എസ് രാമചന്ദ്രന്‍പിള്ള.
പാര്‍ടി കോഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെ ഒന്നാം ഭാഗം ലോക സ്ഥിതിഗതിയെ വിശകലനംചെയ്ത് പാര്‍ടിയുടെ കടമ എന്തെന്നു വ്യക്തമാക്കുന്നു. ഇന്ത്യയിലെ സംഭവവികാസങ്ങളും ലോകസംഭവങ്ങളും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ലോക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍മാത്രമാണ് ഇന്ത്യയിലെ സംഭവവികാസങ്ങളെ പൂര്‍ണ അളവില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണ ശ്രമങ്ങളും സാമ്രാജ്യത്വത്തിന്റെ ഇടപെടലുകളും രാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ സ്വാധീനശക്തി ചെലുത്തുകയും വലിയ മാറ്റങ്ങള്‍ക്ക് കാരണമാവുകയുംചെയ്യുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ മേധാവിത്വം നിലനിര്‍ത്താനും വിപുലമാക്കാനും നടത്തുന്ന ശ്രമങ്ങളും അവയ്ക്കെതിരായി ശക്തിപ്പെട്ടുവരുന്ന വിവിധ തരത്തിലുള്ള ചെറുത്തുനില്‍പ്പുകളുമാണ് ലോകസംഭവങ്ങളുടെ ആകത്തുക. ഇവയില്‍ ഏത് ശക്തിയോടൊപ്പം അണിനിരക്കണമെന്നതില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു സംശയവുമില്ല. സാമ്രാജ്യത്വശ്രമങ്ങളെ പരാജയപ്പെടുത്താതെ ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ പുരോഗതിയും വികാസവും കൈവരിക്കാനാവില്ലെന്ന് സിപിഐ എം കരുതുന്നു. പതിനെട്ടാം പാര്‍ടി കോഗ്രസ് സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും ഘടനാപരമായ ക്രമീകരണ വ്യവസ്ഥകളും പ്രതിസന്ധിയില്‍നിന്ന് കരകയറാനുള്ള മുതലാളിത്തത്തിന്റെ പ്രതികരണമെന്നാണ് വിലയിരുത്തിയത്. കഴിഞ്ഞ മൂന്നു കൊല്ലത്തെ ലോകസംഭവങ്ങള്‍ സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന് നിലനില്‍പ്പില്ലെന്ന് വ്യക്തമാക്കുന്നു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഇന്ന് അവതാളത്തിലാണ്. കടുത്ത സാമ്പത്തികമാന്ദ്യം അമേരിക്കയെ ബാധിച്ചിരിക്കുന്നു. ഡോളറിന്റെ മൂല്യം ഇടിയുന്നു.അമേരിക്കയെ ബാധിച്ച സാമ്പത്തികമാന്ദ്യവും ഡോളറിന്റെ വിലയിടിവും മറ്റ് രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയില്‍ ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ആഗോള ഇറക്കുമതിയില്‍ 20 ശതമാനത്തോളവും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലേക്ക് ആയതിനാല്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യം യൂറോപ്യന്‍ യൂണിയനെയും ജപ്പാനെയുംപോലുള്ള വികസിത സമ്പദ്വ്യവസ്ഥകളിലേക്കും ഇന്ത്യയെയും ചൈനയെയുംപോലുള്ള വികസ്വര സമ്പദ്വ്യവസ്ഥകളിലേക്കും പടരാനിടയുണ്ട്. ഈ രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയിലെ കൂടുതല്‍ ഊര്‍ജസ്വലമായ മേഖലകള്‍ അമേരിക്കന്‍ വിപണിയെ നിര്‍ണായകമായി ആശ്രയിച്ചിരിക്കുന്നു. അമേരിക്കയിലെ മാന്ദ്യം ഈ രാജ്യങ്ങളിലെയും വരുമാനവളര്‍ച്ചയെയും തൊഴിലവസര വളര്‍ച്ചയെയും മന്ദീഭവിപ്പിക്കും. അമേരിക്ക തങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വ്യാപാരക്കമ്മി കുറയ്ക്കുന്നതിനും ഡോളറിന്റെ മൂല്യശോഷണത്തെ പ്രയോജനപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ ചരക്കും സേവനവും വികസ്വരരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിന് വിപണി തുറക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടാകും. സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തില്‍നിന്ന് കരകയറ്റുന്നതിന് ആഭ്യന്തരചോദനം ഉയര്‍ത്താന്‍ സൈനികച്ചെലവ് വര്‍ധിപ്പിക്കുന്ന രീതിയാണ് അമേരിക്ക സ്വീകരിച്ചുപോരുന്നത്. ഇത്തരം ശ്രമം കൂടുതല്‍ ശക്തിപ്പെടും. ലോകത്തിലെ സംഘര്‍ഷമേഖലകള്‍ വര്‍ധിക്കാനും സംഘര്‍ഷങ്ങള്‍ വളരാനും ഇത് ഇടയാക്കും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ ഫലമായി അസമത്വങ്ങള്‍ വര്‍ധിച്ചുവരുന്നു. വികസ്വരരാജ്യങ്ങള്‍ കൂടുതല്‍ ചൂഷണത്തിന് വിധേയരാകുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും ഒടുവിലത്തെ "ലോക സാമ്പത്തിക പരിസ്ഥിതിയും സാധ്യതകളും-2007'' എന്ന റിപ്പോര്‍ട്ട് നടുക്കുന്ന വസ്തുതകള്‍ വെളിപ്പെടുത്തുന്നു. വിദേശസഹായത്തിന്റെയും വിദേശ നിക്ഷേപത്തിന്റെയും രൂപത്തില്‍ വികസ്വരരാജ്യങ്ങളിലേക്ക് ഒഴുകിയെത്തുന്ന ധനത്തിന്റെ പലമടങ്ങ് ധനം വികസ്വരരാജ്യങ്ങളില്‍നിന്ന് വികസിതരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 1995ല്‍ വികസ്വരരാജ്യങ്ങളിലേക്ക് ആകെ 4000 കോടി ഡോളര്‍ എത്തിയിരുന്നുവെങ്കില്‍ പിന്നീട് സ്ഥിതി മറിച്ചായി. വികസ്വരരാജ്യങ്ങളില്‍നിന്ന് വികസിത സമ്പദ്വ്യവസ്ഥയിലേക്കാണ് ഇപ്പോള്‍ ഡോളര്‍ ഒഴുക്കുന്നത്. 65,700 കോടി ഡോളര്‍ വികസ്വരരാജ്യങ്ങളില്‍ നിന്ന് വികസിതരാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയതായി പ്രസ്തുത റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. വികസ്വരരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥ വലിയ ചൂഷണത്തിന് വിധേയമാകുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ കണക്ക് വ്യക്തമാക്കുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സ്വത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തിലുള്ള അസമത്വങ്ങളും കൂടിവരുന്നു. വ്യക്തിഗത ആസ്തിയുടെ കാര്യത്തില്‍ നടത്തിയ ഒരു പഠനമനുസരിച്ച് 2000-ാമാണ്ടില്‍ ലോകത്തിലാകെ ഉണ്ടായിരുന്ന ആസ്തികളില്‍ 40 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനംവരുന്ന വ്യക്തികളുടെ ഉടമസ്ഥതയിലാണ്. ലോകത്തിലെ മൊത്തം ആസ്തിയുടെ 85 ശതമാനം, പത്ത് ശതമാനംവരുന്ന സമ്പന്നവ്യക്തികളുടെ പക്കലാണെന്നും ഈ പഠനം വ്യക്തമാക്കുന്നു. മൊത്തം ജനങ്ങളില്‍ പാവപ്പെട്ടവരായ പകുതിപേരുടെ പക്കല്‍ ലോകത്തിലെ ആസ്തിയുടെ ഒരു ശതമാനംമാത്രമേയുള്ളൂ എന്നും പഠനം കാണിക്കുന്നു.ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ധനികരും ദരിദ്രരും തമ്മിലുള്ള അസമത്വവും രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വവും വര്‍ധിച്ചുവരികയാണ്. അമേരിക്കന്‍ സാമ്രാജ്യത്വ നീക്കത്തിന്റെ ലക്ഷ്യമെന്തെന്ന് പതിനെട്ടാം പാര്‍ടി കോഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കന്‍ തന്ത്രത്തിന്റെ കേന്ദ്രം പശ്ചിമേഷ്യയാണ്. ഇന്ധനസ്രോതസ്സുകളുടെ നിയന്ത്രണം കൈയടക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. എണ്ണ സമ്പന്നമായ മേഖലകളുടെ മേധാവിത്വം നേടുക അമേരിക്കന്‍ മേധാവിത്വം നിലനിര്‍ത്തുന്നതിന് ആവശ്യമാണ്. "ഭീകരതക്കെതിരായ യുദ്ധം'', "ജനാധിപത്യപരമായ പരിവര്‍ത്തനം'' തുടങ്ങിയ ബുഷിന്റെ പ്രഖ്യാപനങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് അമേരിക്കയുടെ ഈ കപടതന്ത്രമാണ്. ഇറാഖിനെതിരെ അമേരിക്ക നടത്തിയ പൈശാചികമായ ആക്രമണത്തിലും അധിനിവേശത്തിലും നിര്‍ദോഷികളായ ആറര ലക്ഷം ഇറാഖികള്‍ വധിക്കപ്പെട്ടു. അഞ്ചു കൊല്ലത്തെ അധിനിവേശംകൊണ്ടും അമേരിക്കന്‍ സൈനികരുടെയും സ്വകാര്യ കൂലിപ്പട്ടാളക്കാരുടെയും എണ്ണം വര്‍ധിപ്പിച്ചിട്ടും അമേരിക്ക ഇച്ഛിച്ചപോലെ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ഇറാഖിന്റെ കാര്യത്തിലെന്നപോലെ നിന്ദ്യമായ നുണപ്രചാരണത്തിന്റെ പിന്‍ബലത്തോടെ ഇറാനെതിരെയും അമേരിക്ക കടന്നാക്രമണപരമായ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നു. ആണവപ്രശ്നത്തിന്റെ പേരില്‍ മാത്രമല്ല, ഇറാഖിലെ ഭീകരപ്രവര്‍ത്തകരെ ഇറാന്‍ സഹായിക്കുന്നുവെന്ന പേരിലും പ്രസിഡന്റ് ബുഷ് ഇറാനെതിരെ ഭീഷണി മുഴക്കുകയാണ്. "ഭിന്നിപ്പിച്ച് ഭരിക്കുക'' എന്ന തന്ത്രമാണ് പലസ്തീനിലും ലബനനിലും അമേരിക്ക അനുവര്‍ത്തിക്കുന്നത്. പലസ്തീനിലും ലബനനിലും ഇസ്രയേല്‍ നടത്തിവരുന്ന കടന്നാക്രമണത്തെ അമേരിക്ക പിന്തുണയ്ക്കുന്നു. കിഴക്കന്‍ യൂറോപ്പിലെ എല്ലാ രാജ്യത്തെയും ഉള്‍ക്കൊള്ളത്തക്കവിധം നാറ്റോയെ അമേരിക്ക വ്യാപിപ്പിക്കുന്നു. മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളായ ഉക്രെയിനെയും ജോര്‍ജിയയെയും നാറ്റോയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക ലക്ഷ്യംവയ്ക്കുന്നു. പോളണ്ടിലും ചെക്ക് റിപ്പബ്ളിക്കിലും മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പേരില്‍ മിസൈലുകള്‍ സ്ഥാപിക്കാന്‍ അമേരിക്ക നീങ്ങുന്നു. തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയായി റഷ്യ ഇതിനെ കാണുന്നു. അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ഇടപെടലുകളിലൂടെ നാറ്റോ ഏഷ്യയിലെത്തി. അമേരിക്കയുടെ പ്രോത്സാഹനത്തില്‍ കുറേക്കൂടി വിപുലമായ പങ്ക് നേടാന്‍ നാറ്റോ ശ്രമിക്കുന്നു. ആഗോള മുതലാളിത്തത്തിന്റെ കൊള്ളലാഭം അടിക്കാനുള്ള വ്യഗ്രത ഗുരുതരമായ കാലാവസ്ഥാ വ്യതിയാനത്തിലേക്ക് ലോകത്തെ എത്തിച്ചിരിക്കുന്നു. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിന് ആഗോളതലത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ നീങ്ങുന്നില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്ക് മനുഷ്യര്‍ക്കും സസ്യ, ജന്തുജാലങ്ങള്‍ക്കും ഭീഷണിയാകുന്ന സാഹചര്യം സംജാതമാകും. ഉയരുന്ന കടല്‍വെള്ളത്തില്‍ തീരപ്രദേശങ്ങളും ദ്വീപസമൂഹങ്ങളും മുങ്ങും. നദികള്‍ വറ്റിവരളും. മഴയുടെ അളവ്, അന്തരീക്ഷത്തില്‍ ഊഷ്മാവ്, ജലലഭ്യത എന്നിവയെയെല്ലാം കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കും. ഗോതമ്പിന്റെയും നെല്ലിന്റെയും ഉല്‍പ്പാദനം കുറയും. സാംക്രമികരോഗം പെരുകും. ലോകത്ത് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്നത് അമേരിക്കയാണ്. മലിനീകരണത്തില്‍ കുറവുവരുത്താന്‍ അമേരിക്ക വിസമ്മതിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വരഹിതമായ മുഖമാണ് ഇവിടെയും പ്രകടമാകുന്നത്. അമേരിക്കയുടെ മേധാവിത്വ പരിശ്രമങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ചെറുത്തുനില്‍പ്പ് ശക്തിപ്പെട്ടുവരുന്നതായി ലോക സംഭവങ്ങള്‍ തെളിയിക്കുന്നു. അമേരിക്കന്‍ അധിനിവേശത്തിനും കടന്നാക്രമണത്തിനുമെതിരെ ഇറാഖ് ജനത നടത്തുന്ന വ്യാപകമായ ചെറുത്തുനില്‍പ്പ് പശ്ചിമേഷ്യയെ പുനഃക്രമീകരിക്കാനുള്ള ബുഷ് ഭരണത്തിന്റെ പദ്ധതിയെ തകര്‍ത്തു. ഇറാഖ് ജനതയുടെ രക്തസാക്ഷിത്വം ലോകത്തെത്തന്നെ ഒരളവില്‍ രക്ഷിക്കുന്നുണ്ട്. ഇസ്രയേല്‍ കടന്നാക്രമണത്തിനെതിരെ ലബനനില്‍ ഹിസ്ബുള്ള വീരോചിതമായി ചെറുത്തുനിന്നു. ഇസ്രയേലി സൈന്യം അജയ്യമല്ലെന്നു തെളിയിച്ചു. പലസ്തീന്‍ പ്രസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടാക്കി വെട്ടിച്ചെറുതാക്കിയ പലസ്തീന്‍ രാഷ്ട്രത്തിന്റെ അടിസ്ഥാനത്തില്‍ പലസ്തീന്‍ ജനതയുടെമേല്‍ ഒത്തുതീര്‍പ്പ് അടിച്ചേല്‍പ്പിക്കുന്നതില്‍ അമേരിക്കയും ഇസ്രയേലും പരാജയപ്പെട്ടു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ പുരോഗമന ശക്തികള്‍ മുന്നേറ്റം തുടരുന്നു. ബ്രസീലിലും വെനിസ്വേലയിലും നേടിയ വിജയങ്ങള്‍ക്കു പുറമെ ബൊളീവിയ, നിക്കരാഗ്വ, ഇക്വഡോര്‍ എന്നിവിടങ്ങളിലും ഇടതുപക്ഷം വിജയംകണ്ടു. മെക്സിക്കോയില്‍ ഇടതുപക്ഷത്തിന് വലിയ ജനപിന്തുണ ലഭിച്ചു. അമേരിക്കന്‍ മേധാവിത്വത്തിനെതിരായ കൊടുങ്കാറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാകെ ചീറിയടിക്കുന്നു. നവ ലിബറല്‍ കടന്നാക്രമണങ്ങള്‍ക്കെതിരെ മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലെടുക്കുന്ന ജനത ശക്തമായ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നു. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരായി പെന്‍ഷന്‍സമ്പ്രദായം സംരക്ഷിക്കാനും ന്യായമായ മിനിമം വേതനം ഉറപ്പുവരുത്താനും വമ്പിച്ച പണിമുടക്ക് നടക്കുന്നു. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണത്തിനെതിരെ ചിലിയിലെ വിദ്യാര്‍ഥികള്‍ സമരരംഗത്താണ്. റഷ്യ അതിന്റെ സ്വതന്ത്ര നിലപാടും പരമാധികാരവും ഉറപ്പാക്കാന്‍ പരിശ്രമിക്കുന്നു. ഫ്രാന്‍സിലും നെതര്‍ലന്‍ഡ്സിലും നടത്തിയ ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്റെ ഭരണഘടനയുടെ കരട് നിരാകരിക്കപ്പെട്ടു. വന്‍കിട ബിസിനസിന്റെയും ധനമൂലധനത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ നടത്തുന്ന യൂറോപ്യന്‍ ഉദ്ഗ്രഥനത്തെ എതിര്‍ക്കുന്ന ശക്തികളുടെ വിജയമാണിത്. സൈപ്രസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രതിനിധി വിജയിച്ചത് വളര്‍ന്നുവരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ തെളിവായി കാണാം. ചൈന, വിയറ്റ്നാം തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ദ്രുതഗതിയിലുള്ള സാമ്പത്തികവളര്‍ച്ച നേടുന്നു. അമേരിക്ക അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രയാസങ്ങളെ ക്യൂബ അതിജീവിക്കുന്നു. മികച്ച തരത്തിലുള്ള പൊതുവിദ്യാഭ്യാസ, ആരോഗ്യ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് ക്യൂബന്‍ സമ്പദ്വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നു. വടക്കന്‍കൊറിയയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍നീക്കം പരാജയപ്പെട്ടു. സാമ്രാജ്യത്വ ഇടപെടലിനെതിരായും ജനാധിപത്യ പുനഃസ്ഥാപനത്തിനുംവേണ്ടിയുള്ള പോരാട്ടം ദക്ഷിണേഷ്യയില്‍ ശക്തിപ്പെടുന്നു. തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതില്‍ പാകിസ്ഥാന്‍ ജനത വിജയം കൈവരിച്ചു. നേപ്പാളില്‍ രാജവാഴ്ചക്കെതിരായ ജനകീയപ്രസ്ഥാനം ഗണ്യമായ വിജയം നേടി. ജനാധിപത്യവ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ ബര്‍മയില്‍ നടന്ന നീക്കങ്ങള്‍ നിഷ്ഠുരമായി അടിച്ചമര്‍ത്തപ്പെട്ടെങ്കിലും തുടരുന്നു. ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയും പാശ്ചാത്യ ശക്തികളുടെ നിര്‍ദേശാനുസരണമുള്ള സാമ്പത്തികനയങ്ങള്‍ക്കെതിരായും ബംഗ്ളാദേശിലെ ജനങ്ങളും അണിനിരക്കുകയാണ്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അമേരിക്ക സൈനിക കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. സാമ്രാജ്യത്വ കടന്നുകയറ്റത്തിനും നവലിബറല്‍ നയങ്ങള്‍ക്കുമെതിരെയും ജനാധിപത്യ പുനഃസ്ഥാപനത്തിനുവേണ്ടിയും നടക്കുന്ന സമരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്നു. സിപിഐ എം മത, വിഭാഗീയ, മൌലികവാദ ശക്തികളെ എതിര്‍ക്കുന്നതായി പാര്‍ടി കോഗ്രസ് വ്യക്തമാക്കി. തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഭീകരാക്രമണങ്ങളെ ആശ്രയിക്കുന്നതിലൂടെ മത, വിഭാഗീയ, മൌലികവാദ ശക്തികള്‍ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുകയും ഫലത്തില്‍ സാമ്രാജ്യത്വ കടന്നുകയറ്റത്തെ സഹായിക്കുകയുമാണ് ചെയ്യുന്നത്. അതിവിശാലമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാതെ സാമ്രാജ്യത്വത്തിന്റെ പരിശ്രമങ്ങളെ പരാജയപ്പെടുത്താനാവില്ല. ആഗോളവല്‍ക്കരണത്തിന്റെ നിലനില്‍ക്കാനുള്ള ശേഷിയില്ലായ്മ, അമേരിക്കന്‍ സൈനിക ഇടപെടലുകളുടെ പരിമിതികള്‍, സാമ്രാജ്യത്വ മേധാവിത്വത്തിനെതിരായി വളര്‍ന്നുവരുന്ന പ്രതിഷേധം, സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ വര്‍ധിച്ചുവരുന്ന സാമ്പത്തികശേഷി-ഇവയെല്ലാം അമേരിക്കയുടെ ഏകപക്ഷീയമായ നീക്കങ്ങള്‍ക്കെതിരെ ബഹുധ്രുവലോക നിര്‍മ്മിതിക്കുള്ള സാഹചര്യം ഒരുക്കുന്നു. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന യുദ്ധവിരുദ്ധവികാരത്തെയും ആഗോളവല്‍ക്കരണവിരുദ്ധ പ്രതിഷേധങ്ങളെയും ശക്തമായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനമായി ഏകോപിപ്പിക്കാനുള്ള സാധ്യത വളര്‍ന്നുവരുന്നു. ഈ ലക്ഷ്യം നേടാനായി സിപിഐ എം ലോകമെമ്പാടുമുള്ള പുരോഗമന തൊഴിലാളിവര്‍ഗ്ഗ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമായി അതിന്റെ സാര്‍വ്വദേശീയബന്ധം ശക്തിപ്പെടുത്തുമെന്നും പാര്‍ടി കോഗ്രസ് തീരുമാനിച്ചു. അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറുമായി മുന്നോട്ടുപോകുന്നതിനെതിരെ സിപിഐ എം ഉറച്ച നിലപാടെടുക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയുമായുള്ള തന്ത്രപരമായ സഖ്യം ഉറപ്പിക്കാന്‍ കഴിഞ്ഞാല്‍ ലോകമേധാവിത്വം നിലനിര്‍ത്താനുള്ള തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് കെല്‍പ്പ് പകരുമെന്ന് അമേരിക്ക മനസ്സിലാക്കുന്നു. ബഹുധ്രുവലോകത്തിന്റെ വളര്‍ച്ചയെ ഇതുവഴി ഒരുപരിധിവരെ തടയാനും അമേരിക്കക്ക് കഴിയും. ആണവക്കരാര്‍ നടപ്പാക്കാന്‍ അമേരിക്ക കാട്ടുന്ന വ്യഗ്രതയുടെ പിന്നില്‍ ഈ താല്‍പര്യമാണുള്ളത്. അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ ഒരു സഖ്യശക്തിയായി ഇന്ത്യ മാറാന്‍ സിപിഐ എം ഒരിക്കലും സമ്മതിക്കില്ല. ഉജ്വലമായ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യമുള്ള ഇന്ത്യന്‍ ജനതയും അതിന് സമ്മതിക്കുമെന്ന് പാര്‍ടി കരുതുന്നില്ല. ലോക സംഭവങ്ങളെ വിലയിരുത്തിക്കൊണ്ട് ശക്തിമത്തായ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാന്‍ പത്തൊന്‍പതാം പാര്‍ടി കോഗ്രസ് തീരുമാനിച്ചു ( Part 2)
