Sunday, May 04, 2008

യുദ്ധച്ചെലവുകള്‍ക്ക്‌ 7000 കോടി ഡോളര്‍കൂടി വേണമെന്ന്‌ ബുഷ്‌

യുദ്ധച്ചെലവുകള്‍ക്ക്‌ 7000 കോടി ഡോളര്‍കൂടി വേണമെന്ന്‌ ബുഷ്‌

വാഷിങ്‌ടണ്‍: ഇറാഖിലെയും അഫ്‌ഗാനിസ്‌താനിലെയും യുദ്ധച്ചെലവുകള്‍ക്കായി അടുത്ത സാമ്പത്തിക വര്‍ഷം 7000 കോടി ഡോളര്‍ അനുവദിക്കണമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ ജനപ്രതിനിധി സഭയോട്‌ ആവശ്യപ്പെട്ടു. ആഗോള ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ സഹായവും ബുഷ്‌ അഭ്യര്‍ഥിച്ചു. രണ്ടുയുദ്ധങ്ങള്‍ക്കുമായി 4510 കോടി ഡോളര്‍ കഴിഞ്ഞ ഫിബ്രവരിയില്‍ ബുഷ്‌ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ ആവശ്യം അടിയന്തരമാണെന്ന്‌ ജനപ്രതിനിധിസഭാ സ്‌പീക്കര്‍ നാന്‍സി പെലോസിക്ക്‌ വെള്ളിയാഴ്‌ച നല്‍കിയ കത്തില്‍ ബുഷ്‌ ചൂണ്ടിക്കാട്ടി. തുക അനുവദിക്കുമെന്നാണ്‌ കരുതുന്നത്‌. എന്നാല്‍, ഇറാഖില്‍ നിന്ന്‌ യു.എസ്‌.സേനയെ പിന്‍വലിക്കാന്‍ സമയപരിധി ആവശ്യപ്പെട്ടിരിക്കുന്ന ഡെമോക്രാറ്റുകള്‍ ഇതിനെ എതിര്‍ക്കാന്‍ ഇടയുണ്ട്‌. യുദ്ധച്ചെലവുകള്‍ക്കുള്ള പണം കൂടാതെ 10,800 കോടി ഡോളറിന്റെ മറ്റൊരു ധനാഭ്യര്‍ഥനയും ബുഷ്‌ ജനപ്രതിനിധിസഭയ്‌ക്ക്‌ മുമ്പാകെ വെച്ചിട്ടുണ്ട്‌. കുതിച്ചുയരുന്ന വിലക്കയറ്റം നേരിടാന്‍ ബുഷ്‌ പ്രത്യേക റിബേറ്റുകള്‍ പ്രഖ്യാപിച്ചു. ഒരാള്‍ക്ക്‌ 600 ഡോളര്‍, രണ്ടുപേര്‍ക്ക്‌ 1200 ഡോളര്‍, കുട്ടികള്‍ക്ക്‌ 300 ഡോളര്‍ എന്നിങ്ങനെയാണ്‌ റിബേറ്റ്‌. അമേരിക്കന്‍ കുടുംബങ്ങളുടെ വാങ്ങല്‍ ശേഷി കൂട്ടുകയും വിലക്കയറ്റത്തെ അതിജീവിക്കാന്‍ സഹായിക്കുകയുമാണ്‌ ലക്ഷ്യമെന്ന്‌ റിബേറ്റ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ നടത്തിയ റേഡിയോ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ 20,000 തൊഴിലുകള്‍ വെട്ടിച്ചുരുക്കിയതായും ഇതുമൂലം 80,000 പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയുണ്ടെന്നും ബുഷ്‌ സൂചിപ്പിച്ചു.


No comments: