലാ അസ്ത്രങ്ങളും നഷ്ടപ്പെട്ട് നിശബ്ദമാക്കപ്പെട്ട പ്രതിപക്ഷം ഇങ്ങനെയൊരു മറുപടി പ്രതിക്ഷിച്ചിട്ടുണ്ടാവില്ല. ഇതിനോട് യോജിച്ച് അനാവശ്യ സമരത്തില്‍നിന്ന് പിന്‍വാങ്ങുമെന്ന പ്രഖ്യാപനം പ്രതിപക്ഷം നടത്തുമെന്നാണ് സാമാന്യജനം പ്രതീക്ഷിച്ചത്. എന്നാല്‍, മറ്റു പല ലക്ഷ്യങ്ങളുമുള്ളവര്‍ക്ക് ഇതുകൊണ്ടു തൃപ്തിപ്പെടാന്‍ പറ്റില്ല. ഉടന്‍ പുസ്തകം പിന്‍വലിച്ചേ തീരൂവെന്നായി ആവശ്യം. പിന്നെയെന്തിനാണ് ചര്‍ച്ചയും അന്വേഷണവും. പരാതികള്‍ കേള്‍ക്കുന്നതിനും പരിശോധിക്കുന്നതിനുംമുമ്പ് പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നത് ഏതു ജനാധിപത്യബോധമാണ്? വിവാദം ആരംഭിച്ചതോടെ ഈ പാഠഭാഗം കുട്ടികള്‍ എപ്പോഴേ വായിച്ചുകഴിഞ്ഞിട്ടുണ്ടാകുമെന്ന് മനസിലാക്കാന്‍ സമാന്യബോധംമാത്രം മതിയാകും. എന്‍സിഇആര്‍ടിയുടെയും ദേശീയ കരിക്കുലം ചട്ടക്കൂടിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കി കരിക്കുലം കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകം പഠിപ്പിക്കില്ലെന്നു തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല. തന്നിഷ്ടപ്രകാരം എന്തും ചെയ്യാന്‍ അധികാരമുള്ള റിപ്പബ്ളിക്കല്ല മാനേജ്മെന്റ് സ്കൂളുകള്‍. അങ്ങനെ ഏതെങ്കിലും പുരോഹിതശ്രേഷ്ഠന്‍ കരുതുന്നുവെങ്കില്‍ അത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. സര്‍ക്കാര്‍ നയമനുസരിച്ചാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതും കുട്ടികളെ പഠിപ്പിക്കേണ്ടതും. തങ്ങള്‍ തയ്യാറാക്കിയ ബദല്‍പാഠം പഠിപ്പിക്കുമെന്ന് കേരളത്തില്‍നിന്ന് ധിക്കാരപുര്‍വം വിളിച്ചുപറയുന്നവര്‍ രാജ്യത്തെ ന്യൂനപക്ഷ സുരക്ഷയില്‍ അത് സൃഷ്ടിക്കുന്ന പ്രത്യഘാതത്തെ സംബന്ധിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭൂരിപക്ഷ വര്‍ഗീയതയുടെ വക്താക്കള്‍ രാജ്യത്താകെ ഈ നിലപാട് സ്വീകരിച്ചാല്‍ മതന്യൂനപക്ഷങ്ങളുടെ ഗതിയെന്താകും! വിദ്യാഭ്യാസക്കച്ചവടത്തിന്റെ കൊള്ളലാഭമെന്ന പാപത്തിന്റെ പിടിയില്‍പ്പെട്ട് അന്ധരായവര്‍ക്ക് വെളിച്ചംപകരാന്‍ ഇക്കൂട്ടത്തിലാരുമില്ലേ. ഇതിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷം ഭരണസംവിധാനത്തെ വെല്ലുവിളിക്കുന്നതിനു ചൂട്ടുപിടിക്കുകയാണ.് സഭയില്‍ പാഠപുസ്തകം കീറിയെറിഞ്ഞ പ്രതിപക്ഷം പുസ്തകക്കെട്ട് തെരുവില്‍ കത്തിക്കാന്‍ അനുയായികള്‍ക്ക് സന്ദേശം നല്‍കുകയായിരുന്നു. അക്ഷരത്തെയും അറിവിനെയും ആദരിക്കുന്നവര്‍ക്കല്ലേ പുസ്തകത്തെ ബഹുമാനിക്കാന്‍കഴിയൂ. അക്രമസമരത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്ന ഞങ്ങളുടെ സഹജീവിയുടെ നിലപാടിനെ സംബന്ധിച്ച് പരാമര്‍ശിക്കാതെ തരമില്ല. സ്വന്തം ക്യാമറാമാനെ തല്ലിച്ചതച്ചതില്‍ പ്പോലും പ്രതിഷേധിക്കാന്‍ ധൈര്യമില്ലാത്തവിധം തരംതാണ വിധയേത്വം പുലര്‍ത്തേണ്ടതുണ്ടോ? പൊലീസിനെ ഉപയോഗിച്ച് കെഎസ്യു സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതില്‍ വിലപിക്കുന്ന മുഖപ്രസംഗത്തില്‍ അക്രമത്തെയും പാഠപുസ്തകം കത്തിച്ചതിനെയും പേരിനെങ്കിലും അപലപിക്കാന്‍ കഴിയാത്തവിധം അടിമവിധേയത്വമുള്ള രാഷ്ട്രീയമാണ് തങ്ങളുടേതെന്ന് തുറന്നു സമ്മതിക്കാനെങ്കിലും തയ്യാറാകണം. അക്രമം എന്ന വാക്കുപോലും പത്രം മറന്നുകളഞ്ഞു. കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷംമാത്രമേ 'നിഷ്പക്ഷ' പത്രത്തില്‍ അച്ചടിക്കുകയുള്ളൂ! ഇല്ലാത്ത വിവാദത്തെ ഇത്രമാത്രം സെന്‍സേഷണലൈസ് ചെയ്ത് അനാവശ്യവിവാദം കുത്തിപ്പൊക്കിയ മാധ്യമശ്രമത്തെയാണ് ദേശീയതലത്തില്‍ ശ്രദ്ധേയരായ വിദ്യാഭ്യാസ വിദഗ്ധര്‍ അപലപിച്ചത്. ഒരു സംഘം വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്കായി വിവാദമുണ്ടാക്കി വിടുപണിചെയ്യുന്ന എല്ലാവരും സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദഗ്ധസമിതിയോട് സഹകരിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്.

fromdm

1 comment:

ഒരു “ദേശാഭിമാനി” said...

“തങ്ങള്‍ തയ്യാറാക്കിയ ബദല്‍പാഠം പഠിപ്പിക്കുമെന്ന് കേരളത്തില്‍നിന്ന് ധിക്കാരപുര്‍വം വിളിച്ചുപറയുന്നവര്‍ രാജ്യത്തെ ന്യൂനപക്ഷ സുരക്ഷയില്‍ അത് സൃഷ്ടിക്കുന്ന പ്രത്യഘാതത്തെ സംബന്ധിച്ച് ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ?“


മനസ്സിനെ ഏറ്റവും മഥിക്കുന്ന ചിന്തയാണു ഇത്!

നന്ദി - ഈ പോസ്റ്റിനു