മൂന്നാം ബദലിന് രൂപം നല്‍കും
എസ് രാമചന്ദ്രന്‍പിള്ള
ദേശീയ രാഷ്ട്രീയസ്ഥിതിയെപ്പറ്റി പത്തൊമ്പതാം പാര്‍ടി കോഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ അടിയന്തര രാഷ്ട്രീയ കടമകള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. രാഷ്ട്രീയപ്രമേയം നാല് അടിയന്തര കടമകള്‍ പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കണമെന്ന് നിശ്ചയിച്ചു. അവയെ ഇപ്രകാരം സംഗ്രഹിക്കാം. ഒന്ന്: പാര്‍ടിയുടെ തനത് ശക്തി വളര്‍ത്തിക്കൊണ്ടുവരുന്നതിനും രാഷ്ട്രീയ അടിത്തറ വികസിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കണം. ഇതിനുവേണ്ടി വര്‍ഗപ്രശ്നങ്ങളും ബഹുജനപ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ട് വര്‍ധിച്ച തോതില്‍ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കണം. രണ്ട്: ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കോഗ്രസ് ഒരു മതനിരപേക്ഷ രാഷ്ട്രീയ കക്ഷിയാണെങ്കിലും വര്‍ഗീയശക്തികളെ നേരിടുന്നതില്‍ പലപ്പോഴും ചാഞ്ചാട്ടം കാണിക്കുന്നു. കോഗ്രസുമായി ഏതെങ്കിലും കൂട്ടുകെട്ടിലോ ഐക്യമുന്നണിയിലോ പാര്‍ടി ഏര്‍പ്പെടുന്നതല്ല. മൂന്ന്: പൊതുവായ പ്രശ്നങ്ങളെ ആസ്പദമാക്കി പ്രക്ഷോഭങ്ങളും സമരങ്ങളും സംയുക്തമായി വളര്‍ത്തിക്കൊണ്ടുവരുവാന്‍ എല്ലാ കോഗ്രസിതര മതനിരപേക്ഷ കക്ഷികളുമായും ബന്ധം സ്ഥാപിക്കും. മൂന്നാംബദല്‍ കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കും. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തേണ്ടത് ഈ കാര്യങ്ങള്‍ നേരിടുന്നതിന് വളരെ പ്രധാനമാണ്. നാല്: ബൂര്‍ഷ്വ-ഭൂപ്രഭു വര്‍ഗനയങ്ങള്‍ക്ക് ബദലായി ഇടതുപക്ഷ ജനാധിപത്യനയങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നതിനും തൊഴിലാളികള്‍, ദരിദ്രകൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, കൈവേലക്കാര്‍, മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ തുടങ്ങിയ അടിസ്ഥാനവര്‍ഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിനും പാര്‍ടി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ജനങ്ങളുടെ പ്രശ്നം ഏറ്റെടുക്കുന്നത് താഴെ വിവരിക്കുന്ന വ്യക്തമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കണം. 1. ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിനും പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളെ ചെറുക്കുന്നതിനും അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതിനും ഉപകരിക്കുന്ന ബദല്‍ നയങ്ങള്‍ക്കുവേണ്ടി പാര്‍ടി തുടര്‍ച്ചയായി പരിശ്രമിക്കും. 2. രാജ്യത്തെ വര്‍ഗീയശക്തികളുടെ കുന്തമുനയായി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്തുന്നതിന് പാര്‍ടി എല്ലാ നിലയിലും പരിശ്രമിക്കും. 3. അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയാക്കി ഇന്ത്യയെ മാറ്റുന്നതിന് അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന എല്ലാ നീക്കവും തടയുന്നതിന് ശ്രമിക്കും. ഇതിനായി എല്ലാ ദേശാഭിമാന ജനാധിപത്യ ശക്തികളെയും പാര്‍ടി അണിനിരത്തും. 4. ദളിതരുടെയും ഗോത്രവര്‍ഗങ്ങളുടെയും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്ന മറ്റ് ജനവിഭാഗങ്ങളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടിയും സാമൂഹ്യനീതിക്കുവേണ്ടിയും പാര്‍ടി നിലകൊള്ളും. സാമൂഹ്യ ആവശ്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യപരിപാടിയുടെ ഭാഗമാണ്. പതിനെട്ടാം പാര്‍ടി കോഗ്രസ് ബിജെപിയെ രാജ്യത്തെ വലിയ വിപത്തായി വിലയിരുത്തി. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയശക്തികള്‍ അധികാരത്തില്‍നിന്ന് പുറത്താക്കപ്പെട്ടെങ്കിലും അവരുടെ ശക്തി കുറച്ചുകാണുന്നത് തെറ്റായിരിക്കുമെന്നും പതിനെട്ടാം പാര്‍ടി കോഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ മൂന്നു കൊല്ലത്തെ സംഭവ വികാസങ്ങള്‍ ഈ വിലയിരുത്തലുകള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നു. തീവ്ര ഹിന്ദു വര്‍ഗീയനിലപാട് സ്വീകരിച്ചുകൊണ്ട് അതിന്റെ ശക്തി വര്‍ധിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. പരമ്പരാഗതമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന മുദ്രാവാക്യങ്ങളെല്ലാം ബിജെപി വീണ്ടും ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുക, ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക, 370-ാം വകുപ്പ് ഭരണഘടനയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ബിജെപി ശക്തിയായി പ്രചരിപ്പിക്കുന്നു. ബിജെപിയുടെ സംഘടനയില്‍ ആര്‍എസ്എസിന്റെ പിടി കൂടുതല്‍ മുറുകി. എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമീപിക്കാനാണ് ബിജെപി തയ്യാറായിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പിന്തിരിപ്പന്‍ ശക്തിയാണ് ബിജെപിയെന്ന് അവരുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവമെന്റുകളുടെ പ്രവര്‍ത്തനം വ്യക്തമാക്കുന്നു. ഭരണ സംവിധാനത്തെയും വിദ്യാഭ്യാസമേഖലയെയും അവര്‍ വര്‍ഗീയവല്‍ക്കരിക്കുന്നു. പിന്തിരിപ്പന്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ കടന്നാക്രമണം സംഘടിപ്പിക്കുന്നു. യുപിഎ ഗവമെന്റിന്റെയും കോഗ്രസ് ഭരിക്കുന്ന സംസ്ഥാന ഗവമെന്റുകളുടെയും നയപരിപാടികള്‍ കാരണം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള അസംതൃപ്തിയെ ഉപയോഗപ്പെടുത്തി വീണ്ടും അധികാരത്തില്‍ കടന്നുവരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അവര്‍ക്ക് ജനതാദള്‍ യു കക്ഷിയുമായി കൂട്ടുകെട്ടുണ്ടാക്കി ബിഹാര്‍ അസംബ്ളി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞു. അകാലിദളുമായി സഖ്യമുണ്ടാക്കി പഞ്ചാബില്‍ വിജയിച്ചു. ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും കോഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാംതവണയും വിജയിച്ചു. സഖ്യത്തിലൂടെ കര്‍ണാടകത്തില്‍ സംസ്ഥാന ഗവമെന്റില്‍ ആദ്യമായി കടന്നുകൂടാനും ഇരുപതു മാസം അധികാരത്തിലിരിക്കാനും കഴിഞ്ഞു. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കി അധികാരത്തില്‍ തിരിച്ചുവരാനുള്ള ബിജെപിയുടെ പരിശ്രമത്തെ പരാജയപ്പെടുത്തേണ്ടത് പ്രധാനപ്പെട്ട കടമയായി പത്തൊമ്പതാം കോഗ്രസ് കാണുന്നു. ബൂര്‍ഷ്വ-ഭൂപ്രഭു വര്‍ഗസ്വഭാവമാണ് യുപിഎ ഗവമെന്റിനുള്ളതെന്ന് പതിനെട്ടാം കോഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു. ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങളാണ് ഗവമെന്റ് പിന്തുടരുന്നത്. ഗവമെന്റിന്റെ സാമ്പത്തികനയങ്ങള്‍ ജനജീവിതം ദുസ്സഹമാക്കി. കാര്‍ഷികമേഖലയെ അതിഗുരുതരമായ പ്രതിസന്ധി ബാധിച്ചു. കാര്‍ഷികരംഗത്തെ ദുരിതാവസ്ഥമൂലം കര്‍ഷക ജനവിഭാഗങ്ങള്‍, വിശേഷിച്ചും ദരിദ്രവിഭാഗം, അവരുടെ ആസ്തികള്‍ വിറ്റഴിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഭൂരഹിത കുടുംബങ്ങളുടെ എണ്ണം പെരുകുന്നു. കര്‍ഷകജനവിഭാഗങ്ങളുടെ കടബാധ്യത വര്‍ധിക്കുന്നു. സംഭരണം, വെയര്‍ഹൌസിങ്, വിപണനം, കരാര്‍കൃഷി എന്നിവ സ്വകാര്യ കോര്‍പറേറ്റുകളെ ഏല്‍പ്പിക്കുന്നതില്‍മാത്രമായി ഗവമെന്റിന്റെ കാര്‍ഷിക പുരോഗതിക്കുള്ള തന്ത്രം ഒതുങ്ങുന്നു. ഭക്ഷ്യസുരക്ഷ അപകടത്തിലായി. ഗോതമ്പ് വന്‍തോതില്‍ വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. യുപിഎ ഭരണത്തില്‍ ജനങ്ങളുടെ സ്ഥിതി വഷളാവുകയാണ്. അവശ്യവസ്തുക്കളുടെ വിലക്കയറ്റം ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെ അപകടത്തിലാക്കിയിരിക്കുന്നു. തൊഴിലെടുക്കുന്ന ജനവിഭാഗങ്ങള്‍ കടുത്ത ചൂഷണത്തിന് വിധേയരാകുന്നു. പരമ്പരാഗത വ്യവസായങ്ങളിലെ പ്രതിസന്ധിയും ചെറിയ വ്യവസായ യൂണിറ്റുകളുടെ അടച്ചുപൂട്ടലും കാരണം ലക്ഷക്കണക്കിന് തൊഴിലെടുക്കുന്നവര്‍ തൊഴിലില്ലാത്തവരായി. തൊഴിലവകാശങ്ങള്‍ നിഷേധിക്കാനുള്ള പ്രവണത വളരുന്നു. അടിസ്ഥാന സേവനങ്ങളായ ജലവിതരണം, വൈദ്യുതി എന്നിവയുടെ സ്വകാര്യവല്‍ക്കരണം ജനങ്ങളുടെമേല്‍ വീണ്ടും ഭാരം കെട്ടിയേല്‍പ്പിക്കുന്നു. നഗരപ്രദേശങ്ങളിലെ ക്രിമിനല്‍സംഘങ്ങളും മാഫിയകളും ജനങ്ങളെ ഭയപ്പെടുത്തുകയും അവരുടെ ജീവിതവും സ്വത്തുക്കളും സുരക്ഷിതമല്ലാതാക്കുകയുംചെയ്യുന്നു. യുപിഎ ഗവമെന്റിന് നേതൃത്വം നല്‍കുന്ന കോഗ്രസിന് ഇക്കാരണത്താല്‍ ഒരു മുന്നേറ്റവും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. വിലക്കയറ്റം, കാര്‍ഷിക പ്രതിസന്ധി, കൃഷിക്കാരുടെ ദയനീയസ്ഥിതി, തൊഴിലില്ലായ്മ, സാമാന്യജനങ്ങളുടെ സാമ്പത്തികസ്ഥിതി വഷളാവുന്നത് തുടങ്ങിയ കാരണങ്ങളാല്‍ കോഗ്രസിന്റെയും യുപിഎ ഗവമെന്റിന്റെയും ജനപിന്തുണ കുറഞ്ഞുവരികയാണ്. ദേശീയതലത്തില്‍ ഇക്കാലത്ത് സിപിഐ എം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചു. യുപിഎ ഗവമെന്റിന്റെ ബൂര്‍ഷ്വ-ഭൂപ്രഭുവര്‍ഗ നയങ്ങള്‍ക്ക് ബദലായി നയങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലും വളരെ സജീവമായി പ്രവര്‍ത്തിച്ചു. ബഹുജനപ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നിരവധി പ്രക്ഷോഭ സമരങ്ങള്‍ സംഘടിപ്പിച്ചു. പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വളര്‍ന്നു. ദേശീയതലത്തില്‍ കൂടുതല്‍ യോജിപ്പോടെയാണ് ഇന്ന് ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്. കടുത്ത പരിമിതികള്‍ക്കകത്തു നിന്നുകൊണ്ടാണെങ്കിലും ജനങ്ങള്‍ക്ക് അനുകൂലമായ നടപടി കൈക്കൊള്ളാന്‍ കഴിയുമെന്നും ജനങ്ങളുടെ പിന്തുണ നിലനിര്‍ത്താനാവുമെന്നും ഇടതുപക്ഷ സംസ്ഥാന ഗവമെന്റുകള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു. ബിജെപിയെയും കോഗ്രസിനെയും ഭരണത്തില്‍നിന്ന് ഒഴിവാക്കിനിര്‍ത്താന്‍ ഉപകരിക്കുന്ന ഒരു മൂന്നാം ബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്ന് പതിനെട്ടാം കോഗ്രസ് തീരുമാനിച്ചിരുന്നു. എന്നാല്‍, മൂന്നാംബദലില്‍ അണിനിരക്കേണ്ട പ്രാദേശിക രാഷ്ട്രീയകക്ഷികളില്‍ പലതും കോഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയിലും അണിനിരന്നിരിക്കുകയാണ്. കോഗ്രസിന്റെയും ബിജെപിയുടെയും സഖ്യത്തിന് പുറത്തുനില്‍ക്കുന്ന കക്ഷികള്‍ യുഎന്‍പിഎ എന്ന സഖ്യമുണ്ടാക്കിയിട്ടുണ്ട്. സമാജ്വാദി പാര്‍ടിയും തെലുങ്കുദേശം പാര്‍ടിയും ആസാം ഗണപരിഷത്തും അതത് സംസ്ഥാനങ്ങളില്‍ നല്ല അടിത്തറയുള്ള മതനിരപേക്ഷ കക്ഷികളാണ്. ഇടതുപക്ഷവുമായി സഹകരിക്കുന്നതിന് ഇവര്‍ താല്‍പ്പര്യപ്പെടുന്നു. പതിനെട്ടാം കോഗ്രസ് ഏതേത് നയത്തെ ആസ്പദമാക്കിയാണ് മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതെന്ന് വ്യക്തമാക്കിയിരുന്നില്ല. പത്തൊമ്പതാം കോഗ്രസ് ആ ജോലി നിര്‍വഹിച്ചു. ദൃഢമായ വര്‍ഗീയവിരുദ്ധ സമീപനത്തിന്റെ അടിത്തറയിലാണ് മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപകരിക്കുന്ന, സാധാരണ ജനങ്ങള്‍ക്ക് അനുകൂലമായ സാമ്പത്തികനയങ്ങള്‍ക്കുവേണ്ടി മൂന്നാംബദല്‍ നിലകൊള്ളണം. സാമൂഹ്യക്ഷേമ പദ്ധതികള്‍ വികസിപ്പിക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, ദേശീയ പരമാധികാരം സംരക്ഷിക്കുക, സ്വതന്ത്ര വിദേശനയം സ്വീകരിക്കുക എന്നിവ മൂന്നാം ബദലിന്റെ അടിസ്ഥാന സമീപനം ആയിരിക്കണം. അപ്പപ്പോഴത്തെ അടിയന്തര ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വെറുമൊരു തെരഞ്ഞെടുപ്പ് സഖ്യമായല്ല മൂന്നാം ബദലിനെ പാര്‍ടി കാണുന്നത്. പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ സംയുക്തമായ സമരങ്ങളിലൂടെയും ക്യാമ്പയിനുകളിലൂടെയും മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കണം. കോഗ്രസിന്റെയും ബിജെപിയുടെയും പിന്നില്‍ അണിനിരന്നിട്ടുള്ള രാഷ്ട്രീയ കക്ഷികളുടെ നിലപാടില്‍ മാറ്റംവരാതെ മൂന്നാംബദല്‍ യാഥാര്‍ഥ്യമാവുകയില്ല. ഭരണവര്‍ഗങ്ങളുടെ നയങ്ങള്‍ക്ക് ബദല്‍നയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇടതുപക്ഷ കക്ഷികള്‍ അടുത്തകാലത്ത് വിജയിച്ചിട്ടുണ്ട്. ഈ പരിശ്രമം ശക്തിയായി മുന്നോട്ടുകൊണ്ടുപോകുന്നത് മൂന്നാംബദലിന് രൂപംകൊടുക്കാനുള്ള സാധ്യത വളര്‍ത്തും. മതനിരപേക്ഷ പ്രാദേശിക കക്ഷികളുമായി പാര്‍ടി നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തിപ്പോരുകയാണ്. ചില കക്ഷികളുമായി ഒരുമിച്ചു ചേര്‍ന്ന് പ്രക്ഷോഭവും സമരവും നടത്തുന്നുമുണ്ട്. കേന്ദ്രഭരണത്തിലെ കോഗ്രസിന്റെ അധികാരക്കുത്തക നഷ്ടപ്പെട്ടു. ബിജെപിക്കും ഒറ്റയ്ക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിയില്ല. കോഗ്രസും ബിജെപിയും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ദുര്‍ബലപ്പെടുകയാണ്. ബിജെപിയെയും കോഗ്രസിനെയും അധികാരത്തില്‍നിന്ന് ഒഴിവാക്കാനുള്ള സാധ്യത വളര്‍ന്നുവരുന്നു. ഇടതുപക്ഷ കക്ഷികള്‍ മുഖ്യധാരയായുള്ള മൂന്നാം ബദല്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ പ്രധാനമാണ്. രണ്ട് വലിയ ബൂര്‍ഷ്വ-ഭൂപ്രഭു കക്ഷികളായ കോഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള രണ്ട് സമാന്തര സഖ്യചേരികളില്‍നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തെ മോചിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്ക് വലിയ കരുത്ത് നേടാനാവും. മൂന്നാം ബദല്‍ കെട്ടിപ്പടുക്കാന്‍ പാര്‍ടി പരമാവധി ശ്രമിക്കുമെന്ന് പത്തൊമ്പതാംപാര്‍ടി കോഗ്രസ് തീരുമാനിച്ചു. മൂന്നാംബദല്‍ കെട്ടിപ്പടുക്കാന്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍തന്നെ ആവശ്യമായ ഘട്ടങ്ങളില്‍ അപ്പപ്പോഴുള്ള സ്ഥിതിഗതികള്‍ പരിഗണിച്ച് തെരഞ്ഞെടുപ്പുധാരണകളും സഖ്യങ്ങളും ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും പാര്‍ടി കോഗ്രസ് പ്രഖ്യാപിച്ചു. (Part-3)
അതിവേഗം വളര്‍ച്ച നേടും
എസ് രാമചന്ദ്രന്‍പിള്ള
