കറാച്ചി: വായാടിയായ ഫാസ്റ്റ്ബോളര്‍ ശുഐബ് അക്തറിനു പാക്കിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അഞ്ചു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. റോക്കറ്റ് വേഗത്തില്‍ ക്രിക്കറ്റ് ലോകത്തു കുതിച്ചുകയറിയ റാവല്‍പിണ്ടി എക്സ്പ്രസിന്റെ ഒൌദ്യോഗിക ക്രിക്കറ്റ് ജീവിതത്തിന്റെ അവസാനമായേക്കാം ഇത്. ആവര്‍ത്തിച്ചുള്ള അച്ചടക്കലംഘനത്തിന്റെ പേരിലാണ് വിലക്ക്. ബോര്‍ഡിന്റെ അച്ചടക്കസമിതിയുടെ ശുപാര്‍ശപ്രകാരമാണു വിലക്കെന്നും അക്തറിന് അപ്പീല്‍ നല്‍കാവുന്നതാണെന്നും ബോര്‍ഡ് അധ്യക്ഷന്‍ നസീം അഷ്റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാക്കിസ്ഥാനുവേണ്ടിയോ പാക്കിസ്ഥാനിലെവിടെയെങ്കിലുമോ അക്തറിനു കളിക്കാനാവില്ല. തങ്ങളുടെ അധികാരപരിധിയിലല്ലാത്തതിനാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാമെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന പ്രസ്താവനകളുടെ പേരില്‍ ഒാഫ് സ്പിന്നര്‍ ഡാനിഷ് കനേറിയയ്ക്കു താക്കീതു നല്‍കിയിട്ടുണ്ട്. കരാര്‍ പട്ടികയില്‍നിന്ന് അക്തറിനെ ഒഴിവാക്കുകയും കനേറിയയെ തരംതാഴ്ത്തുകയും ചെയ്തു. ഇരുവരും റാവല്‍പിണ്ടിയില്‍ അച്ചടക്കസമിതി മുമ്പാകെ ഹാജരായിരുന്നു. നടപടി കടുത്തതും നീതീകരിക്കാനാവാത്തതുമാണെന്ന് അക്തര്‍ പ്രതികരിച്ചു. തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
തുടരെ അച്ചടക്കം ലംഘിക്കുന്ന അക്തറിന്റെ കാര്യത്തില്‍ ഇനി ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് ബോര്‍ഡ്. അക്തര്‍ 2004-08 കാലയളവില്‍ 15 തവണയെങ്കിലും അച്ചടക്കലംഘനം നടത്തിയതായി നസീം അഷ്റഫ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഒരു ടീം അംഗത്തെ ആക്രമിച്ചതിനു തിരിച്ചുവിളിക്കപ്പെട്ടു. ഏഴു മല്‍സരങ്ങളില്‍നിന്നു വിലക്കും നല്‍കി. രണ്ടുവര്‍ഷത്തെ 'നല്ലനടപ്പു കാലാവധിയിലും അച്ചടക്കലംഘനം തുടര്‍ന്നു.ലോകക്രിക്കറ്റിലെ വേഗമേറിയ ഏറുകാരില്‍ ഒരാളായ അക്തര്‍ (32) 2006ല്‍ ഉത്തേജകമരുന്നു വിവാദത്തിലും പെട്ടിരുന്നു. അന്നു രണ്ടുവര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചെങ്കിലും അപ്പീലിലൂടെ തിരിച്ചെത്തി.
ഇതേസമയം,പാക്കിസ്ഥാനിലെ പുതിയ പാര്‍ലമെന്റംഗങ്ങളില്‍ ഒരാളായ ഹനീഫ് അബ്ബാസി അക്തറിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്
No comments:
Post a Comment