പത്തൊമ്പതാം കോഗ്രസ് പാര്‍ടിയുടെയും വര്‍ഗ ബഹുജന മുന്നണികളായ തൊഴിലാളി-കര്‍ഷക- കര്‍ഷകത്തൊഴിലാളി-വനിത-യുവജന-വിദ്യാര്‍ഥി മുന്നണികളിലെ പാര്‍ടി അംഗങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. പതിനെട്ടാം കോഗ്രസ് നിശ്ചയിച്ച കടമ നടപ്പാക്കിയതിന്റെ അനുഭവങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ മൂന്നു കൊല്ലങ്ങളില്‍ ഉയര്‍ന്നുവന്ന പുതിയ സ്ഥിതിവിശേഷം കണക്കിലെടുത്തു. ഈ നിലയില്‍ വിശദമായ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി സംഘടനാ കടമ പാര്‍ടി കോഗ്രസ് നിര്‍ണയിച്ചു. പാര്‍ടി കോഗ്രസ് കൈക്കൊണ്ട പ്രധാനപ്പെട്ട ചില തീരുമാനങ്ങള്‍മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. പതിനെട്ടാം കോഗ്രസ് പാര്‍ടിയുടെ വളര്‍ച്ച സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. പാര്‍ടി സ്വീകരിച്ചുവരുന്ന നയസമീപനങ്ങള്‍ പൊതുവെ ശരിയെന്ന് കാലവും അനുഭവവും തെളിയിക്കുന്നു. പാര്‍ടി നയിക്കുന്ന സംസ്ഥാന ഗവമെന്റുകള്‍ മറ്റ് സംസ്ഥാന ഗവമെന്റുകളില്‍നിന്ന് വ്യത്യസ്തമായി സാമാന്യജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും നിലവിലുള്ള പരിമിതിക്കകത്തുനിന്ന് വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്യുന്നു. കേന്ദ്രഭരണത്തില്‍നിന്ന്ബിജെപിയെ ഒഴിവാക്കിനിര്‍ത്തുന്നതിന് പാര്‍ടി പ്രധാനപ്പെട്ട പങ്ക് വഹിച്ചു. യുപിഎ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നത് പാര്‍ടിയുടെയും ഇടതുപക്ഷ കക്ഷികളുടെയും പിന്തുണകൊണ്ടു മാത്രമാണ്. പാര്‍ടിയുടെ പിന്തുണ നിരുപാധികമല്ല, സോപാധികമാണ്. പാര്‍ടി എപ്പോഴും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നു. ബൂര്‍ഷ്വ-ഭൂപ്രഭു വര്‍ഗ രാഷ്ട്രീയത്തിന്റെ നയസമീപനങ്ങളില്‍നിന്ന് വ്യത്യസ്തമായി പാര്‍ടി ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഉയര്‍ത്തിപ്പിടിക്കുന്നു. സാമാന്യജനങ്ങളുടെ താല്‍പ്പര്യങ്ങളെ ആസ്പദമാക്കി പ്രക്ഷോഭവും സമരവും സംഘടിപ്പിക്കുന്നു. ഒരു സ്വതന്ത്ര രാഷ്ട്രീയശക്തി എന്ന നിലയില്‍ പാര്‍ടിയുടെ യശസ്സ് വര്‍ധിക്കുന്നു. എവിടെവിടെയെല്ലാം ബോധപൂര്‍വമായ പ്രവര്‍ത്തനം സംഘടിപ്പിച്ചിട്ടുണ്ടോ, അവിടവിടെയെല്ലാം പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന അനുഭവവും പാര്‍ടിക്കുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് വളര്‍ച്ചയ്ക്കുള്ള എല്ലാ സാധ്യതയും പ്രയോജനപ്പെടുത്തി അതിവേഗം വളരാന്‍ ശ്രമിക്കണമെന്ന് പതിനെട്ടാം കോഗ്രസ് ദൃഢനിശ്ചയം എടുത്തു. അതിന് ഉപകരിക്കുന്ന സംഘടനാ കടമകളെന്തെന്നും തീരുമാനിച്ചു. പാര്‍ടിക്ക് മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്രകണ്ട് മുന്നേറാനായി എന്ന കാര്യവുമാണ് പത്തൊമ്പതാം കോഗ്രസ് ആദ്യമായി വിലയിരുത്തിയത്. പാര്‍ടിയിലെയും വര്‍ഗ ബഹുജന മുന്നണികളിലെയും അംഗസംഖ്യയിലും അംഗങ്ങളുടെ യോഗ്യതയിലുമുള്ള വളര്‍ച്ച, പ്രക്ഷോഭസമരത്തില്‍ ജനത്തെ അണിനിരത്തുന്നതിലുള്ള കഴിവ്, സാമ്പത്തിക-രാഷ്ട്രീയ ആശയസമരം നടത്താനുള്ള കരുത്ത്, രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇടപെടുന്നതിലെ പ്രാഗത്ഭ്യം, തെരഞ്ഞെടുപ്പുകളിലെ വിജയം തുടങ്ങി പല ഘടകവും വിലയിരുത്തിമാത്രമേ പാര്‍ടിക്ക് വളര്‍ച്ച നേടാനായോ എന്ന കാര്യം നിശ്ചയിക്കാന്‍ കഴിയൂ. പാര്‍ടി അംഗങ്ങളുടെ എണ്ണം 2004 ല്‍ 8,67,763 ആയിരുന്നത് 2007 ല്‍ 9,82,155 ആയി വര്‍ധിച്ചു. വര്‍ധന 13.18 ശതമാനമാണ്. വര്‍ഗ ബഹുജന മുന്നണികളിലെ അംഗങ്ങളുടെ എണ്ണം 4,91,54,970 ല്‍നിന്നും 6,17,93,166 ആയും വളര്‍ന്നു. വളര്‍ച്ചയുടെ ശതമാനം 25.7 ആണ്. വര്‍ഗ ബഹുജന മുന്നണിയിലെ അംഗസംഖ്യ ഇത്രയധികം വര്‍ധിച്ച അനുഭവം മുമ്പുള്ള പാര്‍ടി കോഗ്രസുകളുടെ ഇടയില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ മുന്‍ഗണനാ സംസ്ഥാനങ്ങളായി കണക്കാക്കി വളര്‍ച്ച നേടുന്നതിന് പാര്‍ടി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഈ സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെയും ബഹുജന മുന്നണികളിലെയും അംഗങ്ങളുടെ എണ്ണത്തില്‍ 14.51 ശതമാനവും 31.3 ശതമാനവും വളര്‍ച്ച നേടി. ഹിന്ദിഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ടി അംഗങ്ങളുടെ എണ്ണത്തില്‍ 17.5 ശതമാനവും ബഹുജന മുന്നണികളിലെ അംഗങ്ങളുടെ എണ്ണത്തില്‍ 43.4 ശതമാനവും വളര്‍ച്ചയുണ്ടായി. ഓരോ സംസ്ഥാനത്തെയും വളര്‍ച്ചനിരക്ക് വ്യത്യസ്തമാണെങ്കിലും മുന്‍ഗണനാ സംസ്ഥാനങ്ങളിലും ഹിന്ദിഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലും അഖിലേന്ത്യാ വളര്‍ച്ചനിരക്കിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച നേടി എന്നത് ആരോഗ്യകരമായ പ്രവണതയാണ്. പാര്‍ടിയുമെടയും വര്‍ഗ ബഹുജന മുന്നണികളിലെയും അംഗസംഖ്യ പരിശോധിച്ചാല്‍ വളര്‍ച്ചയിലുള്ള അസമാവസ്ഥ ഇപ്പോഴും തുടരുന്നതായി കാണാം. പാര്‍ടിക്ക് ശക്തിയുള്ള പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും പാര്‍ടിയുടെ ശക്തി വളരുന്ന ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലുമാണ് പാര്‍ടിയിലെയും വര്‍ഗ ബഹുജന മുന്നണികളിലെയും അംഗങ്ങള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്. ദുര്‍ബല സംസ്ഥാനങ്ങളിലെ സ്ഥിതിക്ക് കാര്യമായ മാറ്റം ഇക്കാലത്ത് ഉണ്ടായിട്ടില്ല. എന്നിരുന്നാലും രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചെറിയ വളര്‍ച്ച നേടി. മറ്റ് പല ദുര്‍ബല സംസ്ഥാനങ്ങളിലും പാര്‍ടിയുടെ പ്രവര്‍ത്തനം സജീവമായിട്ടുണ്ട്. പാര്‍ടിയുടെ ഇടപെടല്‍ശേഷി വളര്‍ന്നിട്ടുണ്ട്. ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയശക്തിയായി കരുത്താര്‍ജിച്ചിട്ടുണ്ട്. പ്രക്ഷോഭസമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും ജനങ്ങളെ അണിനിരത്തുന്നതിലും പാര്‍ടിക്ക് നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ദുര്‍ബല സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ കഴിവ് തെരഞ്ഞെടുപ്പില്‍ വേണ്ടത്ര പ്രതിഫലിക്കുന്നില്ല. സാധ്യതകളെയാകെ ഉപയോഗപ്പെടുത്തുന്നില്ലെന്ന സ്ഥിതിയുമുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് പ്രത്യേകം പരിഗണന നല്‍കണമെന്ന് പാര്‍ടി കോഗ്രസ് ചൂണ്ടിക്കാണിച്ചു. പാര്‍ടിയുടെ മുന്നിലുള്ള പ്രധാനപ്രശ്നം വളര്‍ച്ചയിലുള്ള അസമാവസ്ഥയ്ക്ക് എങ്ങനെ പരിഹാരം കാണാമെന്നുള്ളതാണ്. ശക്തിയുള്ള സംസ്ഥാനങ്ങളിലെ മുന്നേറ്റ സാധ്യതകളാകെ ഉപയോഗിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥ വൈഷമ്യങ്ങള്‍ ഉണ്ടാക്കുന്നു. കൂടുതല്‍ സംസ്ഥാനങ്ങളില്‍ വിജയം കൈവരിച്ചാല്‍മാത്രമേ പാര്‍ടി നയിക്കുന്ന ഇടതുപക്ഷ ഗവമെന്റുകള്‍ക്കും നാടിന്റെ വികസനത്തിനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പുതിയ സമീപനങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. കേന്ദ്ര ഗവമെന്റിന്റെ നയങ്ങളില്‍ മാറ്റം വരുത്താനാവൂ. ശത്രുക്കള്‍ പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കടുത്ത വലതുപക്ഷക്കാര്‍ തുടങ്ങി ഇടതുപക്ഷ തീവ്രവാദികള്‍വരെ പാര്‍ടിക്കെതിരെ ഒരുമിച്ച് അണിനിരക്കുന്നു. മത-ജാതി ശക്തികള്‍ ഉറഞ്ഞുതുള്ളുന്നു. വിദേശപണം പറ്റുന്ന ഒട്ടേറെ സംഘടനകള്‍ ഒളിഞ്ഞും തെളിഞ്ഞും പാര്‍ടിക്കെതിരെ നീങ്ങുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കരുത്താര്‍ജിക്കാതെ ശക്തിയുള്ള കേന്ദ്രങ്ങളിലെ സ്വാധീനശക്തി നിലനിര്‍ത്തുന്നത് വളരെ പ്രയാസകരമായ ജോലിയാണ്. തെറ്റായ പല പ്രവണതയും പാര്‍ടിക്കുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ ഇടയുണ്ട്. രാജ്യവ്യാപകമായ മാറ്റമുണ്ടാവാന്‍ കാലതാമസം എടുക്കുന്നതുകൊണ്ട് നിലവിലുള്ള പരിതസ്ഥിതിയുമായി പൊരുത്തപ്പെട്ടുപോകാനുള്ള മനോഭാവം വളര്‍ന്നുവരും. പാര്‍ടിയുടെ വിപ്ളവ സ്വഭാവത്തിന് മങ്ങലുണ്ടാവും. ദീര്‍ഘകാലം ദുര്‍ബലാവസ്ഥയില്‍ തുടരുന്നതുകൊണ്ട് അത്തരം പ്രദേശങ്ങളില്‍ പാര്‍ടിയുടെ മുന്‍കൈയും സജീവതയും നഷ്ടപ്പെടും. ഒരു ചുരുങ്ങിയ വൃത്തത്തില്‍ ഒതുങ്ങിക്കൂടാനുള്ള പ്രവണത വളരും. ഇക്കാരണങ്ങളാല്‍ ദുര്‍ബല സംസ്ഥാനങ്ങളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സര്‍വശക്തിയും ഉപയോഗിച്ച് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പത്തൊമ്പതാം കോഗ്രസ് നിശ്ചയിച്ചു. പാര്‍ടി അംഗങ്ങളുടെ യോഗ്യത വളര്‍ത്താതെ വളര്‍ച്ചയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താനാവില്ല. പാര്‍ടി അംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടനാ ധാരണകള്‍ അതിവേഗം ഉയര്‍ത്തേണ്ടിയിരിക്കുന്നു. രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടനാ വിദ്യാഭ്യാസം നല്‍കുന്നതിന് കൂടുതല്‍ ശ്രമം നടത്തേണ്ടതുണ്ട്. സജീവരല്ലാത്ത പാര്‍ടി അംഗങ്ങളും ഘടകങ്ങളും നിലനില്‍ക്കുന്നത് അനുവദിക്കാനാവില്ല. അത്തരം സ്ഥിതി സജീവ അംഗങ്ങളുടെയും ഘടകങ്ങളുടെയും പ്രവര്‍ത്തനത്തെ പിറകോട്ടുവലിക്കും. കമ്യൂണിസ്റ്റ് പാര്‍ടി തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരുടെ പാര്‍ടിയാണ്. പ്രവര്‍ത്തനാനുഭവങ്ങള്‍ ഇല്ലാത്തവരുടെ ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഉള്‍ക്കട്ടി ഉണ്ടാവുകയില്ല. പലപ്പോഴും പിശകാകാം. എല്ലാ പാര്‍ടിഘടകങ്ങളുടെയും സ്ഥിതി പരിശോധിച്ച് സജീവമാക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്നും പാര്‍ടി കോഗ്രസ് തീരുമാനിച്ചു. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളെ ആസ്പദമാക്കി തുടര്‍ച്ചയായി പ്രക്ഷോഭസമരം സംഘടിപ്പിച്ചാല്‍മാത്രമേ പുതിയ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയൂ. രാഷ്ട്രീയനയവും നിലപാടുംകൊണ്ടു മാത്രം പിന്നോക്കംനില്‍ക്കുന്ന ജനവിഭാഗത്തെ ആകര്‍ഷിക്കാന്‍ ഉടനെ കഴിഞ്ഞെന്നു വരില്ല. അടിയന്തരാവശ്യങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രക്ഷോഭസമരങ്ങളിലൂടെ പിന്നോക്ക ജനവിഭാഗങ്ങളുടെ പ്രാഥമികബോധത്തെ ഉണര്‍ത്താന്‍ കഴിയണം. അവരെ ബഹുജന മുന്നണികളില്‍ അണിനിരത്തണം. പ്രക്ഷോഭസമരങ്ങളുടെ അനുഭവങ്ങളും പാര്‍ടിയുടെ നേരിട്ടുള്ള ഇടപെടലുകളും പ്രചാരണങ്ങളും വഴി ജനങ്ങളുടെ ബോധനിലവാരം ഉയര്‍ത്താന്‍ തുടര്‍ച്ചയായ പരിശ്രമം നടക്കണം. ജനങ്ങളില്‍നിന്ന് ഉശിരന്മാരെ കണ്ടെത്തി സഹായക ഗ്രൂപ്പില്‍ അണിനിരത്തി രാഷ്ട്രീയ-സംഘടനാ വിദ്യാഭ്യാസം നല്‍കി അവരുടെ യോഗ്യത വളര്‍ത്തണം. ഇവരില്‍ സമര്‍ഥരെ പാര്‍ടി അംഗങ്ങളാക്കി പാര്‍ടിയുടെ അണി വിപുലമാക്കണം. സാമ്പത്തിക പ്രശ്നങ്ങളോടൊപ്പം സാമൂഹ്യ അടിച്ചമര്‍ത്തലിന്റെ പ്രശ്നങ്ങളും പാര്‍ടി ഏറ്റെടുക്കണം. ദുര്‍ബല സംസ്ഥാനങ്ങളില്‍ സാമൂഹ്യ പരിഷ്കാരത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലും പാര്‍ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലെല്ലാമുള്ള ദൌര്‍ബല്യങ്ങള്‍ ഓരോരോ ഘടകവും പരിശോധിച്ചു തിരുത്തണം. പാര്‍ടി കോഗ്രസിന്റെയും സംസ്ഥാന സമ്മേളനങ്ങളുടെയും തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ കടമ നിശ്ചയിച്ച് സമയബന്ധിതമായി നടപ്പാക്കാന്‍ ഒരോ ഘടകവും പദ്ധതി തയ്യാറാക്കണം. പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറുകണക്കിന് പുതിയ പ്രവര്‍ത്തകരെ ആവശ്യമാണ്. അവരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും സംരക്ഷിക്കുന്നതിനും പാര്‍ടി ഘടകങ്ങളാകെ കൂടുതല്‍ ശ്രദ്ധ നല്‍കണം. സംസ്ഥാന കമ്മിറ്റികള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ട്. ജനാധിപത്യ കേന്ദ്രീകരണ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പാര്‍ടിയുടെ സംഘടനാ സംവിധാനം. കൂട്ടായ്മ വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം. പ്രവര്‍ത്തനരഹിതരായ അംഗങ്ങളും ഘടകങ്ങളും ഉണ്ടെന്നത് കൂട്ടായ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഒരുതരത്തിലുള്ള വിഭാഗീയതയും സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള മത്സരവും പാര്‍ടി സമ്മതിക്കുകയില്ല. ഇത്തരം പല തരത്തിലുള്ള ദൌര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നത് പരിശോധിച്ച് തിരുത്താന്‍ ഒരോ ഘടകവും തീരുമാനമെടുക്കണം. വിഭാഗീയതക്കെതിരായ സമരത്തില്‍ കേരളം നേടിയ പുരോഗതി പാര്‍ടി കോഗ്രസ് എടുത്തുപറഞ്ഞിട്ടുണ്ട്. ചെറുകിട ഉല്‍പ്പാദകരായ കര്‍ഷക ജനവിഭാഗവും പെറ്റി ബൂര്‍ഷ്വാ വിഭാഗവും മുഖ്യ ഘടകമായ സമൂഹത്തിലാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. അര്‍ധ നാടുവാഴിത്ത അവശിഷ്ടങ്ങളുടെയും മുതലാളിത്തത്തിന്റെയും ചുറ്റുപാടാണുള്ളത്. ആഗോളവല്‍ക്കരണത്തിന്റെ വികലമായ ധാരണകളും ആശയങ്ങളും ജീവിതരീതിയും സമൂഹത്തെ വന്‍തോതില്‍ സ്വാധീനിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ വിപ്ളവകരമായ മാറ്റം വരുത്താനാണ് കമ്യൂണിസ്റ്റുകാരുടെ പരിശ്രമം. എല്ലാ വൈകൃതങ്ങളുമുള്ള ഇന്നത്തെ സമൂഹത്തിലാണ് കമ്യൂണിസ്റ്റുകാരും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ വികൃതവും പ്രതിലോമകരവുമായ സമ്പ്രദായങ്ങളും രീതികളും കമ്യൂണിസ്റ്റുകാരെയും സ്വാധീനിക്കാന്‍ ഇടവരും. ഓരോ പാര്‍ടി അംഗവും തന്റെ സ്വന്തം നിലയിലും പാര്‍ടിയാകെ നടത്തുന്ന കൂട്ടായ പരിശ്രമങ്ങളിലൂടെയുമാണ് ഇന്നത്തെ സമൂഹത്തിന്റെ വികലമായ സമ്പ്രദായങ്ങളില്‍നിന്നും തെറ്റുകളില്‍ നിന്നും വിമുക്തരാവേണ്ടത്. ശക്തിമത്തായ തെറ്റുതിരുത്തല്‍ പ്രക്രിയ പാര്‍ടിയിലുടനീളം ആരംഭിക്കണമെന്ന് പാര്‍ടി കോഗ്രസ് നിശ്ചയിച്ചു. 1996 ലെ തെറ്റുതിരുത്തല്‍രേഖ കാലോചിതമായി പുതുക്കാന്‍ കേന്ദ്രകമ്മിറ്റിയെ ചുമതലപ്പെടുത്തി. തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെയാണ് തെറ്റുതിരുത്തല്‍ നടക്കുക. പാര്‍ടിയുടെ എല്ലാ നിലവാരങ്ങളിലുമുള്ള കമ്മിറ്റികളുടെ വിവിധ സ്വഭാവത്തിലുള്ള ദൌര്‍ബല്യം പരിഹരിക്കാനുള്ള പരിശ്രമവും ഉടനെ ആരംഭിക്കും. പ്രത്യയശാസ്ത്ര വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു രേഖ തയ്യാറാക്കാന്‍ പാര്‍ടി കോഗ്രസ് കേന്ദ്രകമ്മിറ്റിയെ ചുമതലപ്പെടുത്തി. (Part 4)
ഇടതുപക്ഷ സംസ്ഥാന ഗവമെന്റുകളുടെ പ്രവര്‍ത്തനാനുഭവവും അവയുടെ പങ്കും
എസ് രാമചന്ദ്രന്‍പിള്ള
പാര്‍ടി പരിപാടിയുടെയും പാര്‍ടി കോഗ്രസും കേന്ദ്രകമ്മിറ്റിയും അംഗീകരിച്ച പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ ഇടതുപക്ഷ ഗവമെന്റുകളുടെ പ്രവര്‍ത്തനാനുഭവം വിലയിരുത്തിക്കൊണ്ട് അവയുടെ പങ്ക് എന്തെന്ന് പത്തൊന്‍പതാം പാര്‍ടി കോഗ്രസ് ചൂണ്ടിക്കാട്ടി. പാര്‍ടി കോഗ്രസ് അംഗീകരിച്ച രേഖയുടെ പൊതുസമീപനംമാത്രമാണ് ഈ ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. രേഖയ്ക്ക് അവസാനരൂപം നല്‍കുന്ന ജോലി കേന്ദ്രകമ്മിറ്റി തുടര്‍ന്ന് നിര്‍വഹിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഇടതുപക്ഷ സംസ്ഥാന ഗവമെന്റുകള്‍ക്ക് രാഷ്ട്രത്തിന്റെ സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ ഒരു രീതിയിലും അടിസ്ഥാനപരമായി പരിഹരിക്കാനാവില്ലെന്ന് 1964ല്‍ അംഗീകരിച്ച പാര്‍ടി പരിപാടിയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. സോഷ്യലിസം കെട്ടിപ്പടുക്കാനോ ജനകീയ ജനാധിപത്യ പരിപാടി നടപ്പാക്കാനോ ഇത്തരം ഗവമെന്റുകള്‍ക്ക് കഴിയില്ല. ഭരണഘടനയുടെയും കേന്ദ്ര ഗവമെന്റുകള്‍ ആവിഷ്കരിക്കുന്ന നയ സമീപനങ്ങളുടെയും പരിമിതിക്കകത്ത് നിന്നുകൊണ്ടുമാത്രമേ സംസ്ഥാന ഗവമെന്റുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. ജനങ്ങള്‍ക്ക് അടിയന്തരാശ്വാസം നല്‍കാനുള്ള മിതമായ പരിപാടി നടപ്പാക്കാന്‍മാത്രമാണ് ഇത്തരം ഗവമെന്റുകള്‍ക്ക് കഴിയുക. എന്നാല്‍,ഇത്തരം ഗവമെന്റുകളുടെ രൂപീകരണം അധ്വാനിക്കുന്ന ജനങ്ങളുടെ വിപ്ളവപ്രസ്ഥാനത്തിന് ഉത്തേജനം നല്‍കും; ജനകീയ ജനാധിപത്യ വിപ്ളവ വിജയത്തിന് ഉപകരിക്കുന്ന ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്ന പ്രക്രിയയെ സഹായിക്കും. ചുരുങ്ങിയ കാലംമാത്രം അധികാരത്തിലിരിക്കാന്‍ കഴിയുന്ന ഇത്തരം ഗവമെന്റുകള്‍ രൂപീകരിക്കാനുള്ള എല്ലാ അവസരവും പാര്‍ടി ഉപയോഗപ്പെടുത്തും. വന്‍കിട ബൂര്‍ഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വ-ഭൂപ്രഭു ഭരണകൂടത്തെയും ഗവമെന്റിനെയും മാറ്റിയാല്‍മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മൌലികമായ പരിഹാരം കാണാനുള്ള നടപടി നടപ്പാക്കാനാവൂ എന്ന് പാര്‍ടി എപ്പോഴും ജനങ്ങളെ തുടര്‍ച്ചയായി പഠിപ്പിക്കും. ഇടതുപക്ഷ ഗവമെന്റുകളെപ്പറ്റി വ്യാമോഹം ഒഴിവാക്കുന്നതിനും സമഗ്രമായ മാറ്റത്തിന് ഉപകരിക്കുന്ന ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്ന ലക്ഷ്യം നേടാനും ഈ വിദ്യാഭ്യാസം ആവശ്യമാണ്. ആയിരത്തിത്തൊള്ളായിരത്തി അറുപത്തേഴില്‍ നടന്ന പൊതു തെരഞ്ഞെടുപ്പോടെ ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതിയില്‍ മാറ്റമുണ്ടായി. കേരളത്തിലും പശ്ചിമബംഗാളിലും പാര്‍ടിക്ക് പങ്കാളിത്തമുള്ള ഗവമെന്റുകള്‍ അധികാരത്തില്‍ വന്നു. പാര്‍ടി പരിപാടിയിലെ ധാരണകളെ കുറേക്കൂടി വ്യക്തമാക്കുന്ന 'പുതിയ സാഹചര്യവും കടമകളും' എന്ന പ്രമേയം 1967 ഏപ്രിലില്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പാര്‍ടി പങ്കെടുക്കുന്ന സംസ്ഥാന ഗവമെന്റുകളുടെ പരിമിതികളും സാധ്യതകളും ഗവമെന്റില്‍ പങ്കെടുക്കുന്ന പാര്‍ടി പ്രതിനിധികളുടെ കടമകളും കേന്ദ്രകമ്മിറ്റി പ്രമേയം കൂടുതല്‍ വ്യക്തമാക്കി. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴിലെ തെരഞ്ഞെടുപ്പിനുശേഷം പുതിയൊരു രാഷ്ട്രീയസാഹചര്യം ഇന്ത്യയില്‍ ഉയര്‍ന്നുവന്നു. അതുവരെ ഇടതുപക്ഷ ഗവമെന്റുകള്‍ക്ക് ഹ്രസ്വകാലംമാത്രമാണ് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞിരുന്നത്. തങ്ങളുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ മാത്രമല്ല, ദീര്‍ഘകാലം സംസ്ഥാനഭരണത്തില്‍ തുടരാനും ഇടതുപക്ഷ ഗവമെന്റുകള്‍ക്ക് ഇന്ന് കഴിയുന്നു. സ്ഥിതിഗതിയില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ കൈയിലെ സമരോപകരണങ്ങളായിമാത്രം ഇടതുപക്ഷ ഗവമെന്റുകളെ കാണാനാവില്ല. ഭൂപരിഷ്കരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ നടപടിയെ അടിയന്തരാവശ്യമായി വിലയിരുത്താനുമാവില്ല. വികസനത്തെയും സാമൂഹ്യക്ഷേമത്തെയുംപറ്റി ശക്തമായ ആഗ്രഹാഭിലാഷങ്ങള്‍ ജനങ്ങള്‍ക്കുണ്ട്. ഇന്നത്തെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ ഇടതുപക്ഷ സംസ്ഥാന ഗവമെന്റുകള്‍ക്ക് കഴിയണം. പശ്ചിമബംഗാള്‍ സംസ്ഥാന ഗവമെന്റ് ഇന്ത്യയിലെ ഒരു വന്‍കിട ബിസിനസ് സ്ഥാപനവുമായി ചേര്‍ന്ന് ഹല്‍ദിയയില്‍ പെട്രോ കെമിക്കല്‍ പ്രോജക്ട് സ്ഥാപിക്കാന്‍ കരാറുണ്ടാക്കി. 1985 ല്‍ കൊല്‍ക്കത്തയില്‍ നടന്ന 12-ാം കോഗ്രസ് ഈ വിഷയം ചര്‍ച്ചചെയ്തു. കരാറുണ്ടാക്കിയത് ശരിയെന്ന് നിശ്ചയിച്ചു. 1957 ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഗവമെന്റ് കുത്തക മുതലാളിയായ ബിര്‍ളയുമായിചേര്‍ന്ന് കോഴിക്കോട് മാവൂരില്‍ റയോസ് ഫാക്ടറി സ്ഥാപിക്കാന്‍ കരാറുണ്ടാക്കിയത് ഏതെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണോ ഏതാണ്ട് അവയെല്ലാം ഹല്‍ദിയ പെട്രോ കെമിക്കല്‍സിന്റെ കാര്യത്തിലും സാധുവാണ്. ആയിരത്തിത്തൊള്ളായിരത്തിതെണ്ണൂറ്റൊന്നിന് ശേഷം സ്ഥിതിഗതിയില്‍ വീണ്ടും മാറ്റമുണ്ടായി. ആഗോളവല്‍ക്കരണ സാമ്പത്തികനയം മാറിമാറിവരുന്ന കേന്ദ്രഗവമെന്റുകള്‍ നടപ്പാക്കാന്‍ തുടങ്ങി. സമ്പദ്വ്യവസ്ഥയിലെ ഒട്ടേറെ നിയന്ത്രണം എടുത്തുകളഞ്ഞു. വ്യവസായങ്ങള്‍ തുടങ്ങുന്നതിന് ലൈസന്‍സ് നല്‍കുന്ന രീതി അവസാനിപ്പിച്ചു. സമ്പദ്രംഗത്തെ പല മേഖലയില്‍നിന്നും ഗവമെന്റ് പിന്മാറി. സ്വകാര്യവല്‍ക്കരണം പൊതുനയമായി മാറി. പൊതുനിക്ഷേപം വെട്ടിക്കുറച്ചു. സാമൂഹ്യക്ഷേമ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്രഗവമെന്റ് പിന്മാറിയത് സംസ്ഥാന ഗവമെന്റുകളുടെ വിഭവശേഷിയെ വന്‍തോതില്‍ വെട്ടിച്ചുരുക്കി. പൊതുസേവനം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പൊതുഗതാഗത സൌകര്യം, ക്ഷേമപ്രവര്‍ത്തനം എന്നിവ നിലനിര്‍ത്തുന്നതിന് സംസ്ഥാന ഗവമെന്റുകള്‍ക്ക് വലിയ പ്രയാസങ്ങളുണ്ടായി. കേന്ദ്ര-സംസ്ഥാന ബന്ധത്തിലും മാറ്റമുണ്ടായി. ധനസഹായമോ കടമോ കേന്ദ്ര ഗവമെന്റില്‍നിന്ന് ലഭിക്കണമെങ്കില്‍ സംസ്ഥാന ഗവമെന്റുകള്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കണമെന്ന നില വന്നു. ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഭാഗത്ത് സംസ്ഥാന ഗവമെന്റുകളുടെ പ്രയാസങ്ങള്‍ വര്‍ധിച്ചപ്പോള്‍, മറുഭാഗത്ത് ചില സാധ്യതകള്‍ തുറന്നുകിട്ടി. വ്യവസായങ്ങള്‍ തുടങ്ങുന്ന കാര്യത്തിലും പശ്ചാത്തലസൌകര്യം വികസിപ്പിക്കുന്ന കാര്യത്തിലും കഴിഞ്ഞകാലത്ത് കേന്ദ്രഗവമെന്റുകള്‍ ഇടതുപക്ഷ ഗവമെന്റുകളോട് കടുത്ത വിവേചനം പുലര്‍ത്തിയിരുന്നു. ലൈസന്‍സിങ് സമ്പ്രദായം ഉപേക്ഷിച്ചതിന്റെയും സാമ്പത്തികമേഖലയില്‍നിന്ന് ഗവമെന്റിന്റെ പിന്മാറ്റത്തിന്റെയും കമ്പോള സമ്പദ്വ്യവസ്ഥ നിലവില്‍ വന്നതിന്റെയും ഫലമായി വ്യവസായ വികസനത്തിനും പശ്ചാത്തല സൌകര്യ വികസനത്തിനും വിദേശ മൂലധനവും ഇന്ത്യന്‍ മൂലധനവും ആകര്‍ഷിക്കാന്‍ സംസ്ഥാന ഗവമെന്റുകള്‍ക്ക് കഴിയുമെന്ന നിലവന്നു. ഈ അവസരം ഉപയോഗിക്കണമോ വേണ്ടയോ എന്ന പ്രശ്നം പാര്‍ടിയുടെയും സംസ്ഥാന ഗവമെന്റുകളുടെയും മുന്നില്‍ ഉയര്‍ന്നുവന്നു. ഈ പ്രശ്നം 1994 ഡിസംബറില്‍ അംഗീകരിച്ച 'പുത്തന്‍ സാമ്പത്തികനയങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവമെന്റിന്റെ പങ്ക്' എന്ന രേഖയില്‍ കേന്ദ്രകമ്മിറ്റി പരിഗണിച്ചു. ബൂര്‍ഷ്വ-ഭൂപ്രഭു വര്‍ഗ നയത്തിന് ബദലായി ഇടതുപക്ഷ ജനാധിപത്യനയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളെ അണിനിരത്താന്‍ പാര്‍ടി എപ്പോഴും പരിശ്രമിക്കുന്നു. അതോടൊപ്പം ബൂര്‍ഷ്വാ രാഷ്ട്രീയ പാര്‍ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാന ഗവമെന്റുകള്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്കകത്തു നിന്നുകൊണ്ട് സംസ്ഥാനങ്ങളില്‍ നേടുന്ന വികസനം, ഇടതുപക്ഷ ഗവമെന്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നേടിക്കൊടുക്കുന്നതിന് പാര്‍ടിക്ക് ബാധ്യതയുണ്ടെന്ന് കേന്ദ്രകമ്മിറ്റി രേഖ ചൂണ്ടിക്കാണിച്ചു. അപ്രകാരം പരിപാടി നടപ്പാക്കുമ്പോള്‍ എന്തെല്ലാം പരിമിതി ഉണ്ടെങ്കിലും തൊഴിലെടുക്കുന്ന ജനവിഭാഗത്തിന്റെയും പാവപ്പെട്ടവരുടെയും താല്‍പ്പര്യം ഇടതുപക്ഷ ഗവമെന്റ് സംരക്ഷിക്കണം. ബൂര്‍ഷ്വാ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന ഗവമെന്റുകളും ഇടതുപക്ഷ കക്ഷികള്‍ നയിക്കുന്ന സംസ്ഥാന ഗവമെന്റുകളും തമ്മിലുള്ള വ്യത്യാസം അതാണ്. അതോടൊപ്പം വിദേശ മൂലധനത്തിന്റെയോ വന്‍കിട ബിസിനസിന്റെയോ അന്യായമായ സമ്മര്‍ദത്തിനു വഴങ്ങരുത്. തദ്ദേശീയ വ്യവസായങ്ങളെയും സാങ്കേതിക വിദ്യയെയും സംരക്ഷിക്കണം. പൊതുമേഖലയെ കഴിവിനൊത്ത് പ്രോത്സാഹിപ്പിക്കണം. വിദേശ മൂലധനവും ഇന്ത്യന്‍ മൂലധനവും ആകര്‍ഷിക്കുന്നതിന് നടപടിയെടുക്കുന്ന സന്ദര്‍ഭത്തില്‍ മന്ത്രിമാര്‍ നടത്തുന്ന പ്രസംഗവും പ്രഖ്യാപനവും ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെയും സാമ്പത്തിക പരിഷ്കാരങ്ങളെയും സാധൂകരിക്കുന്ന രീതിയിലാകരുതെന്നും കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം വ്യവസായവല്‍ക്കരണമോ സ്വകാര്യമേഖലയുടെ കടന്നുവരവോകൊണ്ട് ജനങ്ങളുടെ മൌലികപ്രശ്നത്തിന് പരിഹാരം കാണാനാവില്ലെന്നും ചൂഷണം തുടരുമെന്നും ശക്തിപ്പെടാന്‍ ഇടവരുമെന്നും ജനങ്ങളെ തുടര്‍ച്ചയായി പഠിപ്പിക്കേണ്ട ചുമതല പാര്‍ടിക്കുണ്ടെന്നും കേന്ദ്രകമ്മിറ്റിയുടെ രേഖ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ വ്യാമോഹത്തില്‍നിന്ന് വിമുക്തരാക്കി അടിസ്ഥാനപരമായ മാറ്റത്തിന് അണിനിരത്തുന്നതിന് തുടര്‍ച്ചയായി പ്രചാരവേല സംഘടിപ്പിക്കേണ്ടതുണ്ട്. രണ്ടായിരത്തില്‍ പാര്‍ടി പരിപാടി പുതുക്കുന്ന സമയത്ത് ഇടതുപക്ഷ ഗവമെന്റുകളുടെ പങ്ക് പാര്‍ടി വീണ്ടും ചര്‍ച്ചചെയ്തു. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ഗവമെന്റുകളെ പരാമര്‍ശിക്കുന്ന 1964ലെ പരിപാടിയിലെ പരാമര്‍ശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. 'ജനങ്ങള്‍ക്ക് അടിയന്തരാശ്വാസം നല്‍കുകയെന്ന മിതമായ പരിപാടി' എന്ന ഭാഗം മാറ്റി 'ജനങ്ങള്‍ക്ക് ആശ്വാസംനല്‍കുകയും നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും നടപ്പാക്കുകയുംചെയ്യുന്ന ഗവമെന്റുകള്‍' എന്നാക്കി. 'താല്‍ക്കാലിക സ്വഭാവത്തോടുകൂടിയ ഗവമെന്റുകള്‍' എന്ന വിശേഷണവും ഒഴിവാക്കി. സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ ഇത്തരം ഗവമെന്റുകള്‍ രൂപീകരിക്കാനുള്ള അവസരം ഉപയോഗിക്കുമെന്നും വിശദമാക്കി. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ ഗവമെന്റുകള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങള്‍ക്ക് പതിനെട്ടാം കോഗ്രസ് 'ചില നയപരമായ പ്രശ്നങ്ങള്‍' എന്ന രേഖയില്‍ ഉത്തരം കണ്ടിരുന്നു. കഴിഞ്ഞകാല അനുഭവങ്ങളെയും എടുത്തുപോരുന്ന പൊതുസമീപനത്തെയും വിശകലനംചെയ്തുകൊണ്ട് പുതുതായി ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ക്കും പാര്‍ടിക്കുള്ളില്‍ നിലനില്‍ക്കുന്ന പല സംശയങ്ങള്‍ക്കും ഉത്തരം കാണാനാണ് പാര്‍ടി കോഗ്രസ് അംഗീകരിച്ച ഈ രേഖ ശ്രമിക്കുന്നത്. പശ്ചിമബംഗാളിലെ ഈ കഴിഞ്ഞ സംസ്ഥാന സമ്മേളനം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വ്യവസായങ്ങളില്‍ കൂടുതല്‍ മുതല്‍മുടക്ക് ആകര്‍ഷിക്കണമെന്നും വ്യവസായവല്‍ക്കരണ പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും നിശ്ചയിച്ചു. മൂന്ന് ദശകങ്ങളിലെ ഭൂപരിഷ്കരണ നടപടിയെയും അധികാര വികേന്ദ്രീകൃത നടപടിയെയും ആസ്പദമാക്കി നടന്ന കാര്‍ഷിക പുരോഗതിയുടെ തുടര്‍ച്ചയായി, വ്യവസായ വികസനം നേടുകയെന്നത് പുരോഗതിയുടെ അടുത്ത പടവാണ്. സമ്പദ്വ്യവസ്ഥയുടെ സമുതുലിതമായ വളര്‍ച്ചയ്ക്കും കൃഷിക്കാരുടെയും കാര്‍ഷികമേഖലയുടെയും താല്‍പ്പര്യസംരക്ഷണത്തിനും വ്യവസായ വികസനം അത്യാവശ്യമാണ്. അതുമാത്രമല്ല, കാര്‍ഷികമേഖല മുതലാളിത്തചൂഷണത്തിന് വിധേയമാകുന്നു. മുതലാളിത്തപൂര്‍വ വ്യവസ്ഥയുടെ അവശിഷ്ടങ്ങളും നിലനില്‍ക്കുന്നു. കാര്‍ഷികമേഖലയില്‍ തിങ്ങിക്കഴിയുന്ന ജനവിഭാഗങ്ങളെ വ്യവസായ, സേവന മേഖലയിലേക്ക് തിരിച്ചുവിടേണ്ടതും കാര്‍ഷിക ജനവിഭാഗങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിന് അനുപേക്ഷണീയമാണ്. വ്യവസായ വികസനം നേടാതെ ഇവയൊന്നും സാധ്യമല്ല. അഖിലേന്ത്യാടിസ്ഥാനത്തില്‍ നവ ഉദാരവല്‍ക്കരണ നയത്തെ പാര്‍ടി എതിര്‍ക്കുന്നു. ബദല്‍നയം ഉയര്‍ത്തിപ്പിടിക്കുന്നു. ഇക്കാര്യങ്ങള്‍ അതേപടി പാര്‍ടിക്ക് പങ്കാളിത്തമുള്ള സംസ്ഥാന ഗവമെന്റുകള്‍ക്ക് നടപ്പാക്കാനാവില്ല. നിലവിലുള്ള ഭരണഘടനയുടെയും കേന്ദ്രഗവമെന്റ് നടപ്പാക്കുന്ന സാമ്പത്തിക നയങ്ങളുടെയും ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുമാത്രമേ സംസ്ഥാന ഗവമെന്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ഈ സ്ഥിതിവിശേഷത്തിന് മാറ്റംവരുത്താനുള്ള ജനാധിപത്യമുന്നണി വളര്‍ത്തിക്കൊണ്ടുവരാനാണ് പാര്‍ടി ബദല്‍നയം ഉയര്‍ത്തി പ്രക്ഷോഭസമരം നയിക്കുന്നത്. മൌലികമായ മാറ്റമുണ്ടാക്കുന്നതിന് ദുര്‍ബല സംസ്ഥാനങ്ങളില്‍ പാര്‍ടി വളരാത്ത സ്ഥിതി കാലതാമസമുണ്ടാക്കുന്നു. ഇത്തരം മാറ്റം ഉണ്ടാകുന്നതുവരെ വ്യവസായ വളര്‍ച്ചയും പശ്ചാത്തലസൌകര്യങ്ങളുടെ വികസനവും നേടുന്നതിന് കാത്തിരിക്കേണ്ടിവരുമെന്ന് ഇടതുപക്ഷ ഗവമെന്റ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതുകൊണ്ടുമാത്രം അവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുകയില്ല. മുതലാളിത്ത ചട്ടക്കൂട്ടിനകത്തു നിന്നുകൊണ്ട് ബൂര്‍ഷ്വാ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാവുന്ന വ്യവസായ വളര്‍ച്ചയും പശ്ചാത്തലസൌകര്യങ്ങളുടെ വികസനവും ജനങ്ങള്‍ക്ക് നേടിക്കൊടുക്കുന്നതിന് ഇടതുപക്ഷ ഗവമെന്റുകള്‍ക്ക് ബാധ്യതയുണ്ട്. കേന്ദ്രകമ്മിറ്റി 1994ല്‍ അംഗീകരിച്ച രേഖയില്‍ത്തന്നെ ഇത് വ്യക്തമാക്കിയിരുന്നു. പ്രത്യേക സാമ്പത്തികമേഖലയോട് എന്ത് നിലപാടെടുക്കണമെന്ന കാര്യം അടുത്തകാലത്ത് ഉയര്‍ന്നുവന്ന പ്രശ്നമാണ്. പ്രത്യേക സാമ്പത്തികമേഖലകള്‍ അനുവദിക്കുന്നതിന് കേന്ദ്ര ഗവമെന്റ് വലിയ വ്യഗ്രത കാട്ടുന്നു. ഇതിനെതിരെ രാജ്യത്ത് വലിയ എതിര്‍പ്പ് വളര്‍ന്നുവന്നിട്ടുമുണ്ട്. നമ്മുടെ പാര്‍ടി ഇതുസംബന്ധിച്ച് വിശദമായ ഒരു കുറിപ്പ് തയ്യാറാക്കി യുപിഎ ഗവമെന്റിന് സമര്‍പ്പിച്ചു. നിയമത്തിലും ചട്ടത്തിലും മാറ്റം വരുത്തണമെന്ന് പാര്‍ടി ആവശ്യപ്പെടുന്നു. വളരെ ചെറിയ മാറ്റങ്ങള്‍മാത്രമാണ് കേന്ദ്രഗവമെന്റ് വരുത്തിയത്. നിയമത്തെയും ചട്ടത്തെയും എതിര്‍ക്കുന്നതുകൊണ്ട് പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുകയില്ലെന്ന നിലപാട് ഇടതുപക്ഷ ഗവമെന്റുകള്‍ക്ക് എടുക്കാനാവില്ല. നിരവധി സംസ്ഥാനങ്ങളില്‍ ഒട്ടനവധി പ്രത്യേക സാമ്പത്തികമേഖല കേന്ദ്രഗവമെന്റ് അനുവദിച്ചുകൊടുത്തിട്ടുണ്ട്. പ്രത്യേക സാമ്പത്തികമേഖലയുടെ ഫലമായി സാമ്പത്തികമേഖലയ്ക്കുള്ളിലും പുറത്തും വ്യവസായവല്‍ക്കരണവും പശ്ചാത്തലസൌകര്യങ്ങളുടെ വികസനവും നടക്കാം. പശ്ചിമബംഗാളിനും കേരളത്തിനും ഈ സാധ്യത വേണ്ടെന്ന നിലപാട് എടുക്കാനാവില്ല. ഇപ്പോള്‍ത്തന്നെ പശ്ചിമബംഗാളില്‍ ചില പ്രത്യേക സാമ്പത്തികമേഖല പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയും പ്രത്യേക സാമ്പത്തികമേഖലയാണ്. ഇടതുപക്ഷ ഗവമെന്റുകള്‍ക്ക് സാമ്പത്തികമേഖലയ്ക്ക് അനുവദിക്കുന്ന ഭൂമിയുടെ വിസ്തൃതി കുറയ്ക്കാന്‍ കഴിയും. ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് നിബന്ധന ഏര്‍പ്പെടുത്താനാവും. ഭൂമി ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കാനും ഉചിതമായ പുനരധിവാസ ക്രമീകരണം ഉറപ്പുവരുത്താനുമാവും. നികുതിസൌജന്യം കേന്ദ്രഗവമെന്റിന്റെ അധികാരസീമയില്‍പെടുന്ന കാര്യമാണ്. തൊഴിലാളികളുടെ അവകാശവും ട്രേഡ് യൂണിയന്‍ സ്വാതന്ത്യ്രവും ഉറപ്പുവരുത്താന്‍ ഇടതുപക്ഷ ഗവമെന്റുകള്‍ ശ്രദ്ധിക്കണം. റീട്ടെയില്‍ രംഗത്ത് വിദേശ മൂലധനം കടന്നുവരുന്നതിനെ പാര്‍ടി എതിര്‍ക്കുന്നു. ഇന്ത്യന്‍ വന്‍കിട ബിസിനസ് റീട്ടെയില്‍ രംഗത്ത് കടന്നുവരാന്‍ ഇന്ന് ശ്രമിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാരെ ഇത് ദോഷകരമായി ബാധിക്കും. പാര്‍ടി ഇതുസംബന്ധിച്ച് ഒരു നയരേഖ തയ്യാറാക്കിയിട്ടുണ്ട്. വന്‍കിട കോര്‍പറേറ്റുകള്‍ കടന്നുവരുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ടി ആവശ്യപ്പെടുന്നത്. സംസ്ഥാന ഗവമെന്റുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഏര്‍പ്പെടുത്താന്‍ കഴിയുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. കേന്ദ്ര-സംസ്ഥാന ബന്ധം സംബന്ധിച്ച് പാര്‍ടി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. കേന്ദ്രഗവമെന്റിന്റെ പുതിയ കടന്നുകയറ്റങ്ങളെയും ചെറുക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാന ഗവമെന്റുകളെക്കൂടി അണിനിരത്തി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ധനവിഭവവും ഭരണാധികാരവും ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷ ഗവമെന്റുകള്‍ മുന്‍കൈയെടുക്കണം. സംസ്ഥാന ഗവമെന്റുകളുടെ പരിമിതി കണക്കിലെടുക്കുമ്പോള്‍ത്തന്നെ ഇടതുപക്ഷ ഗവമെന്റുകളുടെ നയവും പ്രവര്‍ത്തനവും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് പാര്‍ടിയുടെയും ഗവമെന്റിന്റെയും നേതാക്കള്‍ എപ്പോഴും ഓര്‍ക്കണം. ഇടതുപക്ഷ ഗവമെന്റുകള്‍ നടപ്പാക്കിയ ഭൂപരിഷ്കാരം, അധികാര വികേന്ദ്രീകരണം, സാമൂഹ്യക്ഷേമ പദ്ധതി, മതനിരപേക്ഷത സംരക്ഷിക്കാനെടുത്ത നടപടി എന്നിവയെല്ലാം അഖിലേന്ത്യാടിസ്ഥാനത്തില്‍ ബദല്‍നയങ്ങള്‍ ഉയര്‍ത്താനുള്ള പാര്‍ടിയുടെ ശ്രമത്തെ വന്‍തോതില്‍ സഹായിച്ചിട്ടുണ്ട്. സംസ്ഥാന ഗവമെന്റുകളുടെ ഭാഗത്തുണ്ടാകുന്ന ദൌര്‍ബല്യവും വീഴ്ചയും അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ടിയെ ദോഷകരമായി ബാധിക്കും. ഇടതുപക്ഷ ഗവമെന്റുകളുടെ ആവശ്യങ്ങളും അഖിലേന്ത്യാടിസ്ഥാനത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന ബദല്‍നയവും സംബന്ധിച്ച് പാര്‍ടിക്കുള്ളില്‍ ചര്‍ച്ച നടത്തി പാര്‍ടിയുടെ പൊതുസമീപനങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കാനാകണം. ഇടതുപക്ഷ ഗവമെന്റില്‍ പങ്കാളിയായിട്ടുള്ള മറ്റ് കക്ഷികളില്‍നിന്ന് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പാര്‍ടിയും ഗവമെന്റും ശ്രദ്ധിക്കണമെന്ന് പാര്‍ടി കോഗ്രസ് അംഗീകരിച്ച രേഖ ചൂണ്ടിക്കാട്ടുന്നു. (അവസാനിച്ചു)
No comments:
Post a Comment